ജലം കൊണ്ടു മൂടിയ ദേവാലയം

Shettihalli-Rosary-Church1
SHARE

ഒരു കാലത്ത് പ്രാർഥന മുഴങ്ങിയിരുന്ന ദേവാലയം. പക്ഷേ ഇപ്പോള്‍ ഒഴിഞ്ഞ നിലങ്ങൾക്കു നടുവിൽ പ്രേതക്കോട്ട പോലെ പൊട്ടിപ്പൊളിഞ്ഞ് അനാഥമായിക്കിടക്കുന്നു. കാറ്റ് വീശുമ്പോൾ അതിനുള്ളിലെ നിഴൽ മൂടിയ ഗോപുരത്തിനു ള്ളിൽ നിന്ന് ചിറകടി ശബ്ദം കേൾക്കാം....’ ഒരു ഹൊറർ നോവലിന്റെ തുടക്കമാണെന്നു തോന്നുന്നുണ്ടോ? പേടിക്കേണ്ട, ഇതൊരു കാഴ്ചയുടെ തുടക്കമാണ്. സഞ്ചാരികൾക്ക് അത്രമേൽ പരിചിതമല്ലാത്ത ഒരപൂര്‍വ കാഴ്ചയുടെ തുടക്കം. അധികമൊന്നും സഞ്ചരിക്കേണ്ടതില്ല; കേരളത്തിനടുത്തുള്ള കർണാടക ഗ്രാമമായ ഷെട്ടിഹള്ളിയിലെത്തിയാൽ മതി. അവിടെ കാണാം, നൂറ്റാണ്ടിലേറെ പഴക്കമുള്ള ‘റോസറി ചർച്ച്’ എന്ന ചരിത്ര വിസ്മയം.

ഇന്റർനെറ്റിൽ കണ്ട ചിത്രവും പരിമിതമായ വിവരങ്ങളും കൈമുതലാക്കിയാണ് ഷെട്ടിഹള്ളി ലക്ഷ്യമാക്കി യാത്രയാരംഭിച്ചത്. ഗൂഗിളിനോട് വഴി ചോദിച്ചു. കൃഷിയിടങ്ങൾക്ക് നടുവിലൂടെ, പ്രധാന നിരത്തുകളെ കീറിമുറിച്ച് ഗ്രാമചിത്രങ്ങളിലൂടെ മാപ്പ് മുന്നോട്ട് നയിച്ചു. പൂക്കളും പച്ചക്കറിയും വിൽക്കുന്ന ചെറുകവലകൾ. അണിഞ്ഞൊരുങ്ങി മാർക്കറ്റിലേക്ക് പോകുന്ന ഗ്രാമീണ പെൺകൊടിമാർ. റോഡിലേക്ക് തണൽവിരിക്കുന്ന മരങ്ങൾ....കാഴ്ചകൾക്കൊക്കെ ദൂരത്തിന്റെ കണക്കുകൾ തെറ്റി ക്കുന്ന തനി ‘കന്നടിഗ’ ഗ്രാമഭാവമാണ്.

Shettihalli-Rosary-Church-trip

തല താഴാത്ത ഗോപുരം

അപരിചിതമായ നാട്ടുവഴികളുടെ ഭംഗിയാസ്വദിച്ച് യാത്ര ‘ഹേമാവതി പാല’ത്തിലെത്തി. ബ്രിട്ടീഷ് ഭരണകാലത്ത് പിറവിയെടുത്ത പാലമാണ്. കരിങ്കല്ലുപയോഗിച്ച് ആർച്ച് ആകൃതിയിലാണ് നിർമാണം. ദൂരെ നിന്നു നോക്കുമ്പോൾ നമ്മുടെ ചെങ്കോട്ട പാലം പോലെ. താഴെ വേനൽ ചൂടിനെ വകവയ്ക്കാതെ ഒഴുകാൻ ശ്രമിക്കുന്നുണ്ട് ഹേമാവതി പുഴ. സമീപഗ്രാമങ്ങളുടെ പ്രധാന ജലസ്രോതസ്സ് ഈ പുഴയാണ്. പാലത്തിൽ നിന്ന് നോക്കുമ്പോൾ ദൂരെയായി അണക്കെട്ട് കാണാം. ഗൂഗിളിന്റെ വിവരങ്ങളും കാഴ്ചകളുമെല്ലാം ചേർത്തു വായിക്കുമ്പോൾ ഇതിനടുത്തെവിടെയോ ആണ് റോസറി ചർച്ച്. നാട്ടുകാരിലൊരാൾ വിരൽചൂണ്ടിയ വഴിയിലൂടെയായി പിന്നീട് സഞ്ചാരം. 

ചില്ലകൾക്കിടയിൽ തുരങ്കമുണ്ടാക്കിയതു പോലെ തണൽ മരങ്ങൾ അതിരിടുന്ന നീണ്ട റോഡ്. ഇരുവശവും കൃഷിയിടങ്ങളാണ്. കാളയും കലപ്പയുമായി മണ്ണിനോട് മല്ലിടുന്ന കർഷകർ നേരം വകവയ്ക്കാതെ അധ്വാനിക്കുന്നു. മാവിൻ തോപ്പുകൾക്കരികിലൂടെയുള്ള റോഡിലൂടെ പോകവെ പെട്ടെന്നാണ് ഒരു കാഴ്ച കണ്ടത്. അൽപം ദൂരെയായി ഒഴിഞ്ഞു കിടക്കുന്ന പുഴക്കരയിൽ തലയുയർത്തി നിൽക്കുന്ന ചുമരുകൾ. റോസറി ചർച്ച്! വണ്ടി റിവേഴ്സ് ഗിയറിട്ട് മൺപാതയിലേക്കിറക്കി.

അടുക്കും തോറും വെളുത്ത ചുമരുകളുടെ വലുപ്പം കൂടി വന്നു. ഒറ്റക്കാഴ്ചയിൽ തന്നെ പതിറ്റാണ്ടുകളുടെ കാലപ്പഴക്കം തിരിച്ചറിയാം. ഇന്റർനെറ്റിൽ കണ്ട ചിത്രങ്ങളൊന്നും ഒന്നുമല്ല; ഇത് അതുക്കും മേലെ. ചുമരുകൾ തകർന്ന ദേവാലയത്തിന് അകമെന്ന് പറയാൻ കാര്യമായൊന്നുമില്ല. എങ്കിലും മനസ്സിൽ അതൊരു ദേവാലയമാണല്ലോ. ഋതുക്കളുടെ പരാതിപറച്ചിലിലും ഇടറിവീഴാൻ കൂട്ടാക്കാത്ത ആർച്ചുകളിലൂടെ ‘അകത്തേക്ക്’ പ്രവേശിച്ചു. ഇളകിവീണ ചുമരുകളിലെ ഇഷ്ടികച്ചിത്രങ്ങൾ, കെട്ടിടത്തിൽ നിന്നും വേറിട്ടിട്ടും തലയുയർത്തിനിൽക്കുന്ന ചുമരുകൾ, പ്രാവ് കൂടുകൂട്ടിയ ഗോപുരം, പ്രാർഥന നടന്നിരുന്ന ഉയർന്ന തറ...കണ്ണടയ്ക്കുമ്പോൾ എല്ലാം കൂടിച്ചേർന്ന് കാലം പുറകോട്ട് പായുന്ന പോലെ. ഫ്രഞ്ച് ഗോഥിക് വാസ്തുശൈലിയുടെ നൈപുണ്യം വിളിച്ചോതുന്ന ആർച്ചു കളാണ് ദേവാലയത്തിനകത്തെ പ്രധാന ആകർഷണം. ഇതിലൂടെ നോക്കുമ്പോൾ പുഴക്കരയിലെ കാഴ്ചകളെല്ലാം ഒരൊറ്റ ഫ്രെയ്മിലൊതുങ്ങുന്നു. ഇഷ്ടിക ചേർത്തു വച്ച ചെറിയൊരു ഗോപുരം മാത്രമാണ് മേൽക്കൂര ഉണ്ടായിരുന്നു എന്ന് തെളിയിക്കാൻ ബാക്കിയുള്ളത്. 

Shettihalli-Rosary-Church2

റോസറിയുടെ ഇന്നലെകൾ

റോസറി ചർച്ചിനൊരു ഫ്ലാഷ്ബാക്കുണ്ട്. അതൊരു ഗ്രാമത്തിന്റെ കൂടി കഥയാണ്. 157 വർഷങ്ങൾക്കു മുൻപ് 1860 ലാണ് ഈ ദേവാലയം പണി കഴിപ്പിച്ചത്. തെക്കേ ഇന്ത്യയിലെത്തിയ ഫ്രഞ്ച് മിഷണറി പ്രവർത്തകർ കർണാടകയിലെ ഹാസനിലെത്തി. അപ്പോഴാണ് അവർ ഷെട്ടിഹള്ളിയെന്ന ഗ്രാമത്തെക്കുറിച്ച് കേട്ടത്. കൃഷിയും മത്സ്യബന്ധനവുമായി കഴിഞ്ഞിരുന്ന ഗ്രാമീണര്‍ക്കിടയിൽ അവർ പ്രവർത്തിച്ചു. തുടർന്ന് ഒരു ആരാധനാലയം പണി കഴിപ്പിക്കാൻ തീരുമാനിച്ചു. 

ഗ്രാമത്തിലെ പുഴക്കരയായിരുന്നു അതിനായി കണ്ടു പിടിച്ച സ്ഥാനം. അക്കാലത്ത് ലഭ്യമായിരുന്ന ഏറ്റവും നല്ല വസ്തു ക്കളുപയോഗിച്ച് ഫ്രഞ്ച് വാസ്തുവിദ്യ അടിസ്ഥാനമാക്കി ദേവാലയത്തിന്റെ നിർമാണം ആരംഭിച്ചു. നാട്ടുകാർ‍ അത്രയും കാലത്തിനിടെ കണ്ടിട്ടില്ലാത്ത മനോഹരമായൊരു കെട്ടിടമു യർന്നു. അതിനു പേരുമിട്ടു– റോസറി ചർച്ച്. കാലക്രമേണ പള്ളിക്കു ചുറ്റും വീടുകൾ വന്നു. കടകളാരംഭിച്ചു. ഗ്രാമത്തിന്റെ പ്രധാന കേന്ദ്രമായി റോസറി ചർച്ച് മാറി. 

Shettihalli-Rosary-Church

െവള്ളപ്പൊക്കമായിരന്നു ഷെട്ടിഹള്ളിയും പരിസരവും നേരിട്ടി രുന്ന ഏറ്റവും വലിയ പ്രതിസന്ധി. മഴക്കാലത്ത് വീടുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ഒടുക്കം 1960 ൽ വെള്ളപ്പൊക്കത്തിനു പരിഹാരമായി ഹേമാവതി പുഴയിലൊരു അണക്കെട്ട് നിർമിക്കാന്‍ തീരുമാനിച്ചു. പക്ഷേ ഒരു പ്രശ്നമുണ്ടായിരുന്നു; പുഴയോട് ചേർന്നുള്ള റോസറി ചർച്ചും പരിസ രവും വെള്ളത്തിലാവും. തുടർന്ന് ഗ്രാമീണർ മാറ്റി പാർപ്പിക്കപ്പെട്ടു. പക്ഷേ ചർച്ച് മാറ്റിവയ്ക്കാനാവില്ലല്ലോ; അങ്ങനെ നിർമിച്ച് നൂറു വർഷത്തിനിപ്പുറം ആളൊഴിഞ്ഞ ഗ്രാമത്തിനു നടുവിൽ റോസറി ചർച്ച് ഉപേക്ഷിക്കപ്പെട്ടു. ഡാമിൽ ജലനിര പ്പുയരുമ്പോൾ മുങ്ങിയും വേനലിൽ തലയുയർത്തിയുമായി പിന്നീട് ദേവാലയത്തിന്റെ അതിജീവനം.

വെള്ളത്തിലെ പള്ളി

പുഴക്കരയിലാണ് നിൽക്കുന്നതെങ്കിലും റോസറി ചർച്ച് എല്ലാ കാലത്തും ‘വെള്ളത്തിലാവില്ല’. വേനലിൽ അണക്കെട്ടിലെ ജലനിരപ്പ് താഴുമ്പോൾ കിലോമീറ്ററുകളോളം പരന്നു കിട ക്കുന്ന പുഴയോരം തലയുയർത്തും. ആ നിലങ്ങൾ തേടി ഗ്രാമീണരെത്തും. പ്രാർഥിക്കാനല്ല, കൃഷിയിറക്കാനാണ് ഈ വരവ്. ആഴ്ചകൾ കൊണ്ട് പുഴയോരം കൃഷിയിടമായി രൂപാന്തരപ്പെടും. പരന്നു കിടക്കുന്ന പച്ചപ്പിനിടയിൽ റോസറി വെളുത്ത ചുമരുകളുമായി കാവൽ നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗിയാണ്. ദേവാലയകെട്ടിടത്തിൽ നിന്നും വേറിട്ടു നിൽക്കു ന്ന കവാടത്തിൽ നിന്ന് ഹേമാവതി പുഴയിലേക്കുള്ള നടപ്പാതയുടെ ഇരുവശവുമായാണ് കൃഷി ചെയ്യുന്നത്. നിലക്കടലയും സൂര്യകാന്തിയും വിളയുന്ന മണ്ണിൽ ചൂട് കനക്കുമ്പോൾ കൃഷിക്കാർ തണലു തേടി ചർച്ചിന്റെ അവശേഷിക്കുന്ന ചുമരുകളിലെ നിഴലിലേക്കെത്തും. 

റോസറി ചർച്ചിന്റെ വാസ്തുവിദ്യയും അകക്കാഴ്ചകളും ആസ്വദിക്കാൻ നല്ലത് വേനലാണ്. മനോഹരമായ പുഴയോരത്തെ കാഴ്ചകളാസ്വദിക്കാവുന്ന കാലം കൂടിയാണിത്. പരന്നു കിടക്കുന്ന തീരത്തെ കൃഷിയിടങ്ങളും മെലിഞ്ഞൊഴുകുന്ന പുഴയുമെല്ലാം വേറിട്ട അനുഭവമാണ്. ചൂണ്ടയിട്ട് മീൻ പിടിച്ച്, കൂടാരം കെട്ടി രാപ്പാർത്ത് കാഴ്ചകളാസ്വദിക്കാം. 

തീർത്തും വ്യത്യസ്തമാണ് മഴക്കാല അനുഭവങ്ങൾ. വേനലിൽ കണ്ട നാടു തന്നെയാണോ എന്ന് സംശയം തോന്നും. പുഴയിലെ നീരൊഴുക്ക് കൂടി ജലനിരപ്പുയർന്ന് പുഴയോരം വെള്ളത്തിനടിയിലാവും. ചർച്ചും മൺപാതകളുമെല്ലാം വെള്ളം മൂടും. താഴെയൊരു ദേവാലയമുണ്ടെന്ന് ഓർമപ്പെടുത്താനായി കോൺ ആകൃതിയിലുള്ള ചുമരുകൾ മാത്രം വെള്ളത്തിൽ നിന്ന് തലപൊക്കി നിൽക്കും. ബാക്കിയെല്ലാ അടയാളങ്ങളും വെള്ളത്തിനടിയിൽ. അക്കാലങ്ങളിൽ കുട്ടവഞ്ചിയിലാണ് ചർച്ചിലേക്കുള്ള സഞ്ചാരം. ചുമരുകളോട് ചേർത്ത് കുട്ടവഞ്ചി തുഴയാൻ നാട്ടു സംഘങ്ങളുണ്ടാവും. 

ഒരിക്കൽ ഒരു ഗ്രാമത്തിന്റെ മുഴുവൻ പ്രാർഥനകളും മുഴങ്ങിയ ചുമരുകൾ വർഷവും വേനലും മാറിമാറി കടന്ന് തകർന്നു തുടങ്ങിയിട്ടുണ്ട്. ചുമരുകൾ തമ്മിലുള്ള ബന്ധം അറ്റു പോയിരിക്കുന്നു. വെളുത്ത നിറമടർന്ന് അകത്തെ ഇഷ്ടികച്ചുവപ്പ് തലപ്പൊക്കിയതു കാണാം. എങ്കിലും നിലംപൊത്താൻ കൂട്ടാക്കാതെ, ചരിത്രത്തിന്റെ തിരുശേഷിപ്പായി, ഒറ്റയായി റോസറി ചർച്ച് ഇന്നും നിലനിൽക്കുന്നു. ഗോപുരത്തിൽ കൂടുകൂട്ടിയ പ്രാവുകളുടെ പ്രാർഥനയാവും കൂട്ടിനുള്ളത്.  

അറിയാം

കർണാടകയിലെ ഹാസനടുത്ത് ഷെട്ടിഹള്ളിയിലാണ് റോസറി ചർച്ച്. വിനോദസഞ്ചാരത്തിനു പ്രശസ്തമല്ല ഷെട്ടിഹള്ളി. അതുകൊണ്ടു താമസ സൗകര്യങ്ങളും മറ്റും വളരെ പരിമിതമാണ്. 21കിലോമീറ്റർ ദൂരത്തുള്ള ഹാസനാണ് അടുത്തുള്ള പ്രധാന പട്ടണം. റോസറി ചർച്ചിനു സമീപം കടകളൊന്നുമില്ല. കുടിവെള്ളം, അത്യാവശ്യത്തിനു വേണ്ട ഭക്ഷണം എന്നിവ കയ്യിൽ കരുതണം. പുഴയിലും പരിസരങ്ങളിലും സാഹസത്തിനു മുതിരരുത്. സ്വന്തം വാഹനത്തിൽ പോകുന്നതാണ് എളുപ്പം.

വയനാടിൽ നിന്ന് 198 കിലോമീറ്ററാണ് ദൂരം. മാനന്തവാടി–കുട്ട–ഗോണികുപ്പ– കുശാൽനഗർ–അറക്കലഗുഡ്–ഗോരൂർ വഴി റോസറി ചർച്ചിലെത്താം. ഏകദേശം അഞ്ചു മണിക്കൂറോളം യാത്രയുണ്ട്. കണ്ണൂരിൽ നിന്ന് 195 കിലോമീറ്റർ. മട്ടന്നൂർ–കുടക് റോഡിലൂടെ ചെന്ന് കർണാടക സംസ്ഥാനപാത 91 വഴി ലക്ഷ്യത്തിലെത്താം.

ഫോട്ടോ : ബാദുഷ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA