sections
MORE

അലസമായി നടന്നു കാണാൻ പോണ്ടിച്ചേരി

promonade-beach
SHARE

പോണ്ടിച്ചേരിയിലെ കൊടുംചൂടിലേക്കിറങ്ങാൻ നേരത്താണു സുഹൃത്തിന്റെ സന്ദേശമെത്തുന്നത്

 എവിടെയാ?

ഞാനിപ്പോൾ പോണ്ടിച്ചേരിയിൽ. 

അവിടെനിന്ന്  അഞ്ചാറു സ്മൈലികൾ  പറന്നുവന്നു. ഒരു ചോദ്യചിഹ്നം അങ്ങോട്ടും പറത്തിവിട്ടു. 

കാരണം ഉടൻ കിട്ടി– എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണ് പോണ്ടിച്ചേരി. വെറുതേ ആ തെരുവുകളിലൂടെ നടക്കണം. നടക്കാൻ മാത്രം ഞാനെത്തുന്ന സ്ഥലങ്ങളിലൊന്നാണിത്...

pStreet-in-Pondicherry

ചൂടായതിനാൽ മുറിയിൽ ചടഞ്ഞിരിക്കാം എന്നു കരുതിയ ഞങ്ങളെ ആ മെസേജ് എണീപ്പിച്ചു. എന്നാൽപിന്നെ പോണ്ടിച്ചേരിയൊന്നു നടന്നു കാണാമെന്നു വിചാരിച്ചു. പോണ്ടിച്ചേരിയിൽ എന്തിനു പോകണം എന്നതിന്റെ ഉത്തരമായിരുന്നു ആ മെസേജ്. അലസമായി നടക്കാൻ. പാരഡൈസ് ബീച്ചിലെ പഞ്ചാരമണൽത്തരികളിൽ വെറുതെയിരിക്കാൻ. പ്രോമനേഡ് കടലോരത്തൊരുക്കിയ ചാരുബഞ്ചുകളിൽ സൊറപറഞ്ഞിരിക്കാൻ.. പുതുച്ചേരിയെന്ന ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശത്തിന്റെ തലസ്ഥാനമാണ് പോണ്ടിച്ചേരി. നമ്മുടെ തെക്കൻതീരത്ത് ഒരു വിദേശസംസ്കാരവുമായി പോണ്ടിച്ചേരി സഞ്ചാരികളെ കാത്തിരിക്കുന്നു. ഫ്രഞ്ച് ഭരണത്തിൻ കീഴിലായിരുന്നു പോണ്ടിച്ചേരി. 1954 ലാണ് ഈ കുഞ്ഞുഫ്രാൻസ് ഇന്ത്യയിൽ ലയിക്കുന്നത്. ലയിച്ചിട്ടും മറ്റു തമിഴ് രീതികളിൽനിന്നു വ്യത്യസ്തമായൊരു രീതി പോണ്ടിച്ചേരിയുടെ അടിത്തട്ടിൽ ഊറിക്കിടപ്പുണ്ടെന്ന് നടക്കുമ്പോൾ അറിയാം. 

കെട്ടിടങ്ങൾ എല്ലാം പഴയമട്ടിൽ ആർച്ചുകളും കോണുകളും തൂണുകളും നിറഞ്ഞത്. മിക്കതിനും പടിപ്പുരകളുണ്ട്. കമാനങ്ങളുള്ള വെള്ളമതിലിനും മരവാതിലിനും ഇടയിലൂടെ കുസൃതികാണിച്ച് ഒളിച്ചുനോക്കുന്ന ചെടികൾ.  ചെന്തൊപ്പിയണിഞ്ഞ പോലീസുകാർ. മരത്തണലിനുതാഴെ നീണ്ടുനിവർന്നുകിടക്കുന്ന പാതകൾ. ചിലയിടത്തെല്ലാം വെള്ളമതിലുകൾക്ക് രണ്ടാൾപ്പൊക്കമുണ്ട്. തുറന്നിട്ട വീടുകൾ കണ്ടാൽ ഉറപ്പിക്കാം അതൊരു ഹോംസ്്റ്റേ ആയിരിക്കും. മതിലിനുള്ളിലേക്കു കടന്നാൽ ഒരു നഴ്സറിയിലെന്ന പോലെ പൂക്കളും ചെടികളും മനോഹരമായി ഒരുക്കിയിട്ടുണ്ടാകും. ഇടയിൽ പുഞ്ചിരിതൂകി ബുദ്ധപ്രതിമകളും. വെറുതെയാണോ വിദേശികൾ പോണ്ടിച്ചേരിയെ ഇഷ്ടപ്പെടുന്നത്? താമസിക്കാൻ ഇത്രയും ശാന്തമായൊരിടം വേറെ കാണില്ലെന്ന മട്ടിൽ അവർ പുസ്തകങ്ങൾ വായിച്ച് സമയം ചിലവിടുന്നു. 

pondicherry2

പ്രോമനേഡ് ബീച്ചിനടുത്താണ് ഭരണസിരാകേന്ദ്രങ്ങൾ. നമ്മുടെ മറൈൻഡ്രൈവ് പോലെ കടലോരത്ത് നടപ്പാതകളും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് വാഹനങ്ങൾക്ക് ഈ റോഡിലൂടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. നടക്കുക, നടക്കുക വീണ്ടും നടക്കുക.. സന്ധ്യമയങ്ങിയാൽ ധാരാളം സ്മാരകങ്ങൾ കണ്ണുതുറക്കും. ഫ്രഞ്ച് യുദ്ധസ്മാരകവും ഗാന്ധിപ്രതിമയും സായന്തനത്തിൽ കാണുകയാണു രസം. മാഹിയിലേതുപോലെ വൈൻഷോപ്പുകൾ നിരനിരയായി തുറന്നിരിപ്പുണ്ട്. ഉദാരമായ മദ്യനയം വിദേശികളെ ആകർഷിക്കുമെന്നു ഗൈഡിന്റെ സാക്ഷ്യം. ഭാരതിപാർക്കിൽ സകുടുംബം ചെന്നിരിക്കാം. 

റസ്റ്ററന്റുകളിൽ പുതുരുചി തേടുന്നവർക്ക് പോണ്ടിച്ചേരി അവിസ്മരണീയമായിരിക്കും. നാടൻ ഊൺ മുതൽ ഫ്രഞ്ച്, മെക്സിക്കൻ വീഭവങ്ങൾ വരെ ലഭ്യം. പാരഡൈസ് ബീച്ചിലേക്കു പോകാനായി വാട്ടർസ്കൂട്ടറുകൾ തയാർ. വൃത്തിയുള്ള ഈ ബീച്ചിൽ കൂടുതൽ വിദേശികളാണ് സന്ദർശകർ. അരബിന്ദോ ആശ്രമത്തിലൂടെ ഹെറിറ്റേജ് വാക്ക്, ഔസ്റ്റേരി വന്യജീവിസങ്കേതത്തിലൂടെ പക്ഷികളെത്തേടിയുള്ള നടപ്പ്, രാജ്യാന്ത സിറ്റി എന്ന ആശയം പേറുന്ന ഓറോവില്ലയുടെ പച്ചപ്പിലൂടെ അലസഗമനം–  പോണ്ടിച്ചേരിയിലെ എല്ലാ അനുഭവങ്ങളും ഒരൊറ്റ പ്രവൃത്തിയിലേക്കാണ്  നമ്മെ എത്തിക്കുക – നടത്തം. 

pondicherry

ആയവഴി : പാലക്കാട് –കൊയമ്പത്തൂർ– സേലം–പോണ്ടിച്ചേരി

സന്ദർശിക്കാവുന്ന മറ്റു സ്ഥലങ്ങൾ : തഞ്ചാവൂർ, ചെന്നൈ, സേലത്തിനടുത്ത് യേർക്കാട്, 

പരീക്ഷിക്കാവുന്ന ആഹാരം : ഫ്രഞ്ച്, ഇറ്റാലിയൻ, മെക്സിക്കൻ വിഭവങ്ങൾ

                 

വാങ്ങാവുന്നത് :    ചിപ്പികൾകൊണ്ടുള്ള ചെറു സമ്മാനങ്ങൾ

ശ്രദ്ധിക്കേണ്ടത്: ഓട്ടോറിക്ഷക്കാരെ ഒരു കാരണവശാലും ആശ്രയിക്കരുത്.  കൊല്ലുന്ന റേറ്റ് ആണ് അവർ ഈടാക്കുക. പോണ്ടിച്ചേരി നടന്നുകാണേണ്ട പട്ടണമാണ്.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA