ബിരിയാണി കഴിക്കാൻ ദിണ്ടിഗലിൽ പോയ കഥ

thalappakatti-biriyani-dindigul7
SHARE

പേരുകേട്ടാൽത്തന്നെ നാവിൽ വെള്ളമൂറുന്ന ഒരു വിഭവമുണ്ട് അങ്ങു തെക്കേതമിഴ്നാട്ടിൽ. ദിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി. രുചി കൊണ്ടും പേരിന്റെ വ്യത്യസ്തതകൊണ്ടും ലോകമെങ്ങും പ്രസിദ്ധമായ  തലപ്പാക്കട്ടി ബിരിയാണിയുടെ ജൻമനാടാണ് ദിണ്ടിഗൽ. ഒരു ബിരിയാണിക്കടയ്ക്ക്  എന്തുകൊണ്ടാണ് വിദേശരാജ്യങ്ങളിൽപോലും  പെരുമയേറുന്നത്. അക്കഥയറിയാനും ആ രുചിക്കൂട്ടു നുണയാനും ഒന്നു ദിണ്ടിഗൽ വരെ പോയിവരാം. 

വർഷങ്ങൾക്കു മുൻപ് ചെന്നെയിലെ ബ്രാഞ്ചിൽ വച്ചാണ് ദിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി നാവിലെത്തുന്നത്. അന്നു രുചിമുകുളങ്ങളെ തൊട്ടത് ആ രസക്കൂട്ടു മാത്രമായിരുന്നില്ല. ദിണ്ടിഗൽ എന്ന  പേരു കൂടിയായിരുന്നു. തലപ്പാക്കട്ടി എന്നാൽ തലപ്പാവ് എന്നുതന്നെ അർഥം. കൂടെ  തിണ്ടുക്കല്ല് എന്ന സ്ഥലനാമം കൂടി ചേർന്നപ്പോൾ ബിരിയാണിപ്രിയരുടെ ഞെരിപിരി കൊള്ളിക്കുന്ന ആ കൂട്ട് പിറന്നുവീണു. അതുകൊണ്ടു തന്നെ ഇത്തവണ  മധുരയിലേക്കുള്ളൊരു  യാത്രയിൽ സംഘം തീരുമാനമെടുത്തിരുന്നു ജൻമനാട്ടിൽ വച്ച് തലപ്പാക്കട്ടി തട്ടണമെന്ന്.  വിട് വണ്ടി ദിണ്ടിഗലിലേക്ക് എന്നായിരുന്നു പൊതു തീരുമാനം. 

thalappakatti-biriyani-dindigul4

ദിണ്ടിഗൽ പട്ടണത്തിനടുത്ത് തലയിണപോലെ ഉയർന്നു നിൽക്കുന്നൊരു പാറയുണ്ട്. അതിൽ പഴയ കോട്ടയും. തിണ്ടുക്കല്ല് എന്നായിരുന്നു ഈ പട്ടണത്തിന്റെ ആദ്യകാല പേര്. സായിപ്പിന്റെ നാവിനതു വഴങ്ങിയില്ലാത്തതുകൊണ്ട് ദിണ്ടിഗൽ എന്നാക്കി മാറ്റി. അതേ സായിപ്പിന്റെ നാവിനെ വരെ കീഴടക്കുന്ന രുചിപ്പെരുമയുടെ പേരാണ് ഇപ്പോൾ ദിണ്ടിഗൽ എന്നതു രസകരം.  

മധുരയിൽ നിന്ന് ഏതാണ് അറുപതു കിലോമീറ്റർ. നല്ല റോഡ്. പറന്നെത്താവുന്ന ദൂരം. പട്ടണമടുത്തപ്പോൾ ഗൂഗിൾ മാപ്പിൽ ദിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി റസ്റ്റോറന്റ് എന്നു ടൈപ് ചെയ്തു. ദേ കിടക്കുന്നു ഞങ്ങളുടെ കട്ടേം പടോം. തേനി മുതൽ അങ്ങു കാഞ്ചീപുരം വരെ പത്തൊൻപതു റസ്റ്ററന്റുകൾ തലപ്പാക്കട്ടിയ്ക്കുണ്ട്. എങ്കിലും ഈറ്റില്ലത്തിൽ ചെല്ലുന്നതു രസമല്ലേ. അങ്ങനെ തേടിപ്പിടിച്ച് ദിണ്ടിഗലിലെ  ആദ്യകാല റസ്റ്ററന്റുകളിലൊന്നിലെത്തി. 

കുത്തനെ ഉയർന്നുനിൽക്കുന്നൊരു കെട്ടിടത്തിൽ തലപ്പൊക്കമേറ്റാനായി തലപ്പാക്കട്ടി എന്നപേരു വലുതായിക്കാണാം. ഇടതുവശത്ത് വട്ടത്തിൽ തലപ്പാവിട്ട ഒരാളുടെ പടവുമുണ്ട്. അദ്ദേഹമാണു നാഗസ്വാമി നായിഡു. 1957 ൽ ബിരിയാണി വച്ചുതുടങ്ങുമ്പോൾ മുതൽ അദ്ദേഹത്തിനു തലപ്പാവുണ്ട്. അതുകൊണ്ടാണ് തലപ്പാക്കട്ടി എന്ന പേരു വച്ചത്. തമിഴ്നാട്ടിലെ മിക്ക മുഖ്യമന്ത്രിമാരും സിനിമാക്കാരും ഇവിടെ വന്ന് ആഹാരം കഴിച്ചിട്ടുണ്ടെന്ന് പാർക്കിങ് ഗ്രൗണ്ടിലെ വല്യ ഫ്ലെക്സ് ബോർഡ് പ്രസ്താവിക്കുന്നുണ്ട്. 

thalappakatti-biriyani-dindigul1

ഉള്ളിൽ നല്ല തിരക്ക്. ബുദ്ധിമുട്ടി ഒരു ടേബിൾ ഒപ്പിച്ചു. ചിക്കനും മട്ടണുമാണ് സ്പെഷൽ. അതിൽത്തന്നെ ചിക്കൻ ആയിരിക്കും താൻ നിർദേശിക്കുക എന്ന് വിളമ്പുകാരൻ. എന്നാൽപിന്നെ ചിക്കൻ ബിരിയാണി തന്നെ ആയിക്കോട്ടെ. അധിക സമയമെടുത്തില്ല. ആദ്യം പ്ലേറ്റ് വന്നു. പിന്നെ നന്നായി കഴുകിയ ഇളം ഇലകൾ പ്ലേറ്റിൽ സ്ഥാനം പിടിച്ചു. പിന്നാലെ നാലു ചിക്കൻ ബിരിയാണിയും.  ഉള്ളിത്തൈരും കൊളമ്പ് എന്നു പ്രാദേശികമായി അറിയുന്ന ഒരു കറിയും കൂട്ടത്തിലുണ്ട്. 

എന്താണ് ബിരിയാണിയുടെ പ്രത്യേകത

  എന്താണ് ബിരിയാണിയുടെ പ്രത്യേകത എന്നറിയേണ്ടേ? അരിയിൽ തുടങ്ങുന്നു അക്കഥ. നാഗസ്വാമി നായിഡു ആദ്യം മുതലേ തന്റെ ബിരിയാണി വേറിട്ടു നിൽക്കണം എന്നാഗ്രഹിച്ചിരുന്നു. പറക്കും സിട്ടു എന്നറിയപ്പെടുന്ന ശ്രീരാഗ ചമ്പാ അരിയാണത്രേ ബിരിയാണിയിൽ ഉപയോഗിക്കുന്നത്. 

ചിക്കൻ ഇലയിൽ ഇടുംമുൻപ് ചെറിയ അരികൊണ്ടുള്ള, നന്നായി വെന്ത, ഓരോ അരിയും വേറിട്ടുനിൽക്കുംവിധമുള്ള ബിരിയാണി റൈസ് ഒന്നു രുചിച്ചു. വായിൽ അലിഞ്ഞുചേരും എന്ന മട്ടിലാണ് ചമ്പാഅരിയുടെ കിടപ്പ്. പരിപ്പുകറി പോലൊന്നു വേറെവന്നു. അതിന്റെ പേര് ദാൽച്ച. സത്യം പറയാല്ലോ, അതും ഉള്ളിത്തൈരും അത്ര സുഖകരമല്ല. 

thalappakatti-biriyani-dindigul

എന്നാൽ  മസാലക്കൂട്ടും ചോറും തമ്മിൽ ഇത്രയും യോജിപ്പ് കണ്ടിട്ടില്ല. രണ്ടു കഷ്ണം ചിക്കനുണ്ട് പാത്രത്തിൽ. നമ്മുടെ മട്ടാഞ്ചേരി കായീസിൽ നിന്നുള്ള ബിരിയാണിയിൽ ഇച്ചിരി മഞ്ഞളും മറ്റു മസാലക്കൂട്ടും കൂട്ടിച്ചേർത്താലെന്ന പോലെയാണ് തലപ്പാക്കട്ടിയിലേത്. ചിക്കൻ മൃദുവായത്. ഒരു കിള്ളിന് വേറിട്ടു പോരുന്ന മാംസം. ഇതെല്ലാം പ്രത്യേകമായി തയാർ ചെയ്യുന്നതാണെന്നു പറയപ്പെടുന്നു. ആട്ടിറച്ചി പോലും തലപ്പാക്കട്ടിക്കാർക്കു വേണ്ടി പ്രത്യേകം ഒരുക്കുന്നതാണത്രേ. അച്ചാറും മറ്റു സിൽബന്ധികളും ബിരിയാണിയുടെ പ്രതാപത്തിനു മുന്നിൽ അത്ര പോരാ. നല്ല സർവീസ് എടുത്തുപറയാം. 

ബിരിയാണി കഴിച്ച് തിരിച്ചുപോരുമ്പോൾ ഒരു പേടിയുണ്ടായിരുന്നു. മയക്കം വരുമോ എന്ന്. ഇല്ല. അതുണ്ടായില്ല. കാരണം രുചി മാത്രമല്ല തലപ്പാക്കട്ടി ബിരിയാണിയുടെ പ്രത്യേകത. ആരോഗ്യത്തിനു ദോഷമില്ലാ എന്നതും ശ്രദ്ധേയം. നമ്മുടെ നാട്ടിൽ ബിരിയാണി കഴിച്ചാൽ പിന്നെ ഒരു പായ കിട്ടിയാൽ മതി എന്നാണല്ലോ അവസ്ഥ. അതീവ രുചികരവും വൃത്തിയാർന്നതുമായ ബിരിയാണി. വെറുതെയല്ല അറുപതു വർഷമായി തലപ്പാക്കട്ടി ബിരിയാണി ആ പെരുമ കൈവിടാതെ കാത്തുപോരുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA