സ്വർണം ചേർത്ത വിഭവങ്ങളും പാനീയങ്ങളും വിളമ്പുന്ന നാട്

626515242
SHARE

ചുറ്റുമുള്ള രാജ്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് നമ്മുടെ അയൽരാജ്യമായ മ്യാൻമർ. സുവർണഭൂമി എന്നൊരു പേരുകൂടിയുണ്ട് ആ രാജ്യത്തിന്. എന്തുകൊണ്ടാണ് ആ രാജ്യത്തിനു ഇങ്ങനെയൊരു പേരുലഭിച്ചതെന്നറിയണമെങ്കിൽ മണ്ഡലായ്, യാങ്കോൺ എന്നീ നഗരങ്ങളിലൂടെ ഒരു യാത്രപോയാൽ മതി. സ്തൂപങ്ങളും പഗോഡകളും സ്വർണത്തിൽ കുളിച്ചു നിൽക്കുന്ന കാഴ്ച കണ്ടാൽ മനസിലാകും മ്യാന്മറിന് സുവർണ ഭൂമി എന്ന പേര് ലഭിച്ചതെന്തുകൊണ്ടാണെന്ന്‌.

പതിനായിരത്തിലുമധികം വരുന്ന ബുദ്ധക്ഷേത്രങ്ങൾ മ്യാന്മറിന്റെ പ്രധാന സവിശേഷതകളിലൊന്നാണ്. അന്നാട്ടിലെ കാഴ്ചകൾ കാണാനിറങ്ങുമ്പോൾ, അധികമൊന്നും ദൂരവ്യത്യാസമില്ലാതെ നിരവധി ബുദ്ധക്ഷേത്രങ്ങൾ കാണുവാൻ കഴിയും. കുന്നിൻ മുകളിലായാണ് വലിയ ബുദ്ധക്ഷേത്രങ്ങളിൽ ഭൂരിഭാഗവും നിർമിച്ചിരിക്കുന്നത്. വർഷങ്ങളുടെ പഴക്കമുള്ള വൻവൃക്ഷങ്ങളുടെ താഴെയും ചെറിയ ക്ഷേത്രങ്ങൾ കാണാൻ കഴിയുന്നതാണ്. സ്വർണത്താലാണ് ഇവയിൽ ഭൂരിപക്ഷവും അലങ്കരിക്കപ്പെട്ടിരിക്കുന്നത്.

493434306

മണ്ഡലായ്ക്ക് ചുറ്റുമുള്ള മലകളിൽ 700 ഓളം സുവർണക്ഷേത്രങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സുവർണഭൂമിയുടെ മധ്യത്തിലൂടെ ഒഴുകുന്ന നദിയാണ് ഇരാവാഡി. ആ നദിയിലൂടെയുള്ള മനോഹര യാത്രയിൽ ഈ ദേവാലയങ്ങളുടെയെല്ലാം വിദൂര കാഴ്ചകൾ ദൃശ്യമാകും. ബാഗാൻ നഗരത്തിനു ചുറ്റിലുമായുള്ള 2200 സുവർണ ക്ഷേത്രങ്ങളും പഗോഡകളും സഞ്ചാരികളുടെ കണ്ണുകൾക്ക് സ്വർണത്തിളക്കം നൽകും. ബുദ്ധനുവേണ്ടിയുള്ള ഈ ക്ഷേത്രങ്ങളെല്ലാം സ്വർണത്താൽ അലങ്കരിക്കാൻ അന്നാട്ടുകാർ പറയുന്ന കാരണമിതാണ്. സ്വർണമെന്നത് ഏറെ പരിശുദ്ധമാണ്. നദികളിൽ സ്വർണനിക്ഷേപമുണ്ട്. അവ ലഭിക്കാനും എളുപ്പമാണ്. അതുകൊണ്ടാണ് ഈ രാജ്യത്തെ ബുദ്ധക്ഷേത്രങ്ങളെല്ലാം സ്വർണത്തിൽ പൊതിഞ്ഞിരിക്കുന്നത്. ഏറ്റവും പരിശുദ്ധമായതു ബുദ്ധദേവന് സമർപ്പിക്കണമെന്ന ചിന്തയിലാണ് ക്ഷേത്രങ്ങളുടെ നിർമിതിയിൽ സ്വർണം കൂടുതലായി ഉപയോഗിക്കാനുള്ള കാരണം. 

ക്ഷേത്രങ്ങളുടെ നിർമാണത്തിൽ മാത്രമല്ല ഇവിടെ സ്വർണത്തിന്റെ ഉപയോഗം. മുഖത്തിന്റെ നിറം വര്‍ധിപ്പിക്കാനുപയോഗിക്കുന്ന മരുന്നിലും പാനീയങ്ങളിലും ഭക്ഷ്യവസ്തുക്കളിലും വരെ സ്വർണം ഉപയോഗിക്കുന്നുണ്ട് ഇന്നാട്ടുകാർ. ധാരാളം സ്വർണഖനികളും നദികളിൽ സ്വർണനിക്ഷേപവും കണ്ടെത്തിയിട്ടുള്ളതുകൊണ്ടു തന്നെ സ്വർണത്തിനു യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് മ്യാന്മാർ. തദ്ദേശീയരടക്കമുള്ളവർ സ്വർണഖനനത്തിനായി ഇറങ്ങാറുണ്ട്. നദിക്കടിയിൽ നിന്നും സ്വർണം വേർതിതിരിച്ചെടുക്കാനായി ഉപയോഗിക്കുന്നതു മെർക്കുറി ആണ്. മെർക്കുറിയുടെ ഉപയോഗം നദികളിലെ മൽസ്യസമ്പത്തിനേയും മനുഷ്യജീവനെയും തന്നെ ബാധിക്കാൻ തുടങ്ങിയതും അനധികൃതമായ സ്വർണശേഖരണവും വാർത്തയായതോടെ പ്രകൃതിയെയും മനുഷ്യനെയും സംരക്ഷിക്കുന്നതിനായുള്ള പ്രവർത്തങ്ങൾ ആരംഭിക്കുകയും ചെറിയതോതിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുകയും ചെയ്തു. 

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്വർണവുമായി ബന്ധപ്പെട്ടിട്ടുള്ള തൊഴിലിൽ തന്നെയാണ് മണ്ഡലായിലെ ജനങ്ങൾ കൂടുതലും ഏർപ്പെട്ടിട്ടുള്ളത്. വലിയ കുടമുപയോഗിച്ചു സ്വർണം അടിച്ചു പരത്തി സ്വർണയില നിർമിക്കുന്ന ഒരു വിഭാഗം ആളുകൾ മണ്ഡലായിലുണ്ട്. ഭാരമധികമുള്ള ചുറ്റിക കൊണ്ടുള്ള ഈ നിർമാണരീതിയ്ക്ക് കായികാധ്വാനം ഏറെ കൂടുതലാണ്. മണ്ഡലായിൽ ഇതൊരു കുടിൽ വ്യവസായമാണ്. കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചാണ് ഈ തൊഴിലിൽ ഏർപ്പെടുന്നത്. ഇത്തരത്തിൽ നിര്മിച്ചെടുക്കുന്ന സ്വർണയിലകൾ ബുദ്ധദേവന് സമർപ്പിക്കുന്നതിനായി വിശ്വാസികൾക്ക് വിൽക്കുന്നതിനൊപ്പം തന്നെ ആഭരണങ്ങൾക്കു മോടികൂട്ടുന്നതിനായും ഉപയോഗിക്കുന്നു. മ്യാൻമറിൽ പണത്തിനെക്കാളും മൂല്യം സ്വർണത്തിനായതു കൊണ്ടുതന്നെ അവിടെയുള്ളവർ ബാങ്കിൽ പണം നിക്ഷേപിക്കാറില്ലെന്നു മാത്രമല്ല, സ്വർണമോ ആഭരണമോ വാങ്ങി സൂക്ഷിക്കുന്നതാണ് പതിവ്. അതുകൊണ്ടുതന്നെ ചെറുപട്ടണങ്ങളിൽ പോലും സ്വർണക്കടകൾ കാണാവുന്നതാണ്.

624750824

നീണ്ട കാലത്തേ മിലിറ്ററി ഭരണം ഏൽപ്പിച്ച ആഘാതങ്ങളിൽ നിന്നും മ്യാൻമർ മോചിതമായി വരുന്നതേയുള്ളു. സന്ദർശകരെ തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങിയതും ഈയടുത്തകാലം മുതലാണ്. ബുദ്ധമതത്തിന്റെ സ്വാധീനം നിലനിൽക്കുന്നതുകൊണ്ടു തന്നെ തങ്ങളുടെ നാട്ടിലെത്തുന്നവരെ സ്നേഹത്തോടെയും എളിമയുടെയും ഏറെ താല്പര്യത്തോടെയുമാണ് ഇന്നാട്ടുകാർ സ്വീകരിക്കാറ്.

മ്യാൻമറിലെ ഏറ്റവും പ്രശസ്തമായ ബുദ്ധക്ഷേത്രമായ മഹാമുനിപ്പായ സ്ഥിതി ചെയ്യുന്നത് മണ്ഡലായിലാണ്. രാജ്യത്തിലെ ഏറ്റവും പരിശുദ്ധവും ദൈവീകവുമായി കരുതപ്പെടുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. അതിരാവിലെ നാലുമണിക്ക് ക്ഷേത്രത്തിന്റെ നട തുറക്കും. ധാരാളം വിശ്വാസികളും സന്ദർശകരും കാലത്തുമുതൽ തന്നെ ക്ഷേത്രത്തിൽ ദർശനത്തിനായി എത്താറുണ്ട്. സ്വർണത്തിൽ തീർത്ത അതികായ ബുദ്ധന്റെ വിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠ. സന്യാസിമാർ ബുദ്ധന്റെ മുഖം കഴുകുക എന്നതാണ് പ്രധാന ആചാരം. വേറെയും കൗതുകം പകരുന്ന നിരവധി കാഴ്ചകൾ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ട്.

സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന, വളരെ വ്യത്യസ്തമായ കാഴ്ചകൾ കൊണ്ട് സമ്പന്നമായ നാടാണ് മ്യാൻമർ. സ്വർണത്തിൽ പൊതിഞ്ഞ ബുദ്ധക്ഷേത്രങ്ങളും സ്വർണം നിറച്ച പാനീയങ്ങളും ഭക്ഷണവുമൊക്കെ കഴിക്കാനും കാണാനും താൽപര്യമുണ്ടെങ്കിൽ മടിക്കാതെ യാത്രക്കൊരുങ്ങാവുന്ന, നമ്മുടെ അയൽരാജ്യങ്ങളിലൊന്നാണ് മ്യാന്മർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA