മഴത്താളങ്ങളിലെ രാജസ്ഥാൻ സുന്ദരി!

143176427
SHARE

മഴക്കാലത്ത് ചെറുമഴ നനഞ്ഞുള്ള യാത്ര മിക്കവർക്കും ഇഷ്ടമാണ്. എവിടെയാണ് ഏറ്റവും നന്നായി മഴക്കാലം ആസ്വദിക്കാനാവുക എന്ന ചോദ്യമാണ് മനസ്സില്‍ ഉയരുന്നത്. മഴയുടെ താളത്തിലും ഭംഗിയിലും മഴയാത്രയ്ക്കായി രാജസ്ഥാൻ തിരഞ്ഞെടുക്കാം. അനന്തമായി കിടക്കുന്ന മരുഭൂമിയിൽ മഴയോ? അവിടെയെന്താസ്വദിക്കാൻ? എന്നൊക്കെ ചിന്തിക്കുന്നവർക്ക് രാജസ്ഥാനിലെ മനോഹാരിതയെക്കുറിച്ച് വലിയ പിടിയുണ്ടാകില്ല. രാജസ്ഥാനിലെ മഴ നനഞ്ഞ ഗ്രാമങ്ങൾ മറ്റെന്തിനേക്കാളും മനോഹരങ്ങളാണ്. മഴക്കാലത്തെ രാജസ്ഥാന്റെ ചില വിശേഷങ്ങൾ പറയാം.

പച്ചപ്പുതച്ച് പർവതനിര

മഴപെയ്തു കഴിഞ്ഞാൽ പിന്നെ വരണ്ടു നിൽക്കുന്ന ആരവല്ലി പർവതപ്രദേശങ്ങൾ പച്ച നിറമാകും. ദൂരെ നിന്നും അടുത്തും കാണുമ്പോൾ ആ നനവ് തട്ടിയ പച്ചപ്പിന്റെ ഹൃദ്യമായ സുഗന്ധം വരെ അനുഭവിക്കാനാകും. ഇതുവഴി റോഡിൽ യാത്ര പോകുന്ന കാര്യം ആലോചിക്കാവുന്നതാണ്. ആരവല്ലി പർവത നിരയിലുള്ള മൌണ്ട് അബുവിലേക്ക് ഈ സമയത്ത് യാത്ര പ്ലാൻ ചെയ്യാം, മറ്റുള്ളവയെക്കാൾ കൂടുതൽ എളുപ്പം യാത്രികർക്ക് ഇവിടെയുണ്ട്. മാത്രവുമല്ല പൊതുവെ മഴക്കാലത്ത് ഇവിടെ സഞ്ചാരികൾ കുറവാണ് എന്നതും മറ്റൊരു ഗുണമാണ്, യാത്ര ശാന്തമായി ആസ്വദിക്കാനാകും.

തടാകത്തിന്റെ നഗരം

കൂടുതലും വിശാല മരുഭൂമിയാണ് രാജസ്ഥാൻ എന്ന പേരു കേൾക്കുമ്പോൾ തന്നെ ഓർമ വരിക. പക്ഷേ മഴക്കാലത്ത് രാജസ്ഥാൻ ഒന്നു സന്ദർശിച്ച് നോക്കൂ, ഈ ധാരണകൾ അപ്പാടെ മാറിപ്പോകും. ഇവിടെയുള്ള പല തടാകങ്ങളും മഴക്കാലത്താണ് ആവേശഭരിതരാകുന്നത്. പിച്ചോള തടാകം ഇവിടുത്തെ ഏറ്റവും മനോഹരമായ തടാകമായി കണക്കാക്കാം, വൈകുന്നേരം മഴക്കാലത്തിന്റെ തണുപ്പിൽ ഈ തടാകത്തിനായി മാറ്റി വച്ചാൽ രാജസ്ഥാൻ നിങ്ങൾക്ക് ഹൃദ്യമായ ആനന്ദമായിരിക്കും.

കോട്ടകൾ തണുത്തിരിക്കുന്നു

രാജസ്ഥാൻ കോട്ടയുടെ നഗരമാണ്. എത്രയോ സിനിമകൾക്ക് ഇടമൊരുങ്ങിയ ഇവിടുത്തെ കോട്ടകൾ വലിയ ചരിത്രങ്ങളെയാണ് വഹിക്കുന്നത്! പൊതുവേ രാജസ്ഥാൻ കോട്ടകൾ മഴക്കാലമല്ലാത്ത സമയങ്ങളിൽ പലരും കാണാൻ വരാറുണ്ട്. മഴക്കാലത്ത് ഈ കോട്ടകൾ നൽ‍കുക വ്യത്യസ്തമായ അനുഭവമായിരിക്കും. ഇവിടുത്തെ മിക്ക കോട്ടകളും മലയ്ക്ക് മുകളിലാണ്. അതുകൊണ്ട് തന്നെ മഴയും തണുപ്പും ഈർപ്പത്തിന്റെ പഴമ ഗന്ധവും എല്ലാം കൂടി വല്ലാത്തൊരു അനുഭവമാണ് ഈ കോട്ടയുടെ സന്ദർശനം യാത്രികർക്ക് നൽകുക. മാത്രമല്ല ഇതിന്റെ മുകളിൽ നിൽക്കുമ്പോൾ മഴയിൽ നനഞ്ഞ രാജസ്ഥാന്റെ പച്ചപ്പ് നിറഞ്ഞ കാഴ്ചകളും അനുഭവിക്കാം.

483321183

നാട്ടിൻപ്പുറങ്ങൾ അതിമധുരം

രാജസ്ഥാനിലെ ഏറ്റവും പ്രധാനമായ രണ്ടു ആഘോഷങ്ങളാണ് രക്ഷാബന്ധൻ, തീജ് എന്നിവ. രണ്ടും ഏറ്റവും നന്നായി കൊണ്ടാടപ്പെടുന്നത് ഇവിടുത്തെ ഗ്രാമങ്ങളിലുമാണ്. മഴക്കാലത്താണ് ഇവിടുത്തെ ഗ്രാമങ്ങൾ ഇത്തരം ആഘോഷങ്ങൾക്കൊരുങ്ങുക. നഗരങ്ങളിൽ വെറുതെ നിറങ്ങൾ കറങ്ങുന്നതിനേക്കാൾ ഒരു സഞ്ചാരി എന്ന നിലയിൽ അദ്‌ഭുതങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ ഗ്രാമങ്ങളിലേക്ക് തന്നെ പോകുക. മഴക്കാലത്ത് അവർ മഴയെ ആസ്വദിക്കുന്നത് അനുഭവിച്ചറിയുക. രാജസ്ഥാനിലെ ഏറ്റവും മികച്ച ഭക്ഷണവും ഗ്രാമങ്ങളിൽ നിന്നാണ് നിങ്ങൾക്ക് ലഭിക്കുക, ഒപ്പം അനുഭവങ്ങൾ നിറഞ്ഞ ജീവിതങ്ങളും.

ആരവല്ലി പർവ്വത നിരകളും കോട്ടകളും തടാകങ്ങളും ഗ്രാമവും മഴക്കാലത്ത് രാജസ്ഥാനെ മറ്റേതൊരു കാലത്തേക്കാളും മനോഹരമാക്കുന്നുണ്ട്, അതുകൊണ്ടു തന്നെ മഴക്കാല ഭംഗികൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തവണ രാജസ്ഥാനിലേക്കുള്ള യാത്ര ഓർമയിൽ എന്നും തങ്ങി നിൽക്കുന്നത് തന്നെയായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA