കാണാതെ പോകരുത് രാമേശ്വരം

Pamban-Bridge
SHARE

വർഷങ്ങൾക്കു മുൻപ് തിരമാലകൾ വന്നു വിഴുങ്ങിയ ഒരു മുക്കുവനഗരം. പ്രശസ്തമായ രാമനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ നഗരം. കടൽ തകർത്ത അവശിഷ്ടങ്ങളുടെ അസ്ഥികൂടം പോലെ കെട്ടിട അവശിഷ്ടങ്ങൾ.  തകർക്കാൻ പറ്റാത്ത വിശ്വാസംപോലെ നീണ്ടുനിവർന്നു പാമ്പൻ പാലം, ധനുഷ്കോടിയിൽ കാലം വരച്ചിട്ട നിറക്കൂട്ടില്ലാത്ത ചിത്രങ്ങൾ. ഇതോടൊപ്പം ഒരു വിശേഷണം കൂടി, മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം അന്ത്യവിശ്രമം കൊള്ളുന്ന നാട്. കാഴ്ചകളുടെ വിസ്മയച്ചെപ്പാണ് ധനുഷ്കോടി സഞ്ചാരികൾക്ക്. 

Rameshwaram-Temple....

1964നു മുമ്പ് ഒരു ചെറുനഗരമായിരുന്നു ധനുഷ്കോടി. ഇവിടെ നിന്നു കടൽ മാർഗ്ഗം 29 കിലോമീറ്റർദൂരമേയുള്ളു ശ്രീലങ്കയിലെ തലൈമന്നാർ ദ്വീപിലേക്ക്. ഇവിടെ നിന്നു നോക്കിയാൽ തലൈമന്നാർ ദ്വീപ് കാണാം. അതുകൊണ്ടു തന്നെ ശ്രീലങ്കയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന ഒരു വലിയ വാണിജ്യകേന്ദ്രം കൂടിയായിരുന്നു ഈ തീരം.  1964ലെ കടലാക്രമണം ഈ ചെറുനഗരത്തെയാണ് ഇല്ലാതാക്കിയത്. ആയിരത്തഞ്ഞൂറോളം ജീവിതങ്ങളെയും.  

ആദംസ് ബ്രിജ് 

ഈ സ്ഥലത്തെ ഏറ്റവും വലിയ പ്രത്യേകത ആദംസ് ബ്രിജ് എന്ന പ്രശസ്തമായ പാലമാണ്. ഇതു മനുഷ്യനിർമിതമല്ല. ഈ പാലം ബന്ധിപ്പിക്കുന്നതു രണ്ടു സ്ഥലങ്ങളെയല്ല, രണ്ടു രാജ്യങ്ങളെയാണ്. ഇന്ത്യയെയും കടലോളം അകലത്തിലുള്ള ശ്രീലങ്കയെയും. ലങ്കയിൽ തടവിൽ കഴിയുന്ന സീതയെ മോചിപ്പിക്കുന്നതിനായി ശ്രീരാമന്റെ നേതൃത്വത്തിലെത്തിയ വാനരപ്പട നിർമിച്ച പാലം ഇതു തന്നെയാണെന്നു കരുതപ്പെടുന്നു.

ഇന്ത്യയുടെ മുനമ്പായ രാമേശ്വരത്ത് എത്തിയ വാനരപ്പടയ്ക്ക് അക്കരെ കടക്കാൻ വഴിമുട്ടി നിൽക്കുമ്പോഴാണ് പാലം പണിയുകയെന്ന ആശയം വന്നത്. വാനരന്മാർ വലിയ കല്ലുകൾ പെറുക്കിയെടുത്ത് ശ്രീരാമ എന്നെഴുതി കടലിലേയ്ക്കിട്ടു. അപ്പോൾ അവ കടലിൽ താണു പോകാതെ പൊങ്ങിക്കിടന്നു. അങ്ങനെയാണ് ലങ്കയുമായി ബന്ധിപ്പിക്കുന്ന പാലം പണി തീർന്നതത്രേ. രാമന്റെ പാലമെന്നും രാമസേതു എന്നും ഇത് അറിയപ്പെടുന്നു. കല്ലുകളിലെ സിലിക്ക ഷെല്ലുകൾക്കിടയിൽ വായു കുടുങ്ങിക്കിടക്കുന്നതു കൊണ്ടാണ് ഇതു പൊങ്ങിക്കിടക്കുന്നതെന്നാണു ഗവേഷകരുടെ കണ്ടെത്തൽ. 17 ദശലക്ഷം വർഷങ്ങൾക്കു മുൻപു രൂപപ്പെട്ടതാണ് ഈ പാലമെന്നും ഇവർ വാദിക്കുന്നു. പാലമെന്നു പറയുമ്പോഴും ഇതിന്റെ മുക്കാൽ ഭാഗവും വെള്ളത്തിനടിയിലാണ്. എന്നാലും ധനുഷ്കോടിയിൽനിന്നു നോക്കുമ്പോൾ തിരയുടെ തല്ലലേറ്റു കഴിയുന്ന ഈ പാലം കാണുക അതീവ ഹൃദ്യമാണ്.

പാമ്പൻപാലം 

രാമേശ്വരത്തേക്കുള്ള യാത്രയിൽ പാമ്പൻപാലത്തിന്റെ കെട്ടുറപ്പു കാണാം. കടലിനു കുറുക നിർമിച്ച കൂറ്റൻ പാലത്തിന് 2.3 കിലോമീറ്റർ നീളമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കടൽപ്പാലം എന്ന വിശേഷണവും പാമ്പൻ പാലത്തിനാണ്. പാലത്തിനു സമാന്തരമായി റയിൽപ്പാതയുമുണ്ട്. മനോഹരമായ പാമ്പൻ ദ്വീപിന്റെ ഭാഗമായ രാമേശ്വരത്തെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതു പാമ്പൻ പാലമാണ്.

930781384

രാമേശ്വരം 

എണ്ണിയാൽ തീരാത്ത കാഴ്ചക്കൂട്ടുകളുടെ നഗരമാണു രാമേശ്വരം. ഇവിടുത്തെ പ്രശസ്തമായ രാമനാഥ സ്വാമി ക്ഷേത്രത്തിൽ ലക്ഷക്കണക്കിനു വിശ്വാസികളാണ് ഓരോവർഷവും ദർശനത്തിനായി എത്തുന്നത് രാമേശ്വരത്തു മാത്രം 64 ക്ഷേത്രങ്ങളാണുള്ളത്. രാമേശ്വരത്തുനിന്നു 1403 കിലോമീറ്റർ അകലെയാണ് ശ്രീലങ്കയിലെ മാന്നാർ ദ്വീപ്.

ധനുഷ്കോടി

രാമേശ്വരത്തുനിന്നു 18 കിലോമീറ്റർ അകലെയാണു ധനുഷ്കോടി. ജീപ്പുകളാണ് സഞ്ചാര മാർഗം. രാത്രി യാത്രയ്ക്ക് ഇവിടെ വിലക്കുണ്ട്. 1964ലെ ചുഴലിക്കാറ്റിലും പ്രളയത്തിലും ധനുഷ്കോടി തകർന്നടിഞ്ഞു. അതിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇവിടെയുള്ളത്.

503675165

രാമേശ്വരം യാത്ര

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽനിന്നു കുമളി–തേനി–മധുര–രാമനാഥപുരം വഴി രാമേശ്വരത്തേക്ക് 396 കിലോമീറ്റർ. ഗതാഗതത്തിരക്കില്ലെങ്കിൽ കുറഞ്ഞത് എട്ടര മണിക്കൂർ കൊണ്ടു തൊടുപുഴയിൽ നിന്നെത്താം,

കോട്ടയത്തുനിന്ന് 414 കിലോമീറ്റർ ​അകലെയാണു രാമേശ്വരം. കുറഞ്ഞത് ഒൻപതു മണിക്കൂർ യാത്ര. കുമളി–തേനി–മധുര–രാമനാഥപുരം വഴി രാമേശ്വരത്തെത്താം. പാലക്കാട് മധുര വഴി ട്രെയിനിലും പോകാം. രാമേശ്വരം റയിൽവേ സ്റ്റേഷനിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് രാമനാഥ സ്വാമി ക്ഷേത്രം. മധുരയിൽ നിന്നും രാമേശ്വരത്തേക്ക് 163 കിലോമീറ്റർ അകലമുണ്ട്. വിമാന മാർഗം രാമേശ്വരത്തെത്താൻ കഴിയില്ല. മധുരയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. രാമേശ്വരത്ത് ഹോട്ടലുകളിൽ താമസ സൗകര്യം ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA