കാടും നാടും കടന്ന് മൂന്നുദിവസത്തെ യാത്രയ്ക്ക് കിടുക്കനൊരു റൂട്ട്!

SHARE

മൂന്നുദിവസം യാത്രചെയ്തു മരിക്കണം. കാടു വേണം. നാടുവേണം. ഗ്രാമങ്ങൾ വേണം. എന്നാലോ കാറുപോകുന്നിടങ്ങളുമാകണം. ഒരു ചങ്ങാതിയുടെ യാത്രഡിമാൻഡ് ആണ് മേൽപറഞ്ഞത്. 

സംസ്ഥാനത്തിനു പുറത്ത് പോകാമോ? 

three-day-trip7

പോകാം. 

എന്നാലിതാ കിടുക്കനൊരു റൂട്ട്. ഇതിൽ രണ്ടു കടുവാസങ്കേതങ്ങളുണ്ട്. ഒരു വനഗ്രാമമുണ്ട്. മലയോരപട്ടണവും തണുപ്പും മഞ്ഞുമുണ്ട്. 

ആദ്യദിനം. 

അതിരാവിലെ എറണാകുളത്തുനിന്ന് തൃശ്ശൂർ-പട്ടാമ്പി-പെരിന്തൽമണ്ണ വഴി നിലമ്പൂരിലേക്കു പോകുക. നിലമ്പൂരിൽ ഉള്ളിലോട്ടു കയറിയാലേ കാഴ്ചകളുള്ളൂ. വേണമെങ്കിൽ പട്ടണമെത്തുന്നതിനുമുൻപ് കനോലീസ് പ്ലോട്ട് എന്ന തേക്കുതോട്ടം കണ്ടുവരാം. തേക്ക് ടൗൺ എന്ന പേര് നിലമ്പൂരിനു കിട്ടാൻ കാരണം ഈ പ്ലോട്ടിലെ തേക്കുതോട്ടങ്ങൾ കൂടിയാണ്. ലോകത്തിലെ ആദ്യത്തെ തേക്കുതോട്ടങ്ങളിലൊന്ന് ചാലിയാറിനപ്പുറം ജീവനോടെയുണ്ട്. സ്വർണവാഹിനി എന്നു പേരുണ്ടായിരുന്ന ചാലിയാറിന്റെ കുളിർജലമൊഴുക്കിനു മുകളിലൂടെ തൂക്കുപാലം. നടന്നപ്പുറം ചെന്നാൽ വൻമരങ്ങളുടെ തണൽ. തേക്കുകളെ കണ്ടു പടമെടുത്തു തിരിച്ചുവരാം. ശേഷം മുന്നോട്ട്. പോകുന്ന വഴിയിൽത്തന്നെയാണ് തേക്ക് മ്യൂസിയം. ടിക്കറ്റെടുത്ത് മ്യൂസിയം കണ്ടിറങ്ങുമ്പോൾ സമയം ഏതാണ്ട് ഉച്ച ഉച്ചരയാകും. നല്ല നാടൻ കടകളിൽനിന്ന് ബിരിയാണി കഴിച്ച് വഴിക്കടവ് കടന്ന് നാടുകാണിച്ചുരം കയറി ഗൂഡല്ലൂരിലെത്തുക. ഒട്ടേറെ സ്വകാര്യറിസോർട്ടുകൾ ഈ മലമുകൾപട്ടണത്തിലുണ്ട്. ആനകളെ കണ്ടു രാത്രിയുറങ്ങണമെങ്കിൽ മുരുകനെ വിളിക്കാം. അദ്ദേഹത്തിന്റെ റിസോർട്ടിനു തൊട്ടുതാഴെ ആനകൾ വരാറുണ്ട്. (9894009892)

three-day-trip

കാട്ടിൽത്തന്നെ താമസിക്കണമെങ്കിൽ നേരെ മുതുമലൈ കടുവാസങ്കേതത്തിലേക്കു വണ്ടിയോടിക്കുക. സന്ധ്യമയങ്ങിയാൽ ആ വഴി പോകാതിരിക്കുകയാണു നല്ലത്. ആനകൾ ധാരാളമുണ്ടാകും. സകുടുംബമാണെങ്കിൽ സന്ധ്യയാകുംമുൻപ് മുതുമല എത്താൻ നോക്കുക. മുതുമലയിൽ വനംവകുപ്പിന്റെ താമസസൗകര്യങ്ങൾ ലഭിക്കും. (കൂടുതൽ അറിയാൻ വിളിക്കുക- 9486800975). ആദ്യദിനയാത്ര കഴിഞ്ഞു. നിലമ്പൂരിന്റെയും നാടുകാണിച്ചുരത്തിന്റെയും ഭംഗി. ഗൂഡല്ലൂരിന്റെ തണുപ്പ്. മുതുമല കാടിന്റെ വന്യത എന്നിവ ആദ്യദിനത്തിൽ തന്നെ ലഭിക്കും.

രണ്ടാം നാൾ രണ്ടു കാടുകളിലേക്ക്..

ഉല്ലാസയാത്രയാണല്ലോ. അപ്പോൾ സൂര്യൻ ഉച്ചിക്കുമുകളിലെത്തുമ്പോഴാകുമല്ലോ എണീക്കുക. ഗൂഡല്ലൂരിലാണു താമസമെങ്കിൽ നേരത്തെ എണീറ്റ് മുതുമലൈ കാട്ടിലേക്കു വച്ചുപിടിക്കുക. വാഹനങ്ങൾ അധികം പോകാത്ത സമയത്താണ് മൃഗങ്ങൾ പുറത്തുവരുക. വാഹനം ആനക്കൂട്ടത്തിന്റെ അടുത്ത് നിർത്തരുത്. സെൽഫിയെടുക്കുക തുടങ്ങിയ മൃഗയാവിനോദങ്ങൾ അരുത്. കുഞ്ഞുങ്ങളുള്ള ആനക്കൂട്ടത്തിനെ വളരെ സൂക്ഷിക്കുക. അവ എല്ലായ്പ്പോഴും നമ്മെ അക്രമിക്കാൻ തയാറായിട്ടാണു നിൽക്കുക. 

three-day-trip4

ഈ കാട്ടുവഴിയിലൂടെ ചെന്നാൽ നിങ്ങളെത്തുക മുതുമലൈ കടുവാസങ്കേതത്തിന്റെ ഓഫീസിലേക്കാണ്. അതൊരു മൂന്നുംകൂടിയ കവലയാണ്. വലത്തോട്ട് ഊട്ടി, മസിനഗുഡി. നേരെ പോയാൽ കർണാടകയുടെ കാടായ ബന്ദിപ്പൂരാണ്. പിന്നെ വനഗ്രാമമായ ഗുണ്ടൽപേട്ട്.  മുതുമലയിലെ വനംവകുപ്പിന്റെ വീടുകളിലോ മസിനഗുഡിയിലോ താമസം ഒരുക്കാം.

മസിനഗുഡിയിലെ ഏതെങ്കിലും വനഗ്രാമത്തിലെ റിസോർട്ട് ബുക്ക് ചെയ്ത ശേഷം ഒന്നു കറങ്ങാം. മസിനഗുഡിയിൽ മോയാർ ഡാമിനരുകിലേക്ക് വണ്ടിയോടിക്കാം. എല്ലാം കാട്ടുവഴികളാണ്. വളരെ പതുക്കെ യാത്ര ചെയ്യുക. തിരിച്ച് മുതുമലയിൽ വന്ന് ബന്ദിപ്പൂരിലേക്കു പോകാം. സീസൺ ആണെങ്കിൽ സൂര്യകാന്തിപ്പാടങ്ങൾ നിറഞ്ഞ ഗുണ്ടൽപേട്ട് ഗ്രാമം നിങ്ങളെ ആകർഷിക്കും. ഉച്ചയ്ക്കുമുന്നേ എത്തിയാൽ ഗോപാൽസ്വാമി ബേട്ട എന്ന കുന്നിൻമുകളിലെ ക്ഷേത്രത്തിലേക്ക് വണ്ടിയോടിക്കാം. കൃഷിയിടങ്ങളിലൂടെയുള്ള മനോഹരവഴി ഒരു പക്ഷേ, തെന്നിന്ത്യയിലെത്തന്നെ അപൂർവമായൊരു ഡ്രൈവിങ് അനുഭവം നിങ്ങൾക്കു സമ്മാനിച്ചേക്കാം. ആനക്കൂട്ടങ്ങൾ, പുള്ളിപ്പുലി, രാപ്പുള്ള് എന്നീ ചങ്ങാതിമാരെ ഭാഗ്യമുണ്ടെങ്കിൽ കാണാം. 

three-day-trip5

ഉച്ചകഴിഞ്ഞ് വേഗം മുതുമലയിലെത്തുക. വൈകിട്ടത്തെ ട്രക്കിങ് ബുക്ക് ചെയ്യുക.നിങ്ങളുടെ സംഘത്തിൽ ആൾക്കാർ കുറവാണെങ്കിൽ  ബസിൽ കയറാം. നാലോ അഞ്ചോ പേരുണ്ടെങ്കിൽ ഒരു ജിപ്സി ബുക്ക് ചെയ്യുന്നതാണു രസകരം. ക്യാമറ റെ‍ഡിയാക്കി നിർത്തുക. കാടൻകാഴ്ചകൾ യഥേഷ്ടം. തിരിച്ചു റൂമിലെത്തുമ്പോൾ രണ്ടാംദിനം കടന്നുപോകുന്നു. 

മൂന്നാംനാളിൽ മലമുകളിലേക്ക്

രാവിലെ മസിനഗുഡി വനപാതകളിലൂടെയൊന്നിറങ്ങുക. ചെറുകറക്കത്തിനുശേഷം ഊട്ടിയിലേക്കു വച്ചുപിടിക്കാം. ചെറുമരങ്ങൾ അതിരിടുന്ന,  തുറസ്സായ പുൽമേടുകളുള്ള കാടുകണ്ട് മെല്ലെ യാത്ര. കല്ലട്ടിച്ചുരത്തിലേക്കാണു നാം കയറുന്നത്. മഴ പെയ്തുകിടക്കുകയാണെങ്കിൽ ഈ ചുരംവഴി ഒഴിവാക്കുക. കാരണം തെന്നിന്ത്യയിലെത്തന്നെ ഏറ്റവും അപകടകരമായ ചുരമാണ് മസിനഗുഡിയിൽനിന്ന് ഊട്ടിയിലേക്കുള്ളത്. വാഹനത്തിന്റെ ബ്രേക്ക് കണ്ടീഷൻ അല്ലേ എന്നു പരിശോധിക്കണം. ചുരം കയറി ഊട്ടിയിലെത്തുമ്പോഴേക്ക് ഒരു പതിനൊന്നു–പന്ത്രണ്ടുമണിയാകും. ഊട്ടിയിലെ സ്ഥിരം കാഴ്ചകൾക്കു കണ്ണു കൊടുക്കാതിരിക്കുക. മഞ്ഞൂർ, കൂനൂർ തുടങ്ങിയ ചെറുപട്ടണത്തിലേക്കും ചെറുഗ്രാമങ്ങളിലേക്കും വണ്ടിയോടിച്ചാൽ പണ്ടത്തെ ഊട്ടി കാണാം. 

three-day-trip3

നേരം വളരെ വൈകുന്നതിനു മുൻപ് മഞ്ഞൂരിൽനിന്നു പാലക്കാട്ടെ അഗളിയിലേക്കുളള ചുരത്തിലേക്കു പ്രവേശിക്കുക. ഈ വഴിയിൽ ഒട്ടും ട്രാഫിക് ഉണ്ടാകില്ല. രാത്രിയായാൽ പ്രത്യേകിച്ച്. മാത്രമല്ല ആന, പുലി എന്നിവ സാധാരണമാണെന്നു ചെക്പോസ്റ്റിലെ പോലിസുകാർ പറഞ്ഞതു കേട്ടിട്ടുണ്ട്. ആവശ്യത്തിന് ആഹാരം വെള്ളം എന്നിവ കരുതി, വാഹനത്തിൽ ഇന്ധനം നിറച്ചശേഷം ഈ ചുരമിറങ്ങുക. അട്ടപ്പാടി വഴി തിരികെ തൃശ്ശൂരിലേക്ക് കയറുക. അങ്ങനെ മൂന്നാംനാൾ രാത്രിയുമായി. 

രണ്ടു ദേശീയോദ്യാനങ്ങൾ ബന്ദിപ്പൂർ നാഷനൽ പാർക്ക്, മുതുമലൈ കടുവാസങ്കേതം. രണ്ടു വനഗ്രാമങ്ങൾ മസിനഗുഡി, ഗുണ്ടൽപേട്ട്. രണ്ടു ഹിൽസ്റ്റേഷനുകൾ– ഊട്ടി, ഗൂഡല്ലൂർ. മൂന്നുസംസ്ഥാനങ്ങൾ. ഇത്രയും കണ്ടുവരാൻ മൂന്നുദിവസം മതി. അപ്പോൾ പോകാം?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA