ട്രെക്കിങ് പ്രിയരുടെ സ്വർഗമാണിവിടം

nandhadevi-trek2
SHARE

എത്ര പറഞ്ഞാലും കണ്ടാലും തീരില്ല ഹിമാലയത്തിന്റെ കാഴ്ചകൾ. ഓരോ തവണയും ആ ഗിരിശൃംഗങ്ങൾ സമ്മാനിക്കുന്നത് വേറിട്ട കാഴ്ചകളും ഓർമകളുമായിരിക്കും. ട്രെക്കിങ് പ്രിയരുടെ സ്വർഗമാണ് നന്ദാദേവി മലനിരകൾ. പൂർണമായും ഇന്ത്യയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരമേറിയ കൊടുമുടി എന്ന പേര് നന്ദാദേവി മലനിരകൾക്കു സ്വന്തമാണ്.

അമ്പതു വര്‍ഷത്തിലേറെ നീണ്ട, അതിസാഹസികമായ ശ്രമങ്ങൾക്കൊടുവിലാണ് ഈ മലനിരകൾക്കു മുകളിലേക്ക് മനുഷ്യന് എത്തിച്ചേരാൻ സാധിച്ചത്. എന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർന്നുവന്നപ്പോൾ എന്നെന്നേക്കുമായി ഈ ഗിരിശൃംഗങ്ങളിലേക്കുള്ള  പ്രവേശനം നിരോധിച്ചു. നിരോധനം ഇതുവരെ നീങ്ങിയിട്ടില്ലെങ്കിലും നന്ദാദേവിയുടെ വിദൂരസൗന്ദര്യം ആസ്വദിക്കാനായി പല പാതകളിലൂടെ ട്രെക്കിങ് പ്രിയർ ഹിമാലയം കയറുന്നുണ്ട്. 

nandhadevi-trek-base-camp

ജൈവമണ്ഡലമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള, യുനെസ്കോയുടെ ലോകപൈതൃക പട്ടികയിലിടമുള്ള നന്ദാദേവിയുടെ കാഴ്ചകൾ കാണുവാനുള്ള ട്രെക്കിങ്. അതിസാഹസികമായ ആ യാത്ര ഏതൊരു യാത്രാപ്രേമിയുടെയും ഉള്ളം കവരും. നന്ദാദേവിയുടെ മോഹിപ്പിക്കുന്ന കാഴ്ചകൾ കാണാനായി മൂന്നു ട്രെക്കിങ് പാതകളാണുള്ളത്. ആദ്യത്തേത്, ഹിമാലയൻ ട്രെക്കിങ്ങിലെതന്നെ അതികഠിനമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന 13,123 അടി ഉയരമുള്ള നന്ദാദേവി ബേസ് ക്യാംപ് ട്രെക്കിങ്ങാണ്.

നന്ദാദേവി ഈസ്റ്റ് കൊടുമുടിയുടെ അതിവിദൂരമല്ലാത്ത കാഴ്ചകൾ കാണാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. വൃത്താകൃതിയിലുള്ളതും വഴുക്കലുള്ളതുമായ ഈ പാതയിലൂടെയുള്ള യാത്ര കഠിനമാണ്. ട്രെക്കിങ്ങിൽ മുൻപരിചയവുമില്ലാത്ത ആളാണെങ്കിൽ ഈ പാത തിരഞ്ഞെടുക്കാതിരിക്കുന്നതാകും ഉചിതം. 12-14 ദിവസങ്ങൾ എടുത്തു മാത്രമേ യാത്ര പൂർത്തീകരിക്കാൻ സാധിക്കൂ. മേയ്, ജൂൺ, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളാണ് ട്രെക്കിങ്ങിന് അനുയോജ്യം. 

nandhadevi-trek4

ട്രെക്കിങ് ആരംഭിക്കുന്നത് ഉത്തരാഖണ്ഡിലെ കാത്‌ഗോടം എന്ന സ്ഥലത്തുനിന്നാണ്. റോഡ് മാർഗവും റെയിൽ മാർഗവും വളരെ എളുപ്പം എത്തിച്ചേരാൻ കഴിയുന്ന സ്ഥലമാണ് കാത്‌ഗോടം. മുൻസ്യാരി എന്ന ഗ്രാമത്തിലാണ് ബേസ് ക്യാംപ്. രാത്രി താമസിക്കുവാനായി ടെന്റുകളും ലോഡ്‌ജുംകളുമൊക്കെഇവിടെയുണ്ട്. പ്രഭാതത്തിലാണ് യാത്ര ആരംഭിക്കുന്നത്. മുൻസ്യാരിയിൽ നിന്നു ലിലാം വരെയാണ് ആദ്യദിവസത്തെ യാത്ര.

നിഗൂഢ വനങ്ങളും വെള്ളച്ചാട്ടങ്ങളും മഞ്ഞുകൊണ്ടുള്ള പാലങ്ങളുമൊക്കെ ഈ യാത്രയിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്. ബുധ്ഗിയാർ എന്ന സ്ഥലത്തെത്തുമ്പോൾ,  കൗതുകം പകരുന്ന ഒരു കാഴ്ച കാണാം- ഗോരി ഗംഗ എന്ന ചൂടുനീരുറവ. തണുത്തുറഞ്ഞുള്ള യാത്രയെ കുറച്ചൊന്നു ചൂടാക്കാൻ ആ ചൂടുനീരിനു കഴിയും.

ബുധ്ഗിയാറിൽ എത്തിയാൽ ധാരാളം ഐടിബിപി ഹട്ടുകൾ കാണാം. അവിടെനിന്ന് അനുവാദം വാങ്ങിയാൽ മാത്രമേ ട്രെക്കിങ് തുടരാൻ കഴിയുകയുള്ളു.  കുറച്ചുകൂടി മുന്നോട്ടുപോയാൽ തണുത്തുറഞ്ഞ ചെറുപ്രവാഹങ്ങൾ കാണാം. അതിനുമുകളിലൂടെയുള്ള യാത്ര രസകരമാണ്. അവിടെനിന്നു നോക്കിയാൽ നന്ദാദേവിയുടെ കിഴക്കൻ കൊടുമുടി അതിന്റെ പൂർണ രൂപത്തിൽ വശ്യസുന്ദരമായ ദൃശ്യങ്ങൾ ഓരോ സഞ്ചാരിക്കും സമ്മാനിക്കും.

രണ്ടാമത്തെ പാതയാണ് ക്വാരി പാസ് ട്രെക്ക്. ആദ്യമായി ഹിമാലയയാത്ര പോകുന്നവർക്കു തിരഞ്ഞെടുക്കാവുന്ന പാതയാണിത്. ഹരിദ്വാറിൽനിന്നു 10-12 മണിക്കൂർ യാത്ര ചെയ്താൽ എത്തിച്ചേരുന്ന ഒരു സ്ഥലമാണ് ലത. അവിടെയാണ് ക്വാരി പാസ് ട്രെക്കിന്റെ ആരംഭം. ഒരാൾക്ക് ഏകദേശം 10000 രൂപ ചെലവു വരുന്ന ഒരു യാത്രയാണിത്. ഒരാഴ്ചകൊണ്ട് യാത്ര പൂർത്തീകരിക്കാനും സാധിക്കും. നന്ദാദേവി കൊടുമുടിയുടെ മനോഹര കാഴ്ചകൾ സമ്മാനിച്ച്, കണ്ണുകളെ വിസ്മയപ്പെടുത്തുന്ന മൂന്നാമത്തെ ട്രെക്കിങ് പാതയാണ് പാങ്കർച്ചുല്ല ട്രെക്ക്. നന്ദാദേവി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനു സമീപത്തുകൂടിയാണ് പാത. ഈ യാത്ര ആരംഭിക്കുന്നത് ഹരിദ്വാറിലെ ഔലി എന്ന ഗ്രാമത്തിൽ നിന്നാണ്. ഡെറാഡൂണിൽ നിന്നോ ഹരിദ്വാറിൽ നിന്നോ റോഡ് മാർഗമോ ട്രെയിനിലോ ഈ ഗ്രാമത്തിൽ എത്താം. യാത്ര കുറച്ചുദൂരം പിന്നിടുമ്പോൾതന്നെ നന്ദാദേവി വന്യമൃഗ സംരക്ഷണ കേന്ദ്രം കാണാൻ കഴിയും. ഒരാഴ്ചകൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്ന ഈ യാത്രയിൽ, ഒരാൾക്ക് ചെലവാകുന്ന തുക ഏകദേശം 10000 രൂപയാണ്. 

nandhadevi-trek3

സമുദ്രനിരപ്പിൽനിന്ന് 1828 മീറ്റർ ഉയരമുള്ള നന്ദാദേവിയുടെ പൂന്തോട്ടവും മൃഗങ്ങളുമൊക്കെ സഞ്ചാരികൾക്ക് അതിസുന്ദരവും കൗതുകകരവുമായ കാഴ്ചകൾ സമ്മാനിക്കും. റോഡോഡെൻഡ്രോണും പൂവരശും ചൂരൽച്ചെടിയുമൊക്കെ നിറഞ്ഞു നിൽക്കുന്ന നന്ദാദേവി താഴ്‍‍‍‍വര യാത്രികരെ ഒട്ടൊന്നുമല്ല ആകർഷിക്കുക. ഹിമപ്പുലിയും ഹിമക്കരടിയുമൊക്കെ മിന്നലൊളി പോലെയുള്ള കാഴ്ചകൾ ചിലപ്പോൾ സഞ്ചാരികൾക്കു സമ്മാനിക്കും.

നന്ദാദേവി ഫ്ലവേഴ്സ് ദേശീയോദ്യാനത്തിലേക്കുള്ള ട്രെക്കിങ്ങും ഏറെ രസകരമാണ്. ഗോവിന്ദ് ഘട്ട് വരെ മാത്രമേ റോഡ് ഉള്ളു. പിന്നീട് 14 കിലോമീറ്ററോളം  നീണ്ടുകിടക്കുന്ന ട്രെക്കിങ് പാത താണ്ടിയാൽ നന്ദാദേവിയുടെ പൂന്തോട്ടത്തിലെത്താം. ജൂലൈ പകുതി മുതൽ ഓഗസ്റ്റ് പകുതി വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവുമനുയോജ്യം. അന്നേരം ഈ താഴ്‍‍‍‍വര മുഴുവൻ പൂക്കളുടെ പല വർണങ്ങളാൽ നിറഞ്ഞിരിക്കും. 

നന്ദാദേവി കൊടുമുടിയുടെ അതിസുന്ദരമായ ദൃശ്യങ്ങൾ കാണുവാനായി ഔലിയിൽനിന്നു ജോഷിമഠ് വരെ റോപ് വേ സംവിധാനമുണ്ട്. ഏറ്റവുമുയരത്തിലും ഏറ്റവും നീളത്തിലും സ്ഥിതി ചെയ്യുന്ന, ഏഷ്യയിലെ ഒന്നാമൻ എന്നുപേരുള്ള  റോപ് വേയാണിത്. 10 കിലോമീറ്ററാണ് ഇതിന്റെ നീളം. ജോഷിമഠ് ബസ് സ്റ്റാൻഡിൽ നിന്നാണ് ഇതിന്റെ ആരംഭം. ഒരാൾക്ക് ഈ കേബിൾ കാറിൽ യാത്ര ചെയ്യണമെങ്കിൽ 750 രൂപയാണ് ചെലവ്. 15-20 മിനിറ്റിൽ 4 കിലോമീറ്റർ ദൂരം താണ്ടാൻ ഈ കേബിൾ കാറിനു കഴിയും. 

അൽമോറ എന്ന പട്ടണത്തിലാണ് 1000 വര്‍ഷം പഴക്കമുള്ള നന്ദാദേവി ക്ഷേത്രം. വളരെ മികച്ച രീതിയിലാണ് ഈ ക്ഷേത്രം സംരക്ഷിച്ചിരിക്കുന്നത്. ക്വാരി പാസ്സിലൂടെയാണ് ട്രെക്കിങ്  നടത്തുന്നതെങ്കിൽ, ഈ ക്ഷേത്രം സന്ദർശിക്കാവുന്നതാണ്. ചമോലിയിലെ രാജകുമാരിയായിരുന്ന നന്ദ, റോഹിലയിലെ രാജകുമാരനിൽനിന്നു രക്ഷപ്പെടാനായി ഓടിക്കയറിയ മലനിരകളാണിത്. മഞ്ഞുമൂടിയ മലമുകളിലേക്ക് ഓടിക്കയറിയ രാജകുമാരി, പിന്നീടു തിരിച്ചിറങ്ങിയില്ലെന്നു മാത്രമല്ല, ആ പരിശുദ്ധമായ മലനിരയിൽ ലയിച്ചുപോയെന്നാണ് കഥകൾ. പിൽക്കാലത്ത്, തദ്ദേശവാസികൾ നന്ദാദേവിയെ അവരുടെ സംരക്ഷകയായി കണ്ട് ആരാധിക്കാനും പ്രാർഥിക്കാനും തുടങ്ങി. അങ്ങനെ ദേവിക്കായി പണിതുയർത്തിയതാണ് ഈ ക്ഷേത്രം എന്നാണ് ഐതിഹ്യം. മനോഹരവും അതിസുന്ദരവുമായ കാഴ്ചകളാണ് നന്ദാദേവി യാത്രികർക്കു കാത്തുവെച്ചിട്ടുള്ളത്. ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത ഓർമകളും അനുഭവങ്ങളും സമ്മാനിക്കാൻ ഈ മലനിരകളിലേക്കുള്ള യാത്രയ്ക്ക് കഴിയുമെന്നുറപ്പാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA