കുറഞ്ഞ ചിലവിൽ യാത്രപോകണോ?

budget-travel
SHARE

യാത്രകൾ പോകാൻ ബഹുഭൂരിപക്ഷത്തിനും ഇഷ്ടമാണ്. പക്ഷേ, ചിലരെയെങ്കിലും യാത്രകളിൽ നിന്നും പിന്നോട്ട് വലിക്കുന്നത് സാമ്പത്തിക പ്രശ്‍നങ്ങൾ തന്നെയാണ്. പണത്തിന്റെ ദുരുപയോഗം ഒഴിവാക്കിയും കുറച്ചുപണം മിച്ചം പിടിച്ചുമൊക്കെയാണ് പലരും യാത്രകൾക്കൊരുങ്ങുക. മികച്ച രീതിയിലുള്ള ആസൂത്രണം ആഗ്രഹിക്കുന്നയിടത്തേക്കു യാത്രയ്‌ക്കൊരുങ്ങാനുള്ള പണം കയ്യിൽ കരുതാൻ സഹായിക്കും. യാത്രയ്ക്കുള്ള പണം കണ്ടെത്താൻ ഇതാ ചില വഴികൾ. ഇവയൊന്നു പരീക്ഷിച്ചു നോക്കാം. ചിലപ്പോൾ ജീവിതച്ചെലവ് കുറയ്ക്കാനും വലിയൊരു തുക മിച്ചം പിടിക്കാനും സാധിച്ചുവെന്നു വരാം. 

സാമ്പത്തികാവസ്ഥ  അറിഞ്ഞുള്ള യാത്ര

മാസവരുമാനം എത്രയെന്നും അത്യാവശ്യങ്ങൾ എന്തൊക്കെയെന്നും മനസിലാക്കിവേണം പണം ചെലവഴിക്കാൻ.  അത്യാവശ്യങ്ങൾ കഴിഞ്ഞു മിച്ചം പിടിക്കുന്ന തുകകൊണ്ടു യാത്രയ്‌ക്കൊരുങ്ങുന്നതു  ബാധ്യതകൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും. വരുമാനവും ചെലവും എത്രയെന്നു കൃത്യമായി അറിഞ്ഞുവേണം പണം ചെലവഴിക്കാൻ. 

യാത്ര പോകാൻ ഒരു ബാങ്ക് അക്കൗണ്ട് 

മാസാമാസം മിച്ചം പിടിക്കുന്ന തുക സൂക്ഷിക്കാൻ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നത് ഏറെ നല്ലതാണ്. ഒരു നിശ്ചിത ശതമാനം തുക ഓരോ മാസവും നിക്ഷേപിച്ചാൽ പലിശ നിരക്ക് കൂടുതൽ ലഭിക്കുന്നത് പോലെയുള്ള ചില പ്രത്യേക പദ്ധതികൾ ബാങ്കുകളിൽ നിലവിലുണ്ട്. അവയെ കുറിച്ചു വിശദമായി ചോദിച്ചറിഞ്ഞതിനു ശേഷം ആ പദ്ധതിയിൽ ചേർന്നാൽ പലിശയായി ഒരു  തുക ബാങ്കിൽ നിന്നും  ലഭിക്കും. അതും യാത്രയ്ക്ക് ഉപയോഗിക്കാവുന്നതാണ്. 

618545122

അത്യാവശ്യങ്ങളും ആവശ്യങ്ങളും നിറവേറ്റുകയും അനാവശ്യങ്ങൾ ഒഴിവാക്കുകയും ചെയ്യുക

മാസത്തിന്റെ ആദ്യത്തിൽ തന്നെ ചെലവുകൾ മുൻകൂട്ടി കാണുകയും അതിനുള്ള തുക മാറ്റിവെയ്ക്കുകയും ചെയ്യുക. ആ തുകയിൽ നിന്നും ആ മാസത്തിലെ മുഴുവൻ ചെലവും തീർക്കാൻ നോക്കുക. ആവശ്യങ്ങളും അത്യാവശ്യങ്ങളും അറിഞ്ഞു തുക ചെലവഴിക്കണം. മാത്രമല്ല, അനാവശ്യമായ ചെലവുകൾ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യണം. അത്തരത്തിൽ  മിച്ചം വരുന്ന പണം കൂടി യാത്ര പോകാനുള്ള തുകയ്‌ക്കൊപ്പം ചേർക്കുക. 

ഷോപ്പിങിന് അധികപണം ചെലവഴിക്കേണ്ട 

ആഴ്ചാവസാനങ്ങളിൽ ചെറിയൊരു ഷോപ്പിങ്ങിനൊക്കെ ഇറങ്ങുന്നവരാണ് ഇപ്പോഴുള്ള ഭൂരിപക്ഷം ആളുകളും. അപ്രകാരം ഷോപ്പിങ്ങിനിറങ്ങുമ്പോൾ കാണുന്ന സാധങ്ങളെല്ലാം വാങ്ങിക്കൂട്ടുന്ന പതിവു ചിലർക്കെങ്കിലുമുണ്ട്. ആ ശീലമൊഴിവാക്കുകയും അവശ്യ വസ്തുക്കൾ മാത്രം വാങ്ങി കുറച്ചു തുകയെങ്കിലും മിച്ചം പിടിക്കാനും ശ്രമിക്കുക.

ഹോട്ടൽ ഭക്ഷണം പോക്കറ്റ് കാലിയാക്കും 

കഴിയുന്നതും ഭക്ഷണം വീട്ടിൽ നിന്നുതന്നെയാക്കാൻ ശ്രദ്ധിക്കുക. കാരണം സൗകര്യങ്ങളധികമുള്ള ഹോട്ടലിൽ  കയറി ഭക്ഷണം കഴിക്കുന്നതു പോക്കറ്റ് കാലിയാക്കുമെന്നു മാത്രമല്ല, യാത്രയ്ക്കായി മാറ്റിവെയ്ക്കാനുള്ള തുകയിൽ കുറവുവരുത്തുകയും ചെയ്യും. കഴിയുന്നതും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കിക്കൊണ്ടു ആ തുക കൂടി യാത്രാഫണ്ടിലേയ്ക്കു മാറ്റുന്നതാണുചിതം.

പണം ചെലവഴിക്കുന്നത് കൃത്യമായ ആസൂത്രണത്തിലൂടെ മാത്രം 

ഓരോ രൂപ ചെലവാക്കുന്നതിലും കൃത്യതയും കണക്കും സൂക്ഷിക്കണം. ചെലവാക്കുന്ന തുക എത്രയെന്നു കണക്കുകൂട്ടി പിന്നീട് അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക. 

അധിക ജോലിയിലൂടെ അധിക വരുമാനം 

ജോലി സമയം കഴിഞ്ഞും കുറച്ചുനേരം കൂടി ജോലി ചെയ്തു യാത്രയ്ക്കുള്ള പണം സ്വരുക്കൂട്ടാം. അതുപോലെ തന്നെ ഫ്രീലാൻസിങ് ചെയ്തോ, ഒഴിവു സമയങ്ങളിൽ  ചെറിയ ചില ബിസിനസ്സുകൾ തുടങ്ങിയോ ധനസമ്പാദനത്തിനുള്ള വഴികൾ കണ്ടെത്തുക. അങ്ങനെയുള്ള തുകയും യാത്രയ്ക്കായി മാറ്റിവെയ്ക്കാം.

യാത്ര ചെയ്യാൻ താല്പര്യമുള്ളവർക്ക് ഓരോ യാത്രയും സമ്മാനിക്കുക മനസുനിറയ്ക്കുന്ന നിരവധി അനുഭവങ്ങളായിരിക്കും. യാത്രകൾ സാമ്പത്തിക ഞെരുക്കം കൂടാതെ നടത്താൻ ഈ വഴികൾ സഞ്ചാരികൾക്കു പ്രയോജനപ്പെടുത്താവുന്നതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA