കണ്ടിട്ടും കണ്ടിട്ടും മതിയാവാത്ത എവറസ്റ്റ്

7Mt
SHARE

ഗൊരഖ്ഷേപ്പ്, എവറസ്റ്റ് ബേസ് ക്യാംപിനു തൊട്ടടുത്തുള്ള ഗ്രാമത്തിൽ ഒരു ദിവസം കൂടി തുടങ്ങുകയായി. തലേന്നു രാത്രിയുണ്ടായിരുന്ന അതീവ വേദനാജനകമായ തലവേദന ഉറക്കമുണർന്നപ്പോളേക്കും പാടെ മാറിയതു ഒരാശ്വാസം. സമയം 6 മണി ആയതേയുള്ളൂവെങ്കിലും ചുറ്റിലും സൂര്യ പ്രകാശം പരന്നിരിക്കുന്നു. ഈ സ്വർണവെളിച്ചത്തിൽ തൊട്ടടു ത്തുള്ള നുപട്സ എന്ന ഭീമാകാരൻ പർവ്വതത്തിന്റെ സൗന്ദര്യം പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. ഞങ്ങൾ താമസിക്കുന്ന ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഗ്രാമം ഈ പർവ്വതത്തിന്റെ നേരെ മടി ത്തട്ടിലാണ്. ഇതിവിടെ ഇല്ലായിരുന്നുവെങ്കിൽ എവറസ്റ്റിനെ നേരാംവണ്ണം ഒന്നു കാണാമായിരുന്നു. പക്ഷേ പ്രകൃതിയുടെ രൂപകൽപ്പനയിൽ നമ്മൾക്ക് മാറ്റം വരുത്താനാവില്ലല്ലോ!

‘‘ഇന്ന് നല്ല തെളിഞ്ഞ കാലാവസ്ഥയാണ്, നിങ്ങൾക്ക് കാലാപത്തർ പോകാമായിരുന്നു.’’ ഗൈഡായ ദേവൻ പറഞ്ഞത് ശരിയാണ്. പക്ഷെ ഇന്നിനി അതിന് സമയമില്ല. കാലത്തെ ഭക്ഷണശേഷം സമയം പാഴാക്കാതെ ഞങ്ങൾക്ക് മലയിറങ്ങണം. കിലോമീറ്ററുകൾക്കു താഴെയുള്ള പെരിച്ചി ഗ്രാമത്തിലാണ് ഇന്ന് അന്തിയുറങ്ങേണ്ടത്. ‘‘കാലാപത്തർ വരെ എത്താതെ എവറസ്റ്റ് കാണാൻ വല്ലവഴിയുമുണ്ടോ?’’  ‘‘നീ ഒരു കാര്യം ചെയ്യൂ, പകുതി വരെ പോകാൻ പറ്റുമോ എന്നു നോക്കിയിട്ടുവാ. പക്ഷേ 8 മണിക്കു മുമ്പു തിരികെ എത്തണം’’. ദേവൻ പറഞ്ഞു മുഴുമിപ്പിക്കുന്നതിനുമുൻപേ  ക്യാമറയും തൂക്കി ഞാൻ പിന്നാമ്പുറത്തേക്കു നടപ്പാരംഭിച്ചിരുന്നു. ഇക്കണ്ട ദൂരം അത്രയും വന്നിട്ടു ഇതുവരെ എവറസ്റ്റിന്റെ ഒരു നല്ല ചിത്രം പോലും എടുക്കുവാൻ സാധിച്ചില്ല. ഇതാണ് അതിനുള്ള അവസാന അവസരം.

1Ajin,me,Vikram,Manu-and-Pranav-(1)
Ajin,me,Vikram,Manu-and-Pranav

പുറകിലെ കുന്നിന്റെ മുകളിലായാണ് കാലാപത്തർ. ചെങ്കു ത്തായുള്ള കയറ്റത്തിന്റെ ആദ്യ പത്ത് മിനിറ്റു കൊണ്ടു തന്നെ എന്റെ ആവേശം തെല്ലൊന്നൊടുങ്ങി. ദാഹിച്ചാൽ കുടിക്കാൻ ഒരു കുപ്പി വെള്ളം പോലും ആ ധൃതിയിൽ എടുക്കാൻ തോന്നാതിരുന്നത് ബുദ്ധിമോശമായിപ്പോയി. ഓരോ അടിയിലും ഞാൻ തിരിഞ്ഞു നോക്കുന്നുണ്ട്, ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയെ ഒന്നു കാണുവാൻ. പക്ഷെ, ഒരു വെള്ള മതിലുപോലെ നുപട്സെ ഇപ്പോളും മുന്നിൽ മറ്റെല്ലാ കാഴ്ചകളും മറച്ചു കൊണ്ടു നിൽക്കുകയാണ്.

വിദേശ സഞ്ചാരിക്കൊപ്പം മുകളിൽ നിന്നും ഇറങ്ങി വരുന്ന ഒരു ഗൈഡ് എന്റെ സമീപത്തെത്തിയതും പെട്ടെന്ന് നടത്തം നിര്‍ത്തി. എന്തോ കണ്ട് പകച്ചതു പോലെ. താഴ്‍വാരത്തിലേക്ക് കണ്ണുകൾ തുറന്നു കൊണ്ട് അയാൾ തന്റെ നിൽപ്പു തുടർന്നു. ഞാനും കൂടെയുള്ള മറ്റേകക്ഷിയും ഇതെന്താണ് നടക്കുന്നത് എന്നറിയാതെ അന്തം വിട്ട് നിൽക്കുകയാണ്. ഹിമപാതം വല്ലതുമാണോ? ഞാൻ ചെവികൾ കൂർപ്പിച്ചു ചുറ്റിലും നോക്കി, ഒരു ശബ്ദം പോലുമില്ല. പൊടുന്നനെ തന്നെ ഇടിമുഴങ്ങുന്ന കണക്കെയുള്ള ഒരു ഭീകരശബ്ദം കുച്ചു താഴ്‍വാരത്തെയാകെ വിറകൊള്ളിച്ചു. ഒരു ഞെട്ടലോടെ ഞാൻ ചുറ്റിലും കണ്ണോ ടിച്ചു. എവിടെയാണെന്ന് മനസ്സിലാകുന്നില്ല.

‘‘ഹിമപാതമാണ്, പക്ഷെ മലയുടെ മറുവശത്താണ്. നമ്മൾ ഭയക്കേണ്ടതില്ല’’. മുഖത്തെ ഭാവം ഒട്ടും മാറ്റാതെ അയാൾ താഴോട്ടുള്ള തന്റെ നടപ്പു തുടർന്നു, കൂടെ അന്തം വിട്ടു നിന്ന സഞ്ചാരിയും ! ഇവിടത്തെ ആളുകൾക്ക് തീർച്ചയായും പർവ്വത ങ്ങളുടെ ഭാഷ അറിയാം. സഞ്ചാരികൾ മനസ്സിലാക്കുന്നതിനു മുമ്പേ അവർ ഈ താഴ്‍വാരത്തെ അപകടങ്ങൾ തിരിച്ചറിയുന്നു.

ഉദയസൂര്യനെ സാക്ഷിയാക്കി എവറസ്റ്റിനെ കണ്ട സന്തോഷ ത്തിൽ കാലാപത്തറിൽ നിന്നും നിരവധി സഞ്ചാരികൾ മടങ്ങി വരുകയാണ്. എപ്പോഴാണ് ഇനി എന്റെ അവസരം ഒന്നു വരിക? ഹെ, ഇതേതാണീ പുതിയ ഒരു കൊടുമുടി പെട്ടെന്ന് ഉയർന്നു വന്നത്, നുപട്സെയുടെ പുറകിൽ നിന്ന്. ഇതുതന്നെയാണോ ഇനി എവറസ്റ്റ്. ‘‘ഹേയ്, ആ കാണുന്നതാണോ എവറസ്റ്റ്? ’’ മുകളിൽ നിന്നും അവശനായി വരുന്ന വിദേശ സഞ്ചാരി മറുപടി കൈയുയര്‍ത്തി ഒരു ആംഗ്യത്തില്‍ ഒതുക്കി. അതെ എന്നാണ് ഉത്തരം.

ഒടുവില്‍ അതാ കിട്ടാക്കനിപോലെ ഞാൻ നോക്കിയിരുന്ന എവറസ്റ്റ് കൺമുന്നിൽ. ശരീരത്തിന്റെ ക്ഷീണമെല്ലാം പെട്ടെ ന്ന് മാറിയ പോലെ.  ഗിരിശൃംഖന്റെ കൂടുതൽ‌ നല്ല ദൃശ്യം കാണാനായി ഞാൻ മുകളിലേക്ക് വീണ്ടും വീണ്ടും കയറി ക്കൊണ്ടേയിരുന്നു. ഓരോ അടിയിലും തണുപ്പ് കൂടിക്കൂടി വരികയാണ്, മാത്രമല്ല ഇനിയും മുകളിലേക്ക് പോയാൽ തിരികെ ഹോട്ടലിൽ എത്താൻ താമസിക്കും. തൽക്കാലം ഇവിടെ നിന്നിനി കണ്ടാസ്വദിക്കാം ഈ ഹിമരാജനെ.

2Ama-Dablam-(4)
Ama-Dablam

ഒരൊറ്റ മേഘക്കീറു പോലുമില്ലാത്ത ആകാശത്തിൽ എവറസ്റ്റ് അങ്ങനെ തലയുയർത്തി നിൽക്കുകയാണ്. 8848 മീറ്റർ ഉയരമുള്ള ഈ പർവ്വതത്തിന് തൊട്ടുമുമ്പിലുള്ള നുപട്സയെക്കാൾ ഒരു കിലോമീറ്ററോളം പൊക്കമുണ്ട്. എന്നിട്ടും എവറസ്റ്റിനു മുകളിൽ നുപട്സയുടേതു പോലുള്ള മഞ്ഞ് തൊപ്പിയില്ല എന്നത് ആശ്ചര്യപ്പെടുത്തുന്നു. ആരോ വെട്ടിമിനുക്കിയ കണക്കെയുള്ള അതിന്റെ ത്രികോണാകൃതിയിലുള്ള അറ്റം സ്വർണ വെളിച്ചത്തിലുള്ള സൂര്യപ്രകാശത്തിൽ മുങ്ങിക്കുളിച്ചിരിക്കുക യാണ്. ഒട്ടനവധി സാഹസിക സഞ്ചാരികൾ കീഴടക്കിയതും, എന്നാൽ അതേപോലെ കുറെ ചിലരെ പ്രകൃതിക്കു  കീഴടക്കാൻ വിട്ടതുമായ ഒരു കൂറ്റൻ കൊടുമുടി, അതാണല്ലോ എവറസ്റ്റ്.

അതിൽ ചിലരുടെ ജീർണികാത്ത ശവശരീരങ്ങൾ ഇപ്പോളും ഈ മലയിടുക്കുകളിൽ ഉണ്ട്, പിന്നാലെ വരുന്ന സഞ്ചാരികൾക്കു 'അടയാളങ്ങൾ' ആയി. എവറസ്റ്റ് യാത്രയിലെ മൈൽ കുറ്റികളായാണ് അവ ഇപ്പോൾ അറിയപ്പെടുന്നത്.

5Lhotse--Everest-massif-(1)
Lhotse--Everest-massif

 ഇവിടെ മനുഷ്യൻ വരച്ച അതിർത്തിയില്ല,  മുമ്പിൽ ഹിമാലയം എന്ന വൻ മലനിരയാല്‍ പ്രകൃതി തന്നെ വരച്ച അതിർത്തിയാണ്. ഇതു താണ്ടി മറുവശം ചെന്നാൽ ഭാഷയിലും സംസ്കാരത്തിലും കാലാവസ്ഥയിലുമെല്ലാം വ്യത്യ സ്തതയുള്ള മറ്റൊരു ഭൂപ്രദേശമാണ് – ടിബറ്റ്. അവിടെയും ഉണ്ട് ഒരു ബേസ് ക്യാംപ്. ഈ വശത്തുള്ള ബേസ് ക്യാംപിൽ ഇന്നലെ ഞങ്ങൾ പോയതാണ്. ഇവിടത്തേക്കാൾ മനോഹരമാ യിരിക്കുമോ അവിടെ നിന്നുള്ള കാഴ്ച? ഏതാനും കിലോമീറ്റ റുകൾ താണ്ടി ഈ പടുകൂറ്റന്‍ പർവ്വതത്തിനപ്പുറം ഒരു പക്ഷെ ഒരു സഞ്ചാരി ഈ നിമിഷം അവിടെ നിൽക്കുന്നുണ്ടാവും, എനിക്കുള്ള അതേ സംശയവുമായി. എന്നെങ്കിലും ഒരിക്കൽ എനിക്കും മറുഭാഗത്തു പോകണം.

ഉദയസൂര്യൻ ഒടുവിൽ നുപട്സയുടെ പിടിവിട്ട് മുകളിൽ എത്തിയിരിക്കുന്നു. ഈ മരം കോച്ചുന്ന തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ഒരു പരിധിവരെ ഇത് സഹായിക്കും. സത്യത്തിൽ ഇന്ന് വെളുപ്പിനെ 5 മണിമുതൽ ഞാൻ ഉണർന്നിരിക്കുകയാ യിരുന്നു. ഒന്നു മടിമാറ്റിയിരുന്നുവെങ്കിൽ കാലാപത്തറിൽ പോയി ഇതിലും നന്നായി എവറസ്റ്റിനെ കാണാമായിരുന്നു. ഇനി ദുഃഖിച്ചിട്ടു കാര്യമില്ല എന്തായാലും ഇത്രയെങ്കിലും നന്നായി എവറസ്റ്റിനെ കാണാൻ സാധിച്ചല്ലോ. ഉടനെ തന്നെ താഴേക്ക് തിരിക്കണം, കൂടെയുള്ളവർ മടക്കയാത്രയ്ക്കു ഒരുങ്ങി കാണും. ഒരല്പം സങ്കടത്തോടെ അല്ലാതെ എനിക്ക് മടങ്ങുവാൻ കഴിയുകയില്ല. ഒരിക്കൽ കൂടെ എന്തായാലും എവറസ്റ്റിനെ ഒന്നു കണ്ടാസ്വദിക്കാം.

ഒരു വലിയ നടത്തമാണ് ഞങ്ങൾക്കിനിയുള്ളത്, പെരിച്ചി എന്ന കൊച്ചു ഗ്രാമത്തിലേക്ക്. തലേന്നു ലബൂഷയിൽ നിന്നും കയറി വന്ന വഴി ഇന്നാകെ മാറിയിരിക്കുന്നു. ഇന്നലെ ഈ പാതകൾ അണിഞ്ഞ മഞ്ഞ് പുതപ്പ് പൂർണമായും അലിഞ്ഞ് ഇല്ലാതായതിനാൽ ഒരു പുതിയ പ്രദേശമായാണ് ഈ താഴ്‍വാരം ഇപ്പോൾ അനുഭവപ്പെടുന്നത്. ലബൂഷയിൽ നിന്നുള്ള ഉച്ചഭക്ഷണശേഷം നടപ്പു തുടർന്ന് തിരികെ എവറസ്റ്റ് മെമ്മോറിയൽ പാർക്കിൽ കാലുകുത്തുമ്പോൾ, രണ്ട് ദിവസം മുമ്പ് ഇതുവഴി കടന്നു പോയ വ്യക്തിയല്ലാതായിരിക്കുന്നു ഞാൻ. മലകയറ്റത്തിന്റെ അതികഠിനമായ പ്രയാസങ്ങൾ ബേസ് ക്യാംപ് എത്തിയപ്പോളേക്കും ഈ താഴ്‍വാരം എന്നെ പഠിപ്പിച്ചു. അപകടങ്ങളും പ്രയാസങ്ങളും ഒരുപാട് നിറഞ്ഞ പർവ്വതാരോഹണ ദൗത്യങ്ങളിൽ ജീവൻ പണയം വെച്ചും ചില ആളുകൾ ചെയ്യുന്നതെന്തിനാണെന്ന് എനിക്കിപ്പോൾ മനസ്സി ലാക്കാം. ലോകത്തെ തന്റെ വിജയങ്ങൾ കാണിക്കുന്നതിനേക്കാൾ അവനവനോടുതന്നെയുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ നേട്ടങ്ങൾ, തന്റെ കഴിവുകളെ കുറിച്ച് .

3Andromeda-galaxy
Andromeda-galaxy

ദുഖ്ലയിലെ ചായകുടിയും കഴിഞ്ഞ് നടന്ന ഞങ്ങളെ പുതുവഴികളാണ് വരവേൽക്കുന്നത്. ദുഖ്ലയിൽ നിന്നുള്ള കുത്തനെയുള്ള ഇറക്കം ഇറങ്ങി ഇടത്തോട്ടു തിരിയുമ്പോൾ തന്നെ കാണാം പെരിച്ചി ഗ്രാമം അങ്ങ് ദൂരെയായി. അതിസുന്ദരിയായ അമാദബലമെന്ന കൊടുമുടിയുടെ മടിത്തട്ടിൽ ഉള്ള ഒരു തണുത്തുറഞ്ഞ കൊച്ചു ഗ്രാമം. വഴിയിലെ നനഞ്ഞു കുഴഞ്ഞു കിടക്കുന്ന മണ്ണ് ഒരു പക്ഷെ തൊട്ടടുത്തു കൂടി ഒഴുകുന്ന ഇമജിഘോല അരുവി യുടെ സാമീപ്യം കൊണ്ടാകാം. കണ്ണെത്തുന്ന ദൂരം വരെ പരന്നു കിടക്കുന്ന മണ്ണിലൂടെയുള്ള നടത്തത്തിൽ  ഒന്നു തളരുമ്പോൾ ശരീരത്തിലെ ഭാരമൊന്നിറക്കി വച്ചു വിശ്രമി ക്കാൻ ഒരു മൺതിട്ടപോലുമില്ല. ഒരു മരീചിക പോലെ പെരിച്ചി അവിടെ തന്നെ നിൽക്കുകയാണ്. നടന്നിട്ടും നടന്നിട്ടും എത്തു ന്നില്ല. ഇടവും വലവും കാവലാളെന്നപോലെ നിൽക്കുന്ന ടെബോഷെ, നാഗാർ ഷേക്ക് പർവ്വതങ്ങൾക്കിടയിലുള്ള ഇടുക്കു ഭൂമിയിലെ ഈ ഗ്രാമം ദുഖ്ല കഴിഞ്ഞാൽ ഏറ്റവും തണുപ്പേറിയതാണെന്നാണ് ദേവന്റെ അഭിപ്രായം. അതിനെ സാധൂകരിക്കും വിധം താഴ്‍വാരത്തു നിന്നും വീശുന്ന തണുത്ത കാറ്റ് എല്ലു തുളച്ചു കയറുകയാണ്.

നാളെ വൈകുന്നേരം നാമ്ചിബസാറിൽ എത്തും. നക്ഷത്ര ങ്ങൾ നിറഞ്ഞ ഹിമാലയസാനുക്കളുടെ ചിത്രമെടുക്കാൻ അതിനാൽ ഇന്നാണ് അവസാന അവസരം. എത്ര ബുദ്ധിമു ട്ടിയാലും ഇന്ന് രാത്രി എഴുന്നേറ്റ് അത് ചെയ്യണം. ഈ വക ചിന്തകളിൽ മുഴുകി നടക്കുന്നതിനിടയിൽ ഒടുവിൽ ഗ്രാമത്തി ലെത്തിയത് ഞാൻ പോലുമറിഞ്ഞില്ല.

5At-Labouche-(1)
At-Labouche

സമയം രാത്രി രണ്ട് മണികഴി‍ഞ്ഞിരിക്കുന്നു. ജാക്കറ്റും ബാലക്ലാവയും ഗ്ലൗസും എന്നു വേണ്ട തണുപ്പകറ്റാൻ കൈയിൽ കിട്ടിയ തൊക്കെ ഞാൻ വലിച്ചു കയറ്റിയിട്ടുണ്ട്. എന്നിട്ടും പുറത്തെ തണുപ്പ് സഹിക്കാൻ പറ്റുന്നില്ല. കൊടും തണുപ്പിൽ ഇമംജി ഘോല അരുവി കൂടി തണുത്തുറഞ്ഞതോടെ ടബൂഷ പർവ്വതത്തിൽ നിന്നും വീശുന്ന കുളിർക്കാറ്റിന്റെ ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല ഈ ഗ്രാമത്തിൽ. തലേന്ന് വൈകു ന്നേരം ഇവിടാകമാനം നിറഞ്ഞിരുന്ന മൂടൽ മഞ്ഞുകൾ പോലും തണുപ്പു സഹിക്കാനാവാതെ കൂടേറിയിരിക്കുന്നു. അവയുടെ അഭാവത്തിൽ മുകളിൽ ആകാശത്ത് കാക്കത്തൊ ള്ളായിരം നക്ഷത്രങ്ങൾ മിന്നിതിളങ്ങുന്നത് കാണാം. ഈ സമയത്ത് ഈ ഗ്രാമത്തിൽ ഞാൻ മാത്രമേ  കാണൂപുറത്ത്. എന്നാൽ എന്റെ ഊഹം തെറ്റി. പിന്നിലെ കാൽ പെരുമാറ്റം കണ്ടു നോക്കിയപ്പോളാണ് ഒരു നായ എന്നെ തന്നെ തുറിച്ചു നോക്കി കൊണ്ടു നിൽക്കുന്നത് ശ്രദ്ധിച്ചത്. ദേഹത്തെ വേഷ ഭൂഷാദികളൊക്കെ കൂടെ കണ്ടാൽ എന്നെ ഇപ്പോൾ ഒരു മനുഷ്യനായിപ്പോലും തോന്നുമോ എന്ന് സംശയമാണ്. എന്നാലും എന്റെ കണ്ണിലെ നിസ്സഹായാവസ്ഥ അത് മനസ്സി ലാക്കി എന്നു തോന്നുന്നു, വാലാട്ടുന്നുണ്ട്. ആ ഊഷ്മള ബന്ധം ഒന്നു തുടരാൻ പയ്യെ തടവിക്കൊടുത്തതും ആശാൻ എന്റെ കാലിന്റെ ചുവട്ടിൽ വന്ന് കിടപ്പായി. എന്തായാലും ഇതിനെപ്പോലെ ഈ തണുപ്പത്ത് ഇങ്ങനെ ഒരു രാത്രി മുഴുവൻ കഴിയാൻ എനിക്കാവില്ല, ഏതാനും ചിത്രങ്ങളെടുത്ത് അക ത്തേക്ക് പോകണം.

മുകളിൽ ആകാശഗംഗ യാത്രയിൽ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും തിളക്കമേറി നിൽക്കുകയാണ്, അമാദബലത്തിന്റെ നേരെ മുകളിൽ നിന്നും തുടങ്ങി എതിർവശത്ത് ദൂരെ ദുഖ്ലയുടെ പുറകിലുള്ള മലനിരകൾക്ക് പിന്നിൽ മറയുന്നതുവരെ. വടക്ക് ഭാഗത്ത് ആകാശഗംഗയുടെ ഇടതുവശത്തായി കാണു ന്ന നക്ഷത്രത്തിന് സാധാരണ നക്ഷത്രങ്ങളേക്കാൾ തിളക്കം. ക്യാമറയിൽ സൂം ചെയ്ത് നോക്കുമ്പോഴാണ് വ്യക്തമാകുന്നത് അതൊരു നക്ഷത്രമല്ല, മറ്റൊരു ഗ്യാലക്സിയാണ്. അതെ ‘ആൻഡ്രോമെഡ’ ഗ്യാലക്സി, നമ്മുടെ നക്ഷത്രക്കൂട്ടമായ ആകാശഗംഗയുടെ ഏറ്റവും അടുത്തു നിൽക്കുന്ന ഗ്യാലക്സി. ഓരോ നിമിഷവും അടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ ഭീമൻ നക്ഷത്രക്കൂട്ടം 400 കോടി വർഷങ്ങൾക്കപ്പുറം ആകാശ ഗംഗയുമായി കൂട്ടിയിടിച്ച്, ഒരൊറ്റ വലിയ ഗ്യാലക്സിയായി മാറും. ഇന്ന് ഈ ആകാശത്ത് തിളങ്ങിനിൽക്കുന്ന എത്ര നക്ഷത്രങ്ങൾ അതിനെ അതിജീവിക്കും?

സുന്ദരമായ രാത്രികാഴ്ചകൾക്കിടയിൽ നിന്നും എന്റെ മനസ്സ് ഇന്നലത്തെ സംഭവങ്ങളിലേക്ക് തിരിച്ചു പോയി. 8 ദിവസത്തെ മലകയറ്റത്തിനൊടുവിൽ ഇന്നലെ എവറസ്റ്റ് ബേസ്ക്യാംപിൽ എത്തിയ എനിക്ക് എവറസ്റ്റിനെ നേരാംവണ്ണം കാണാൻ സാധിക്കാത്തതിലുള്ള ദേഷ്യമായിരുന്നു മനസ്സിൽ നിറയെ. പക്ഷെ ഇന്ന് രാവിലെ അതിനു സാധിച്ചു. ഈ യാത്രയിലെ മുഖ്യ ആകർഷണം എവറസ്റ്റ് തന്നെയാകാം എന്നിരുന്നാലും പോകുന്ന വഴിയിൽ എന്തെല്ലാം മനോഹര കാഴ്ചകളാണ് കണ്ടത്. ഇന്നത്തെ ഈ സുന്ദരമായ ആകാശകാഴ്ചയുൾപ്പെടെ. അതിൽ പലതും എവറസ്റ്റിന്റെ ദൃശ്യത്തേക്കാൾ എന്റെ മനസ്സിൽ തങ്ങിയവയാണ്. പ്രത്യേകിച്ച് തൊട്ടുപുറകിൽ തലയുയർത്തി നിൽക്കുന്ന അമാദബലം എന്ന സുന്ദരമായ പർവ്വതം. Yes it's not about the destination, it's about the journey. ഇന്നലെ ആ വാക്കുകളെ പുച്ഛിച്ച ഞാൻ ഇന്ന് അത് അടിവരയിട്ട് സമ്മതിക്കുന്നു.

കൈവിരലുകൾ മരവിച്ചു കഴിഞ്ഞു. അകത്തേക്ക് മടങ്ങിയേ മതിയാകൂ. നേരം പുലരുന്നതുവരെ ഈ നായ കുമ്പു താഴ്വാരത്തു എന്ത് സ്വപ്നവും കണ്ടാണാവോ ഉറങ്ങുവാൻ പോകുന്നത്.

നവംബർ 2

Milky-way-above-Ama-Dablam
Milky-way-above-Ama-Dablam

ബഹുഭൂരിപക്ഷം സഞ്ചാരികൾക്കും എവറസ്റ്റ് യാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനമെന്ന് പറയുന്നത് ലുക്ല എന്ന ഗ്രാമമാണ്.

എന്നാൽ ഞങ്ങളുടെ യാത്രയിൽ ലുക്ല അവസാന ലക്ഷ്യമാണ് എന്നതാണ് രസകരമായ വസ്തുത. കാഠ്മണ്ഡുവിൽ നിന്നുള്ള വരവിൽ ഹെലികോപ്ടറിൽ നേരിട്ട് നാമ്ചിബസാറിലേക്കാ യിരുന്നല്ലോ വന്നത്. പെരിച്ചിയിൽ നിന്നും ലുക്ലയെത്താൻ രണ്ട് ദിവസം വേണ്ടി വന്നു. ഭൂരിഭാഗമിടത്തും ഇറക്കമായിരു ന്നുവെങ്കിലും അനേകം കിലോമീറ്ററുകൾ താണ്ടേണ്ടിയിരു ന്നതിനാൽ ഒടുവിൽ ശരീരത്തിന് നല്ല വേദന വന്നു തുടങ്ങി. പദ്ധതിയിൽ നിന്നും മാറി ഒരു ദിവസം നേരത്തെ എത്തിയെ ങ്കിലും അതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. പോകാനുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് നവംബർ 3 –ൽ നിന്ന് ഒരു ദിവസം നേരത്തെയാക്കാൻ യാതൊരു വഴിയുമില്ലെ ന്നാണ് ദേവൻ പറഞ്ഞത്. അത് കേട്ടതോടെ പിന്നെ ഇന്നിനി എയർപോർട്ടിൽ പോയി വിമാനം ഇറങ്ങുന്നതും പോകുന്നതും നോക്കി സൊറ പറഞ്ഞിരിക്കാമെന്നല്ലാതെ വേറെ പണിയൊ ന്നുമില്ലെന്നായി ഞങ്ങൾക്ക്.

8Mt

കാഠ്മണ്ഡുവിൽ നിന്നും വരുന്ന വഴി ഹെലികോപ്ടറിൽ ഇരുന്ന് കണ്ടതാണ് ലുക്ലയിലെ ‘ടെൻസിംഗ്–ഹിലരി എയർപോർട്ട്’ എന്ന ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളം. പക്ഷെ അതിനടുത്തു പോയി ചെറുവിമാന ങ്ങൾ നീളം കുറഞ്ഞ കുത്തനെയുള്ള റൺവേയിൽ ഇറങ്ങു ന്നതും പറന്നുയരുന്നതും കണ്ടിരിക്കുന്നത് ഒരു മടുപ്പുളവാക്കാത്ത വിനോദമാണ്! ഒരു ഓട്ടോറിക്ഷ ഓടിക്കുന്ന ലാഘവ ത്തോടെയാണ് തഴക്കം ചെന്ന പൈലറ്റുമാർ വിമാനത്തിലെ ചെറിയ പാർക്കിങ് ബേയിൽ ചെറുവിമാനങ്ങൾ കൊണ്ടു നിർത്തുന്നത്.

നവംബർ 3

ഒടുവിൽ ആ ദിവസം വന്നെത്തി. ഇന്നാണ് ഞാൻ നേപ്പാളിനോടു വിട പറയുന്നത്. ഇന്ന് രാത്രിയാകുമ്പോളേക്കും കാഠ്മണ്ഡുവിൽ നിന്നും അതിർത്തി ഗ്രാമമായ ഭൈരവ എത്തി അതിർത്തി കടന്ന് ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ എത്തണം. ബാംഗ്ലൂരിലേക്കുള്ള മടക്കയാത്രയ്ക്കുള്ള ട്രെയിൻ നാളെ വെളുപ്പിനാണ്. കൂടെയുള്ള സുഹൃത്തുക്കളെല്ലാം തിരികെ വിമാനത്തിൽ പോകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എല്ലാവരോടും യാത്ര പറഞ്ഞ് വെളുപ്പിനെയുള്ള മൂടൽ മഞ്ഞിൽ കുളിച്ചിരിക്കുന്ന ലുക്ലയിലെ തെരുവിലൂടെ ഞാൻ ഒറ്റയ്ക്ക് നടന്നു. എയർപോർട്ട് ലക്ഷ്യമാക്കി.

ദേവനോടു ഇന്നലെത്തന്നെ യാത്രപറയേണ്ടതായിരുന്നു. ഇന്നിനി ഇപ്പോൾ അതിനു സമയമില്ല, മാത്രമല്ല പുള്ളിക്കാരൻ എവിടെയാണ് മുറിയെടുത്തതെന്ന് അറിയുകയുമില്ല. ‘‘നച്ചു’’ പുറകിൽ നിന്നുള്ള ശബ്ദം പരിചിതമാണ്. അതാ ദേവൻ, എന്നെ യാത്രയാക്കാനായി എയർപോർട്ടിൽ. ‘‘ഹാപ്പി ജേർണി,എത്തിയിട്ട് വിവിരം അറിയിക്ക്.”  ഇളം മഞ്ഞ ഷാൾ എന്റെ തലയിലൂടെ ഇട്ട് ആലിംഗനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. നേപ്പാളിലെ പരമ്പരാഗതമായ ഒരു രീതിയാണിത്. 

9Yaks-(7)
Yaks

സുഹൃത്തുക്കളാണ് ഏജൻസി മുഖാന്തരം ഗൈഡിനേയും പോർട്ടർമാരെയും ബുക്ക് ചെയ്തത്. ആ പാക്കേജിൽ ഞാൻ ഉൾപ്പെട്ടിരുന്നില്ല, എന്നിട്ടും ഈ മനുഷ്യൻ ഈ വെളു പ്പിനെ എന്നെ യാത്രയാക്കാൻ ഇവിടെവരെയെത്തി. നേപ്പാളിന്റെ ആതിഥ്യമര്യാദയുടെ ഓർമ്മപ്പെടുത്തലായി ആണ് ഞാൻ ഇതിനെ കാണുന്നത്.

കുഞ്ഞൻ വിമാനത്തിനകത്തിരിക്കുമ്പോഴും ദൂരെ നിന്ന് അയാള്‍ കൈവീശുന്നത് എനിക്ക് കാണാം. ഒടുവിൽ താഴ്‍വാരത്തിന്റെ ഇറക്കത്തിലേക്ക് ഊളിയിട്ടു പോകുന്ന ഒരു പക്ഷിയെപ്പോലെ അത് പറന്നിറങ്ങി. താഴെ ദൂത്കോശി പതഞ്ഞ് പൊങ്ങി ആർത്തലച്ചു പോവുകയാണ്. അതെല്ലാം കടന്ന് കാഠ്മണ്ഡു ലക്ഷ്യമാക്കി വിമാനം തന്റെ യാത്ര തുടർന്നു. ഇങ്ങനെ കുന്നുകൾ താണ്ടാൻ എത്രയോ എളുപ്പം!  നന്ദി നേപ്പാള്‍, ഒരായുഷ്കാലം മുഴുവൻ ഓർക്കുവാൻ തന്ന ഓർമ്മകൾക്ക് വീണ്ടും കാണാം.

(അവസാനിച്ചു)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA