ശ്രീനാഥിന്റെ ഹിമാലയൻ അനുഭവം

A-2
SHARE

ടെലിവിഷൻ സ്ക്രീനിലെ അവതാരകവേഷത്തിലാണ് ശ്രീനാഥ് ഭാസിയെ മലയാളികൾ ആദ്യം കാണുന്നത്. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയുടെ വലിയ പ്ലാറ്റ്ഫോമിലേക്കെത്തിയ ശ്രീനാഥ് ഭാസിക്കിപ്പോൾ കൈനിറയെ ചിത്രങ്ങളാണ്. സിനിമ തിരക്കുകളിലും യാത്രയ്ക്ക് സമയം കണ്ടെത്താറുണ്ട് ഈ യുവതാരം. ഈ ചെറുപ്രായത്തിനിടയിൽ  നടത്തിയ യാത്രകളുടെ കണക്കെടുത്താൽ ആരെയും അതിശയിപ്പിക്കാൻ തക്ക ഒരു പട്ടിക തന്നെ ഈ നടന്റെ കയ്യിലുണ്ട്. യാത്രകളെ കുറിച്ചുള്ള ചോദ്യത്തിന് കൊച്ചിക്കാരന്റെ തനതുശൈലിയിൽ ഇടതടവില്ലാതെ സംസാരിക്കുകയും ഇടയ്ക്കിടെ ആവേശം കൊള്ളുകയും ചെയ്ത ശ്രീനാഥ് ഭാസി, തനിക്കേറ്റവും ഇഷ്ടപ്പെട്ട, ആസ്വദിച്ച യാത്രകളെക്കുറിച്ചു മനോരമ ഓൺലൈനോട്  മനസ് തുറന്നു. 

യാത്രകൾ ഒരുപാടിഷ്ടമാണെങ്കിലും പഴയതു പോലെ ഇപ്പോൾ യാത്രകളില്ല എന്നുതന്നെ പറയാം. ഇപ്പോഴുള്ള യാത്രകള്‍ കൂടുതലും സിനിമയുമായി ബന്ധപ്പെട്ടുള്ളതാണ്. ഓർമ്മയിൽ നിന്നും ഒരിക്കലും മായാത്ത ഒരു യാത്രയേതെന്നു ചോദിച്ചാൽ, അത് ഹിമാലയത്തിലേക്കുള്ളതായിരുന്നു. അധികമാർക്കും ലഭിക്കാത്ത ആ ഭാഗ്യം ഒമ്പതിൽ പഠിക്കുമ്പോൾ തന്നെ കൈവന്ന ആളാണ് ഞാൻ. കൊച്ചിയിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്ന സമയത്തായിരുന്നു അത്.

സ്കൂളിൽ നിന്നും 101 കുട്ടികളെയാണ് ഹിമാലയ യാത്രയ്ക്ക് തിരഞ്ഞെടുത്തത്. അതിൽ ഞാനും ഉൾപ്പെട്ടിരുന്നു. 'സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ മേലേ....'എന്നതായിരുന്നു അവസ്ഥ. പക്ഷെ..വീട്ടിലെത്തിയതോടെ ആ സന്തോഷമൊക്കെ പോയി. യാത്ര നടക്കുമോ എന്ന സംശയത്തിലുമായി. അന്ന് വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെയുണ്ടായിരുന്ന സമയമായിരുന്നു. 500  രൂപയാണ് ഹിമാലയൻ യാത്രയുടെ റജിസ്ട്രേഷനു നൽകേണ്ടിയിരുന്നത്. കുറച്ചു വിഷമിച്ചെങ്കിലും ഒടുവിൽ മുത്തശ്ശിയുടെ കയ്യിൽ നിന്നും ആ കാശൊപ്പിച്ചു. 

നിസാമുദീൻ എക്സ്പ്രസിലായിരുന്നു യാത്ര. പതിനൊന്നു ദിവസത്തെ ക്യാമ്പ് ടൂർ ആയിരുന്നു.  ആ യാത്ര എത്രമാത്രം രസകരമായിരുന്നു എന്ന് ഞാൻ പറയേണ്ടതില്ലല്ലോ. പല പല നാടുകളും സുഖകരവും ദുഃഖകരവുമായ നിരവധി കാഴ്ചകളും ഈ യാത്രയിലുടനീളം കൂട്ടിനുണ്ടായിരുന്നു.  ലക്ഷ്യത്തിലേക്കടുക്കുംതോറും കാണാൻ പോകുന്ന കാഴ്ചയെക്കുറിച്ച്  ഞാനടക്കം എല്ലാവരിലും അതിയായ ആകാംക്ഷയായിരുന്നു. മഞ്ഞുമൂടിയ ഹിമാലയം, അത് ശരിക്കും അദ്ഭുതപ്പെടുത്തി. ഇങ്ങനെയൊരു കാഴ്ച ആ പ്രായത്തിനിടയിൽ ആദ്യമായതു കൊണ്ട് തന്നെ അദ്ഭുതവും സന്തോഷവുമൊക്കെ കൂടി കലർന്നൊരു വികാരമായിരുന്നു.

SREENADH-BHASI

അന്നുവരെ ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള ഒരു കാഴ്ച കൺമുമ്പിൽ തെളിഞ്ഞു വന്നപ്പോൾ ആ ഒമ്പതാം ക്ലാസ്സുകാരനു ശരിക്കും അദ്ഭുത ദ്വീപിലെത്തിയ പ്രതീതി തന്നെയായിരുന്നു. മേഘങ്ങളൊക്കെ തൊട്ടു തൊട്ടു കടന്നു പോകുന്നു...വിസ്മയിപ്പിച്ചു ശരിക്കും ഹിമാലയം. പലയിടത്തായിട്ടായിരുന്നു ക്യാമ്പ്. കാഴ്ചകൾ കണ്ട് ഉല്ലസിക്കുന്നതിനൊപ്പം തന്നെ ക്യാമ്പിന്റെ ഭാഗമായുള്ള കുറെയേറെ സാഹസിക വിനോദങ്ങളും ഉണ്ടായിരുന്നു.

മഞ്ഞുകട്ടകൾ ഉരുട്ടിയെടുത്തു കൂട്ടുകാരുടെ തലയ്‌ക്കൊക്കെ എറിഞ്ഞ് ഒരുപാട് കളിച്ചു. ഇത്രയധികം ആസ്വദിച്ച യാത്രകൾ പിന്നീട് ഉണ്ടായിട്ടില്ലെന്നതാണ് സത്യം. ബാല്യത്തിലെ ഓർമകളിലേക്ക് ഒരു മടങ്ങിപോക്ക് നടത്തുകയാണെങ്കിൽ, ആദ്യം ഓടിവരുക ഈ ഹിമാലയൻ യാത്രയാണ്. ജീവിതത്തിലെ അവിസ്മരണീയമായ  കുറച്ചു ദിവസങ്ങളെടുത്താൽ  അതിൽ പ്രഥമസ്ഥാനവും ഈ യാത്രയ്ക്ക് തന്നെയാകും. എങ്കിലും ആ യാത്ര എന്നെ ചെറുതായൊന്നു വേദനിപ്പിച്ചായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ ആ അവസ്ഥ എന്തുകൊണ്ടായിരുന്നു എന്ന്  മനസിലാക്കാൻ സാധിക്കുന്നുണ്ടെങ്കിലും അന്ന് പക്ഷെ ആ വിവേകമുണ്ടായിരുന്നില്ല എന്നതാണ് സത്യം. 

യാത്രയുടെ അവസാന ദിവസമാണ് എല്ലാവരെയും ഷോപ്പിങിനായി കൊണ്ടുപോയത്. മണാലിയിലായിരുന്നു ഷോപ്പിങ്. മനോഹരമായ സ്ഥലവും സുന്ദരമായ കാഴ്ചകളും. കൂട്ടുകാരെല്ലാം കുറെ സാധനങ്ങൾ വാങ്ങിച്ചുകൂട്ടി. എന്റെ കയ്യിലാണെങ്കിൽ നുള്ളിപ്പെറുക്കിയെടുത്താൽ പത്തുരൂപ കാണും. എനിക്ക് ആകെ സങ്കടം  തോന്നി. ഞാൻ ആ പത്തു രൂപയും കൊണ്ട് ഒരു എസ് ടി ഡി ബൂത്തിൽ കയറി വീട്ടിലേക്കു വിളിച്ചു. പപ്പയോടും അമ്മയോടും ഒരുപാട് സങ്കടപ്പെട്ട് എന്തൊക്കെയോ പറഞ്ഞു. എനിക്ക് മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ എന്നൊക്കെ ചോദിച്ചു. അതവരെ ഒരുപാട് വേദനിപ്പിച്ചു കാണുമെന്നു ഇന്നോർക്കുമ്പോൾ തോന്നുന്നു. അതുകൊണ്ടു തന്നെ വന്നവഴികൾ ഒന്നും ഇന്നും മറക്കുന്നില്ല. പിന്നീട് വർഷങ്ങൾക്കു ശേഷം മണാലിയിലേക്കു പോകുന്നത് റാണിപദ്മിനിയുടെ ഷൂട്ടിങിനാണ്. അപ്പോഴേക്കും കാലം നമ്മളെ കുറച്ചേറെ മാറ്റി. അന്ന് ആഗ്രഹിച്ചതൊക്കെ പിന്നീട് കണ്ടപ്പോൾ ചുണ്ടിന്റെ ചെറുകോണിൽ ഒരു പുഞ്ചിരിയുണ്ടായി. മധുരമുള്ള ഓർമകളായി അതുമിപ്പോൾ കൂടെയുണ്ട്. 

ആ ഹിമാലയ യാത്ര കഴിഞ്ഞു തിരിച്ചു വന്നത് ചണ്ഡീഗഢ് വഴി ഡൽഹിയൊക്കെ ചുറ്റിയായിരുന്നു. ഡൽഹി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ്  ഞാൻ ആദ്യമായി എഫ് എം റേഡിയോ കേൾക്കുന്നത്. അക്കാലത്ത് ആകാശവാണി മാത്രം കേട്ട് പരിചയിച്ച എനിക്ക്, ഒരുപാട്  ഹിന്ദി ഗാനങ്ങൾ കേൾപ്പിച്ചു തരുന്ന ആ എഫ് എം റേഡിയോ വല്ലാതെയങ്ങു ഇഷ്ടപ്പെട്ടിരുന്നു. അന്നത്തെ ആ ഇഷ്ടം, പിന്നീട് നൂറിരട്ടിയാക്കി കാലം എനിക്ക് തിരിച്ചു തന്നത് നമ്മുടെ നാട്ടിലെ ഒരു എഫ് എം റേഡിയോയിൽ ആർ ജെ ആക്കികൊണ്ടാണ്....പിന്നീട് വി ജെ യുമായി. ഈ പടച്ചോൻ ഭയങ്കര സംഭവം തന്നെയാണെന്നു പറയുന്നത് എത്ര സത്യമാണല്ലേ? ചില ആഗ്രഹങ്ങളൊക്കെ നമ്മള് മറന്നാലും പുള്ളി മറക്കില്ല.

റെയിൽവേ സ്റ്റേഷനിൽ പാട്ടുംകേട്ടുകൊണ്ടിരിക്കുമ്പോഴാണ് നമ്മുടെ ക്രിക്കറ്റ് താരം ഹർഭജൻ സിങ് പ്ലാറ്റഫോമിലൂടെ പോകുന്നത് കണ്ടത്.  ധാരാളം സെക്യൂരിറ്റിക്കാരൊക്കെ കൂടെയുണ്ടായിരുന്നു. ഞങ്ങള് വിടുമോ? ഞങ്ങള് പുറകെയോടി ചെന്ന് ഓട്ടോഗ്രാഫൊക്കെ വാങ്ങി. ഹിമാലയയാത്ര കഴിഞ്ഞ് സ്കൂളിലും വീട്ടിലുമൊക്കെ ചെന്ന് യമണ്ടൻ കഥകൾ പറയുമ്പോൾ ഇതും ആ കൂട്ടത്തിൽ കുറച്ചേറെ മൈലേജ് തന്നുവെന്നതാണ് സത്യം. അങ്ങനെ ഇരുപത്തിയൊന്നാംപക്കം ഒരു ബാഗുനിറയെ സുഖകരമായ ഓർമകളും അതിനേക്കാളേറെ ക്ഷീണവുമായി ഞങ്ങൾ നാട്ടിൽ തിരിച്ചെത്തി. 

sreenadh3

ആദ്യത്ത വിദേശയാത്ര സമ്മാനിച്ചത് രസകരമായ കുറെ മുഹൂർത്തങ്ങളാണ്. എയർ ഏഷ്യയുടെ കുറഞ്ഞ ചെലവിൽ മലേഷ്യ സന്ദർശിക്കാമെന്ന  ഓഫർ കണ്ടപ്പോൾ  ഞാനും സുഹൃത്തായ എബിയും മലേഷ്യയ്ക്കു ടിക്കറ്റെടുത്ത് യാത്രയ്ക്ക് തയാറായി. അങ്ങനെ യാത്രാദിവസം വന്നു. ഏറെ ആകാംക്ഷയോടെ തന്നെ ഞങ്ങൾ ഫ്ലൈറ്റിൽ കയറി...യാത്ര തുടങ്ങുകയും ചെയ്തു. അതുവരെ കാര്യങ്ങൾ വല്യ കുഴപ്പമില്ലാതെ നടന്നു. പിന്നീടായിരുന്നു ട്വിസ്റ്റ്..ഫ്ലൈറ്റ് ലാൻഡ് ചെയ്തത്, ലോ കോസ്റ്റ് ടെർമിനലിൽ ആയിരുന്നു. പണ്ട് ദാസനും വിജയനും ഗൾഫെന്നു വിചാരിച്ച് മദ്രാസിൽ ചെന്നിറങ്ങിയത് പോലെ പെട്ടുപോയോ എന്ന് ഞങ്ങൾ സംശയിച്ചു. മലേഷ്യ എന്നും പറഞ്ഞ് ബാംഗ്ലൂരിൽ ആണോ കൊണ്ടിറക്കിയിരിക്കുന്നത് എന്നതായിരുന്നു ആശങ്ക.  അത് പക്ഷേ, മലേഷ്യ തന്നെയായിരുന്നു. വളരെ രസകരമായിരുന്നു ആ യാത്ര. 

ബിരിയാണിയാണ് വീക്ക്നസ്

ഞാൻ തികഞ്ഞ ഒരു ഭക്ഷണ പ്രേമിയാണ്. കോഴിക്കോടും കണ്ണൂരുമൊക്കെ ഷൂട്ടിംഗ് ഉണ്ടാകുമ്പോൾ ഒഴിവു സമയങ്ങൾ ആനന്ദകരമാക്കാൻ ഞങ്ങൾ പതുക്കെ പുറത്തേക്കിറങ്ങാറുണ്ട്. എന്തൊക്കെ കഴിച്ചാലും എനിക്കേറ്റവും സന്തോഷവും മനസിന്‌ സംതൃപ്തിയും ലഭിക്കുന്നത് ബിരിയാണി കഴിക്കുമ്പോഴാണ്. തലശ്ശേരിയുടെയും കോഴിക്കോടിന്റെയുമൊക്കെ ബിരിയാണി രുചിയുടെ അടിമയാണ് ഞാനെന്നു വേണമെങ്കിൽ പറയാം. അത്രയ്ക്ക് പ്രിയമാണ് എനിക്ക് ബിരിയാണിയോട്.

കുറച്ചു സാഹസികമായ യാത്രകളും കാടും മലയുമൊക്കെ കണ്ടുകറങ്ങാനുമൊക്കെ എനിക്കേറെയിഷ്ടമാണ്. അങ്ങനെയൊരു സ്വകാര്യയിഷ്ടമുള്ളതു കൊണ്ടുതന്നെ ഇടയ്ക്കിടെ പോകുന്ന സ്ഥലമാണ് വാഗമൺ. കുറെ തവണ അവിടെ പോയിട്ടുണ്ട്. സിനിമകൾക്ക് വേണ്ടിയും അല്ലാതെയുമൊക്കെ. കുറച്ചു കൂട്ടുകാരുടെ ഹോട്ടലുകളൊക്കെ അവിടെയുണ്ട്. അത്തരം സൗകര്യങ്ങൾ  കൂടിയുള്ളതു കൊണ്ട് ഇടയ്ക്കിടെ വാഗമൺ സന്ദർശിക്കാറുണ്ട്. അവിടുത്തെ കാലാവസ്ഥയും ആ മൊട്ടക്കുന്നുകളും പൈൻമരക്കാടുകളുമൊക്കെ  ഏറെ രസകരമാണ്. നേരത്തെ കൂട്ടുകാർക്കൊപ്പമായിരുന്നു യാത്രകളെങ്കിൽ, ഇപ്പോൾ ഭാര്യയാണ് യാത്രകളിൽ കൂട്ട്. ഏറെ സന്തോഷകരമാണ് അവൾക്കൊപ്പമുള്ള യാത്രകൾ. ഇഷ്ടങ്ങളും താല്പര്യങ്ങളുമെല്ലാം ഒരുപോലെയായതുകൊണ്ടു തന്നെ ഞങ്ങൾ ഓരോ നിമിഷങ്ങളും ഓരോ ചെറുയാത്രകളും നന്നായി ആസ്വദിക്കാറുണ്ട്. അതൊക്കെയല്ലേ ജീവിതത്തിന്റെ ഓരോ രസങ്ങൾ...ശ്രീനാഥ് ഭാസി പറഞ്ഞു നിർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA