ബ്രെയിൻ മ്യൂസിയം; തലച്ചോറിനെ തൊടാം, കൈയിലെടുക്കാം

Brain-2
SHARE

ഒരു ജീവിയുടെ ചിന്താധാരകളെ മുഴുവൻ ഏകോപിക്കുകയും പ്രവർത്തനങ്ങൾ മുഴുവൻ ക്രോഡീകരിക്കുകയും ചെയ്യുന്നതിൽ മസ്തിഷ്കത്തിനുള്ള പങ്കുചെറുതല്ല. രൂപത്തിലേറെ ചെറുതെങ്കിലും മസ്തിഷ്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഒട്ടും ചെറുതല്ല. മനുഷ്യന്റെ ആന്തരികാവയവങ്ങൾ കാണണമെന്നാഗ്രഹമുണ്ടോ, പ്രധാനമായും മസ്തിഷ്‌കം? മസ്തിഷ്കം കാണാനും അവയെക്കുറിച്ചു  കൂടുതലറിയാനും താല്പര്യമുള്ളവർക്കായി ഒരു മസ്തിഷ്ക മ്യൂസിയം തന്നെ നമ്മുടെ നാട്ടിലുണ്ട്. മനുഷ്യന്റെയും മൃഗങ്ങളുടെയും മസ്തിഷ്കങ്ങൾ  കാണാൻ താല്പര്യമുള്ളവർക്കു  ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

ബെംഗളൂരുവിലാണ് മസ്തിഷ്ക മ്യൂസിയം സ്ഥിതിചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് എന്ന നിംഹാൻസിലാണ് രാജ്യത്തെ ആദ്യത്തെ ബ്രെയിൻ മ്യൂസിയത്തിന്റെ സ്ഥാനം. നിംഹാൻസിലെ ന്യൂറോപതി വിഭാഗത്തിന്റെ കീഴിലാണ്  മസ്‌തിഷ്‌ക മ്യൂസിയത്തിന്റെ പ്രവർത്തനം.

ഗവേഷണത്തിനും വൈദ്യശാസ്ത്ര പഠനങ്ങൾക്കുമായി കഴിഞ്ഞ 35 വർഷങ്ങളായി ശേഖരിച്ച, പല തരത്തിലും വലുപ്പത്തിലുമുള്ള മസ്തിഷ്കങ്ങളാണ് പ്രദർശനത്തിനായി മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളത്. നിംഹാൻസിലെ ന്യൂറോപതി വിഭാഗത്തിന്റെ തലവനായ ഡോയ എസ് ശങ്കറാണ് ഈ മ്യൂസിയത്തിന്റെ പുറകിൽ പ്രവർത്തിക്കുന്നത്. നമ്മുടെ മസ്തിഷ്കത്തെ കുറിച്ചുള്ള എല്ലാ അറിവും പൊതുജനങ്ങൾക്കും പ്രാപ്യമാകണം എന്ന ചിന്തയാണ് നിംഹാൻസിൽ ഇത്തരത്തിലൊരു പ്രദർശനം ഒരുക്കാനുള്ള പ്രേരണ.

brain4

ദിവസേന നിരവധി സന്ദർശകരാണ് ഇവിടെയെത്തുന്നത്. തലച്ചോറിനെ തൊടാമെന്നതും കയ്യിലെടുക്കാമെന്നതു തന്നെയാണ് മ്യൂസിയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏകദേശം അഞ്ഞൂറിലധികം മസ്തിഷ്കങ്ങൾ പ്രദർശനത്തിനുണ്ട്. അവയ്‌ക്കെല്ലാം പല വലുപ്പവും പല നിറവുമാണ്. വിവിധ അസുഖങ്ങൾ ബാധിച്ചവരുടെയും അപകടങ്ങൾ സംഭവിച്ചവരുടേയുമൊക്കെ മസ്തിഷകങ്ങൾ  കാണാവുന്നതാണ്. രോഗങ്ങൾ ബാധിച്ചവരുടെ  മസ്തിഷ്കങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ  പ്രദർശനത്തിനെത്തുന്നവർക്കു എളുപ്പത്തിൽ തന്നെ മനസിലാകും. 

മസ്തിഷകത്തിനു പുറമെ ഹൃദയവും വൃക്കകളും മനുഷ്യന്റെ അസ്ഥികൂടവുമൊക്കെ സന്ദർശകർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. മനുഷ്യന്റെ ആന്തരികാവയവങ്ങൾക്കു പുറമെ ചില മൃഗങ്ങളുടെ മസ്തിഷ്കങ്ങളും മ്യൂസിയത്തിൽ കാണാവുന്നതാണ്. 

brain-musium5

ബെംഗളൂരുവിൽ നിന്നും ഏറെ അകലയൊന്നുമല്ല നിംഹാൻസ്. യശ്വന്ത്‌പൂരിൽ നിന്നും ഏകദേശം 15 കിലോമീറ്റർ മാത്രമാണ് നിംഹാൻസിലേക്കുള്ള ദൂരം. മെജസ്റ്റിക്കിൽ നിന്നും 8.5 കിലോമീറ്റർ ദൂരം സഞ്ചരിച്ചാലും  ലക്ഷ്യത്തിലെത്താം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA