ദീപാവലി കാഴ്ചകൾക്കായി ഇവിടേക്ക് പോകാം

882418334
SHARE

മുറ്റത്തു തയാറാക്കിവെച്ചിരിക്കുന്ന മൺചിരാതുകളിൽ സന്ധ്യയാകുന്നതോടെ ദീപപ്രഭ വിടരുകയായി. പടക്കം പൊട്ടുന്ന ശബ്ദങ്ങൾ, പലഹാരങ്ങളുടെ മണവും മധുരവും നിറഞ്ഞ വീടുകൾ, ഒത്തുചേർന്ന കുടുംബാംഗങ്ങളുടെ ആഹ്ളാദം, എല്ലായിടത്തും സന്തോഷം നിറഞ്ഞ കാഴ്ചകൾ മാത്രം. ആഘോഷങ്ങൾക്കു യാതൊരു പരിധിയുമില്ലാത്ത, നയനാന്ദകരമായ കാഴ്ചകൾ മാത്രം സമ്മാനിക്കുന്ന ഒരുത്സവമാണ് ദീപാവലി.

ദീപങ്ങളുടെ ഉത്സവമെന്നാണ് ദീപാവലിയെ വിളിച്ചുപോരുന്നത്. തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ ഓർമപ്പെടുത്തലായാണ് ഇതുകൊണ്ടാടപ്പെടുന്നത്. പുതുമയാർന്ന രീതിയിൽ ദീപാവലി ആഘോഷിക്കപ്പെടുന്ന നിരവധി സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഏറെ വ്യത്യസ്തമായ, ഒരുനാളും വിസ്മരിക്കപ്പെടാത്ത ദീപാവലി കാഴ്ചകൾ സമ്മാനിക്കുന്ന ചില നാടുകളെ പരിചയപ്പെടാം.

ജയ്‌പൂർ

ദീപാവലി നാളിൽ തെരുവുകളും ഗൃഹങ്ങളും കടകളും ദീപത്താൽ കുളിച്ചുനിൽക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന നാടാണ് ജയ്‌പൂർ. ദീപാവലി നാളുകളിൽ ദീപങ്ങളുടെ പ്രഭാപൂരത്തിലാറാടി നിൽക്കുന്ന ഈ നഗരം സഞ്ചാരികളെ ശരിക്കും വിസ്മയിപ്പിക്കും. കെട്ടിടങ്ങളും കടകളും മാത്രമല്ല മാർക്കറ്റ് മുഴുവൻ ഉത്സവത്തെ സ്വീകരിക്കാനായി ഒരുങ്ങിനിൽക്കും.

diwali in ganga
diwali in ganga

അതിനായി ഇവിടെ ഒരു മത്സരം തന്നെ നടത്തുന്നുണ്ട്. ഏറ്റവും ആകർഷകവും മനോഹരവുമായ രീതിയിൽ  ദീപങ്ങൾക്കൊണ്ടു മാർക്കറ്റ് അലങ്കരിച്ചവരാണ് മത്സരത്തിൽ സമ്മാനാർഹർ. ധാരാളം സഞ്ചാരികളാണ് വെളിച്ചത്തിൽ നിറഞ്ഞു നിൽക്കുന്ന ഈ കാഴ്ചകൾ കാണാനായി ദീപാവലി നാളുകളിൽ ജയ്‌പൂരിലെത്തി ചേരുന്നത്.

ഗോവ 

നരകാസുരനെ കൃഷ്‌ണൻ വധിച്ചതിന്റെ ആഘോഷമായാണ് ഗോവയിൽ ദീപാവലി കൊണ്ടാടുന്നത്. ഇവിടെയും ഓരോ നഗരങ്ങളിലും ഗ്രാമങ്ങളിലും ഏറ്റവും വലിയ അസുരരൂപം നിർമിക്കുന്നതുമായി ബന്ധപ്പെട്ടു മത്സരങ്ങൾ നടത്താറുണ്ട്. നരകാസുര ചതുർദ്ദശി ദിവസം അതായതു ദീപാവലിക്കു തലേനാൾ, നേരത്തെ നിർമിക്കപ്പെട്ട നരകാസുരന്റെ കോലം കത്തിക്കും. ആഘോഷങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഗോവയിൽ ദീപാവലിയും കെങ്കേമമായി ആഘോഷിക്കപ്പെടാറുണ്ട്. ചൂതാട്ടത്തിനു പ്രശസ്തമായ നാടാണ് ഗോവ. ദീപാവലി നാളുകളിൽ, ധാരാളം ആളുകളുടെ പ്രാതിനിധ്യത്തോടെ ചൂതാട്ടം  നടക്കാറുണ്ടിവിടെ. ആ ദിവസങ്ങളിൽ അവിടെയെത്തുന്ന സഞ്ചാരികൾക്കും കാസിനോകളിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാവുന്നതാണ്.

വാരണാസി 

വാരണാസിയിലെ ദീപാവലി രാത്രിയ്ക്കു പൊലിമ നൽകുന്നത് വിണ്ണിലും മണ്ണിലുമല്ലാതെ വിരിയുന്ന  നക്ഷത്രങ്ങളാണ്. ഈ ദിനത്തിൽ വാരണാസി ഉറങ്ങാറില്ല. പടക്കങ്ങളാണ് അവിടെ ആഘോഷത്തിന് ശോഭകൂട്ടുന്നത്. പടക്കത്തിന്റെ ശബ്ദവും വർണപ്പൊലിമയും ഇവിടെയെത്തുന്ന സഞ്ചാരികളെ  ആകർഷിക്കുന്ന ദീപാവലി കാഴ്ചയാണ്. ഉത്സവദിനത്തിൽ വാരണാസി സന്ദർശിക്കുമ്പോൾ നദിക്കരയിലെ ഹോട്ടലുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

പൊട്ടിവിരിയുന്ന പടക്കത്തിന്റെ നാനാവർണങ്ങൾ കാണുന്നതിനു ഏറ്റവുമനുയോജ്യം നദീതീരത്തുള്ള ഹോട്ടലിലെ താമസമായിരിക്കും. ദീപാവലി ദിനത്തിൽ പുണ്യനദിയായ ഗംഗയും ആഘോഷത്തിമർപ്പിലാകും. ആ കാഴ്ചകൾ കണ്ടുകൊണ്ടു ഗംഗയുടെ തീരത്തിരിക്കുകയെന്നതുതന്നെ സുഖകരമായ അനുഭൂതിയാണ്. കൂടാതെ, ഗംഗാ ആരതി എന്നൊരു ചടങ്ങുകൂടിയുണ്ട്. മൺചിരാതിൽ കത്തിച്ചുവെച്ച ദീപങ്ങൾ നദിയിലൂടെ ഒഴുക്കിവിടുന്നു. ദീപങ്ങൾ ഒഴുകി നീങ്ങുന്ന കാഴ്ചയും അതിസുന്ദരമാണ്.

കൊൽക്കത്ത 

ദീപാവലി ദിനത്തിൽ ഇന്ത്യയിലെ മിക്കയിടങ്ങളിലും ലക്ഷ്മി ദേവിയെ പൂജിക്കുമ്പോൾ കാളിയെ ആരാധിക്കുന്നവരാണ് പശ്ചിമബംഗാളിലും ത്രിപുരയിലും അസമിലും ഒഡിഷയിലുമുള്ളവർ. കൊൽക്കത്ത നഗരത്തിലെ കാളീക്ഷേത്രങ്ങളെല്ലാം ആ ദിനത്തിൽ വിശ്വാസികളെ കൊണ്ടു നിറയും. ദേവിയെ മനോഹരമായി അലങ്കരിച്ചുകൊണ്ടു നഗരത്തിലൂടെ ആഘോഷപൂർവം പ്രദക്ഷിണം വെയ്ക്കുകയും വിശ്വാസികൾക്ക് കണ്ടുവണങ്ങാനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു. ധാരാളം ആളുകൾ പങ്കെടുക്കുന്ന ഈ പ്രദക്ഷിണം ദീപാവലി നാളുകളിൽ കൊൽക്കത്തയിലെ തെരുവുകളെ ജനസാന്ദ്രമാക്കുന്നു.

643046442

അമൃതസർ 

ദീപാവലി ദിനത്തിൽ ആരെയും ആകർഷിക്കാൻ തക്ക കാഴ്ചകളുമായാണ് അമൃതസറിലെ സുവർണക്ഷേത്രം അണിഞ്ഞൊരുങ്ങി നിൽക്കുക. ദീപങ്ങളും പടക്കങ്ങളും കൊണ്ട് ഉത്സവദിന രാത്രിയിൽ ആഘോഷത്തിമർപ്പിലാകും സുവർണക്ഷേത്രം. മാത്രമല്ല, ധാരാളം ദീപങ്ങൾ കൊളുത്തിവെച്ച നദിക്കരയും ആരെയും ആകർഷിക്കും. സന്ദർശിക്കുന്നവരുടെ  മനസ്സുനിറയ്ക്കുന്ന രാത്രികാഴ്ചകളൊരുക്കിയാണ് സുവർണക്ഷേത്രം അതിഥികളെ സ്വീകരിക്കുന്നത്.

ഗുജറാത്ത് 

ഏറെ വ്യത്യസ്തമായ രീതിയിൽ ദീപാവലി ആഘോഷിക്കാൻ താൽപര്യമുള്ള ഒരു യാത്രികനാണു നിങ്ങളെങ്കിൽ പടക്കങ്ങളുടെയും ദീപങ്ങളുടെയും അലങ്കാരപ്രഭയില്ലാതെ ദീപാവലി ആഘോഷിക്കാൻ തക്ക ഒരു സ്ഥലമുണ്ട്. ഗുജറാത്തിലെ വഡോദരയിൽ നിന്നും ഏകദേശം 270 കിലോമീറ്റർ ദൂരെ മാറി, ഗോത്രവിഭാഗങ്ങളുടെ ഒരുഗ്രാമം.

ദീപാവലിയുടെ ഏറ്റവും മനോഹര കാഴ്ചകളൊരുക്കിയാണ് അവർ നിങ്ങളെ സ്വീകരിക്കുക. കാട്ടിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾകൊണ്ട് ദീപാവലി രംഗോലി തയാറാക്കിയും തനതു കലാരൂപങ്ങൾ അവതരിപ്പിച്ചും തികച്ചും പ്രകൃതിദത്തമായ വിഭവങ്ങൾകൊണ്ടു സ്വാദൂറുന്ന ഭക്ഷണം ഉണ്ടാക്കി നൽകിയും ഏറെ സന്തോഷത്തോടെയാണ് ഇവിടുത്തെ ദീപാവലി ആഘോഷം. ട്രെക്കിങ്ങിനുള്ള സൗകര്യങ്ങൾ ഒരുക്കി തരുന്നതിനൊപ്പം തന്നെ ഈ ഗോത്രവിഭാഗങ്ങൾക്കൊപ്പം അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സന്ദർശകരെ അനുവദിക്കുന്നതാണ്. നിരവധി പുരസ്‌കാരങ്ങൾ നേടിയ ഒരു കമ്പനിയാണ് ഗോത്രവിഭാഗങ്ങളെയും അവരുടെ ഗ്രാമങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഇത്തരത്തിലൊരു ദീപാവലി ആഘോഷത്തിനു നേതൃത്വം നൽകുന്നത്. 

നത്ദ്വാരാ

രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നും ഏകദേശം 50 മിനിറ്റ് വടക്കുമാറിയാണ് നത്ദ്വാരാ ഗ്രാമം സ്ഥിതിചെയ്യുന്നത്. നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന പിച്ച്വായി പെയിന്റിംഗിനു ഏറെ പ്രശസ്തമാണ് ഈ ഗ്രാമം. ഭഗവാൻ കൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ഇവിടെ ഓരോ ചിത്രങ്ങളും വരച്ചിരിക്കുന്നത്. ദീപാവലിക്ക് ഒരാഴ്ച മുമ്പുതന്നെ ഇവിടുത്ത എല്ലാ കെട്ടിടങ്ങളുടെയും ചുമരുകൾ ചായം പൂശി മിനുക്കുന്നു.

delhi-deepavali

ദീപാവലി ദിനത്തിൽ ദേവ വിഗ്രഹങ്ങളെ അലങ്കരിച്ചുകൊണ്ടു നഗരത്തിലൂടെ പ്രദക്ഷിണം വെക്കുന്നു. ക്ഷേത്രങ്ങളിൽ നൂറുകണക്കിനു പശുക്കളെ അലങ്കരിച്ചുകൊണ്ടുവന്നു പ്രദർശനത്തിനായി നിർത്തുന്നു. കൂടാതെ, നഗരം മുഴുവൻ ധാരാളം ദീപങ്ങൾകൊണ്ടു അലങ്കരിക്കുന്നു. നത്ദ്വാരായിലെ ദീപാവലി ആഘോഷങ്ങളിൽ ചിലതുമാത്രമാണിത്. ദീപാവലി  ആഘോഷങ്ങൾ ഇവിടെ പിറ്റേന്നത്തേക്കും നീളും. അന്ന് പ്രത്യേക ഗോവര്ധന പൂജ ഉണ്ടായിരിക്കുന്നതാണ്. മഴയുടെ ദേവനായ ഇന്ദ്രനുമേൽ കൃഷ്ണൻ വിജയം വരിച്ചതിന്റെ ഭാഗമായുള്ളതാണ് ആ പൂജ.

diwali-sweets

ഡൽഹി 

ഡൽഹിയിൽ ഷോപ്പിംഗിനു ഏറ്റവുമനുയോജ്യമായ സമയമാണ് ദീപാവലി നാളുകൾ. അവിടുത്തെ തെരുവുകൾ  മുഴുവൻ അന്നേരം പ്രത്യേക ദീപാവലി മാർക്കറ്റുകൾ കൊണ്ട് നിറയും. കൈത്തറിവസ്തുക്കൾ വാങ്ങുവാൻ താല്പര്യമുള്ള ആളെങ്കിൽ ഒരിക്കലും ദസ്‌തകർ ഫെസ്റ്റിവലിനു എത്താതിരിക്കരുത്. സുന്ദർ നഗറിലെ ദിവാലി കാർണിവൽ പോലുള്ള നിരവധിയിടങ്ങൾ നഗരത്തിൽ നിരവധി സ്ഥലങ്ങളിലായുണ്ട്. ഷോപ്പിംഗ് താൽപര്യമുള്ള ഒരു  യാത്രികനാണ് നിങ്ങളെങ്കിൽ ദീപാവലി നാളുകളിൽ ഡൽഹി സന്ദർശിക്കുന്നത് നിങ്ങളെ ഏറെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA