നൈസാമിന്റെ സുന്ദര നഗരി; കണ്ടു തീരാനാകാതെ ഹൈദരാബാദ്

513250752
SHARE

കണ്ട കാഴ്ചകളേക്കാൾ അധികമാണു കാണാത്തത് എന്നത് അതിശയോക്തിയല്ല ഹൈദരാബാദ് കണ്ടവർക്ക്. കുറേ ഒാടി നടന്നു കണ്ടാലും തിരികെ പോകാൻ നേരം മനസ്സിലാകും, ഇനിയുമേറെ കാണാൻ ബാക്കിയുണ്ടെന്ന്. അതെ, ചരിത്രം ഒരുപാട് ഉറങ്ങിക്കിടക്കുന്നു നൈസാമിന്റെ  സുന്ദര നഗരിയിൽ. ദക്ഷിണേന്ത്യയിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ‘ഡെവലപ്ഡ്’ ആയ എണ്ണം പറഞ്ഞ മെട്രോ നഗരങ്ങളുടെ കണക്കെടുപ്പിൽ ഹൈദരാബാദ് ഒട്ടും താഴെയല്ലാതെ തല ഉയർത്തി നിൽക്കുകയാണ് ഭ്രമിപ്പിക്കുന്ന കാഴ്ചകളുമായി ഞങ്ങൾക്ക് മുന്നിൽ. മുൻ കൂട്ടി പ്ലാൻ ചെയ്ത യാത്രകളേക്കാൾ അവിചാരിതമായി പോകുന്ന യാത്രകളാണ് എന്നും അനുഭവത്തിന്റെ  വെളിച്ചത്തിൽ രസകരമായിട്ടുള്ളത്. പത്ര താളുകൾ അലസമായി മറിച്ചു നോക്കുന്നതിനിടയിൽ എപ്പോളോ ആണ് എയർ ഏഷ്യ ഡൊമസ്റ്റിക് റൂട്ടുകളിൽ ഓഫർ എന്ന ബിസിനസ്‌ വാർത്തയിൽ കണ്ണ് എത്തിയത്. പിന്നെ ഒന്നും നോക്കിയില്ല സ്ഥിരം ടൂർ സഹ യാത്രികന്മാരുടെ ഗ്രൂപ്പിൽ മെസേജ് ഇട്ടു. 

എന്റെ ലീവ് ശരിയാകും മുൻപേ തന്നെ ബാക്കി നാലു പേരും ലീവ് റെഡി ആക്കി എടുത്തു. ലീവ് കിട്ടുമോ എന്ന് ഉറപ്പില്ലാത്ത അവസ്ഥയിലും യാത്രയുടെ ആവേശത്തിൽ കൊച്ചി –ഹൈദരാബാദ് ഫ്ലൈറ്റ് ഒരാൾക്ക് 2000രൂപ വീതം മുടക്കി ബുക്ക് ചെയ്തു. ഇങ്ങോട്ട് കൂടി ബുക്ക് ചെയ്യാൻ അപ്പോൾ തോന്നിയില്ല. ഇതിനു മുൻപ് ഇതേ പോലെ ബെംഗളൂരു പോയ അനുഭവം ഉള്ളതിനാൽ വിമാനം അത്ര കൗതുകം ആയി തോന്നിയില്ല. എന്നാൽ പോലും വീടിനു മുകളിൽ വിമാനം മുരളുന്ന ശബ്‌ദം കേട്ടാൽ കൊച്ചു കുട്ടിയെ പോലെ ഇറങ്ങി നോക്കുന്ന സ്വഭാവം ഇപ്പോഴും കൂടെ ഉണ്ട്.

അതെ, ചില കാര്യങ്ങൾ അങ്ങനെ ആണ്. നമ്മൾ എത്ര വലുതായാലും ഉള്ളിന്റെയുള്ളിൽ ഓടി കളിച്ചു നടക്കുന്ന ഒരു നിഷ്കളങ്ക ബാല്യം എല്ലാവരിലും ഉണ്ടാകും. തിരക്കുകൾ അഭിനയിച്ചു ഓടി നടക്കുന്നതിനിടയിൽ ബാക്കി ആകുന്നത് അത്തരം കൗതുകം നിറഞ്ഞ കാഴ്ചകൾ ആയിരിക്കും എന്നതിൽ സംശയം വേണ്ട. കോഴിക്കോടും മലപ്പുറത്തും ജോലി ചെയുന്ന ഞങ്ങൾ രണ്ടു പേർ എയർപോർട്ടിൽ വിമാനം പുറപ്പെടുന്ന സമയത്തിനു രണ്ടു മണിക്കൂർ മുൻപേ എത്തിയിട്ടും കൊച്ചി, കോട്ടയം എന്നിവിടങ്ങളിൽ ജോലി ചെയുന്ന മറ്റു രണ്ടു പേർ എത്തിയത് ചെക്കിങ് സമയത്തിനു 15 മിനുട്ട് കൂടി സമയം ഉള്ളപ്പോഴായിരുന്നു. മഴ, റോഡ് ബ്ലോക്ക് തുടങ്ങിയ പതിവ് പരാതി കെട്ടുകൾ തുറക്കാൻ ഉള്ളതിനാൽ വൈകിയത് എന്തെന്ന ചോദ്യം ഉപേക്ഷിച്ചു.

Hyderabad-Trip3

രാവിലെ 10.15നു ടേക്ക് ഓഫ് ചെയ്ത വിമാനത്തിനു മുന്നിൽ നിന്നും സെൽഫി എടുത്ത് എഫ്ബിയിൽ പോസ്റ്റ്‌ ചെയ്യാൻ തിടുക്കം കൂട്ടുന്നവനെ ഉൾപ്പെടെ വലിച്ചു കയറ്റി നെടുമ്പാശ്ശേരിയിൽ നിന്നും ഹൈദരാബാദ് രാജിവ്ഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തിൽ 11.30ഓടെ വിമാനം നിലംതൊട്ടു. ഹൈദരാബാദ് നഗരത്തിൽ‌നിന്നും ഏകദേശം 25 കിമീ അകലെയാണ് 2008ൽ പ്രവർത്തനമാരംഭിച്ച ഇൗ വിമാനത്താവളം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുശേഷം പൊതുജനപങ്കാളിത്തത്തേടെ നിർമിച്ച വിമാനത്താവളവും ഇതുതന്നെ. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളുടെ സംയുക്ത തലസ്ഥാന നഗരം കൂടിയാണ് തെലങ്കാനയിൽ സ്ഥിതി ചെയ്യുന്ന ഹൈദരബാദ് . മനുഷ്യനിർമിത തടാകമായ ഹുസൈൻസാഗറിനാൽ വേർതിരിക്കപ്പെട്ട ഹൈദരാബാദ്–സെക്കന്തരാബാദ് ഇരട്ട നഗരങ്ങൾക്കിടയിലായിരുന്നു ഞങ്ങളുടെ തുടർന്നുള്ള രണ്ടു ദിനരാത്രങ്ങൾ. എയർപോർട്ടിൽ നിന്നും നമ്പള്ളി റെയിൽവേ സ്റ്റേഷനു സമീപത്തെ താമസസ്ഥലം വരെ ഒാല ടാക്സി സർവീസിനെയാണ് ആശ്രയിച്ചത്. ഏതാണ്ട് 600–നടുത്ത തുകയാണ് ഇൗടാക്കിയത്.

വിലപേശലുകളുടെ നഗരം

എന്തിനും എവിടെയും വിലപേശലുകൾ നടക്കുന്ന നഗരമാണ് ഹൈദരാബാദും പരിസരപ്രദേശങ്ങളും. ഞങ്ങൾ നാലുപേരാണുണ്ടായിരുന്നത്. ട്രിപ്പിനിടയിൽ രണ്ടു റൂമിലെ താമസം അതിന്റെ രസം കളയുന്ന ഒന്നാണ്. അതിനാൽ തന്നെ ഒരു വലിയ റൂമെടുക്കാനാണു തീരുമാനിച്ചത്. മൂന്നു നാലിടങ്ങളിൽ പോയി ചാർജും സൗകര്യങ്ങളും നോക്കിയ ശേഷം ആദ്യം പോയ ഇടത്തു തന്നെ ഞങ്ങൾ തിരിച്ചെത്തി.

ഞങ്ങൾ ഇറങ്ങിപോകുന്നത് കണ്ടപ്പോൾ റേറ്റ് അൽപം കുറയ്ക്കാമെന്നു വാഗ്ദാനം ലഭിച്ചതും എ.സി ഉൾപ്പെടെ വൃത്തിയുള്ള റൂമാണെന്നു ബോധ്യപ്പെട്ടതും അവിടെ തന്നെയായിരുന്നു. 1300 രൂപയ്ക്ക് ഒരുദിവസം എന്ന കണക്കിൽ രണ്ടുദിവസത്തേക്ക് റൂം ബുക്ക് ചെയ്തു. ഒാേട്ടാറിക്ഷക്കാരും കച്ചവടക്കാരും എല്ലാം വായിൽ തോന്നിയ ചാർജാണ് ആദ്യം പറയുന്നത്. കൂളിങ് ഗ്ലാസ് 250 എന്നു പറഞ്ഞത് അയാൾ തന്നെ 50–ലേക്ക് എത്തിച്ചത് കണ്ടപ്പോൾ ചിരിയാണ് വന്നത്. കാര്യമായ ഹിന്ദിയോ പ്രാദേശിക ഭാഷയോ അറിയുന്ന ആരും ഞങ്ങളുടെ കൂട്ടത്തിൽ ഇല്ലാതിരുന്നത് അയാളുടെ ഭാഗ്യം. അല്ലെങ്കിൽ ആ കൂളിങ് ഗ്ലാസ് അയാൾ ചുമ്മാ തന്നിട്ടു പോയേനെ എന്നു മനസ്സിൽ വെറുതെയോർത്തു.

Hyderabad-Trip4

ചാർമിനാറിലെ സായംസന്ധ്യ

ചാർമിനാറിനു തറക്കല്ലിടുന്ന വേളയിൽ കുതുബ് ഷാ രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ ഇപ്രകാരം പ്രാർഥിച്ചിരുന്നുവത്രേ - ‘അല്ലാഹുവേ, ഈ നഗരത്തിനു ശാന്തിയും ഐശ്വര്യവും നൽകേണമേ. എല്ലാ ജാതിയിലും മതത്തിലും പെട്ട കോടിക്കണക്കിനാളുകൾക്ക് ഈ നഗരം തണലേകണമേ’. ശരിയാണ്, വഴികളെല്ലാം ഇവിടെ സംഗമിക്കുന്നു, അല്ലെങ്കിൽ എല്ലാ വഴികളും എപ്പോഴെങ്കിലും ഇവിടെ കൂടിച്ചേരുന്നു. ഇൗ മിനാരങ്ങളും ചുറ്റുമുള്ള തെരുവോരങ്ങളും എത്രയോ അധികം ജനങ്ങളുടെ ഉപജീവന മാർഗം കൂടിയാണ്.

കുപ്പിവളകളുടെയും  മുത്തുമാലകളുടെയും അഭൂതസംഗമ കേന്ദ്രം കൂടിയാണിവിടം. നൂറുകണക്കിനു കച്ചവടക്കാർ വെറുതെ ഒന്നു നോക്കിയാൽ നമ്മിലേക്കെത്തും. വിലപേശലും വാങ്ങലും ഒാരോരുത്തരുടെ മിടുക്ക് പോലിരിക്കും. പത്തുരൂപയ്ക്ക് കരിമ്പിൻ ജ്യൂസ് ഇവിടെ കിട്ടും. 100-150 രൂപയ്ക്ക് ബാഗും ചെരുപ്പുമുൾപ്പെടെ വാങ്ങാം. വൈകുന്നേരങ്ങളിലെ തിരക്കിൽ പോക്കറ്റടി ഉൾപ്പെടെ പ്രതീക്ഷിച്ചു ജാഗരൂകരായി വേണം മക്കാ മസ്ജിദും മിനാരങ്ങളും പ്രാവുകളും വിസ്മയം തീർക്കുന്ന ഇൗ കഥകളുടെ സംഗമഭൂമിയിൽ അലിഞ്ഞുചേരാൻ. ഇരുട്ട് മിനാരങ്ങളെ ചുംബിച്ച് തുടങ്ങിയപ്പോൾ ഞങ്ങൾ പുറത്തേക്ക് കടന്നു.

Hyderabad-Trip1

പ്രശസ്തമായ ഹൈദരാബാദി ബിരിയാണിയുടെ രുചിക്കൂട്ട് വലയം ചെയ്തപ്പോൾ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുമായിരുന്നില്ല. ഇവിടുത്തെ പോലെ ഒാരോരുത്തർക്കും ഒാരോ ബിരിയാണി വാങ്ങേണ്ട കാര്യമില്ല. രണ്ടു േപ്ലറ്റ് വാങ്ങിയാൽ നാലുപേർക്ക് ആസ്വദിച്ച് കഴിക്കാം. 400 രൂപയ്ക്കടുത്താണ് ബിൽ ആയതെന്നാണ് ഒാർമ. ഉറങ്ങാൻ കിടന്നപ്പോഴും മിനാരങ്ങൾ തണൽ വിരിച്ച് നിൽക്കുന്നതു പോലെ തോന്നി.

ഹൈദരാബാദിലെ ‘അന്റാർട്ടിക്ക

അഞ്ചു ഡിഗ്രിയോളം താണ തണുപ്പിൽ, മഞ്ഞു കട്ടകേളാടു കൂട്ടുകൂടാൻ ഒരവസരം കിട്ടാൻ 500 രൂപ ചെലവാകും. ഏതാണ്ട് ഒരുമണിക്കൂർ നേരം, ഇവിടെ നിന്നും തരുന്ന പ്രത്യേക ട്രാക്ക് സ്യൂട്ടും ഷൂസും സോക്സും അണിഞ്ഞാണ് അകത്തുകയറേണ്ടത്. ചാർമിനാർ സന്ദർശിച്ച ശേഷം രാത്രി 7 മണിയോടെ വിലപേശലിനൊടുവിൽ 160 രൂപ നിശ്ചയിച്ച് ഒരു ഒാേട്ടാ പിടിച്ച് നേരെ വിട്ടു. അവിടെ എത്തിയപ്പോൾ, വഴി കൂടുതൽ ഒാടി എന്നൊക്കെ പറഞ്ഞ് ഡ്രൈവർ രൂപ 200 വാങ്ങിച്ചെടുത്തു എന്നതു സ്വകാര്യം. വിവിധ ഗെയിമുകളും കൃത്രിമപ്പാറയുടെ മുകളിലൂടെ തെന്നി ഇറങ്ങാൻ തയാറാക്കിയ പ്രത്യേക പായയും ആസ്വാദ്യകരം തന്നെയാണ്.

എന്നാൽ അരമണിക്കൂർ പിന്നിടും മുന്‍പു തന്നെ കാലിലൂടെ തണുപ്പ് അരിച്ചു കയറാൻ തുടങ്ങും. മുഴുവൻ െഎസായതിനാൽ മാറി നിൽക്കാൻ ഇടവുമില്ല, അനുവദിക്കപ്പെട്ട സമയം പിന്നിടും മുൻപു തന്നെ കയറിയവർ എല്ലാം തിരിച്ചു പുറത്തിറങ്ങുമെന്നതാണ് സ്നോവേൾഡിെൻറ പ്രത്യേകത. നാട്ടിലൊരു ചൊല്ലുണ്ടല്ലോ, പുകച്ചു പുറത്തു ചാടിക്കുക എന്നത് അക്ഷരാർഥത്തിൽ യാഥാർഥ്യമായി. പുറത്തിറങ്ങി ഷൂസ് ഉൗരിയപ്പോൾ എന്നോട് കൂട്ടുകൂടി മടുക്കാത്ത ഏതാനും െഎസ് കഷ്ണങ്ങളും ഉണ്ടായിരുന്നു. തിരിച്ച് പതിവുപോലെ വിലപേശി ഒാേട്ടാക്കാരൻ 120 രൂപയ്ക്ക് സമ്മതിച്ചു. അങ്ങനെ തിരികെ നമ്പള്ളി നഗരത്തിരക്കിലൂടെ അൽപ്പം ഉലാത്തിയ ശേഷം പിറ്റേന്ന് രാമോജി ഫിലിം സിറ്റി കാണാൻ നേരത്തെ എണീക്കണമെന്ന് പ്ലാൻ ചെയ്ത് കിടന്നുറങ്ങി. എന്തുചെയ്യാം, ഉറങ്ങണമെന്ന് ആഗ്രഹിച്ചാൽ അത് കിട്ടാറില്ല, ഒട്ടും ആഗഹിക്കാത്ത സമയത്ത് കലശലായ ഉറക്കത്തിെൻറ ‘അസുഖം’ വന്നു ചേരുകയും ചെയ്യുന്നത് എന്തു കഷ്ടമാണ് അല്ലേ! കുറേനേരം ടിവിചാനലുകൾ തലങ്ങും വിലങ്ങും മാറ്റിയതിനൊടുവിൽ അർധരാത്രി ഏതോ സമയത്താണ് ഉറങ്ങിപ്പോയത്.

രാമോജി-ഒരു മായാനഗരി

ക്യാമറയുമായി വന്നാൽ നമ്മൾ സ്വപ്നത്തിൽ കാണുന്ന കൊട്ടാരങ്ങളും കുതിരയെ പൂട്ടിയ രഥവും താജ്മഹലും എന്നുവേണ്ടതെല്ലാം പകർത്തി തിരിച്ചുപോകാനാകും. അതാണ് ദക്ഷിണേന്ത്യയിലെ ‘ഹോട്ട്’ ഫിലിം ഡെസ്റ്റിനേഷനായ രാമോജി ഫിലിം സിറ്റിയുടെ പ്രത്യേകത. ഒരു സിനിമയ്ക്ക് വേണ്ടതെല്ലാം ഇവിടെ മുൻകൂട്ടി തയാറാക്കി വെച്ചിരിക്കുന്നു. 1250 രൂപയുടെ ടിക്കറ്റ് എടുത്തപ്പോൾ ഇതിനുമാത്രം എന്താണുള്ളതെന്നും എത്ര ബിരിയാണി കഴിക്കാമായിരുന്നു എന്നും മനസിൽ തോന്നിയിരുന്നു. തലേന്ന് ഉറങ്ങാൻ വൈകിയതിനാൽ രാവിലെ 10 മണിയോടെയാണു ഞങ്ങൾ നാൽവർ സംഘം റെഡിയായത് എന്നു പറയേണ്ടതില്ലല്ലോ. 560 രൂപ എന്ന് ഒാൺലൈനിൽ കാണിച്ചതനുസരിച്ച് ആശ്രയിച്ച യൂബർ ഡ്രൈവറും ഞങ്ങളെ പറ്റിച്ചു, വഴി മാറി ഒാടേണ്ടി വന്ന കണക്കൊക്കെ പറഞ്ഞ് 1206 രൂപ ഇൗടാക്കി.

റേറ്റിങ്ങിൽ ഏറ്റവും കുറഞ്ഞ സ്റ്റാറും അമിത നിരക്ക് ഇൗടാക്കിയെന്ന പരാതിയും അയച്ചു തൃപ്തിപ്പെടുകയേ അന്യനാട്ടിൽ കാര്യമുള്ളൂ. ഹെറിറ്റേജ് സ്റ്റൈലിൽ രൂപപ്പെടുത്തിയ റെഡ്ബസുകൾ ഇവിടെയെത്തുന്നവർക്കു കാഴ്ചകൾ കാണാനായി തലങ്ങും വിലങ്ങും ഒാടിക്കൊണ്ടേയിരിക്കുന്നു. 2000 ഏക്കറോളം വിസ്തൃതിയുള്ള ഇതിനകത്തുകൂടിയുള്ള യാത്രയിൽ ഫിലിം സിറ്റി അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള ഗൈഡും ബസിൽ നമുക്കൊപ്പമുണ്ടാകും. വിമാനത്താവളം, ലണ്ടൻ നഗരത്തിെൻറ തനിപ്പകർപ്പ്്, നാട്ടിൻപുറത്തെ വീടുകൾ, ബാഹുബലി സെറ്റ് തുടങ്ങി എണ്ണമറ്റ വിസ്മയങ്ങൾക്കു സമീപം ബസ് നിർത്തി കാഴ്ച കണ്ട ശേഷം അതിൽ തന്നെ മടങ്ങാൻ സൗകര്യമുണ്ട്. പ്രത്യേകം ലൈറ്റ് സൗണ്ട് ഷോകളും ഇതിനിടയിൽ സജ്ജീകരിച്ചിരിക്കുന്നതു മടുപ്പില്ലാതാക്കും. കുപ്പിവെള്ളത്തിന് ഒഴികെ എല്ലാ ഭക്ഷ്യസാധനങ്ങൾക്കും വില കൂടുതലാണെന്നത് എടുത്തുപറയുന്നില്ല.

Hyderabad-Trip

പൊരിവെയിലത്ത് കുറെ അലഞ്ഞു തിരിഞ്ഞു വൈകുന്നേരമാകുേമ്പാൾ അവിടുന്ന് കുപ്പിവെള്ളം എങ്കിലും വാങ്ങിപ്പോകും എത്ര പിശുക്കനാണേലും. കുറ്റം പറയരുതല്ലോ, കിലോമീറ്ററുകൾ ഇടവിട്ട് പ്യൂരിഫൈ ചെയ്ത കുടിെവള്ള പൈപ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 11ന് അകത്തു കയറിയ ഞങ്ങൾ രാത്രി 8ന് ഇറങ്ങിപ്പോകേണ്ട സമയം വരെ അവിടെ ചെലവഴിച്ചു. നന്നേ ക്ഷീണിതരായിരുന്നു എല്ലാവരും. അതിനാൽ തന്നെ പരമാവധി ചെലവ് കുറച്ച് യാത്രകൾ ക്രമീകരിക്കുക എന്ന തീരുമാനമൊക്കെ മാറ്റേണ്ടി വന്നു. തിരിച്ച് എൻട്രൻസിലെത്തിയപ്പോൾ എങ്ങനെയെങ്കിലും റൂമിൽ എത്തിയാൽ മതിയെന്നായി മൂഡ്. നാമ്പള്ളിയിൽ നിന്നും ഇൗടാക്കിയ തുകയുമായി തട്ടിച്ചുനോക്കുേമ്പാൾ 600 രൂപ കൊടുത്ത് പ്രത്യേക ബസ് സർവീസ് ബുക്ക് ചെയ്തതിൽ നഷ്ടം തോന്നിയില്ല എന്നു പറഞ്ഞാൽ മതിയല്ലോ. അങ്ങനെ ആശ്വസിക്കാതെ മറ്റു നിവൃത്തിയില്ല താനും. ആദ്യ ദിവസത്തെ മട്ടൻ ബിരിയാണി രണ്ടാം ദിനം ചിക്കനു വഴിമാറി. ചിക്കനായാലും മട്ടനായാലും വില ആദ്യ ദിവസത്തെ അപേക്ഷിച്ച് വലിയ വ്യത്യാസമൊന്നുമില്ല. രണ്ടു ഫുൾ ബിരിയാണി കൊണ്ട് നാലുപേർക്ക് ലാവിഷായി.

ഗോല്‍ക്കൊണ്ട കോട്ടയുടെ മുകളറ്റത്ത്

ചരിത്രം ബാക്കി വെക്കുന്ന കാഴ്ചകളാണു വരും തലമുറയ്ക്കുള്ളത്. വിസ്മയം എന്ന വാക്കിനാൽ തീരുന്നതല്ല നൂറ്റാണ്ടുകൾക്കു മുൻപു പണികഴിപ്പിച്ച ഇൗ കോട്ടയും അകത്തളങ്ങളും. കോട്ടയുടെ അകത്തേക്കു പ്രവേശിക്കുമ്പോള്‍ കാണുന്ന കവാടത്തില്‍ നിന്ന് കൈ കൊട്ടിയാല്‍ നിരവധി അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മുകള്‍ ഭാഗത്ത്‌ എത്തും ആ ശബ്ദം എന്നതു മാത്രം മതി അന്നത്തെ നിർമാണ വൈദഗ്ധ്യം മനസിലാക്കാൻ. കുന്ന് കയറി മുകളിലെത്തിയാൽ ഒരു ചെറിയ കടയുണ്ട്. ഇവിടെ കുപ്പിവെള്ളത്തിന് 42 രൂപയാണ് വിലയീടാക്കുന്നതെങ്കിലും കുടിച്ച ശേഷം കുപ്പി തന്നതുപോലെ തിരിച്ചുകൊടുത്താൽ 20 രൂപ കടക്കാരൻ നൽകും. കൊള്ളാം, ഇവിടെയും മാതൃകയാക്കാവുന്നതാണ്. കോട്ടയും പരിസരവും പ്ലാസ്റ്റിക് കുപ്പികളുടെ വിഹാര കേന്ദ്രമായി മാറാത്തത് ഇത്തരം ചെറിയ കരുതലുകൾ ഉള്ളതിനാൽ കൂടിയാകണം.

സലർ ജങ് മ്യൂസിയം

നിരവധി ഗാലറികളുള്ള ഇൗ മ്യൂസിയം നാലു നിലകളിലായി സജജീകരിച്ചിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാണിവിടെ. ഇറ്റാലിയൻ ശിൽപിയുടെ മാസ്റ്റർ പീസായ ‘വെയ്ൽഡ് റബേക്ക’ എന്ന ഒറ്റക്കല്ലിൽ തീർത്ത തൂവെള്ള മാർബിൾ ശില്പം ആകർഷണീയത നിറഞ്ഞതാണ്. നിരവധി ചരിത്ര ഏടുകൾ രാജവംശത്തിെൻറ ഒാർമ പുതുക്കി മ്യൂസിയത്തിൽ ഇടം പിടിച്ചിരിക്കുന്നു. മണിക്കൂർ ഇടവിട്ട് മണി മുഴങ്ങുന്ന ഘടികാരം ഉൾപ്പെടെയുള്ളവ ഇവിടുത്തെ വിസ്മയങ്ങളിൽ ചിലതുമാത്രം. അവസാന ദിനം കോട്ട കണ്ടിറങ്ങിയപ്പോൾ മൂന്നു മണി കഴിഞ്ഞിരുന്നു.

തിരികെ ട്രെയിൻ രാത്രി 8.30ന് സെക്കന്തരാബാദിൽ നിന്നായതിനാൽ മ്യൂസിയം യാത്ര റിസ്ക് നിറഞ്ഞതായിരുന്നു. സന്ദർശന ഇടങ്ങൾ നാലുമണിയോടെ പൂർത്തിയാക്കി മാർക്കറ്റിൽ ഒന്നു കറങ്ങി അൽപം പർച്ചേസ് നടത്താമെന്നു കരുതിയത് അമ്പേ പാളി. മ്യൂസിയത്തിൽ നിന്നിറങ്ങിയപ്പോൾ തന്നെ അഞ്ചു മണി. നഗരം ട്രാഫിക് കുരുക്കിൽ രൂക്ഷമാകുന്ന ഇൗ സമയത്ത് ബസിൽ കയറി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ 6.30 പിന്നിട്ടിരുന്നു. ഹൈദരാബാദി ബിരിയാണി ഒരിക്കൽ കൂടി കഴിക്കാൻ ആഗ്രഹിച്ചതും നിറവേറ്റിയപ്പോൾ സമയം എട്ടു മണി പിന്നിട്ടു. 10 പ്ലാറ്റ്േഫാമും 11ഒാളം ട്രാക്കുകളുമുള്ള സദാസമയവും തിരക്കുളള സെക്കന്തരാബാദ് സ്റ്റേഷനിൽ ബെംഗളൂരുവിലേക്കുള്ള ഗരീബ് രഥ് ഞങ്ങളെ കാത്തു കിടപ്പുണ്ടായിരുന്നു.

വിട, കാണാത്ത കാഴ്ചകൾ ഏറെ, കണ്ടത് മനോഹരവും

ഇനിയും രണ്ടു വട്ടം വന്നാലും ഹൈദരാബാദ് കാഴ്ചകൾ കണ്ടു തീർക്കാനാകുമോ എന്നറിയില്ല. മൂന്നു ദിവസം കൊണ്ട് തിരക്ക് പിടിക്കാതെ കാണാൻ കഴിയുന്നതു മാത്രമേ ഞങ്ങൾ പ്ലാൻ ചെയ്തുള്ളൂ. തിരിച്ച് വിമാനം നേരത്തേകൂട്ടി ബുക്ക് ചെയ്യാമായിരുന്നു എന്നു തോന്നിപ്പോകുന്നതായിരുന്നു എസി കോച്ച് ആയിട്ടും ട്രെയിനിലെ യാത്ര. 2800 രൂപയ്ക്കും മുകളിലായിരുന്നു ഇങ്ങോട്ട് വിമാനം ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ കാണാനായത്. ഒരുമിച്ച് ബുക്ക് ചെയ്തിരുന്നെങ്കിൽ റേറ്റ് നന്നായി കുറഞ്ഞേനെ. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ, ബെംഗളൂരു വരെ 700 രൂപക്ക് എത്തിയപ്പോൾ പിറ്റേന്ന് രാവിലെ 9 മണിയോടടുത്തായി.

എറണാകുളത്തേക്കുള്ള സ്കാനിയ ഉച്ചയ്ക്ക് ഒരുമണിക്കാണ്. 900 രൂപക്കടുത്താണ് ടിക്കറ്റ് നിരക്ക്. ബന്ദിപ്പുർ വനമേഖലയിൽ ആന ഇറങ്ങിയതിനാൽ അരമണിക്കൂറോളം നിർത്തിയിടേണ്ടിവന്നു. പുലർച്ച 3 മണിയോടു കൂടി വീടു പറ്റിയപ്പോൾ രണ്ടു ദിവസം കിടന്നുറങ്ങാവുന്നത്ര ക്ഷീണം തോന്നിയത് അങ്ങോട്ടു വിമാനത്തിൽ ഒരു മണിക്കൂർ നേരം കൊണ്ട് എത്തിയതു കൊണ്ടുകൂടിയായിരിക്കും ഒരുപക്ഷേ. യാത്രകൾ തുടങ്ങുേമ്പാൾ അവസാനിക്കരുതെന്നും തീരാറാകുേമ്പാൾ എത്താറായില്ലേ എന്നും അസ്വസ്ഥത പ്രകടിപ്പിക്കൽ എനിക്കു മാത്രമാണോ എന്ന ചോദ്യവും അവശേഷിക്കുന്നു! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA