sections
MORE

ദേ... താജ്മഹലിന്റെ അപരൻമാർ

Tajmahal
SHARE

ഇന്ത്യയ്ക്ക് എക്കാലവും അഭിമാനിക്കാൻ വക നൽകുന്ന ഉദാത്ത സൃഷ്ടികളിലൊന്നാണ് താജ്മഹൽ. ലോകത്തുള്ളതിൽ ഏറ്റവും സുന്ദരമായ പ്രണയകാവ്യം എന്നു ചരിത്രം വിശേഷിപ്പിച്ചിട്ടുള്ള താജ്മഹൽ, അർജുമംദ് ബാനു ബീഗം എന്ന മുംതാസിനുള്ള ഷാജഹാന്റെ ഉപഹാരമായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമായെങ്കിലും ഇന്നും തെളിമ മങ്ങാതെ, ആ പ്രണയം പോലെത്തന്നെ ജ്വലിച്ചു നിൽക്കുന്ന താജ്മഹലിന്റെ മാതൃകകൾ ഇന്ത്യയുടെ പലഭാഗങ്ങളിലും പുനഃസൃഷ്ടിക്കാനുള്ള ചെറിയ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. യഥാർത്ഥ താജ്മഹലിന്റെ രൂപസാദൃശ്യം മാത്രമുള്ള ഈ അപരന്മാരെ കാണാനിറങ്ങിയാലോ? പലതും പ്രണയത്തിന്റെയും സ്നേഹത്തിന്റെയുമൊക്കെ ഓർമകൾ അവശേഷിപ്പിക്കുന്ന ആവിഷ്കാരങ്ങളാണ്. 

മിനി താജ്മഹൽ, ബുലന്ദ്ശഹ്ർ, ഉത്തർപ്രദേശ് 

ബുലന്ദ്ശഹ്‌റിലെ മിനി താജ്മഹലും പ്രണയത്തിന്റെ പ്രതീകമാണ്. ഫൈസുൽ ഹസൻ ക്വാദ്രി, എന്ന പോസ്റ്റ്മാൻ തന്റെ ഭാര്യയുടെ ഓർമയ്ക്കായി നിർമിച്ചതാണ് ഇപ്പോഴും പൂർണമായും പണിതീരാത്ത ഈ താജ്മഹൽ. 2011ൽ ക്യാൻസർ ബാധിച്ചാണ് ക്വാദ്രിയുടെ ഭാര്യ താജാമുള്ളി ബീഗം മരണമടഞ്ഞത്. ഭൂമിയും ഭാര്യയുടെ സ്വർണവും വിറ്റാണ് ക്വാദ്രി ഈ കൊച്ചു താജ്മഹലിന്റെ പണിയാരംഭിച്ചത്.

mini-tajmahal.jpg4
Image captured by youtube

പക്ഷേ, നിർമാണം പൂർത്തിയാക്കാൻ ഇനിയുമേറെ പണമാവശ്യമുണ്ട്. മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ളവർ സഹായിക്കാനായി മുന്നോട്ട് വന്നെങ്കിലും, തന്റെ അധ്വാനത്തിൽ നിന്നുള്ള പണം കൊണ്ടു മാത്രമേ  ഭാര്യയ്ക്കുള്ള സ്നേഹസ്മാരകത്തിന്റെ പണിതുടരൂ എന്ന തീരുമാനത്തിലാണ് ക്വാദ്രി. യഥാർത്ഥ താജ്മഹലിന്റേതുപോലെ ചുറ്റിലും നിറയെ മരങ്ങളും യമുന നദിക്കു സമാനമായി ചെറിയ അരുവിയുമൊക്കെ നിർമിച്ചിട്ടുണ്ട്‌. മകുടവും മിനാരവുമൊക്കെയുണ്ട് ഈ ചെറു താജ്മഹലിനും. വയസിപ്പോൾ 80 നോടടുത്ത ക്വാദ്രി, തന്റെ മരണത്തിനു മുൻപ് ആ പ്രണയകുടീരത്തിന്റെ നിർമാണങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.

ബീബി കാ മഖ്‌ബറ, ഔറംഗബാദ്, മഹാരാഷ്ട്ര

താജ്മഹലിനോട് സാദൃശ്യമുണ്ടെങ്കിലും ബീബി ക മക്ബറ ഒരു പ്രണയകുടീരമല്ല. ഔറംഗസേബിന്റെ  പുത്രനായ അസം ഷാ പണികഴിപ്പിച്ചതാണിത്. ദിൽറാസ് ബാനു ബീഗം എന്ന തന്റെ അമ്മയ്ക്ക് വേണ്ടിയാണ് പുത്രന്റെ ഈ നിർമിതി.

tajmahal-bibi-ka-maqbara.jpg3
Image captured by youtube

ഔറംഗസേബിന്റെ ആദ്യഭാര്യയും ചക്രവർത്തിനിയുമായിരുന്നു ദിൽറാസ് ബാനു. താജ്മഹലുമായി ഈ നിർമ്മിതിയ്ക്ക് വളരെ സാദൃശ്യമുണ്ട്. താജ് ഓഫ് ദി ഡെക്കാൻ എന്ന വിളിപ്പേരുണ്ട് അസം ഷായുടെ ഈ നിർമ്മിതിയ്ക്ക്. സി ഇ 1668-1669 കാലഘട്ടത്തിൽ ഏകദേശം ഏഴുലക്ഷത്തോളം രൂപ ചെലവിട്ടാണ് ബീബി ക മഖ്‌ബറയുടെ പണി പൂർത്തീകരിച്ചത്. 

ഷഹ്സാദി കാ മഖ്‌ബറ, ലക്നൗ, ഉത്തർപ്രദേശ് 

ലക്നൗവിലെ ചോട്ടാ ഇമാംബര കോംപ്ലക്സിലാണ് ഷഹ്സാദി കാ മഖ്‌ബറ സ്ഥിതി ചെയ്യുന്നത്. ഔധിലെ  മൂന്നാമത്തെ രാജാവായിരുന്ന മുഹമ്മദ് അലി ഷാ ബഹദൂറിന്റെ പുത്രിയായ സിനാത് ആസിയയുടെ ഓർമയ്ക്കായാണ് താജ്മഹലിനോട് രൂപസാദൃശ്യമുള്ള ഈ ശവകുടീരം നിർമിക്കപ്പെട്ടത്.

താജ്മഹലിനോളം വലുപ്പമൊന്നുമില്ലെങ്കിലും ഈ നിർമിതിയും കാഴ്ചയിൽ ഏറെ മനോഹരമാണ്. 1600 ലാണ് ഷഹ്സാദി കാ മഖ്‌ബറ നിർമിക്കപ്പെട്ടതെന്നു കരുതപ്പെടുന്നു.

താജ്മഹൽ, സെവൻ വണ്ടേഴ്സ് പാർക്ക്, കോട്ട, രാജസ്ഥാൻ 

ലോക മഹാദ്ഭുതങ്ങൾ പുനഃസൃഷ്ടിച്ചിരിക്കുന്ന ഒരു അമ്യൂസ്മെന്റ് പാർക്ക് രാജസ്ഥാനിലെ കോട്ടയിൽ സ്ഥിതി ചെയ്യുന്നുണ്ട്. യഥാർത്ഥ താജ്മഹലിനോട് വളരെയധികം സാദൃശ്യം തോന്നുന്ന ഒരു ചെറുനിർമിതിയാണ് ഈ അമ്യൂസ്മെന്റ് പാർക്കിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. വൈകുന്നേരങ്ങളിൽ പാർക്ക് സന്ദർശിച്ചാൽ അതിമനോഹരമായ സപ്താത്ഭുതങ്ങളും കണ്ടു മടങ്ങാം.

tajmahal-kotta.jpg2
Image captured by youtube

താജ്മഹൽ, ബെന്നാർഘട്ട റോഡ്, ബെംഗളൂരു 

മലേഷ്യൻ ആർട്ടിസ്റ്റായ ശേഖർ എന്ന വ്യക്തിയാണ് ബെംഗളൂരുവിൽ താജ് മഹലിന്റെ ചെറുമാതൃക നിർമിച്ചത്. മരം, ഫൈബർ പ്ലൈവുഡ്, സിൽവർ വുഡ്, പ്ലാസ്റ്റർ ഓഫ് പാരീസ് തുടങ്ങിയവ കൊണ്ടാണ് ഈ മിനി താജ്മഹൽ നിർമിച്ചിരിക്കുന്നത്.

tajmahal-in-bangalore.jpg1
Image captured by youtube

40 അടി ഉയരവും 70 x 70 വീതിയുമുള്ള ഈ നിർമിതി പൂർത്തിയാക്കാൻ 150 തൊഴിലാളികളുടെ  രണ്ടുമാസത്തോളമുള്ള അധ്വാനം വേണ്ടിവന്നു. വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെ സന്ദർശകർക്ക് ബെംഗളൂരുവിലെ ഈ താജ്മഹൽ സന്ദർശിക്കാവുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA