Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നതിവിടെ

bir-billing-himachal-pradesh-india2

മലിനമാക്കപ്പെട്ട വായു ശ്വസിക്കാൻ നിർബന്ധിക്കപ്പെടുന്നവരാണ്‌ ഭൂമിയിലെ മനുഷ്യവർഗം മുഴുവൻ. ചിലയിടങ്ങളിൽ മലിനീകരണത്തിന്റെ തോത് വളരെ കുറഞ്ഞും ചിലയിടങ്ങളിൽ വളരെ കൂടിയുമിരിക്കും.  വാഹനങ്ങളും ഫാക്ടറികളും പുറത്തുവിടുന്ന പുകയും ശ്വസിച്ചുള്ള ജീവിതത്തിൽ നിന്നും തൽക്കാലത്തേക്ക് ഒരു അവധിയെടുത്തുകൊണ്ടു ശ്വാസകോശത്തിന് ആശ്വാസം നൽകാനായി ഒരു യാത്ര പോയാലോ? ശ്വസിക്കുന്ന വായുവിന്റെ ശുദ്ധത അനുഭവിച്ചറിയാൻ കഴിയുന്ന ഇന്ത്യയിലെ ആ നാടിന്റെ പേര് കിന്നൗർ എന്നാണ്. ശുദ്ധവായു ശ്വസിക്കാൻ എന്ന് കേൾക്കുമ്പോൾ, തെറ്റിദ്ധരിക്കണ്ട...വായു മാത്രമല്ല, മനോഹരമായ പ്രകൃതിയും ഇവിടുത്തെ സവിശേഷതയാണ്. 

ഹിമാചൽപ്രാദേശിലാണ്  കിന്നൗർ എന്ന സ്ഥലം. മനോഹരമായ താഴ്‍വരകളും പർവ്വതങ്ങളുമൊക്കെയുള്ള ഇവിടം സമുദ്രനിരപ്പിൽ നിന്നും 2320 മീറ്റർ മുതൽ 6816 മീറ്റർ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലകളിൽ ഒന്നാണ് കിന്നൗർ. അതിസുന്ദരമായ ഭൂപ്രകൃതി ഈ നാടിനെ  സഞ്ചാരികളുടെ സ്വപ്നഭൂമിയാക്കുന്നു. സത്‍ലജ് നദിയും മഞ്ഞുമൂടിയ ഹിമമലകളും ഓരോ യാത്രികന്റെയും ഉള്ളുനിറയ്ക്കും. ആപ്പിളിന്റെ നാടുകൂടിയാണ് കിന്നൗർ. ചുവന്നു തുടുത്ത ആപ്പിളുകൾ ആരെയും കൊതിപ്പിക്കും. ഹിമാചലിന്റെ തലസ്ഥാനമായ ഷിംലയിൽ നിന്നും 235 കിലോമീറ്റർ യാത്ര ചെയ്താൽ മാത്രമേ സ്വർഗതുല്യമായ ഈ നാട്ടിലെക്കെത്തുകയുള്ളു. 

ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു കിന്നൗറിലാണ് എന്നാണ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നത്. വാഹനങ്ങൾ വളരെ കുറവായതു കൊണ്ട് തന്നെ ഇവിടെ അന്തരീക്ഷമലിനീകരണവും വളരെ കുറവാണ്.  മലിനീകരണ തോത് വളരെ കുറവായതുകൊണ്ട്, ശുദ്ധവായു അകത്തേക്കെടുക്കുമ്പോൾ തന്നെ വ്യത്യാസം അനുഭവിച്ചറിയാം. കിന്നൗർ സന്ദർശിക്കാൻ ഏറ്റവുമുചിതമായ സമയം ജൂലൈ-ഓഗസ്റ്റ് മാസങ്ങളാണ്. തണുപ്പേറെ  കൂടുതലായതിനാൽ മറ്റുള്ള മാസങ്ങളിലെ യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്.  

ഹിന്ദുപുരാണങ്ങളുമായി ബന്ധപ്പെട്ട് വലിയ സ്ഥാനമുണ്ട് കിന്നൗറിന് . പരമശിവൻ കുടികൊള്ളുന്ന മണ്ണായാണ് ഹൈന്ദവർ ഈ ഭൂമിയെ കണക്കാക്കുന്നത്. വര്ഷങ്ങളോളം അന്യർക്ക് പ്രവേശനമില്ലാതിരുന്ന ഇവിടേയ്ക്ക് 1989 മുതലാണ് പ്രവേശനം അനുവദിക്കപ്പെട്ടത്. അതിനുശേഷമാണ് കിന്നൗർ കാണാൻ സഞ്ചാരികൾ കൂട്ടമായി എത്തിത്തുടങ്ങിയത്. ഇന്ത്യയുടെ അയൽരാജ്യമായ ടിബറ്റുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന പ്രത്യേകത  ഈ നാടിനുണ്ട്. ആ സവിശേഷതയും സംസ്കാരവും ഇവിടുത്തെ ജനങ്ങളിലും അവരുടെ ജീവിതരീതികളിലും  കാണാൻ കഴിയുന്നതാണ്.  ജനസംഖ്യ തീരെ കുറഞ്ഞ ഇവിടെ 85,000 ജനങ്ങൾ അധിവസിക്കുന്നുണ്ടെന്നാണ് 2011 ലെ സെൻസസ് രേഖപ്പെടുത്തുന്നത്. 

കിന്നൗറിലേക്ക്‌ ഷിംലയിൽ നിന്നും റോഡ് മാർഗം  എത്തിച്ചേരാവുന്നതാണ്. ഏറ്റവുമടുത്തുള്ള എയർപോർട്ട് ഷിംലയാണ്. റെയിൽവേ ലൈൻ കിന്നൗറിലൂടെ കടന്നുപോകുന്നില്ലെങ്കിലും കൽക്കയിൽ നിന്നും ഒരു നാരോഗേജ് റെയിൽവേ ലൈൻ ഷിംലവരെ നീളുന്നുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.