യാത്രകളെ സ്നേഹിക്കുന്ന ടീച്ചർ

malappuram-deepa
SHARE

ഇംഗ്ലീഷ് സാഹിത്യത്തിലെ കവിതകളിലും കഥകളിലും നിറഞ്ഞ മഞ്ഞണിഞ്ഞ... പൂത്തുലഞ്ഞ... പച്ചയുടുത്ത..വിടർന്നു കൊഴിഞ്ഞ... കാഴ്ചകളെ ക്ലാസ്സുകളിലേക്ക് ആവാഹിക്കുമ്പോൾ ദീപ ടീച്ചറുടെ വാക്കുകൾക്കൊപ്പം കുട്ടികളും മലകയറി. മഞ്ഞിൽ കുളിച്ചു. പെയ്യുന്ന മരങ്ങളിലെ നനവറിഞ്ഞു. ക്ലാസ് മുറികളിൽ മാത്രമൊതുങ്ങുന്നതല്ല ദീപ ടീച്ചറുടെ പഠനം. യാത്രകളിലൂടെയാണ് അറിവ് നേടൽ പൂർത്തിയാക്കപ്പെടുന്നത്. താൻ കണ്ട കാഴ്ചകൾ ദീപ കുട്ടികൾക്ക് മുമ്പിൽ വിവരിക്കുമ്പോൾ ആ അനുഭവങ്ങളിലൂടെ അവരും നടന്നു കയറുന്നു, പ്രിയ അധ്യാപികയ്‌ക്കൊപ്പം...സാകൂതം...

ഇരുമ്പുഴി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ് എൻ പി ദീപ. അധ്യാപനത്തോടൊപ്പം  തന്നെ ഏറ്റവുമിഷ്ടമുള്ള കാര്യമെന്തെന്നു ചോദിച്ചാൽ ദീപ ടീച്ചർ പറയും അത് യാത്രകളാണെന്ന്. ഹിമാലയവും കാശ്മീരും പശ്ചിമഘട്ടവും കണ്ട... യാത്രകളെ ആവേശമായി കാണുന്ന.... ഇനിയുമേറെ യാത്ര ചെയ്യാനുണ്ടെന്നു വിശ്വസിക്കുന്ന ദീപ ടീച്ചറുടെ ക്ലാസ്സുകളും യാത്രകളും അവയുടെ വിവരണവുമൊക്കെ കുട്ടികൾക്കെല്ലാം ഏറെ പ്രിയപ്പെട്ടതാണ്. തന്റെ  ട്രെക്കിങ്ങ് അനുഭവങ്ങൾ കേൾക്കാനായി കാതുകൂർപ്പിച്ചിരിക്കുന്ന വിദ്യാർത്ഥികൾ, വീണ്ടും വീണ്ടും യാത്രകൾ പോകാനുള്ള ഒരു പുത്തനുണർവ് തന്നിൽ നിറയ്ക്കാറുണ്ടെന്ന് ടീച്ചർ തന്നെ പറയുന്നു.

തനിക്ക് യാത്രകൾ പകർന്നു നൽകിയ അനുഭവങ്ങളെല്ലാം ടീച്ചർ കുട്ടികളുമായി പങ്കുവെയ്ക്കാറുണ്ട്. ഇന്ത്യയിലെ ഏറ്റവുമുയർന്ന ട്രെക്കിങ്ങ് പോയിന്റായ സ്റ്റോക് കാൺഗ്രിയിലേക്കുള്ള യാത്ര ഹരം പിടിപ്പിക്കുന്ന അനുഭവമാണ് ദീപ ടീച്ചർക്ക് സമ്മാനിച്ചത്. സമുദ്ര നിരപ്പിൽ നിന്നും ഇരുപതിനായിരത്തിലുമധികമടി ഉയരമുണ്ട്  ഈ ട്രെക്കിങ്ങ് പോയിന്റിലേക്ക്. ലഡാക്കിലാണിത് സ്ഥിതി ചെയ്യുന്നത്. മഞ്ഞണിഞ്ഞു നിൽക്കുന്ന മലമുകളിലേക്കുള്ള യാത്ര അതികഠിനമെങ്കിലും നന്നായി ആസ്വദിച്ചു എന്നതിനുള്ള തെളിവാണ് ആ യാത്രാനുഭവങ്ങൾ പങ്കുവെക്കുമ്പോൾ ടീച്ചറുടെ മുഖത്ത് വിരിയുന്ന ആത്മവിശ്വാസത്തിന്റെയും ആവേശത്തിന്റെയും ഭാവങ്ങൾ. 

അധ്യാപനവും ഏറെ പ്രിയപ്പെട്ടായതുകൊണ്ട്  തന്നെ കുട്ടികളെ പിരിഞ്ഞോ, ലീവ് എടുത്തോ ടീച്ചർ യാത്രകൾ പോകാറില്ല, യാത്രകൾ  കൂടുതലും അവധിക്കാലങ്ങളിലാണ്. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നതുകൊണ്ടു തന്നെ കേരളത്തിലെ ഒട്ടുമിക്ക ട്രെക്കിങ്ങ് പോയിന്റുകളിലേക്കും  യാത്ര നടത്തിക്കഴിഞ്ഞു. ഓരോ യാത്രകളും സമ്മാനിച്ച, സുഖമുള്ള ഓർമകളെല്ലാം ടീച്ചർ കുട്ടികൾക്കുമുമ്പിൽ വിവരിക്കും. ആ വിവരണങ്ങളിലൂടെ കുട്ടികൾ ഹിമാലയ സാനുക്കളും പശ്ചിമഘട്ട മലനിരകളും അവിടുത്തെ മരങ്ങളും പക്ഷികളും മൃഗങ്ങളും കശ്മീരിന്റെ അസാധാരണ സൗന്ദര്യവുമൊക്കെ ആസ്വദിച്ചുകഴിഞ്ഞു. 

പ്രകൃതിയെ ക്ലാസ്സ്മുറിയായും യാത്രകളെ  ഉത്തമ പാഠപുസ്‌തകവുമായി കാണുന്ന ദീപ ടീച്ചറുടെ യാത്രകളും, അനുഭവങ്ങളിലൂടെ വിവരിക്കപ്പെടുന്ന പാഠഭാഗങ്ങളും അവസാനിക്കുന്നില്ല.  കാടും മഴയും മഞ്ഞും നനഞ്ഞുകൊണ്ട് കുട്ടികളും പുതിയ പാഠങ്ങൾ പഠിക്കുകയാണ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA