കേരളത്തിനു പുറത്ത് 3 ദേശീയോദ്യാനങ്ങൾ കാണാം

trip-kabani2
SHARE

ഒരു നീണ്ടയാത്രയ്ക്കൊരുങ്ങുകയാണോ ചില റോഡുകൾ നിങ്ങളെ മാടിവിളിക്കും. അവ കാടിനോടു ചേർന്നുള്ളവയായാലോ… ബഹുരസം. കടുവാസങ്കേതങ്ങളിലൂടെയും സൂര്യകാന്തിപ്പൂപ്പാടങ്ങൾക്കരികിലൂടെയും അലസമായി വാഹനമോടിച്ചു പോകാം. ഭാഗ്യമുണ്ടെങ്കിൽ ഒരു വൈൽഡ് ലൈഫ് സഫാരിയിൽ കാണുന്നതിനെക്കാൾ മൃഗങ്ങളെ കാണാം. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളില്ലാത്ത ശാന്തമായ, എന്നാൽ നമ്മുടെ ഏതു ഹൈവേയെക്കാളും മികച്ച ചില റോഡുകൾ.   കേരളത്തിനു പുറത്തെ മികച്ച കാടോര ഡ്രൈവബിൾ റോഡുകൾ. നമ്മുടെ കഠോരപാതകളിൽനിന്ന് ഒരു റിലാക്സേഷനു വേണ്ടി ചക്രങ്ങൾ തിരിച്ചാലോ… ഒറ്റ കറക്കത്തിൽ ഈ അഞ്ചുസുന്ദരപാതകളിലൂടെയും പോയിവരാം എന്നതു ശ്രദ്ധേയം

1) മുതുമലൈ കടുവാസങ്കേതത്തിലൂടെ

നാം ഈ പാതയെപ്പറ്റി മുൻപേ പറഞ്ഞിട്ടുണ്ട്. എങ്കിലും തുടക്കമിവിടെനിന്നാകാം. ഊട്ടിയ്ക്കും ഗൂഡല്ലൂരിനും കർണാടകയിലെ ബന്ദിപ്പൂർ നാഷനൽ പാർക്കിനും അയൽവാസിയാണ് മുതുമലൈ.

trip-muthumalai

ഗൂഡല്ലൂരിൽനിന്നു തുടങ്ങുന്ന  മുളങ്കാടുകൾ അതിരിടുന്ന സുന്ദരമായ വഴി ചെന്നെത്തുന്നത് ബന്ദിപ്പൂർ നാഷനൽ പാർക്കിലേക്കാണ്. ഇതിനിടയിൽ ആനക്കൂട്ടം വഴിമുടക്കും. കടുവയും പുള്ളിപ്പുലിയും ഒന്നു മിന്നിമറയും. ബൈക്കിൽ പോകുന്നതാണു രസകരം. 

2) ബന്ദിപ്പൂർ ഗുണ്ടൽപേട്ട് റോഡ്

trip-gundalpett

മുതുമലൈ അതിർത്തി കഴിഞ്ഞാൽ അതേ പാതയുടെ ബാറ്റൺ കർണാടകയ്ക്കു കൈമാറും. കാഴ്ചകൾ ഏറെക്കുറെ സമം. കൃഷിഭൂമിയുമുണ്ട് കാടുകഴിഞ്ഞാൽ എന്നതാണൊരു വ്യത്യാസം.  ഗുണ്ടൽപേട്ട് വരെ നല്ല പൊളപൊളപ്പൻ യാത്ര.

  ജണ്ടുമല്ലിയും സൂര്യകാന്തിയും തണ്ണിമത്തനും പൂത്തും വിളഞ്ഞും വിരാജിക്കുന്ന പാടശേഖരങ്ങളിലൂടെ, ഗ്രാമാന്തരങ്ങൾ കണ്ടു കണ്ടൊരു യാത്ര. 

3) ഗോപാൽസ്വാമി ബേട്ട

ഗുണ്ടൽപേട്ടിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നാണ് ഗോപാൽസ്വാമി ബേട്ട. ബന്ദിപ്പൂർ ദേശീയോദ്യാനത്തിലെ ഏറ്റവും ഉയരം കൂടിയ കുന്നുകളിലേക്കുള്ള യാത്ര അവിസ്മരണീയമാണ്. ഇടതുവശത്ത് ചെറുകുറ്റിക്കാടുകൾ നിറഞ്ഞ കാട്. ആനക്കൂട്ടങ്ങൾ നീരാടുന്നത് അകലെനിന്നു കാണാം.

വലതുവശത്ത് ഇഞ്ചിയും സൂര്യകാന്തിയും വിളയുന്ന പാടശേഖരങ്ങൾ. കറുകറുത്തൊരു മെത്തവിരിപോലെ കിടന്നുറങ്ങാവുന്നത്ര വൃത്തിയുള്ള റബറൈസ്ഡ് റോഡ്. നിങ്ങളും വാഹനവും മാത്രമായിരിക്കും പലപ്പോഴും. 

trip-gopalaswami

അമ്പലം വരെ ഇപ്പോൾ വണ്ടിയോടിക്കാൻ പറ്റില്ല. കർണാടകയുടെ ബസ് സർവീസ് വഴി മാത്രമേ ഇനി സഞ്ചാരികൾക്ക് ആ അമ്പലത്തിലേക്കു ചെല്ലാനാകൂ. 

4) കബനിയിലേക്കുള്ള കിടുവഴി

ഗോപാൽസ്വാമി ബേട്ട കണ്ടശേഷം  തിരികെ മാനന്തവാടിയിലേക്കു പോകാം. ഇതും സമതലങ്ങളിലൂടെ നീണ്ടുനിവർന്നു കിടക്കുന്ന വഴിയാണ്.  അന്തർസന്തെ എന്ന സ്ഥലത്തെത്തുമ്പോൾ  കബനി റിസർവോയറിനടുത്തേക്കുള്ള സഫാരി ഓഫീസ് കാണാം.  വാഹനം റേഞ്ച് ഓഫീസിൽ പാർക്ക് ചെയ്ത് വനംവകുപ്പിന്റെ ബസിൽ കാടുകാണാനിറങ്ങാം. നല്ലൊരു ക്യാമറയുണ്ടെങ്കിൽ കടുവകളെ പകർത്താം. കബനി റിസർവോയറിലെ ആനനീരാട്ടും മാനുകളുടെ സംസ്ഥാന സമ്മേളനവും ഫ്രെയിമുകളിലാക്കാം. നാഗർഹോളെ നാഷനൽ പാർക്കിന്രെ ഒരു അറ്റത്താണ് കബനി ജലാശയം.

trip-kabani

5) നാഗർഹോളെയിലെ കാട്ടുവഴി

അന്തർസന്തെയിൽനിന്നു മാനന്തവാടിയിലേക്കൊരു കിടുവഴിയുണ്ട്. തനികാട്ടുവഴി. എന്നാലോ ഒരു കുഴിപോലുമില്ലാത്ത കിടുക്കൻ വഴി. ആദ്യം ഇരുവശത്തും കൊടുംകാടുണ്ട്.

trip-nagarhole

പിന്നെപ്പിന്നെ കാട് ചിലയിടത്ത് ഇടമുറിയും. വൻമരങ്ങൾക്കിടയിൽ വയലേലകൾ, ഒറ്റമരത്തിൽ കാവൽപ്പുരകൾ, കാടിനെപേടിയില്ലാതെ നിരായുധരായി നടന്നുവരുന്ന ആദിമക്കാർ ഇങ്ങനെ നമുക്കപരിചിതമായ മനോഹരകാഴ്ചകളാണെങ്ങും. ബാവലിയിൽ ടിപ്പുസുൽത്താൻ നിർമിച്ച ചെറുപാലം കടന്നിപ്പുറത്തെത്തുമ്പോൾ കേരളമായി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA