വിവാഹം ഇനി ഭൂമിയിലെ സ്വർഗങ്ങളിലാക്കാം

kovalam-samudra-14
SHARE

വിവാഹം എങ്ങനെ വ്യത്യസ്തവും ആകർഷകവുമാക്കാം എന്ന ചിന്തയിലാണ് പുതുതലമുറ. അതുകൊണ്ടു തന്നെ കല്യാണാഘോഷങ്ങളിൽ എന്തെങ്കിലുമൊരു പുതുമ കൊണ്ടുവരാൻ അവർ ശ്രമിക്കുന്നുമുണ്ട്. പുതുമയും വ്യത്യസ്തയും വിവാഹാഘോഷങ്ങളിൽ മാത്രമൊതുങ്ങാതെ വിവാഹത്തിന് തെരഞ്ഞെടുക്കുന്ന വേദികളിൽ കൂടി കൊണ്ടുവരാൻ ശ്രമിച്ചാൽ, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ആ സുന്ദരദിനം ശരിക്കും സ്വർഗത്തിൽ വെച്ചുതന്നെ നടത്താം. വിവാഹത്തിനു വേദിയാകാനിതാ... ഭൂമിയിലെ  സ്വർഗങ്ങൾ  എന്നുവിശേഷിപ്പിക്കാൻ കഴിയുന്ന മനോഹരമായ കുറച്ചു സ്ഥലങ്ങൾ.

ആലപ്പുഴ 

കിഴക്കിന്റെ വെനീസ് എന്ന വിളിപ്പേര് ആലപ്പുഴയ്ക്കു സ്വന്തമായതു ആ നാടിന്റെ മനോഹാരിത കൊണ്ടു മാത്രമാണ്. വിവാഹാഘോഷങ്ങളുടെ വേദിയാകാൻ ആലപ്പുഴയോളം സുന്ദരമായ മറ്റൊരു നാടില്ല. കായലോളങ്ങളിൽ വഞ്ചിവീടിന്റെ പശ്ചാത്തലത്തിൽ ഒരു വിവാഹവേദി. ചുറ്റിനും പച്ചപ്പട്ടിന്റെ ആഢ്യത്വം. പരമ്പരാഗത ശൈലിയിലുള്ള വിവാഹം, എന്നാൽ പ്രൗഢിയ്ക്കു ഒട്ടും കുറവില്ല.

kovalam-samudra-12

ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂർത്തങ്ങളുടെ ഓർമപ്പെടുത്തലുകളായ ഫോട്ടോകൾക്ക് ആലപ്പുഴയുടെ സൗന്ദര്യം മാറ്റുകൂട്ടുമെന്നതിൽ തർക്കമില്ല. അതിഥികളെ താമസിപ്പിക്കാൻ മികച്ച റിസോർട്ടുകളും രുചികരമായ ഭക്ഷണവും ഈ നാടിൻറെ എടുത്തുപറയേണ്ട സവിശേഷതയാണ്. വലിയ ചെലവില്ലാതെ തന്നെ വിവാഹം മംഗളമായി നടത്താൻ ഉചിതമായൊരിടമാണ് ആലപ്പുഴ.

കോവളം 

ആലപ്പുഴയ്ക്ക് സൗന്ദര്യം കൂട്ടുന്നത് കായലിലെ ഓളങ്ങളെങ്കിൽ കടലിന്റെ ഇരമ്പത്തിനൊപ്പം കൈപിടിക്കാം കോവളത്ത്. ബീച്ചിനോടു ചേർന്നു റിസോർട്ടുകളും പഞ്ച നക്ഷത്ര ഹോട്ടലുകളും നിരവധിയുണ്ട്. അതിഥികൾക്കായി അവ ഒരുക്കാം. അസ്തമയത്തിന്റെ സൗന്ദര്യത്തിൽ, എക്കാലവും ഓർമ്മിക്കാൻ മനോഹരമായ ചിത്രങ്ങൾ പകർത്താനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.

kovalam-samudra-13

ചെലവല്പം കൂടുമെങ്കിലും ജീവിതത്തിലൊരിക്കൽ മാത്രം നടക്കുന്ന ധന്യമുഹൂർത്തതിനു വേണ്ടിയായതു കൊണ്ടു തന്നെ ചെലവിന്റെ കാര്യം മറക്കാം. കടലിന്റെ സൗന്ദര്യവും ഉദയാസ്തമയങ്ങളും വിവാഹവേദിയ്ക്കു സ്വർഗതുല്യമായ ഛായ നൽകുക തന്നെ ചെയ്യും.

ഗോവ 

ആഘോഷങ്ങൾ അടിപൊളിയാക്കാൻ ഗോവ മികച്ചയിടമാണ്. നിശാപാർട്ടികളും ആട്ടവും പാട്ടുമൊക്കെയായി വിവാഹത്തിനൊരു ഉത്സവത്തിന്റെ പ്രതീതി നൽകാൻ ഗോവൻ കല്യാണത്തിന് കഴിയും. ചെലവേറുമെങ്കിലും വിവാഹിതരാകുന്നവരിലും വിവാഹത്തിനെത്തുന്ന അതിഥികളുടെ ഓർമകളിലും എക്കാലവും നിലനിൽക്കുന്ന കല്യാണമായിരിക്കുമതെന്ന കാര്യത്തിൽ സംശയമേ വേണ്ട. മനോഹരമായ ബീച്ചുകളും റിസോർട്ടുകളും നക്ഷത്ര ഹോട്ടലുകളുമൊക്കെ ബജറ്റിനനസരിച്ചു തെരഞ്ഞെടുക്കാം.

458346133

ഗോവയുടെ പഴമ വിളിച്ചോതുന്ന പള്ളികളെയും പഴമയും പുതുമയും ഒത്തുചേരുന്ന പ്രൗഢമാർന്ന വിവാഹവേദിയാക്കാം. മികച്ചതും രുചികരമായ ഭക്ഷണവും മദ്യത്തിന്റെ സുലഭതയും വിവാഹാഘോഷങ്ങളെ കൂടുതൽ പൊലിപ്പിക്കും. കടൽത്തീരങ്ങളെയും തിരകളെയും സാക്ഷിയാക്കിയുള്ള ഗോവയിലെ മാംഗല്യം ശരിക്കുമൊരു ആഘോഷം തന്നെയായിരിക്കും.

രാജസ്ഥാൻ 

ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള വിവാഹവേദികളൊന്നാണ് രാജസ്ഥാൻ. ആഢ്യത്വവും പ്രൗഢിയും തിളങ്ങി നിൽക്കുന്നൊരു വിവാഹത്തിനാണു സ്വപ്നം കാണുന്നതെങ്കിൽ ഉദയ്പൂർ രാജകൊട്ടാരം വേദിയാകും. കോട്ടകളും കൊട്ടാരങ്ങളും നിറഞ്ഞ, നിറങ്ങളിൽ കുളിച്ചു നിൽക്കുന്ന നാടാണ് രാജസ്ഥാൻ. സംഗീതവും നൃത്തവും ഒട്ടകത്തിന്റെ പുറത്തുള്ള എഴുന്നെള്ളത്തുമൊക്കെയായി ഇവിടുത്തെ കല്യാണത്തിനൊരു ഉത്സവാന്തരീക്ഷം തന്നെയായിരിക്കും. പുതുമയുള്ളതും മനോഹരവുമായ വിവാഹചിത്രങ്ങളും സമ്മാനിക്കാൻ രാജസ്ഥാനിലെ വിവാഹ വേദികൾക്കു കഴിയും.  

512390335

ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ 

വിവാഹമെന്നതു പുതിയൊരു ജീവിതത്തിന്റെ തുടക്കമാണ്. അതേറെ സന്തോഷപ്രദവും പ്രണയസുരഭിലവുമായിരിക്കണമെന്നു ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. വിവാഹം ഗംഭീരമായി നടത്താൻ സ്വർഗതുല്യമായ ഒരു സ്ഥലം തേടുന്നവർക്കു ആൻഡമാൻ നിക്കോബാർ ദ്വീപുകൾ തെരഞ്ഞെടുക്കാം.

andaman-nicobar

വളരെ ശാന്തവും മനോഹരവുമായ കാലാവസ്ഥയും കടലിന്റെ താളവും പുതിയൊരു ജീവിതത്തിനു ഗംഭീരതുടക്കം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. കടലിന്റെ പശ്ചാത്തലവും തീരവും  തെങ്ങുകളും സുന്ദരമായ മുഹൂർത്തത്തിലെടുക്കുന്ന ചിത്രങ്ങൾക്കു ജീവൻ നൽകും. റോസ് ദ്വീപോ ഹാവ്ലോക്ക് ദ്വീപോ വിവാഹവേദിയാക്കുന്നതാണുത്തമം. ഇത്തരമൊരു വേദി തെരഞ്ഞെടുക്കുന്നതു വിവാഹത്തിനെത്തുന്ന അതിഥകളെയും ഏറെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും. 

ഷിംല 

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിവാഹവേദികളിലൊന്നാണ് ഷിംല. മഞ്ഞുപൊഴിക്കുന്ന മലകളും ശാന്തമായ അന്തരീക്ഷവും സുഖകരമായ കാലാവസ്ഥയും പ്രകൃതിയൊരുക്കിയ സുന്ദരമായ കാഴ്ചകളും നിറഞ്ഞ ഷിംലയിലൊരു വിവാഹമെന്നതു അവിസ്മരണീയമായ അനുഭവമായിരിക്കും. ധാരാളം റിസോർട്ടുകൾ അതിഥികൾക്കായി ഈ ഹിമാലയ താഴ്‌വാരയിലുണ്ട്.

533725751

വിവാഹം ആഡംബരപൂർണമാക്കാൻ ഈ റിസോർട്ടുകൾ എല്ലാ സൗകര്യങ്ങളും ചെയ്തുതരും. അതിസുന്ദരമായ പ്രകൃതിയുടെ പശ്ചാത്തത്തിലുള്ള വിവാഹം സുന്ദരമായ ചിത്രങ്ങളൊരുക്കാനും സഹായിക്കും. അല്പം ചെലവേറുമെങ്കിലും ഷിംലയുടെ സൗന്ദര്യത്തിലാറാടിയുള്ള വിവാഹം ജീവിതത്തിലെക്കാലവും പ്രണയം നിറയ്ക്കും. 

നീംറാണ കോട്ട

ഗുർഗാവിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. അതിശയിപ്പിക്കുന്ന വാസ്തുവിദ്യയും മനോഹരമായ നിര്മിതിയും കോട്ടയുടെ പ്രത്യേകതയാണ്. വിവാഹം രാജകീയമായി നടത്തണമെന്നു ആഗ്രഹിക്കുന്നുണ്ടെങ്കിൽ മടിക്കാതെ തിരഞ്ഞെടുക്കാവുന്നൊരിടമാണിത്. വളരെ സുന്ദരവും ആഢ്യത്വം തുളുമ്പുന്നതുമായ കോട്ടയുടെ അകത്തളങ്ങൾ വധൂവരന്മാർക്കും വിവാഹത്തിനെത്തുന്ന അതിഥികൾക്കും ഒരിക്കലും മറക്കാത്ത ഓർമ്മകൾ സമ്മാനിക്കും. പഴമയുടെ പ്രൗഢി നിറഞ്ഞ വിവാഹചിത്രങ്ങൾ അക്കാലഘട്ടത്തിന്റെ സ്മരണകളുണർത്തും. 

ആഗ്ര 

ലോകാത്ഭുതങ്ങളിലൊന്നായ,  ഉദാത്തമായ പ്രണയത്തിന്റെ സ്മാരകം താജ്മഹൽ സ്ഥിതി ചെയ്യുന്ന നാടാണ് ആഗ്ര. അഗ്രയോളം പ്രണയം നിറഞ്ഞ മറ്റൊരു നാട് നമ്മുടെ രാജ്യത്തുണ്ടോയെന്നതു സംശയമാണ്. അനശ്വരപ്രണയത്തിന്റെ നാടായ ആഗ്രയിൽവെച്ചു വിവാഹം നടത്താൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. 

Tajmahal

രാജകീയവും എന്നാൽ ആധുനികവുമായ ശൈലിയിലുള്ള വിവാഹങ്ങൾ നടത്താനും വേദികളൊരുക്കാനും മനോഹരമായ ചിത്രങ്ങൾ പകർത്താനുമുള്ള  സൗകര്യങ്ങൾ നല്കാൻ ഈ നഗരത്തിനു കഴിയും. അതിഥികൾക്ക് താമസിക്കാനായി ആഡംബര സൗകര്യങ്ങൾ നിറഞ്ഞ ഹോട്ടലുകളും റിസോർട്ടുകളും രുചികരമായ ഭക്ഷണവും ലഭിക്കുന്ന നഗരം കൂടിയാണിത്. 

ഹൈദരാബാദ് 

നൈസാമിന്റെ നാട്, മുത്തുകളുടെ നാട് എന്നൊക്കെയാണ് ഹൈദരാബാദിന്റെ വിശേഷണങ്ങൾ. നിരവധി രാജകൊട്ടാരങ്ങൾ കൊണ്ടു സമ്പന്നമാണ് ഹൈദരാബാദ്. അതുകൊണ്ടു തന്നെ വിവാഹം രാജകീയമായി നടത്താനുള്ള എല്ലാ സൗകര്യങ്ങളും നല്കാൻ ഈ നഗരത്തിനു കഴിയും.

താജ് ഫാലക്നുമ കൊട്ടാരം, ചൗമല്ല കൊട്ടാരം എന്നിവിടങ്ങളിൽ വിവാഹത്തിനു വേദിയൊരുക്കാം. കൊട്ടാരങ്ങളെ വിവാഹ വേദിയാക്കുന്നതുവഴി ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തത്തിന് ഒരു രാജകീയ പകിട്ടു തന്നെ കൈവരും. മാത്രമല്ല, ആഢ്യത്വം തുളുമ്പുന്ന കൊട്ടാരത്തിന്റെ അകത്തളങ്ങളും കാഴ്ചകളും വിവാഹത്തെ അവിസ്മരണീയമാക്കുകയും ചെയ്യും.

ഋഷികേശ് 

വിശ്വാസങ്ങളും ആചാരങ്ങളും മുറുകെ പിടിക്കുന്ന പാരമ്പര്യത്തിലൂന്നിയൊരു വിവാഹമാണ് ഉദ്ദേശിക്കുന്നതെങ്കിൽ മടിക്കാതെ തെരെഞ്ഞെടുക്കാവുന്ന ഒരു വിവാഹവേദിയാണ് ഋഷികേശ്. ഗംഗയുടെ തീരത്തു, പുണ്യം നിറഞ്ഞ ഭൂമിയിൽ നടക്കുന്ന വിവാഹബന്ധം എക്കാലവും ഊഷ്മളവും  മധുരതരമായിരിക്കും.

ആഡംബര സൗകര്യങ്ങളെല്ലാമുള്ള നിരവധി ഹോട്ടലുകളും റിസോർട്ടുകളും വിവാഹനടത്തിപ്പിനുള്ള സൗകര്യങ്ങളെല്ലാമൊരുക്കി തരും. വിവാഹം പാരമ്പര്യത്തനിമയോടെ വേണമെന്നുള്ളവർക്ക് സമീപത്തുള്ള ക്ഷേത്രങ്ങളിൽ ആചാരപ്രകാരം നടത്താനുള്ള സൗകര്യങ്ങളുണ്ട്. ഇനി തുറന്ന സ്ഥലത്തു മനോഹരമായ പ്രകൃതിയെ കണ്ടുകൊണ്ടു, മലകളെയും ഗംഗയെയും സാക്ഷിയാക്കി വിവാഹം നടത്താനാണു താല്പര്യമെങ്കിൽ അതിനുള്ള സൗകര്യങ്ങളും ഋഷികേശ് സമ്മാനിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA