Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ച് നഗരങ്ങളിലൂടെ 5000 കി.മീ യാത്ര

നചികേതസ്
3Kandariya-Temple-Khajuraho-(1)

അഞ്ച് നഗരങ്ങൾ, ആറു ട്രെയിനുകളിലായി 5000 കിലോമീറ്ററോളം യാത്ര, എല്ലാം 9 ദിവസത്തിനുള്ളിൽ. ഇങ്ങനെ പദ്ധതിയിട്ടാണ് ബംഗളൂരുവിൽ നിന്ന് കർണാടക സമ്പർക്ക്ക്രാന്തി എക്സ്പ്രസിൽ യാത്ര തുടങ്ങിയത്. ഭൂപടത്തിൽ നിന്നാണ് ഇതിനു സത്യത്തിൽ തുടക്കം കുറിക്കുന്നത്. മനസ്സിൽ എപ്പോഴോ കയറിക്കൂടിയ പൗരാണിക നഗരമായ ഖജുരാഹോ ആയിരുന്നു യാത്രയുടെ പ്രചോദനം. അതിന് തൊട്ടടുത്തുള്ള സ്ഥലങ്ങൾ പരതി വാരണസിയും മധ്യപ്രദേശിൽ തന്നെയുള്ള ഒർച്ചയും പദ്ധതിയിൽ കൂട്ടിച്ചേർത്തു. പിന്നീട് ചേർത്ത കൊൽക്കത്തയും ഒഡീഷയിലെ പുരിയും ഒരു ദീർഘകാലത്തെ സ്വപ്നം പൂവണിയിക്കുവാനായിരുന്നു. ഇന്ത്യൻ റെയിൽവേ എന്ന വടവൃക്ഷം ഈ രാജ്യമൊട്ടാകെ വേരുപിടിച്ചു കിടക്കുമ്പോൾ അകലെയായുള്ള ഈ നഗരങ്ങൾ കൂട്ടിച്ചേർക്കുക എന്നുള്ളത് അത്ര പ്രയാസകരമായ ഉദ്യമമല്ലല്ലോ.

ഇന്ത്യയെ നെടുകെ പിളർത്തിക്കൊണ്ടുള്ള 30 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ഝാൻസിയിൽ പുലര്‍ച്ചെ ട്രെയിൻ ഇറങ്ങിയപ്പോൾ മഴ പെയ്ത ഒരു രാത്രിയുടെ അവശേഷിക്കുന്ന കുളിരാണ് എന്നെ എതിരേറ്റത്. ഝാൻസി - ബ്രിട്ടീഷ്കാർക്കെതിരെ മരണം വരെ പോരാടിയ റാണി ലക്ഷ്മിബായിയുടെ നാട്. ഇവിടെ അടുത്തു തന്നെ അവരുടെ രാജകൊട്ടാരമുണ്ട്. പക്ഷേ അവിടേക്ക് പോകാൻ ഇക്കുറി സമയമില്ല. ഇപ്പോളത്തെ എന്റെ ലക്ഷ്യം 20 കിലോമീറ്റർ അകലെ ഒഴുകുന്ന ‘ബേട്ട്വ’ നദിയ്ക്കരികിലുള്ള കൊച്ചു പൗരാണിക നഗരമായ ഒർച്ചയാണ്. പ്രധാന ബസ് സ്റ്റാൻഡിൽ നിന്നുള്ള ‘ഷെയർ ഓട്ടോ’കളാണ് അവിടേക്ക് പോകാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗം.

‘ഒർച്ച’ എന്നാല്‍ ഒളിച്ചിരിക്കുന്നത് എന്നാണർത്ഥം. ഇന്ത്യൻ വിനോദസഞ്ചാര ഭൂപടത്തിൽ അത്രയൊന്നും പകിട്ട് കിട്ടാതെ ഒളിച്ചിരിക്കുന്ന ഒരു കൊച്ചു പവിഴകല്ലാണ് ഒർച്ച എന്ന കൊച്ചു പട്ടണമെന്ന് കാലെടുത്തു കുത്തിയപ്പോൾ തന്നെ എനിക്ക് തോന്നി. മനോഹരങ്ങളായതും വിശാലമായതുമായ കൊട്ടാര സമുച്ചയങ്ങളും നിഗൂഢതയുണർത്തുന്ന കൂറ്റൻ അമ്പലങ്ങളുമെല്ലാം ചെന്നെത്തുന്ന സഞ്ചാരികളെ നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് നയിക്കുന്നു.

16–ാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഈ നഗരത്തിന്റെ മുഖ്യ ആകർഷണം, നദിയുടെ ചെറിയ കൈവഴിയുടെ മറുകരയുള്ള കൊട്ടാര സമുച്ചയങ്ങൾ ആണെന്നതിന് ഒട്ടും സംശയമില്ല. പല കാലങ്ങളായി പണിതീർത്ത കൊട്ടാരങ്ങളും കമാനങ്ങളുമായി ഒരു വലിയ പ്രദേശത്ത് പരന്ന് കിടക്കുകയാണിത്. 

4Phool-Bagh-Orchha

കല്ലിൽ തീർത്ത പഴയ പാലത്തിന്റെ മറുവശത്തുള്ള കൂറ്റൻ ഗേറ്റ് കടന്നു ചെന്നാൽ സഞ്ചാരികളെ ആദ്യം വരവേൽക്കുന്നത് ഒരിക്കൽ രാജകൊട്ടാരമായിരുന്ന ‘രാജ്മഹൽ’ ആണ്. ‘ബുണ്ഡേല’ എന്ന സാമ്രാജ്യത്തിന്റെ തലസ്ഥാനമായി ഒർച്ചയെ നിർമിച്ച രാജപ്രതാപ് സിങ് എന്ന രാജാവു തന്നെയാണ് ഈ വലിയ കൊട്ടാര നിർമാണത്തിന് തുടക്കം കുറിച്ചത്. എന്നാൽ അതു പൂർത്തിയാക്കുവാനുള്ള ഭാഗ്യം ലഭിക്കാതെ, നായാട്ടിനിടയിൽ ഒരു കടുവയുടെ ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. പുരാണ കഥാസംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അതിമനോഹരമായ ചുമർചിത്രങ്ങൾ കൊണ്ട് മോടിപിടിപ്പിച്ചിരിക്കുകയാണ് കൊട്ടാരത്തിന്റെ ചുവരുകൾ. കൊത്തുപണികളാൽ സമ്പന്നമായ ജനൽ പാളികളിൽ കൂടെ വരുന്ന സ്വർണ വെളിച്ചം, ഇരുണ്ട ഇടനാഴികളിൽ മറ്റൊരു സുന്ദര ചിത്രവും വരയ്ക്കുന്നു.

അവിടെ നിന്നും നേരെ വന്നു കയറുന്നത് തൊട്ടടുത്തുള്ള ‘ജഹാംഗിർ മഹലി’ലേക്കാണ്. അക്ബറുടെ മകനായ ജഹാംഗീറുമായുള്ള സൗഹൃദബന്ധം ഉറപ്പിക്കാനാണ് അദ്ദേഹത്തിനു വേണ്ടി 16–ാം നൂറ്റാണ്ടിൽ ഈ വലിയ കൊട്ടാരം പണി കഴിപ്പിച്ചത്. രാജ്മഹലിൽ നിന്ന് വിരലിലെണ്ണാവുന്ന മീറ്ററുകൾ മാത്രം അകലത്തിലാണെങ്കിലും, വാസ്തുകലയിൽ ഈ രണ്ടു കൊട്ടാരങ്ങളും തമ്മിലുള്ള അകലം ബഹുദൂരമാണ്.

മുഗൾ വാസ്തുകലയുടെയും ബുണ്ഡേല വാസ്തുകലയുടെയും മനോഹരമായ കൂടിച്ചേരലിനാണ് ഈ കൊട്ടാരം സാക്ഷ്യം വഹിക്കുന്നത്. വിശാലമായ അതിലെ അകത്തളങ്ങളിൽ ഇരിക്കുമ്പോൾ ആ കാലഘട്ടത്തിലേക്ക് ഒന്നു പോയി കുറച്ചുകാലം രാജാവായി അങ്ങനെ സുഖിച്ചു കഴിയുവാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ഞാൻ അറിയാതെ ആശിച്ചു പോയി.

7Royal-Chhatri-Orchha

കൊട്ടാരത്തിനകത്തെ കുത്തനെയേറിയ ഏണിപ്പടികളാണ് ഒരു അഭംഗി. ഇത്രയും മനോഹരമായ നിർമ്മിതികൾ പണി തീർത്ത വാസ്തു ശില്പികൾ എന്തിനാണ് ഇത്രയും ബുദ്ധിമുട്ടേറിയ പടികൾ നിർമ്മിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. അക്ബറുടെ പിതാവായ ഹുമയൂൺ ഇതുപോലൊരു ഗോവണി പടിയിൽ നിന്നു കാലുതെറ്റി വീണാണല്ലോ കൊല്ലപ്പെട്ടതു തന്നെ!

ജഹാംഗീർ മഹലിനു പുറകിലായുള്ള ‘റായ് പ്രവീൺ’ മഹലി ലേക്കായി പിന്നെയുള്ള നടത്തം.

പ്രശസ്ത കൊട്ടാരം നർത്തകി ‘റായ് പ്രവീണി’നായി സമർപ്പിച്ച ഈ കൊച്ചു കെട്ടിടത്തിന് മുമ്പു കണ്ട നിർമിതികളുടേതു പോലുള്ള പേരും പകിട്ടുമൊന്നുമില്ല. പക്ഷേ, ഈ രാജ്യത്തിന്റെ നാനാദിക്കുകളിൽ നിന്നും വന്ന കലാപ്രതിഭകളുടെ കഴിവ് പ്രകടിപ്പിച്ച വേദികളാണ് ഇതിനകത്തുള്ളതെന്ന് ഉറപ്പ്. സമീപത്തുള്ള ഉദ്യാനത്തിലെ കുറ്റിച്ചെടികൾ ഗ്രാമീണരുടെ ആട്ടിൻ കൂട്ടങ്ങൾക്കു സ്വന്തം. അവരുടെ പിന്നാലെ ഒരൽപനേരം ഞാനും അലക്ഷ്യമായി നടന്നു. ആ നടത്തം എന്നെ കൊണ്ടെത്തിച്ചത് കൊട്ടാരവളപ്പിനു പിന്നിലുള്ള കാടു പിടിച്ചു കിടക്കുന്ന സ്മാരക മണ്ഡപങ്ങളിലേക്കാണ്. സഞ്ചാരികളുടെ ശ്രദ്ധ വേണ്ടത്ര കിട്ടാത്തതിനാൽ പലതും അധികാരികളും കൈയൊഴിഞ്ഞ മട്ടിലാണ്.

Khajuraho-Erotic-sculptures

മൺസൂൺ മേഘങ്ങൾ മാഞ്ഞ് തുടങ്ങിയതോടെ ‘ഉത്തരേന്ത്യൻ ചൂട്’ പതുക്കെ അനുഭവിച്ചു തുടങ്ങി. ഉച്ചഭക്ഷണ ശേഷം പിന്നീടുള്ള നടത്തം, നഗരത്തിനു ഒത്തനടുക്കുള്ള ‘ചതുർഭുജ ക്ഷേത്രം’ കാണുവാനായിരുന്നു. രാജ്മഹലിൽ നിന്നു നോക്കുമ്പോൾ ഒരു പ്രേതഭവനം പോലെ തോന്നിപ്പിക്കും ഈ ക്ഷേത്രം. ആളുകള്‍ നിറയെ ഉണ്ടായിരുന്നിട്ടു പോലും അകത്തു കയറിയപ്പോളും മറിച്ച് തോന്നിയില്ല. അൽപം പോലും വെളിച്ചം കയറാത്ത അതിന്റെ മുകൾ നിലയിൽ നിന്നും മേൽക്കൂരയിലേക്കുള്ള ഗോവണിപ്പടി എത്ര ശ്രമിച്ചിട്ടും കണ്ടുപിടിക്കാനായില്ല. ഒടുവിൽ താഴെ നിന്ന ഒരു കാവൽക്കാരന് 20 രൂപ ‘കൈക്കൂലി’ കൊടുത്തിട്ടാണ് വഴി കണ്ടു പിടിച്ചത്. ഇരുട്ടിന്റെ മറവിൽ അവിടെ അങ്ങനെ ഒരു പടിക്കെട്ട് ഉണ്ടെന്നു തന്നെ തോന്നില്ല.

1Jahangir-Mahal

ക്ഷേത്രത്തിനു മുകളിൽ നിന്നും നോക്കുമ്പോൾ എതിർവശത്തുള്ള കൊട്ടാരങ്ങൾക്ക് അഴക് വർദ്ധിച്ചതു പോലെ. നൂറുകണക്കിനു വർഷങ്ങൾ പഴക്കമുള്ള ആ ക്ഷേത്രത്തിന്റെ മേൽക്കൂരയിൽ, മടങ്ങിവന്ന മഴമേഘങ്ങൾ സമ്മാനിച്ച തണുത്ത കാറ്റുമേറ്റ് എത്രനേരം വേണമെങ്കിലും ചിലവാക്കാൻ സാധിക്കുമെന്നു തോന്നി. പക്ഷേ, ഈ നഗരത്തിൽ ഇനിയും കാഴ്ചകൾ കാണാൻ കിടക്കുമ്പോൾ അതിനു കഴിയുന്നതെങ്ങനെ?

ബേട്ട്വ നദിക്കരയിലുള്ള ‘റോയൽ ഛത്തരീസ്’ എന്നറിയപ്പെടുന്ന ശവകുടീരങ്ങളുടെ അടുത്തേക്കായി പിന്നെ സഞ്ചാരം. കലങ്ങി ഒഴുകുന്ന പുഴയിലെ വെള്ളമൊന്നും സഞ്ചാരികൾക്ക് പ്രശ്നമേയല്ല. കൂട്ടംകൂട്ടമായി അവർ അതിലിറങ്ങി നീരാടിക്കൊണ്ടിരിക്കുകയാണ്. ഈ മഴക്കാലം കഴിഞ്ഞാൽ ഇതിലൊക്കെ നാമാവശേഷമേ വെള്ളമുണ്ടാവൂ എന്നാണ് തോന്നുന്നത്.

5Raja-Mahal-Orchha

പുഴയുടെ അരികത്ത് ഒരേ ഉയരത്തിൽ ഒരേ രൂപസാദൃശ്യമുള്ള ആറു വലിയ ശവകുടീരങ്ങൾ. അതാണ് ‘റോയല്‍ ഛത്തരീസ്’ ഓരോന്നും ബുണ്ഡേല സാമ്രാജ്യം പലപ്പോഴായി ഭരിച്ചിരുന്ന രാജ്പുത് രാജാക്കന്മാരുടെ സ്മരണാർത്ഥം പണികഴിപ്പിച്ചതാണ്. ഭംഗിയായി പരിപാലിച്ചിരിക്കുന്ന കൊച്ചു പൂന്തോട്ടം ഇതിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. എങ്കിലും ഇതിന്റെ യഥാർത്ഥ പകിട്ട് നദിക്ക് അക്കരെയായിരിക്കുമെന്ന തോന്നലിന്റെ പുറത്ത് നേരെ അപ്പുറത്തേക്ക് വച്ച് പിടിച്ചു. 

മറുവശത്തുള്ള ഉദ്യാനത്തിലെ മരപ്പലകയില്‍ സൂര്യൻ താഴുന്നതും കാത്ത് ഞാൻ കുറേ നേരം ഇരുന്നു. ഒടുവിൽ അസ്തമയ സൂര്യന്റെ ചുവന്ന വർണത്തിൽ വരച്ച ഒരു ഛായാചിത്രം പോലെയായി ആ പൗരാണിക മന്ദിരങ്ങൾ. ഒർച്ചയിൽ ഇരുട്ട് വീണു തുടങ്ങി. എന്നാൽ ഇനിയും ഒരു കാഴ്ച കൂടിയുണ്ട് ബാക്കി. രാജാമഹലിലെ ‘സൗണ്ട് & ലൈറ്റ് ഷോ’. അഞ്ഞൂറു വർഷത്തെ ഈ നഗരത്തിന്റെ ചരിത്രം മുഴുവൻ ഒരു ചലച്ചിത്രം പോലെ വിവരിക്കുന്നതാണ് ഈ പരിപാടി, അതാവട്ടെ കൊട്ടാരങ്ങളിൽ മുഴുവൻ ബഹുവർണത്തിലുള്ള പ്രകാശം പൊഴിച്ചു കൊണ്ട്. ഒര്‍ച്ചയെന്ന ഈ ഒളിച്ചിരിക്കുന്ന സുന്ദരനാട്ടിലെ സായാഹ്നം അവസാനിപ്പിക്കാൻ ഇതിലും നല്ല ഒരു വഴി ഇല്ലെന്നു തോന്നിപ്പോയി.

ഖജുരാഹോ 

അടുത്തലക്ഷ്യം ഇവിടെ നിന്നും 150 കിലോമീറ്റർ ദൂരെയുള്ള മറ്റൊരു പൗരാണിക നഗരമായ ഖജുരാഹോയാണ്. ഝാൻസിയില്‍ നിന്നും പുറപ്പെടുന്ന ഖജുരാഹോ പാസഞ്ചർ ട്രെയിനാണ് അവിടേക്ക് എത്തിച്ചേരാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. അങ്ങനെ കാലത്തെ 7 മണിക്കു തന്നെ ഒർച്ച റയിൽവേ സ്റ്റേഷനിൽ എത്തി അവിടെ നിന്ന് എന്റെ രണ്ടാമത്തെ ട്രെയിൻ യാത്ര ആരംഭിച്ചു. മധ്യപ്രദേശിന്റെ ജീവിതത്തെ ഇതിലും നന്നായി കാണാൻ വേറെ ഒരു വഴിയുണ്ടെന്നു തോന്നുന്നില്ല.

ഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക് പോകാനായി കയറിയിറങ്ങുന്ന മനുഷ്യർ. അതിനിടയിൽ തിക്കി തിരക്കി സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാർ, ഇതിന്റെ ഒക്കെ ഇടയിൽ കുറച്ചു സ്ഥലം കണ്ടെത്തി ഒരു ഉഗ്രൻ മൂർഖൻ പാമ്പിനെയും കൊണ്ട് അഭ്യാസം കാട്ടുന്ന പാമ്പാട്ടി! അങ്ങനെ പലവിധ ജീവിതങ്ങളാണ് ട്രെയിനിനകത്ത്. പക്ഷേ, എല്ലാത്തിനും ഒടുവിൽ 5 മണിക്കൂറത്തെ നീണ്ട യാത്ര കഴിഞ്ഞ് ഖജുരാഹോയിൽ എത്തുമ്പോൾ ട്രെയിനിനകത്ത് കുമിഞ്ഞു കൂടിയ ചപ്പുചവറുകൾ കണ്ടപ്പോൾ ഒരു വലിയ മാലിന്യക്കൂമ്പാരത്തിനു നടുക്കിരുന്നായിരുന്നോ ഞാൻ ഇത്രയും ദൂരം സഞ്ചരിച്ചത് എന്ന് തോന്നിപ്പോയി.

ഖജുരാഹോ – പത്താം നൂറ്റാണ്ടിൽ ബുണ്ഡേല പ്രദേശം ഭരിച്ചിരുന്ന ചണ്ഢാല രാജവംശം പണികഴിപ്പിച്ച അന്നത്തെ പുണ്യ നഗരം. നൂറു കണക്കിന് വലിയ ക്ഷേത്രങ്ങൾ നിലനിന്നിരുന്ന ഈ പ്രദേശത്ത് ഇന്ന് അതിജീവിക്കുന്നത് ഇരുപത്തഞ്ചോളം ക്ഷേത്രങ്ങൾ മാത്രമാണ്. ഈ ക്ഷേത്രകൂട്ടങ്ങളെ അവ സ്ഥിതി ചെയ്യുന്ന ദിക്കുകളെ അടിസ്ഥാനമാക്കി മൂന്നായി തരംതിരിച്ചിരിക്കുന്നു. പൗരാണികതയുടെ ആഴത്തേക്കാൾ ഈ ക്ഷേത്രചുവരുകളിൽ കൊത്തിവച്ചിരിക്കുന്ന Erotic ശില്പങ്ങളാണ് ഈ നഗരത്തിന് കൂടുതൽ പ്രശസ്തി നൽകുന്നതെന്ന് ഖജുരാഹോ എന്ന പേര് കേട്ട അന്നു മുതൽ തോന്നിയിട്ടുണ്ട്.

2Kandariya-Temple-Khajuraho

നഗരഹൃദയത്തിനടുത്തു തന്നെയുള്ള വെസ്റ്റേൺ ഗ്രൂപ്പിൽ അടുത്ത ദിവസം പോകാം എന്നു തീരുമാനിച്ച് യാത്ര കിഴക്ക് വശത്തേക്കാക്കി. നഗരത്തിന്റെ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രങ്ങൾ കാണുവാൻ പോകാൻ വാടകയ്ക്ക് കിട്ടുന്ന സൈക്കിളുകളാണ് സ്വകാര്യവാഹനങ്ങളില്ലാതെ വരുന്ന സഞ്ചാരികൾക്ക് ഏറ്റവും അഭികാമ്യം.

ക്ഷേത്രങ്ങളോട് അടുക്കുംതോറും വൃത്തിഹീനമായ വഴികളായിരുന്നു കൺമുന്നിൽ. അങ്ങനെയെങ്കിൽ ക്ഷേത്രങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് എനിക്ക് കുറച്ച് വ്യാകുലതയുണ്ടായിരുന്നു. എന്നാൽ ആശങ്കയ്ക്ക് അർത്ഥമുണ്ടായില്ല, ആയിരം കൊല്ലങ്ങൾ പഴക്കമുള്ള ആ മൂന്നു ക്ഷേത്രങ്ങളും അതിന്റെ പരിസരവുമെല്ലാം നല്ല ഭംഗിയായി പരിപാലിച്ചിട്ടുണ്ട്. ഹനുമാന്റെയും വിഷ്ണുവിന്റെയും എല്ലാം മൂർത്തികളാണ് അമ്പലങ്ങളുടെ അകത്തളങ്ങള്‍ അലങ്കരിക്കുന്നതെങ്കിൽ പുറത്ത് അതിലും സൂക്ഷ്മമായി അതിഗംഭീരങ്ങളായ ചെറു ശിൽപങ്ങളാണ് കല്ലിൽ കൊത്തി വച്ചിരിക്കുന്നത്. ഈ ഭാഗത്തുള്ള ക്ഷേത്രങ്ങളിൽ കാമചേഷ്ടികളുള്ള ശില്പങ്ങൾ നന്നേ കുറവാണ്. കൂടുതലും യുദ്ധങ്ങളേയും പുരാണ കഥകളേയും അടിസ്ഥാനമാക്കിയാണ്.

ഹിന്ദു ക്ഷേത്രങ്ങൾ മാത്രമല്ല ഖജുരാഹോയുടെ പ്രത്യേകത. ഒരു സഹസ്രാബ്ദം പഴക്കമുള്ള ജൈനമത ക്ഷേത്രങ്ങളും ഉണ്ട് ഇവിടെ. ദിവസവും ആയിരക്കണക്കിന് ഭക്തർ എത്തുന്ന ആ ക്ഷേത്രങ്ങളിൽ ആ തിരക്കുകൊണ്ട് തന്നെ അധിക നേരം ചിലവഴിക്കാൻ തോന്നിയില്ല. അവിടെ നിന്നു നീങ്ങിയത് ‘കദാർ’ നദിക്കരയിലെ ആളൊഴിഞ്ഞ ശിവക്ഷേത്രത്തിലേക്കാണ്. ചുറ്റിലും പുൽവിരിച്ച ആ ശാന്തസുന്ദരമായ സ്ഥലത്തിരുന്ന് സമയം പോയതറിഞ്ഞില്ല. തിരിച്ച് നഗരത്തിലെത്തിയപ്പോഴേക്കും സൂര്യൻ അസ്തമിക്കാറായി. ഒർച്ചയിലേതു പോലെ രാത്രി ഇവിടെയുമുണ്ട് ഒരു ‘ലൈറ്റ് & സൗണ്ട് ഷോ’. പക്ഷേ, സന്ധ്യകഴിഞ്ഞതോടെ വിരുന്നെത്തിയ കാർമേഘങ്ങൾ ഒരു ചെറിയ മഴ സമ്മാനിച്ചതോടെ അതിന് ഒരു തീരുമാനമായി!

നഗരത്തിനടുത്തു തന്നെയുള്ള വെസ്റ്റേൺ ഗ്രൂപ്പ് ഓഫ് ടെംപിൾസിലേക്കായിരുന്നു പിറ്റേന്നത്തെ സഞ്ചാരം. തലേന്ന് കണ്ടതിനേക്കാൾ വലുപ്പത്തിലും അഴകിലും പ്രൗഢിയിലും മികച്ചു നിൽക്കുന്ന ആറു ക്ഷേത്രങ്ങൾ ഉൾക്കൊള്ളുന്നതാണ് വിശാലമായ അതിന്റെ അങ്കണം. പ്രാചീനമായ ഈ അദ്ഭുതസൃഷ്ടികൾ അതുകൊണ്ടു തന്നെ ഈ UNESCO യുടെ പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടിയതിൽ ഒട്ടും തന്നെ അതിശയോക്തിയില്ല. പക്ഷേ ക്ഷേത്രങ്ങൾക്ക് എല്ലാത്തിനും ഒരു സാരൂപ്യമുണ്ട് എന്നതാണ് എനിക്ക് ഒരല്പം മുഷിപ്പുളവാക്കിയത്.

ലൈംഗിക ചേഷ്ടകൾ വർണിക്കുന്ന ശിൽപങ്ങൾ ഏറെയും ഈ ക്ഷേത്രങ്ങളിലാണുള്ളത്. ഭാരതത്തിൽ ഒട്ടനവധി ക്ഷേത്രങ്ങളിൽ ഇത്തരം ശിൽപങ്ങൾ കാണാമെങ്കിലും ഇത്രയധികം ഒരിടത്തും കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ല. ഇതിന്റെ യഥാർത്ഥ കാരണം ചിത്രകാരന്മാർക്ക് ഇപ്പോഴും ഒരു സംവാദ വിഷയമാണ്. പ്രാചീന ഭാരതത്തിൽ അതിയായ സ്വാധീനമുണ്ടായിരുന്ന ബുദ്ധജൈനമതങ്ങളിലെ നൈഷ്ഠിക ബ്രഹ്മചര്യങ്ങളിലേക്ക് ആകൃഷ്ടരായ ജനങ്ങളെ ലൗകിക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഒരു വിദ്യയെന്ന വാദമുണ്ട്. 

ഖജുരാഹോയെക്കുറിച്ചുള്ള ഒരു തെറ്റിദ്ധാരണ ഈ ക്ഷേത്രങ്ങൾ മുഴുവൻ ഇത്തരം ശില്പങ്ങൾ ആണെന്നാണ്. പക്ഷേ, അത് തെറ്റായ ധാരണയാണ് പത്ത് ശതമാനം മാത്രമേ അവ വരുന്നുള്ളൂ. എങ്കിലും ഞാൻ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ ശ്രദ്ധ മുഴുവൻ ഇന്നത്തെ പല സദാചാര രീതികളെയും തച്ചുടക്കുന്ന രീതിയിലുള്ള രതിക്രീഡകൾ കാണിക്കുന്ന ഈ ശിൽപങ്ങളിലാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

തലേന്ന് ബണ്ഡേല പ്രദേശത്തിന്റെ തന്നെ മറ്റൊരു ദിക്കിലായിരുന്നു ഞാൻ. അവിടെ നിന്ന് ഇവിടെയെത്തിയപ്പോൾ ക്ഷേത്രങ്ങളുടെ പഴക്കത്തിന്റെ ആഴം കൂടി. പക്ഷേ, അതോടൊപ്പം വാസ്തുകലയിലെ പ്രകടമായ ഒരു വലിയ വ്യത്യാസവും, അതുപോലെ തന്നെ മതങ്ങൾ എത്രയധികം പരിവർത്തനങ്ങളിലൂടെയാണ് ഇന്ന് കാണുന്ന രൂപത്തിൽ എത്തുന്നതെന്നും ഖജുരാഹോയുടെ ചരിത്രം എനിക്ക് കാട്ടി തന്നു.  ഉച്ചഭക്ഷണ ശേഷം 100 കിലോമീറ്റർ അകലെയുള്ള സത്നയിലേക്ക് തിരിക്കണം. അടുത്ത ലക്ഷ്യസ്ഥാനമായ വാരണാസിയിലേക്കുള്ള ട്രെയിൻ അവിടെ നിന്നാണ്. (തുടരും..)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.