നവരാത്രി ആഘോഷങ്ങളിലൂടെ

durgapuja11-pandal-gettyimages.jpg.image.784.410
SHARE

രാജ്യമെങ്ങും നവരാത്രി ദിനങ്ങളുടെ ആഘോഷത്തിലാണ്. പൂജവെയ്പ്പും വിദ്യാരംഭവുമായാണ് കേരളത്തിൽ നവരാത്രി ആഘോഷങ്ങൾ. രാജ്യത്തിന്റെ  പലഭാഗത്തും പലതരത്തിലാണ് നവരാത്രി ആഘോഷിക്കപ്പെടുന്നത്. ഏറെ വ്യത്യസ്തമായ രീതിയിൽ നവരാത്രി ദിനങ്ങൾ കൊണ്ടാടുന്ന നിരവധി സംസ്ഥാനങ്ങൾ രാജ്യത്തുണ്ട്. നവരാത്രി ദിനങ്ങളിൽ വ്യത്യസ്ത ആഘോഷങ്ങളിലൂടെ ഒരു യാത്ര പോയിവരാം.

ഗുജറാത്ത്

അശ്വിനി മാസത്തിലെ ആദ്യത്തെ ഒമ്പതു നാളുകളിൽ ഗുജറാത്തിന്റെ മുക്കിലും മൂലയിലും ദണ്ഡിയ ദണ്ഡിന്റെയും ധോലിന്റെയും ശബ്ദമായിരിക്കും. ഭക്തർ ഉപവാസമനുഷ്ഠിച്ചാണ് ദേവിയെ ആരാധിക്കുന്നത്. ഗർബി എന്ന മൺപാത്രത്തെ ജീവന്റെ ഉറവിടമായി കാണുകയും സന്ധ്യയ്ക്കു ആ മൺപാത്രത്തെ ആരതി ഉഴിയുന്നതിനായി ഉപയോഗിക്കുകയും ചെയ്യുന്നു. പാരമ്പര്യ നൃത്തങ്ങളായ ഗർബയും ദണ്ഡിയയുമായി പുരുഷന്മാരും സ്ത്രീകളും ആഘോഷങ്ങൾക്കു മാറ്റുകൂട്ടും. ധാരാളം വിഭവങ്ങളും മധുര പലഹാരങ്ങളും അതിഥികൾക്കായി ഈ ദിനങ്ങളിൽ ഒരുക്കും. അലങ്കരിച്ച ദുർഗ്ഗാദേവി ക്ഷേത്രങ്ങൾ ഓരോ നഗരത്തിലെയും കാഴ്ചകളെ കൂടുതൽ പൊലിമയുള്ളതാക്കും.

DURGA1

പശ്ചിമ ബംഗാൾ, അസം, ബീഹാർ

സപ്തമി, അഷ്ടമി, നവമി, ദശമി എന്നിങ്ങനെ നവരാത്രിയുടെ അവസാന നാലുദിനങ്ങളാണ് ഭാരതത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ ദുർഗാപൂജയായി ആഘോഷിക്കപ്പെടുന്നത്.

പശ്ചിമ ബംഗാൾ, അസം, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ ആഡംബരത്തോടെ കൊണ്ടാടപ്പെടുന്ന വലിയ ആഘോഷങ്ങളിലൊന്നാണിത്. ദുർഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ പുണ്യസ്മരണയുടെ ആഘോഷമാണ് ഇന്നാടുകളിൽ ദുർഗാപൂജ.

durgapuja5

തമിഴ്നാട് 

വളരെ വ്യത്യസ്തമായ രീതിയിൽ നവരാത്രിയിലെ ഒമ്പതു ദിവസങ്ങളും ആഘോഷിക്കുന്നവരാണ് തമിഴ്‍നാട്ടുകാർ. ഈ ദിനങ്ങളിൽ ദുർഗ, സരസ്വതി, ലക്ഷ്മി എന്നിങ്ങനെ മൂവരെയുമാണ് ആരാധിക്കുന്നത്. നവരാത്രിയുടെ മൂന്നു ദിവസങ്ങൾ സമർപ്പിക്കപ്പെട്ടിരിക്കുന്നതും ഇവർക്കായാണ്. ഈ ആഘോഷദിനങ്ങളിൽ ബന്ധുമിത്രാദികളെ സന്ദർശിക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്യുക അവിടെ പതിവാണ്.

വിവാഹിതരായ സ്ത്രീകൾക്കു നൽകുന്ന സമ്മാനങ്ങളിൽ വളകളും പൊട്ടുകളുമൊക്കെയുണ്ടായിരിക്കും. നവരാത്രി ദിനങ്ങളിൽ ബൊമ്മക്കൊലു ഒരുക്കുന്ന ഒരു സമ്പ്രദായവും തലമുറകളിൽ നിന്നും തലമുറകളിലേക്ക് പകർന്നു കിട്ടിയ ആചാരമാണ്. ഏറെ രസകരമായ ഈ കാഴ്ചകളൊക്കെ ആസ്വദിക്കണമെങ്കിൽ നവരാത്രിദിങ്ങളിൽ നമ്മുടെ അയൽ സംസ്ഥാനമൊന്നു സന്ദർശിച്ചാൽ മതി.

പഞ്ചാബ് 

തമിഴ്‌നാട്ടിലെ പോലെ തന്നെ വളരെ വ്യത്യസ്തമായ രീതിയിൽ നവരാത്രിയിലെ ഒമ്പതു ദിനങ്ങളും ആഘോഷിക്കുന്നവരാണ് പഞ്ചാബിലുള്ളവർ. നവരാത്രിയിലെ ആദ്യ ഏഴുദിനങ്ങൾ ഉപവസിക്കുകയും ദേവിയെ പൂജിക്കുകയും ചെയ്യുന്നു. എല്ലാ രാത്രികളിലും ആരാധനയുടെ ഭാഗമായി ഭക്തിഗാനങ്ങൾ ആലപിക്കുന്നു.

durgapuja3-gettyimages.jpg.image.784.410

അഷ്ടമി, നവമി ദിവസങ്ങളിൽ ഉപവാസം അവസാനിപ്പിക്കുകയും അയൽപക്കങ്ങളിൽ നിന്നുള്ള ഒമ്പതു പെൺകുഞ്ഞുങ്ങളെ ഭവനത്തിലേക്കു ക്ഷണിച്ചുകൊണ്ടു അവർക്കു ധാരാളം സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ഈ പെൺകുട്ടികൾക്ക്  കഞ്ജക്  എന്നാണ് വിളിപ്പേര്. ദേവിയുടെ ഒമ്പതു വ്യത്യസ്ത അവതാരങ്ങളായാണ് ഈ കുഞ്ഞുങ്ങളെ സങ്കൽപ്പിക്കുന്നത്.

ആന്ധ്രപ്രദേശ് 

നവരാത്രി ദിനങ്ങളെ ബതുകമ്മ പാണ്ഡുഗ എന്ന പേരിലാണ് ഇവിടെ ആഘോഷിക്കുന്നത്. ഈ ഒമ്പതു ദിനങ്ങളിലെ ആഘോഷങ്ങളും സമർപ്പിക്കപ്പെട്ടിരിക്കുന്നതു മഹാഗൗരിയ്ക്കാണ്.

durgapuja3

ധാരാളം പൂക്കളുപയോഗിച്ചുള്ള പരമ്പരാഗതമായ രീതിയിലുള്ള പൂജയും ഈ സമയങ്ങളിൽ സ്ത്രീകൾ ദേവിക്കായി നടത്താറുണ്ട്. തുടർന്ന്, നവരാത്രി ദിനങ്ങളുടെ അവസാനം ഈ പൂക്കളെല്ലാം തടാകത്തിൽ ഒഴുക്കുകയാണ് പതിവ്.

കേരളം 

കേരളത്തിലെ നവരാത്രി വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തിയാണ് മുഖ്യമായും ആഘോഷിക്കപ്പെടുന്നത്. വിദ്യാരംഭത്തിനും എന്തെങ്കിലും സംരംഭം പുതിയതായി തുടങ്ങാനും ഉചിതമായ സമയമായി പരിഗണിക്കുന്നത് നവരാത്രി ദിനങ്ങളെയാണ്, പ്രത്യേകിച്ച് വിജയദശമി ദിനത്തെ.

navarathri-bomma-kolu11

നവരാത്രിയിലെ അവസാന മൂന്നു ദിനങ്ങളിൽ പുസ്തകങ്ങൾ സരസ്വതീ ദേവിയ്ക്ക് മുമ്പിൽ പൂജയ്ക്കായി സമർപ്പിക്കുക എന്നൊരാചാരവും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. 

കർണാടകം 

മഹിഷാസുര വധവുമായി ബന്ധപ്പെടുത്തിയാണ് കർണാടകയിലെ നവരാത്രി ആഘോഷങ്ങൾ. തിന്മയുടെ മേൽ നന്മ കൈവരിച്ച വിജയത്തിന്റെ ആഘോഷമാണ് വിജയദശമി നാളിൽ നടക്കുന്നത്. ദശമി നാളിൽ ധാരാളം കൗതുകകരമായ കാഴ്ചകൾക്ക് ഇവിടുത്തെ തെരുവുവീഥികൾ സാക്ഷ്യം വഹിക്കാറുണ്ട്.

durgapuja2

ആളുകൾ ആനപ്പുറത്തു എഴുന്നെള്ളുകയും മേളകളും കൗതുകപ്രദർശനങ്ങളുമൊക്കെ തെരുവുവീഥികളിൽ അരങ്ങേറുകയും ചെയ്യും. ഈ കാഴ്ചകളൊക്കെ ഏറെ കൗതുകം പകരുമെന്നുള്ളതുകൊണ്ടു തന്നെ ഈ ദിനങ്ങളിൽ കർണാടക സന്ദർശനം ആകർഷകമായിരിക്കും.

മഹാരാഷ്ട്ര

നവരാത്രിയെന്നാൽ മഹാരാഷ്ട്രയിൽ പുതിയ ഒന്നിന്റെ ആരംഭമാണ്. വസ്തു വാങ്ങാനും ബിസിനസ് ആരംഭിക്കാനും ഇവിടുള്ളവർ ഉചിതമായ സമയമായി കണക്കാക്കുന്നത് നവരാത്രി ദിനങ്ങളെയാണ്. വിവാഹിതരായ സ്ത്രീകൾ പരസ്പരം സമ്മാനങ്ങൾ കൈമാറുകയും കുങ്കുമം അണിയിക്കുകയും ചെയ്യുന്നു.

ഗുജറാത്തിലെ പോലെ രാത്രികളിൽ ആഘോഷത്തിനു നൃത്തത്തിന്റെ അകമ്പടിയുണ്ടാകും. പകലുകൾ പോലെതന്നെയായിരിക്കും പാട്ടും നൃത്തവും നിറഞ്ഞതായിരിക്കും രാത്രികളും. സ്ത്രീ-പുരുഷ ദേദമെന്യേ ആളുകൾ നിരത്തിലിറങ്ങുകയും ഗർബ, ദണ്ഡിയ എന്നീ നൃത്തങ്ങളാടുകയും ചെയ്യും. 

ഹിമാചൽപ്രദേശ് 

പത്താം ദിനത്തിലെ ആഘോഷങ്ങൾക്കാണ് ഹിമാചൽപ്രദേശിൽ പ്രാധാന്യമധികം. രാമന്റെ അയോധ്യയിലേക്കുള്ള തിരിച്ചുവരവായി സങ്കൽപിച്ചു കൊണ്ടു കുളു ദസറ എന്നപേരിലാണ് ഇവിടുത്തെ ആഘോഷങ്ങൾ. വിശ്വാസികൾ കുളു താഴ്‌വരയിൽ ഒന്നിച്ചു ചേരുകയും രാവണനെ പ്രതീകാത്മകമായി കത്തിക്കുകയും ചെയ്യും.

നവരാത്രി ദിനങ്ങളിൽ സുഹൃത് - ബന്ധുഗൃഹങ്ങൾ സന്ദർശിക്കുകയും ദുര്ഗ്ഗാദേവിയെ പൂജിക്കുകയും ചെയ്യുന്നു. ധാരാളം ദുർഗ്ഗാദേവി ക്ഷേത്രങ്ങൾ നിറഞ്ഞ സംസ്ഥാനം കൂടിയാണ് ഹിമാചൽ പ്രദേശ്. ഉന ജില്ലയിലെ ചിന്താദേവി ക്ഷേത്രവും കങ്കാര ജില്ലയിലെ ജ്വാലാദേവി ക്ഷേത്രവും ഷിംലയിലെ താരാദേവി ക്ഷേത്രവുമൊക്കെ നവരാത്രി വലിയ രീതിയിൽ ആഘോഷിക്കുന്ന ക്ഷേത്രങ്ങളാണ്. അതുകൊണ്ടു തന്നെ ആ ദിനങ്ങളിൽ വിശ്വാസികൾക്കു ഇവിടം സന്ദർശിക്കുന്നത് മനസിന് സന്തോഷം നൽകുന്ന കാര്യമായിരിക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA