ഹിമാലയത്തിൽ കണ്ട പൂക്കൾ

യാത്രകളെനിക്ക് ഇഷ്ടമാണ്. ഓരോ പുതിയ സിനിമയും ഓരോ പുതിയ ലൊക്കേഷനിലേക്കുള്ള യാത്രയും. ഏറ്റവും പ്രിയപ്പെട്ട ലൊക്കേഷനെന്നത് എനിക്ക് ഒന്നിനെയും വേറിട്ടു പറയാനാകില്ലെന്നതാണ് സത്യം. ഫോർട്ട് കൊച്ചി ആയാലും ഹിമാലയം ആയാലും ഒറ്റപ്പാലം ആയാലുമൊക്കെ അവയുടെ തനതായ പ്രത്യേകതകൾ കൊണ്ട് എനിക്ക് ഓരോ തരത്തിൽ പ്രിയപ്പെട്ടതാണ്. എങ്കിലും ‘റാണി പത്മിനി’യുടെ ഷൂട്ടിങ്ങി നായി ഹിമാലയത്തിൽ പോയപ്പോഴാണ് പക്ഷേ, പ്രകൃതി ഒരു മഹാവിസ്മയമായി അനുഭവപ്പെട്ടത്.

വാക്കുകളാലോ ക്യാമറ കൊണ്ടോ ആ അനുഭവത്തെയോ കാഴ്ചകളെയോ പകർത്തി വയ്ക്കാനാകില്ലെന്നു തോന്നുന്നു. ആകാശത്തിന്റെ അനന്ത നീലിമയിലേക്ക് അലിഞ്ഞു ചേരുന്നതു പോലുള്ള പർവ്വത ശൃംഗങ്ങൾ, മഞ്ഞുപാളികൾ മൂടിക്കിടക്കുന്നതു വഴിത്താരകൾ, നീലമേഘങ്ങൾ പറന്നു പോകുന്ന കുന്നിൻ ചെരിവുകൾ, കുതിച്ചൊഴുകുന്ന മഹാനദികളുടെ അതിഗംഭീരത, നമ്മുടെ നാട്ടിലെങ്ങും കാണാത്തതരം ചെടികളും മരങ്ങളും.  ഈ ഭൂമിയുടെ ഭാഗമാണോ എന്നു പോലും തോന്നിക്കുന്നയിടം....

അദ്ഭുതപ്പെടുത്തുന്ന ഭൂപ്രകൃതി

വർഷങ്ങൾക്കു മുമ്പ് ശ്യാമപ്രസാദിന്റെ ഒരു സിനിമയിൽ അസിസ്റ്റ് ചെയ്യാൻ ഹിമാലയത്തിൽ പോയിരുന്നു. ഹിമാലയത്തിന്റെ മറ്റൊരു ഭാഗത്തായിരുന്നു അന്നു ഷൂട്ടിങ്. ഹിമാചലിൽ ആണ് ‘റാണി പത്മിനി’യിൽ ഷൂട്ട് ചെയ്തത്.  മണാലിയിൽ നിന്ന് കൂടുതൽ ഉയരത്തിലേക്കു പോകുന്ന പ്രദേശം. അതിനു മുൻപ് ഞാൻ കണ്ടിട്ടുള്ള തരം സ്ഥലമില്ലാതിരുന്നതി നാൽ ആ ഭൂപ്രകൃതിയെ കണ്ട് ആശ്ചര്യപ്പെട്ടുപോയി. ഇരുപതു ദിവസത്തോളമുണ്ടായിരുന്നു ഷൂട്ടിങ്. വളരെ താഴ്ന്ന താപനിലയായതിനാൽ ക്യാമറയും ഉപകരണങ്ങളും കരുത ലോടെയാണ് സൂക്ഷിച്ചത്. സിനിമയിൽ യാത്ര കാണിക്കുന്ന പാട്ടു രംഗമുണ്ട്. ഷോട്ടുകൾ റാൻഡം ആയി കാണിക്കുന്ന ആ ബിറ്റ് എനിക്കേറ്റവും ഇഷ്ടപ്പെട്ട രംഗമാണ്. 

കാലാവസ്ഥ പ്രവചനാതീതമായി മാറുന്ന സാഹചര്യമാണ് ഹിമാലയത്തിൽ. രാവിലെ വളരെ സൗമ്യമായി ഒഴുകുന്ന കൊച്ചരുവി വൈകുന്നേരമാകുമ്പോൾ ചിലപ്പോൾ കൂലം കുത്തിപ്പായുന്ന വൻനദിയായി മാറാം. ‘ഭ്രാന്തൻ നദി’ എന്നാണ് ആ നാട്ടുകാർ അവയെ വിളിക്കുന്നത്. വലിയ ഹിമക്കട്ടകൾ ഉരുകി നദിയുടെ വെള്ളം പെട്ടെന്ന് കൂടുന്ന അവസ്ഥ. പർവത ങ്ങളിലെ വഴികൾ എപ്പോൾ വേണമെങ്കിലും അപകടാവസ്ഥയിലാകാം. മാത്രമല്ല അത്രയും ഉയരത്തിലുള്ള അന്തരീക്ഷത്തിനോട് നമ്മുടെ ശരീരം പൊരുത്തപ്പെടാനും കുറച്ച് സമയമെ ടുക്കും. 

ഹിമാലയത്തിൽ കണ്ട പൂക്കൾ

ഏതു പുതിയ സ്ഥലത്തും പോകുമ്പോഴും അവിടുത്തെ മനുഷ്യരുടെ ജീവിതം, ചുറ്റുപാടുകൾ, ചരിത്രം എല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ട്. എല്ലാവരും പറയാറുണ്ട് ഒരു സ്ഥലത്ത് വ്യത്യസ്തമായി കണ്ട കാര്യമാണ് ഏറ്റവും ആകർഷിക്കാറുള്ളതെന്ന്. പക്ഷേ, എന്നെ സംബന്ധിച്ച് എന്റെ ശ്രദ്ധയാകർഷിക്കുന്നത്, വ്യത്യസ്തതയെക്കാളേറെ സമാനതകളാണ്. ഹിമാലയത്തിലെ താഴ്‍വരയിലായാലും ഒരമ്മ തന്റെ കുഞ്ഞിനെ കളിപ്പിക്കുന്നതും കൃഷിക്കാരൻ വളർത്തു മൃഗങ്ങളെ മേയ്ക്കുന്നതും കുട്ടികൾ കളിക്കുന്നതും.... അത്തരം കാഴ്ചകളൊക്കെ കാണുമ്പോൾ ജീവിതം എല്ലായിടത്തും അടിസ്ഥാനപരമായി ഒരുപോലെയാണല്ലോ എന്ന തോന്നലുണരും. 

നമ്മുടെ നാട്ടിലെ ജീവിതവുമായി കാണുന്ന സമാനത അതാണ് കണക്ട് ചെയ്യുന്നത്. എവിടെയായാലും ജീവിതമെന്ന ചരടിൽ എല്ലാം കോർത്തെടുത്തതു പോലെ ഒരു ബന്ധം തോന്നും. നമ്മുടെ ട്രോപ്പിക്കൽ സ്ഥലങ്ങളിൽ മാത്രം കാണാറുള്ള കടുക്കൻ എന്ന വലിയ മഞ്ഞ നിറമുള്ള പൂവ് ഹിമാലയത്തിന്റെ പർവതച്ചരിവുകളിൽ കണ്ടപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു പോയിരുന്നു.

പുറംലോകവുമായി അത്ര ബന്ധമില്ലാത്ത ജീവിതമാണ് അവിടുത്തുകാരുടേത്. മഞ്ഞു കാലത്ത് വഴികളൊക്കെ ഹിമം വീണു മൂടി ചുറ്റുപാടുകളിൽ നിന്ന് ഒറ്റപ്പെട്ട് കിടക്കും. പ്രകൃതിയോട് അപൂർവമായൊരിണക്കം അവിടെ കാണാം. യാക്കിനെ വളർത്തി, പർവതച്ചെരിവുകളിൽ കൃഷി ചെയ്ത്, ദുസ്സഹമായ കാലാവസ്ഥയോട് മല്ലിട്ട്....പുറം ലോകത്തെ വിശാലമായ ജീവിതത്തിന്റെ ഗതിവേഗമോ അത്യാർത്തികളോ ഇല്ലാതെ.... ആ പർവ്വതച്ചെരിവുകളിലെ ഗ്രാമീണരുടെ അത്രമേൽ ശാന്തവും പ്രകൃതിയുമായി ലയിച്ചു ചേർന്നുമുള്ള ആ ജീവിതം– അതെന്നെ ഏറ്റവും മോഹിപ്പിച്ച കാഴ്ചയായിരുന്നു. 

യാത്രയ്ക്കിടയിൽ കാണുന്ന പാർവതി–ബിയാസ് നദികളുടെ സംഗമം അതിസുന്ദരമായ കാഴ്ചയാണ്. ഞങ്ങൾ ഷൂട്ട് ചെയ്തതിന്റെ  അടുത്തു തന്നെ ഒരു ബുദ്ധിസ്റ്റ് മൊണാസ്റ്റെറി ഉണ്ടായിരുന്നു. ഏറെ ശാന്തമാണ് അവിടുത്തെ അന്തരീക്ഷം. പുറത്ത് നിന്ന് ഒരുപാട് യാത്രക്കാർ ഹിമാലയത്തിലേക്ക് വരുന്നുണ്ട്. ട്രെക്കിങ്ങും ടൂറിസവും വികസിച്ചു വരുന്നു. അവിടുത്തെ പുഴയിൽ പുതിയ അണക്കെട്ട് വരുന്നു. അന്നു കണ്ട ആ പർവത മുകളിലെ ശാന്തവും ഗംഭീരവുമായ സൗന്ദര്യം എത്രകാലം അതേ പടി നിൽക്കുമെന്നറിയില്ല. 

ഫോർട്ട് കൊച്ചിയും ഒറ്റപ്പാലവും

ഹിമാലയം ഇഷ്ടപ്പെടുമ്പോൾ തന്നെ ഫോർട്ട് കൊച്ചിയുടെ ചരിത്രത്തിന്റെ അവശേഷിപ്പുകളുറങ്ങുന്ന വഴികളും എനിക്ക് ഇഷ്ടമാണ്. ഇപ്പോഴും കേരളീയതയും ഗ്രാമഭംഗികളും നഷ്ടമായിട്ടില്ലാത്ത ഒറ്റപ്പാലത്തെ നിരത്തുകളിലൂടെ കൂടി നടക്കുമ്പോഴാകട്ടെ ആ സ്ഥലത്തിന്റെ പ്രത്യേകതകളോട് വല്ലാത്തൊരിഷ്ടം തോന്നും. പഴയ കേരളീയത ഇന്നും നഷ്ടപ്പെടാതെ നിലനിൽക്കുന്ന സ്ഥലമാണ് ഒറ്റപ്പാലം. 

ഫോർട്ട് കൊച്ചിയുടെ ഇടുങ്ങിയ വഴികളിൽ ലോകത്തിന്റെ  മുഴുവനും കാൽപാടുകൾ വീണു കിടക്കും പോലെ തോന്നും. മരങ്ങൾ ക്യാൻവാസ് ചെയ്തു നിൽക്കുന്ന അന്തരീക്ഷം. അവിടുത്തെ ആർക്കിടെക്ചർ.... എല്ലാം സ്പെഷലാണ്. ‘അന്നയും റസൂലും’ ചിത്രീകരിച്ചത് ഫോർട്ട് കൊച്ചിയിലായിരുന്നു. അടുത്ത കാലത്ത് മലയാള സിനിമയിൽ ഒരുപാട് സിനിമകളുടെ ലൊക്കേഷനായി വന്നിട്ടുണ്ട് ഫോർട്ട് കൊച്ചി. പക്ഷേ ‘അന്നയും റസൂലും’ സിനിമയിൽ വേറിട്ട കാഴ്ചയാണ്. ആ സിനിമ ചിത്രീകരിക്കുമ്പോൾ സംവിധായകൻ പറഞ്ഞത് അവർ ഈ നാട്ടുകാരാണെന്ന് തോന്നിപ്പിക്കണമെന്നതായിരുന്നു. ലൊക്കേഷൻ സിനിമാട്ടോഗ്രാഫറെ ആകർഷിക്കുന്നത് കഥ ആവശ്യപ്പെടുന്നതനുസരിച്ചാണ്. അല്ലാതെ, ആ ലൊക്കേഷന്റെ ഭംഗി പകർത്താനുള്ള അവസരമല്ല സിനിമ. ഫ്രെയിമിന് ആവശ്യമല്ലാത്തവ ഒഴിവാക്കാനും കൂടിയുള്ളതാണ് സിനിമാ ട്ടോഗ്രാഫി. 

മയിലുകൾ പറക്കുന്ന കാരൈക്കുടി

പോയിട്ടുള്ള  സ്ഥലങ്ങളിൽ വളരെയേറെ മനസ്സിൽ തട്ടിയ ലൊക്കേഷൻ കാരൈക്കുടി ആണ്. ടി.കെ. രാജീവ് കുമാറിന്റെ ഒരു ഹിന്ദി സിനിമയുടെ വർക്കിനു വേണ്ടിയാണവിടെ പോയത്. ചെട്ടിനാട്ടിലെ വീടുകൾ, ഭക്ഷണം, തടിപ്പണികൾ, കൊത്തുപണികൾ, എല്ലാം മനസ്സിൽ തങ്ങുന്നതാണ്. അവിടെ കണ്ട ഭംഗിയുള്ള ചില വിഷ്വലുകൾ ഒരിക്കലും മറക്കാനാകില്ല. മയിലുകൾ പാറി നടക്കുന്ന നാട്ടുവഴികൾ, മയിലിന്റെ പിന്നാലെ ഓടുന്ന കുട്ടികൾ.

അത്തരം ചില കാഴ്ചകൾ ശ്രീലങ്കയിലെ ട്രങ്കോമാലിയിൽ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിനു പോയപ്പോഴും കണ്ടിരുന്നു. വീടുകളുടെ പുരപ്പുറത്ത് മയിലുകൾ താണു പറന്നിരിക്കു ന്നതും. നിരത്ത് മുറിച്ചു കടന്ന് പോകുന്ന മാനുകളും അവയ്ക്കെല്ലാമിടയിലൂടെ ഒഴുകി നീങ്ങുന്ന ഗ്രാമീണരുടെ ജീവിതവും...

എവിടെയായാലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അപൂർവമായ ലയനം എന്നെ മോഹിപ്പിക്കാറുണ്ട്. മനാലിയിലെ പർവതച്ചെരിവിലായാലും ഒറ്റപ്പാലത്തായാലും ശ്രീലങ്കയിലോ കാരൈക്കുടിയിലോ ആയാലും. സിനിമയുടെ കഥയ്ക്ക് ഒരു പക്ഷേ, വേണ്ടാത്ത ചില ദൃശ്യങ്ങളാകാം അവ. മനസ്സിൽ പതിഞ്ഞു കിടക്കുന്ന ആ കാഴ്ചകൾ ഒരു എഡിറ്റിങ് ടേബിളിലും കട്ട് ചെയ്തു പോകുന്നുമില്ലല്ലോ..