ഡൽഹി, ജയ്പൂർ, ആഗ്ര – ഗോൾഡൻ ട്രയാംഗിൾ

travel-india3
SHARE

ഉത്തരേന്ത്യയുടെ മൂന്നു നഗരങ്ങളെ കോർത്തിണക്കി ‘ഗോൾഡൻ ട്രയാംഗിൾ’ എന്നു വിശേഷിപ്പിക്കാറുണ്ട്. ജയ്പൂരിൽ പോയതിനു ശേഷം ആഗ്ര സന്ദർശിച്ച് ഡൽഹി കണ്ടു മടങ്ങുന്നതാണ് ട്രിപ്പ്. ജയ്പൂർ, ആഗ്ര, ഡൽഹി എന്നിവിടങ്ങളാണ് ടൂർ പാക്കേജിൽ ഉൾപ്പെടുന്നത്. അഞ്ചു പകൽ നീളുന്ന യാത്രയിൽ ഇന്ത്യയെ മൊത്തം കണ്ടറിയാമെന്ന് അനുഭവസ്ഥർ പറയുന്നു.

ഡൽഹി, രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രം. ചെങ്കോട്ടയും പാർലമെന്റും രാഷ്ട്രപതിഭവനും  രാജ്കോട്ടും  ഉൾപ്പെടെ അതി മനോഹരമായ മന്ദിരങ്ങൾ നിലകൊള്ളുന്ന നഗരം. ദിവസവും ടിവിയിൽ തെളിയുന്ന ദൃശ്യഭംഗിയിലൂടെ ഓരോ ഇന്ത്യക്കാരനും സുപരിചിതമായ വീഥികൾ, ബംഗ്ലാവുകൾ, മാളികകൾ...

രജപുത്ര രാജാക്കന്മാർ വീരചരിതമെഴുതിയ ജയ്പൂരിനെ ആധുനിക ലോകം പിങ്ക് സിറ്റിയെന്നാണു വിശേഷിപ്പിക്കുന്നത്. രാജസ്ഥാനി, മുഗൾ വാസ്തുവിദ്യയുടെ അഴകിൽ തലയെടുപ്പോടെ നിൽക്കുന്ന കൊട്ടാരമാണ് ജയ്പൂരിന്റെ ഐശ്വര്യം. സിറ്റി പാലസ്, ജന്തർ മന്ദർ, രാജ കൊട്ടാരത്തിലെ സ്ത്രീകൾക്കു താമസിക്കാനുണ്ടാക്കിയ ഹവാ മഹൽ എന്നിവയാണ് മറ്റു സുപ്രധാന നിർമിതികൾ.

travel-india1

രാജ ചരിത്രത്തിന്റെ ബാക്കി ശേഷിപ്പുകൾ മ്യൂസിയത്തിലുണ്ട്. തടിയിൽ തീർത്ത ശിൽപങ്ങളും സ്വർണാഭരണങ്ങളും പാത്രങ്ങളും കാലഘട്ടത്തിന്റെ പ്രതാപം കാണിച്ചു തരുന്നു. കഴിഞ്ഞ കാലത്തിന്റെ പെരുമയിൽ കൗതുകം നിറച്ചുള്ള യാത്ര ജയ്പൂരിന്റെ വലിയ കമ്പോളത്തിൽ ചെന്നെത്തുന്നു. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ സന്ദർശകരെ ‘ഷോപ്പഹോളിക്’ ആക്കുന്ന മാന്ത്രികതയുടെ മാർക്കറ്റാണ് ജയ്പൂരിലേത്. കരകൗശല വസ്തുക്കളും ആഭരണങ്ങളുമാണ് ജയ്പൂരിൽ പോകുന്നവരുടെ മനം കവരുന്നത്.

രജപുത്ര വംശത്തിന്റെ പാരമ്പര്യം കൊണ്ടു പ്രശസ്തിനേടിയ സ്ഥലം ആമിറാണ്. ആമിർ കോട്ടയിലേക്ക് ടാക്സി സർവീസുണ്ട്. ഹവാ മഹലിനു മുന്നിലൂടെയാണ് കോട്ടയിലേക്കുള്ള പാത കടന്നു പോകുന്നത്. എത്ര കണ്ടാലും മനംമടുപ്പിക്കാത്ത സൗന്ദര്യമാണ് ജയ്പൂരിന്റേത്. ആഗ്രയിലേക്കു നീണ്ടു കിടക്കുന്ന റോഡ് സഞ്ചാരികളുടെ സ്വർഗമായി അറിയപ്പെടുന്നു.

ആഗ്ര കോട്ട, റോയൽ റഡിഡൻഷ്യൽ പാലസ്, മുഗൾ പൂന്തോട്ടം, ഫത്തേപൂർ സിക്രി എന്നിവിടങ്ങളാണ് കാഴ്ചക്കാരെ സന്തോഷിപ്പിക്കുന്ന സ്ഥലങ്ങൾ. മുംതാസിന്റെ സ്മരണയിൽ അനശ്വരത നേടിയ ഷാജഹാന്റെ പ്രണയത്തിനു മുന്നിൽ, താജ്മഹലിന്റെ ഇടനാഴികളിൽ ആഗ്ര യാത്ര സമ്പൂർണമാകുന്നു. ആഗ്രയിൽ നിന്നുള്ള യാത്ര ഡൽഹി നഗരത്തിന്റെ സായാഹ്നത്തിലേക്ക് നീക്കി വയ്ക്കാം. പദ്മക്ഷേത്രം, അക്ഷർധാം ക്ഷേത്രം, ഇന്ത്യാ േഗറ്റ് – സൂര്യാസ്തമയത്തിലെ കാഴ്ചകൾ.

മഞ്ഞു പുതച്ച ഡൽഹി നഗരത്തിന്റെ ഓരോ പ്രഭാതങ്ങളും ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാണ്. അവിടെയുണ്ടാകുന്ന ഓരോ മാറ്റങ്ങളും രാഷ്ട്രത്തിന്റെ മുഖചിത്രങ്ങളായി ആഗോള മാധ്യമങ്ങളിൽ‌ പ്രത്യക്ഷപ്പെടുന്നു. നഗരത്തിന്റെ ഒരു വശത്ത് എത്തിച്ചേരുന്ന സഞ്ചാരികൾ സ്വയമറിയാതെ  വലിയ യാത്രയുടെ പിൻഗാമികളായി കടന്നു പോകുന്നു. കുത്തബ് മിനാർ, രാജ്ഘട്ട്, ഇന്ദിരാ ഗാന്ധി സ്മാരക മ്യൂസിയം, ബിർല ഹൗസ്, നെഹ്റു മ്യൂസിയം,  രാഷ്ട്രപതി ഭവൻ, പാർലമെന്റ് മന്ദിരം... ഒരു പകലിന്റെ നഗരപ്രദക്ഷിണത്തിൽ ഈ സ്ഥലങ്ങൾ കാണാം. മെട്രോ റെയിലിൽ കയറി തലസ്ഥാന നഗരത്തിന്റെ തിരക്കേറിയ ഹൃദയം തൊട്ടറിയാം, കരോൾ ബാഗിന്റെ തിരക്കിലൂടെ അതിഗംഭീരമായൊരു ഷോപ്പിങ് നടത്താം.

travel-india

* ജയ്പൂർ, ആഗ്ര, ഡൽഹി നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഗോൾഡൻ ട്രയാംഗിൾങ്കിൾ യാത്രാ സീസൺ – ഒക്ടോബർ മുതൽ ഏപ്രിൽ വരെ.

* ഒക്ടോബറും നവംബറും ദീപാവലി ഉ ൾപ്പെടുന്ന ഫെസ്റ്റിവൽ സീസണാണ്.

* ഡൽഹി ടൂറിസം ഡിപാർട്മെന്റിന്റെ  ഗോ ൾഡൻ ട്രയാംഗി ടൂർ പാക്കേജുണ്ട്. മൂന്ന് ദിവസത്തെ യാത്ര ഡൽഹിയിൽ നിന്നാണ് ആരംഭിക്കുന്നത്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് പുറപ്പെടുന്നത്.

* താമസവും യാത്രയും ഉൾപ്പെടുന്ന  പാക്കേജ് ഡൽഹി ടൂറിസം ഡിപാർട്മെന്റിന്റെ വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാം.

* www.delhitourism.gov.in > tour_packages

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA