ശലഭച്ചിറകിലേറി പൂക്കളുടെ താഴ്‌വരയില്‍

travel-india
SHARE

പൂക്കളെ കൊതിച്ചു പുഴുവായിരുന്ന കാലത്ത് നിന്നാണ് ആ താഴ്‌വരയിലേക്കൊരു പൂമ്പാറ്റയായി പോകുന്ന സ്വപ്‌നം കണ്ടു തുടങ്ങിയത്. അതെ ഉടലുണരുന്നതിനു മുന്‍പ് തന്നെ മനസ്സവിടേക്ക് പുറപ്പെട്ടു തുടങ്ങിയിരുന്നു. പിന്നെ പിന്‍തുടരുകയല്ലാതെ മറ്റെന്തു ചെയ്യാന്‍. ഫ്രാങ്ക്. എസ്. സ്‌മൈത്ത് എന്ന ബ്രിട്ടീഷ് സാഹസിക സഞ്ചാരി ലോകത്തിന് പരിചയപ്പെടുത്തിയ പൂക്കളുടെ താഴ്‌വരയിലേക്കാണ്, ഹിമാലയത്തിന്റെ മടിത്തട്ടിലെ വസന്ത വിസ്മയത്തിലേക്കാണ് ഈ യാത്ര. പുരാണങ്ങളിലെ അസുലഭ പുഷ്പമായ ബ്രഹ്മ കമലം വിരിയുന്ന താഴ്‌വര. രാവണ പുത്രനായ മേഘനാദനുമായുള്ള പോരാട്ടത്തില്‍ മുറിവേറ്റ് ലക്ഷ്മണനായി ഹനുമാന്‍ മൃതസഞ്ജീവനി തേടിയെത്തിയ താഴ്‌വര. ഇന്ദ്രന്റെ പൂന്തോട്ടമായും ഈയിടത്തെ വര്‍ണിച്ചു കേട്ടിട്ടുണ്ട്.

travel-india1

വര്‍ത്തമാന കാലത്ത് ഹിമാലയം കാവല്‍ നില്‍ക്കുന്ന അഴകിന്റെ താഴ്‌വരയാണിത്. ഉത്തരാഖണ്ഡില്‍ സഞ്ചാരികളുടെ മനസില്‍ വസന്തം വിരിയിക്കാന്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പുഷ്പജാലങ്ങള്‍. കണ്ണു കണ്ടു പരിചിതമല്ലാത്ത വശ്യസൗന്ദര്യത്തോടെ നൂറ്റമ്പതിലേറെ വൈവിധ്യമാര്‍ന്ന പൂക്കളാണിവിടെ വിരിഞ്ഞു നില്‍ക്കുന്നത്. ഈ പുഷ്പരാശിയുടെ പ്രതിഫലനം കൊണ്ടു മാത്രം അരികിലൊഴുകുന്ന പുഷ്‌പാവതി നദി ചുവപ്പു രാശിയിലാണ് നിറഞ്ഞു തുളുമ്പുന്നത്.

ലക്ഷ്യങ്ങള്‍ മാറിയ യാത്ര

ഒരായുഷ്‌ക്കാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ ചിലതുണ്ടാകും ജീവിതത്തില്‍. അതിലേറ്റവും പ്രിയപ്പെട്ടതാണ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സംഭവിച്ചത്. ഒരുള്‍പ്രേരണയില്‍ നിന്നുണ്ടായ സ്വപ്‌ന സാക്ഷാത്കാരം, ഹിമാലയത്തിലേക്കൊരു യാത്ര. കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി ഒക്കെയാണല്ലോ ഹിമാലയം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേയ്ക്ക് ആദ്യമെത്തുക. എന്നാല്‍, തനിയെ ചാര്‍ ദാം യാത്ര നടത്താന്‍ തടസ്സങ്ങളുണ്ട്. അതുകൊണ്ട് ഏറ്റവും പ്രിയമുള്ള കേദാര്‍നാഥ് മാത്രം പോയിവരാമെന്ന് മനസ്സിലുറപ്പിച്ചു. ദുബായില്‍നിന്നും ഡല്‍ഹിയിലെത്തിയാല്‍ അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ലെങ്കില്‍ പെട്ടെന്ന് പോയിവരികയുമാകാം. പ്ലാനിംഗ് ഇങ്ങിനെ തകൃതിയായി നടക്കുമ്പോള്‍ ഓഗസ്റ്റ് മാസത്തില്‍ സംഭവിച്ചേക്കാവുന്ന അപ്രതീക്ഷിത മഴയെക്കുറിച്ചും വെള്ളപ്പൊക്കത്തെക്കുറിച്ചും സൂചനകളുണ്ടായിരുന്നു. ആയിടെയാണ് ഗുരുവായൂര്‍ നിന്നും കേദാര്‍നാഥ് പോയ പല മലയാളികളും കനത്ത മഴയില്‍ കുടുങ്ങിക്കിടക്കുന്നതായി വാര്‍ത്തകളെത്തിയത്. അതോടെ ചില ആശങ്കകള്‍ കേദാര്‍നാഥ് എന്ന സ്വപ്‌നത്തിന് വഴിമുടക്കിയായി. 

പൂക്കളുടെ താഴ്‌വരയിലേക്ക്

ഇനി യാത്ര സെപ്റ്റംബര്‍ കഴിഞ്ഞാകാം എന്ന് കരുതിയിരുന്നപ്പോഴാണ് ഗൂഗിളില്‍ വാലി ഓഫ് ഫ്ലവേഴ്‌സിന്റെ ചിത്രങ്ങള്‍ കണ്ണിലുടക്കി നിന്നത്. അതും ഹിമാലയത്തില്‍ തന്നെ. അന്നു വരെ കേട്ടിട്ടില്ലാത്തതിനാല്‍ അതൊരു അത്ഭുതമായിരുന്നു. വാലി ഓഫ് ഫ്ലവേഴ്‌സിനെക്കുറിച്ച് കൂടുതല്‍ തപ്പിയെടുത്തു. പലരുടെയും യാത്രാനുവങ്ങള്‍ വായിച്ചു. ചിത്രങ്ങളിലൂടെ സഞ്ചരിച്ചു. പൂക്കളുടെ താഴ്‌വരകളില്‍ ആയിടെ പോയിവന്നവരുമായി ഫെയ്‌സ്ബുക്കിലൂടെ ബന്ധപ്പെട്ടു. പതുക്കെ പൂക്കളുടെ താഴ്‌വര എന്റെ ഉറക്കം കെടുത്തികൊണ്ടിരുന്നു. പലപ്പോഴും ഉറക്കമൊഴിഞ്ഞ് ഞാന്‍ പൂക്കളുടെ താഴ്‌വരകളിലൂടെ സഞ്ചരിച്ചു. ഒഴുകിയെത്തുന്ന അരുവികളില്‍ നിന്നും കൈകുമ്പിളില്‍ വെള്ളം കോരിക്കുടിച്ചു. മലഞ്ചെരിവിന്റെ കുളിരിലൂടെ തെന്നിതെന്നി നടന്നു. തെളിഞ്ഞ ആകാശത്തിലൂടെ പറന്നിറങ്ങി. പിന്നെയൊന്നും ആലോചിച്ചില്ല. കുറഞ്ഞ ദിവസത്തില്‍ കൂടുതല്‍ ഓര്‍മ്മകള്‍ എന്ന സാക്ഷാത്കാരത്തിനായി പ്ലാനിംഗ് തുടങ്ങി. 

ഓരോ ചുവടും കരുതലോടെ

തനിച്ചാണെങ്കിലും കൂട്ടമായാണെങ്കിലും ഹിമാലയത്തിലേയ്ക്കുള്ള ഏത് യാത്രയും അപകടം തന്നെയാണ്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാവുന്ന കനത്ത മഴയും മണ്ണിടിച്ചിലും പ്രളയവും തന്നെയാണതിന് കാരണം. പ്രതികൂല കാലാവസ്ഥമൂലമുള്ള മരണങ്ങളും ഇടയ്ക്കിടെയുള്ളതാണ്. എന്നാല്‍ 2008 ന് ശേഷം അപകടങ്ങളും മരണവും വളരെ കുറവാണ്. എങ്കിലും മുന്‍കരുതല്‍ എടുക്കണം എന്ന നിര്‍ദേശം പലരില്‍നിന്നും കിട്ടി. യാത്രയില്‍ കയ്യില്‍ കരുതേണ്ട അവശ്യവസ്തുക്കളെക്കുറിച്ച് ചോദിച്ചുമനസ്സിലാക്കി. ആദ്യം ട്രാവല്‍സിന്റെ സഹായം തേടാമെന്നായിരുന്നു. ഡല്‍ഹിയിലെ പല ട്രാവല്‍ ഏജന്‍സികളുമായി നേരിട്ടുബന്ധപ്പെട്ടു. വാലി ഓഫ് ഫ്ലവേഴ്‌സിലേയ്ക്ക് പോയിവരാന്‍ ഒരാള്‍ക്ക് ഏകദേശം മുപ്പതിനായിരം രൂപ. യാത്രച്ചെലവും മുന്തിയ ഹോട്ടലുകളിലെ താമസവും അതിലുള്‍പ്പെടും. അഞ്ച് ദിവസത്തിനുള്ളില്‍ തിരികെ ഡല്‍ഹിയില്‍ എത്തിക്കും. ബാക്കിയുള്ള എല്ലാ ചെലവുകളും നമ്മള്‍ പ്രത്യേകം വഹിക്കണമെന്നുമാത്രം. അതിനർഥം മുപ്പതിനായിരത്തിനും ഇരട്ടി ചെലവാകുമെന്ന്. വെറും 2500 രൂപയ്ക്ക് ഹിമാലയന്‍ യാത്ര പോകാമെന്ന ഡല്‍ഹിയിലുള്ള സുഹൃത്ത് രാമാനന്ദന്റെ കുറിപ്പ് വായിച്ചപ്പോള്‍ അമിതമായി പണം മുടക്കുന്നത് സത്യത്തില്‍ അഹങ്കാരമായിപ്പോകില്ലേ എന്ന് തോന്നിച്ചതും സ്വാഭാവികം മാത്രം. അതുകൊണ്ട് സ്വന്തമായി ഒരു ട്രാവല്‍ പ്ലാന്‍ ഉണ്ടാക്കാമെന്നായി. കേട്ടറിവും വായിച്ചറിവും മാത്രമാണ് വഴികാട്ടിയായി എനിക്ക്  മുന്നിലുള്ളത്. 

ഡല്‍ഹിയിലേക്ക്

അങ്ങിനെ ഒരുച്ചനേരം അത്യാവശ്യം വേണ്ട സാധനങ്ങളും സ്വപ്‌നങ്ങളുമായി ദുബായില്‍നിന്നും ഡല്‍ഹിയിലേയ്ക്ക് ഞാന്‍ വിമാനം കയറി. ഡല്‍ഹിയിലെത്തുംവരെ ആ മൂന്നരമണിക്കൂര്‍, പതിവു വായന മാറ്റിനിര്‍ത്തിയാല്‍ നിറയെ പൂത്തുനില്‍ക്കുന്ന പലവര്‍ണ്ണങ്ങളിലുള്ള പൂക്കളുടെ താഴ്‌വരകള്‍ ഞാന്‍ സ്വപ്‌നം കണ്ടു. വൈകിട്ട് ആറുമണിയോടെ ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തി. ഒട്ടും അപരിചിതത്വം തോന്നാത്ത സ്ഥലമാണ് എനിക്ക് ഡല്‍ഹി. ഏറ്റവും അടുത്ത സുഹൃത്തുക്കളുള്ള സ്ഥലമെന്ന നിലയ്ക്ക് ഡല്‍ഹിയോട് ഒരു പ്രത്യേക അടുപ്പമുണ്ട്. പക്ഷേ, യാത്രയ്ക്കുള്ള ദിവസം കുറവായതുകൊണ്ട് അന്ന് രാത്രി ഡല്‍ഹിയില്‍ തങ്ങാനാവില്ല. എയര്‍പോര്‍ട്ടിനടുത്തുള്ള വെജിറ്റേറിയന്‍ റസ്‌റ്ററന്റില്‍നിന്നും വയറുനിറയെ ഭക്ഷണം കഴിച്ചു. എയര്‍പോര്‍ട്ട് ടാക്‌സി ബുക്ക് ചെയ്ത് നേരെ കാശ്മീരി ഗേറ്റ് ബസ് സ്‌റ്റേഷനിലേയ്ക്ക്. ഋഷികേശ് വരെ പോകാന്‍ ഇവിടെനിന്ന് എപ്പോഴുമുണ്ടാകും എസി വോള്‍വോ എയര്‍ബസ്സുകള്‍. 10.15 നാണ് അടുത്ത ബസ്സെന്നറിഞ്ഞു. ഒരു മണിക്കൂര്‍കൂടി കാത്തിരിക്കണം. ഋഷികേശ് വരെ 220 കിലോമീറ്ററാണ്. ഹരിദ്വാര്‍–ഋഷികേശ് ബസ്സുകള്‍ നിര്‍ത്തിയിടുന്നതിന്റെ തൊട്ടുമുന്നില്‍ നിരത്തിയിട്ടിരിക്കുന്ന ഇരുമ്പുകസേരകളുടെ ഒരറ്റം ചേര്‍ന്നിരുന്നു. രാത്രി ഏറെ വൈകി തനിച്ചൊരു സ്ത്രീ ബസ് സ്റ്റാന്റിലിരിക്കുന്നത് പലര്‍ക്കും അത്ര സുഖകരമായ കാഴ്ച്ചയല്ല. പത്തുമിനിറ്റ് ഇരുന്നതോടെയാണ് ചുറ്റുമുള്ള മുഷിഞ്ഞ നാറ്റം മൂക്കിലേയ്ക്ക് ഇടിച്ചുകയറിയത്. അതുവരെ യാത്രയെക്കുറിച്ചുള്ള ആശങ്കകളായിരുന്നു. ഒരു മണിക്കൂര്‍ എങ്ങിനെയും തള്ളിക്കളയണമല്ലോ. പതിയെ എഴുന്നേറ്റുനിന്ന് ഇരുതോളിലുമായി തൂക്കിയിട്ടിരിക്കുന്ന ബാഗ് ഒന്നുകൂടി ഉറപ്പിച്ചു. തൊട്ടടുത്ത് കണ്ട കടയിലേയ്ക്ക് നടന്നു. അടുക്കും ചിട്ടയോടുംകൂടി നിരത്തിവെച്ചിരിക്കുന്ന പുസ്തകങ്ങള്‍ക്കുസമീപം ഒരാള്‍നിന്ന് ഓംലെറ്റ് ഉണ്ടാക്കുന്നു. തൊട്ടടുത്ത സ്റ്റൗവ്വില്‍ നല്ല താളത്തില്‍ തിളയ്ക്കുന്ന പൊടിച്ചായ പതുക്കെ ഇളക്കികൊടുക്കുന്നുമുണ്ട്. ഞാനൊരു ഓംലെറ്റ് വാങ്ങി. കൂടെ ഒരു കുപ്പി തണുത്ത വെള്ളവും. 

travel-india4

ഋഷികേശിലേക്ക്

ഏകദേശം പത്തുമണിയോടെ ബസ്സെത്തി. ഡ്രൈവറോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. മറ്റുതടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ മൂന്ന് മണിക്കുതന്നെ ബസ്സ് ഋഷികേശിലെത്തും. ഇല്ലെങ്കില്‍ അഞ്ചു മണിയെങ്കിലും ആകും. തനിച്ചാണെന്ന് മനസ്സിലാക്കിയതു കൊണ്ടാകണം ഡ്രൈവറുടെ തൊട്ടുപിന്നിലുള്ള സീറ്റില്‍ ഇരിക്കാനായി പുള്ളിയുടെ നിര്‍ദ്ദേശം. പക്ഷേ, മുന്‍സീറ്റ് മുന്‍കൂട്ടി റിസർവ് ചെയ്തവര്‍ എത്തുമ്പോള്‍ മാറികൊടുക്കേണ്ടിവരുമെന്ന് മാത്രം. ഞാനയാള്‍ പറഞ്ഞതുപോലെ അനുസരിച്ചു. പിന്‍സീറ്റില്‍ ഇരിക്കുന്നതിനേക്കാള്‍ ഏറെ സുരക്ഷിതം ഇവിടെതന്നെയാണ്. ഡ്രൈവറുടെ പിന്നിലെ കര്‍ട്ടണ്‍ കൂടി വലിച്ചിട്ടതോടെ ഞാനവിടെ സുരക്ഷിതയായി ഇരുന്നു. ബസ്സ് പുറപ്പെട്ടു. നാലഞ്ചുമണിക്കൂര്‍ യാത്രയാണ്. പുറത്തേയ്ക്കുള്ള കര്‍ട്ടണ്‍ നീക്കിയിട്ടു. രാത്രിയാത്രകളോട് പണ്ടുമുതല്‍ക്കേ ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഉറങ്ങാതെ മിന്നിമറയുന്ന വെളിച്ചത്തിലേയ്ക്ക് നോക്കിയിരിക്കും. രാത്രികള്‍ക്ക്  സുഗന്ധവും സൗന്ദര്യവും കൂടുതലാണെന്ന് തോന്നിയിട്ടുണ്ട്. രണ്ടരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മുസഫര്‍നഗറില്‍ ബസ്സുനിര്‍ത്തി. ബസ്സില്‍ ഉള്ളവരില്‍ ചിലര്‍ ഭാര്യാഭര്‍ത്താക്കന്‍മാരെന്ന് തോന്നിച്ചു. ചിലര്‍ പുറത്തേക്കിറങ്ങി. ഡ്രൈവർ അയാളുടെ പിറകിലെ കര്‍ട്ടന്‍ ഉയര്‍ത്തി. ‘ചായ് പിയോ’... എന്നോടാണ്. എന്റെ സ്ഥലവും മറ്റും ചോദിച്ചറിഞ്ഞു. പിന്നെ കേരളത്തിലെ പ്രളയത്തെക്കുറിച്ചായി. അല്‍പം പ്രായമുള്ള മനുഷ്യനാണ്. അതുകൊണ്ടാകണം ഇത്രയധികം സംസാരമെന്ന് തോന്നി. ഞാന്‍ പേഴ്‌സെടുത്ത് പുറത്തേക്കിറങ്ങി. മണ്‍ഗ്ലാസില്‍ ചൂടുചായയും ലെയ്‌സിന്റെ ഒരു ചെറിയ പാക്കറ്റും വാങ്ങി. കാല്‍തരിപ്പ് മാറ്റാന്‍ അങ്ങോട്ടുമിങ്ങോട്ടും പതിയെ നടന്നു. ചായ മൊത്തിക്കുടിച്ചു. പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ബസ്സിന്റെ പടികളില്‍ ചെന്നിരുന്നു. തൊട്ടപ്പുറത്ത് മോമോ വില്‍പ്പന നടക്കുന്നുണ്ട്. ഈ പാതിരാനേരത്തും തിരക്കാണ്. മോമോ പ്രിയര്‍. സമീപത്ത് ഒരു വലിയ ഹോട്ടല്‍. ഏകദേശം ഇരുപത് മിനിറ്റുകഴിഞ്ഞപ്പോള്‍ ഡ്രൈവറെത്തി. മറ്റുയാത്രാക്കാരും ബസ്സില്‍ ഇരുപ്പുറപ്പിച്ചു. 

മുന്നിലെ ഗ്ലാസിലൂടെ ഡ്രൈവറുടെ കണ്ണുകള്‍ എന്നെ തിരയുന്നത് പോലൊരു തോന്നല്‍. ഡ്രൈവർ കര്‍ട്ടണ്‍ താഴ്ത്തിയിട്ടില്ലായിരുന്നു. ഒടുവില്‍ ഞാന്‍ തന്നെ ആ കര്‍മ്മം നിർവഹിച്ചു. ബസ്സ് പുറപ്പെട്ടു. എതിര്‍വശത്തുള്ള സീറ്റിലാണ് ഡ്രൈവറുടെ സഹായിയുടെ കിടപ്പ്. കാഴ്ച്ചയില്‍ ഇരുപത് വയസ്സുള്ള പയ്യന്‍. ഹരിദ്വാര്‍ എത്തുമ്പോള്‍ എന്നെ അറിയിക്കണമെന്ന് ഞാനവനോട് നേരത്തെ ചട്ടം കെട്ടിയിരുന്നു. ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീർഥാടന കേന്ദ്രങ്ങളിലേയ്ക്കുള്ള പ്രവേശന കവാടമാണ് ഹരിദ്വാര്‍. അതായത് ഹിമാലയ തീർഥാടനത്തിലേയ്ക്കുള്ള കവാടം. ഗംഗ, യമുന എന്നീ പുണ്യനദികളുടെ പ്രഭവ കേന്ദ്രത്തിലേയ്ക്കുള്ള യാത്രയും തുടങ്ങുന്നത് ഹരിദ്വാരില്‍നിന്നാണ്. അവിടെ ഇറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ബസ്സിലിരുന്നുകൊണ്ട് കാണണമെന്ന് മോഹം. മീററ്റും റൂര്‍ക്കിയും വളരെ പെട്ടെന്ന് പിന്നിട്ടെന്നുതോന്നി. ഏകദേശം ഒന്നരമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ഇടതുവശത്ത് പതജ്ഞലി റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വലിയ ബോര്‍ഡ് മിന്നിമാഞ്ഞു. ഞാന്‍ ഗൂഗിള്‍ മാപ്പ് നോക്കി. ഹരിദ്വാറാണ് കാണിക്കുന്നത്. ഹരിദ്വാര്‍...എന്ന് ഡ്രൈവറുടെ ഉച്ചത്തിലുള്ള ശബ്ദവും. ബോധംകെട്ടു കിടന്നിരുന്ന സഹായി ചാടിയെഴുന്നേറ്റു. 

മണികള്‍ മുഴങ്ങുന്ന ഹരിദ്വാര്‍

ഇടതുവശത്ത് നിറയെ വിളക്കുകള്‍ തെളിഞ്ഞുകത്തുന്നു. ആ വശത്തേയ്ക്ക് ഞാന്‍ പരമാവധി തലയെത്തിച്ചിരുന്നു. കുതിച്ചുപായുന്ന ഗംഗ. എന്തൊരു സൗന്ദര്യമാണ്. ഹരിദ്വാറിലെ വൈകുന്നേരങ്ങള്‍ സ്വപ്‌നസമാനമാണെന്ന് കേട്ടിട്ടുണ്ട്. ഇനിയൊരിക്കല്‍ ഹരിദ്വാറിലേയ്ക്ക് മാത്രമായി വരണം. രണ്ടുദിവസം താമസിച്ച് ആരതിയില്‍ പങ്കെടുത്ത് തണുത്തുറഞ്ഞ ഗംഗയില്‍ വീണ്ടുംവീണ്ടും മുങ്ങിനിവരണം. ഗംഗയുടെ ഒഴുക്കില്‍ വീണുചിതറുന്ന പ്രതിബിംബങ്ങളില്‍ ഒരിക്കല്‍ ഞാനുമുണ്ടാകണം. 

ബസ്സിന്റെ വാതിലുകള്‍ വലിഞ്ഞടയുന്ന ശബ്ദമാണ് ചിന്തകളില്‍നിന്നും ഉണര്‍ത്തിയത്. കുറച്ചുപേര്‍ ഹരിദ്വാറില്‍ ഇറങ്ങി. ബസ് വീണ്ടും മുന്നോട്ട്. ദേവഭൂമിയിലെത്താന്‍ ഇനി അല്‍പസമയം കൂടി. വഴിയിലുടനീളം ഗംഗയും വനങ്ങളും മാത്രം. ജൂലൈ, ഒാഗസ്റ്റ് മാസങ്ങളില്‍ മഴക്കാലമായതുകൊണ്ട് ഋഷികേശ് വഴിയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നാണ് അനുഭവസ്ഥരുടെ നിര്‍ദ്ദേശം. പക്ഷേ, ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നാലുമാസമാണ് പൂക്കാലം. ഓഗസ്‌റ്റോടെ പൂക്കളുടെ കൊടിയിറക്കമാണ്. അതുകൊണ്ട് ഈ യാത്ര ഒഴിവാക്കാനുമാവില്ല. മാത്രമല്ല, അന്വേഷിച്ചപ്പോള്‍ അടുത്ത ദിവസങ്ങളിലൊന്നും ഋഷികേശിന് പരിസരങ്ങളില്‍ മഴയുണ്ടായിട്ടില്ല. പൊതുവെ നല്ല കാലാവസ്ഥയും തെളിഞ്ഞ ആകാശവും. അതാണ് ആ വഴിക്കുള്ള യാത്രയ്ക്ക് ധൈര്യം നല്‍കിയതും.

പുലര്‍ച്ചയോടെ ബസ് ഋഷികേശിലെത്തി. ഏറ്റവുമൊടുവിലാണ് ഞാനിറങ്ങിയത്. ഹരിദ്വാറിനേക്കാള്‍ തിരക്കാണ് ഋഷികേശില്‍. തുടക്കം മുതല്‍ ഡ്രൈവറുടെ നോട്ടപ്പുള്ളിയായിരുന്നതുകൊണ്ട് ഇറങ്ങാന്‍ നേരം അയാളുടെ നിര്‍ദേശം, വേണമെങ്കില്‍ പുലരുംവരെ ബസ്സില്‍തന്നെ വിശ്രമിച്ചുകൊള്ളാന്‍. നേരം പുലരാന്‍ രണ്ടുമൂന്ന് മണിക്കൂറുകളെ ബാക്കിയുള്ളൂ. അയാളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന റിക്ഷയ്ക്കരികിലെത്തി. ഗംഗയ്ക്കരികിലുള്ള സര്‍ക്കാര്‍ കോട്ടേഴ്‌സാണ് ലക്ഷ്യം. ഒരു സുഹൃത്ത് മുഖാന്തിരം ബുക്ക് ചെയ്തതാണ് കോട്ടേഴ്‌സ്. സുരക്ഷിതമായൊരിടം. അസമയമായതുകൊണ്ട് റിക്ഷാക്കാരന്‍ പറഞ്ഞ ഇരട്ടിതുകയ്ക്ക് ഉറപ്പിച്ച് കോട്ടേഴ്‌സിലേക്ക് പുറപ്പെട്ടു. അരമണിക്കൂറിനകം താമസസ്ഥലത്തെത്തി. തൊട്ടുമുന്നില്‍ ഗംഗ ആര്‍ത്തലച്ചൊഴുകുന്നു. ഗംഗയ്ക്കപ്പുറം ആശ്രമങ്ങളില്‍നിന്നുള്ള വെളിച്ചം. ചെറിയ തണുപ്പുണ്ട്. നല്ല ഉറക്കക്ഷീണം. കുളിക്കണം ഫ്രഷാകണം. ഒരു മണിക്കൂറെങ്കിലും ഒന്നുമയങ്ങണം. അത്രയേ വേണ്ടൂ. രാവിലെ എട്ടുമണിക്കെങ്കിലും പുറപ്പെട്ടാല്‍ മാത്രമാണ് വൈകുന്നേരത്തോടെ ജോഷിമഠില്‍ എത്താനാവൂ. ഇടയ്‌ക്കെങ്ങാനും മഴയോ മണ്ണിടിച്ചിലോ ഉണ്ടായാല്‍ റോഡില്‍ മണിക്കൂറുകളോളം കുടുങ്ങിപ്പോകും. വിചാരിച്ച സമയത്ത് എത്തിക്കില്ല. അതാണല്ലോ ഹിമാലയത്തിന്റെ സ്വഭാവം. ഹിമാലയത്തിലേയ്ക്കുള്ള യാത്രയില്‍ ഒരിക്കലും ദിവസങ്ങള്‍ കണക്കാക്കാനാകില്ല എന്നറിയാം. എങ്കിലും എല്ലാം മുന്‍കൂട്ടി കണ്ടുള്ള യാത്രയാണ്. പ്രതീക്ഷകള്‍ ചതിക്കില്ലെന്ന വിശ്വാസം കൂട്ടിനുണ്ട്.

ഗംഗയുടെ അരികില്‍

ഏഴുമണിയോടെ കുളിച്ചുഫ്രഷായി കോട്ടേഴ്‌സില്‍ നിന്നുതന്നെ ചൂടുറൊട്ടിയും ദാലും കഴിച്ചു പുറത്തിറങ്ങി. പുണ്യസ്ഥലത്തിലൂടെ ഒന്നുചുറ്റിക്കറങ്ങണം. ഗംഗാനദി അതിന്റെ പൂര്‍ണ്ണരൂപത്തില്‍ പ്രവഹിച്ചുതുടങ്ങുന്നത് ഇവിടെവെച്ചാണ്. കുത്തിയൊലിച്ചൊഴുകുന്ന ഗംഗയ്ക്കു സമീപം അല്‍പനേരം കണ്ണുകളടച്ചിരുന്നു. കണ്ണുകള്‍ തുറന്നൊരു പരമാനന്ദത്തില്‍ എത്തിയപ്പോള്‍ എനിക്കരികിലൂടെ കാവിയണിഞ്ഞ് ജട കെട്ടിയവര്‍ മന്ത്രങ്ങള്‍ ഉരുവിട്ട് നടന്നുപോകുന്നു. ലക്ഷ്മണ്‍ ജൂളില്‍ കയറി ഗംഗയ്ക്ക് കുറുകെ നടക്കുമ്പോള്‍ തൂക്കുപാലത്തില്‍ നിന്ന് കണ്ട ഋഷികേശിന്റെ സൗന്ദര്യം അമ്പരപ്പിച്ചു. സ്വര്‍ഗ്ഗഭൂമി എന്തെന്ന് സ്വയം അനുഭവിച്ചറിഞ്ഞ നിമിഷമായിരുന്നത്. തീരത്ത് നിറയെ ആശ്രമങ്ങളും ക്ഷേത്രങ്ങളും. ആയിരക്കണക്കിന് സഞ്ചാരികള്‍ ദിവസേന വന്നുപോയിക്കൊണ്ടിരിക്കുന്ന സ്ഥലമായിരുന്നിട്ടും ഋഷികേശിന്റെ പ്രൗഢി നഷ്ടപ്പെട്ടിട്ടില്ല.

ഷെയറിംഗ് ടാക്‌സി അന്വേഷിച്ച് മുന്നോട്ട് നടക്കുമ്പോഴാണ് രണ്ടുപേരെ കൂട്ടുകിട്ടിയത്. തമിഴ്‌നാട്ടുകാരാണ്. അടുത്തിടെ വിവാഹിതരായവര്‍. അവരും ജോഷിമഠിലേക്ക് ഷെയറിംഗ് ടാക്‌സി തപ്പിയിറങ്ങിയതാണ്. അവരില്‍ ഒരാള്‍ രണ്ടുവര്‍ഷമായി അബുദാബിയില്‍ ജോലിചെയ്തിട്ടുണ്ട്. പരിചയപ്പെട്ടപ്പോള്‍ സന്തോഷം തോന്നി. ഞങ്ങളൊരുമിച്ചായി തുടര്‍ന്നുള്ള യാത്ര. ഒമ്പതുമണിയോടെ പുറപ്പെട്ടു. കൂട്ടത്തില്‍ രണ്ട് കാവി വസ്ത്രധാരികളും കയറിയിരുന്നു. ഇനി ഹിമാലയത്തിന്റെ നിഗൂഢതകളും വിസ്മയങ്ങളും നിറങ്ങളും തേടിയുള്ള യാത്രയാണ്. 

ജോഷിമഠില്‍

ഋഷികേശില്‍ നിന്നാണ് ഹിമാലയ യാത്ര വഴിപിരിയുന്നത്. കിഴക്കോട്ടും വടക്കോട്ടും. എനിക്ക് പോകേണ്ടത് കിഴക്കോട്ടാണ്. ദേവപ്രയാഗ്, കര്‍ണപ്രയാഗ്, നന്ദപ്രയാഗ്, ചമോലി, പിപ്പല്‍കോട്ടി വഴി ജോഷിമഠിലേയ്ക്ക്. 245 കിലോമീറ്റര്‍. ഹിമാലയത്തിലെ നന്ദാദേവി കൊടുമുടിയില്‍നിന്നുള്ള ഹിമനദിയില്‍നിന്നും ഉത്ഭവിക്കുന്ന അളകനന്ദയും ഭാഗീരഥിയും വിശ്വാസികള്‍ക്ക് പ്രധാനപ്പെട്ട നദികളാണ്. ഇവ രണ്ടും സംഗമിക്കുന്ന കാഴ്ച്ചകള്‍. ഉത്തരാഞ്ചലിലെ ദേവപ്രയാഗ് അഥവാ ഗംഗോത്രിയ്ക്ക് സമീപത്തുകൂടിയുള്ള യാത്ര. ഉത്തരാഖണ്ഡിന്റെ രത്‌നം എന്ന് ദേവപ്രയാഗിന് വിളിപ്പേരുവന്നത് വെറുതെയല്ലെന്ന് തോന്നിപ്പോയി. യാത്രികര്‍ക്ക് പ്രകൃതിയുടെ വിസ്മയം ആസ്വദിക്കാനും ആവോളം നുകരാനുമുളളയിടമാണ് ഇവിടം. സമുദ്രനിരപ്പില്‍നിന്നും 2723 അടി ഉയരത്തിലാണ് ദേവപ്രയാഗ് ക്ഷേത്രവും സ്ഥിതിചെയ്യുന്നത്. ചമോലിയിലെത്തുന്നതിന് മുന്‍പേ കാട്ടുചെടികള്‍ക്കിടയിലൂടെ കര്‍ണപ്രയാഗിനെയൊന്ന് എത്തിനോക്കി. പിന്‍ഡാര്‍ നദി അളകനന്ദയില്‍ ചേരുന്നത് കര്‍ണപ്രയാഗ് സ്ഥിതിചെയ്യുന്ന സ്ഥലത്താണെന്ന് കേട്ടിട്ടുണ്ട്. ചമോലിയില്‍ എത്തിയപ്പോഴാണ് വിശപ്പ് അതിന്റെ അത്യുന്നതങ്ങളിലെത്തി മുറവിളി കൂട്ടിയത്. പ്രത്യേകതരം ഉപ്പുചേര്‍ത്ത നാരങ്ങാവെള്ളവും റൊട്ടിയും ബിന്ദിമസാലയും കഴിച്ചു. പിന്നെയും കാഴ്ച്ചകള്‍ ആസ്വദിച്ച് നിര്‍ത്താതെയുള്ള യാത്ര. പിപ്പല്‍കോട്ട് എത്തി യാത്ര മതിയാക്കാനാണ് ഡ്രൈവർ  ഉദ്ദേശിച്ചതെങ്കിലും ഞങ്ങള്‍ നിര്‍ബന്ധച്ച് ജോഷിമഠ് വരെയെത്തിച്ചു. 

കാലാവസ്ഥ അനുകൂലമായതുകൊണ്ട് വിചാരിച്ചതിലും നേരത്തെയാണ് ജോഷിമഠിലെത്തിയത്. ഒരു ചെറുനഗരമാണ് ജോഷിമഠ്. ചൈനയുമായി ഇന്ത്യ ഇവിടെ അതിര്‍ത്തി പങ്കിടുന്നുണ്ട്. ശങ്കരാചാര്യര്‍ സ്ഥാപിച്ച ജ്യോതിര്‍മഠത്തില്‍ നിന്നാണ് ജോഷിമഠ് എന്ന പേര് വന്നതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. കാലുകുത്തിയപാടെ ചെറിയൊരു ചാറ്റല്‍മഴ, വല്ലാത്തൊരു തണുപ്പ്. ദൂരെ മഞ്ഞുമൂടിയ പര്‍വ്വതനിരകള്‍. 

ഇവിടെയുള്ള നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലാണ് തണുപ്പുകാലത്ത് ബദരീനാഥിലെ നടയടച്ചുകഴിഞ്ഞാല്‍ ബദരീനാഥന്റെ തിടമ്പ് കൊണ്ടുവന്ന് വെയ്ക്കുന്നതും ബദരിധാം തുറക്കുന്നതുവരെ പൂജകള്‍ നടത്തുന്നതും. റോഡരികില്‍ താമസിക്കാനായി ചെറിയ ഹോട്ടലുകളുണ്ട്. കൂടെയുണ്ടായിരുന്ന കാവി വസ്ത്രധാരികള്‍ ഒരു കുന്നിനുമുകളിലേയ്ക്ക് നടന്നുകയറുന്നത് കണ്ടു. മറ്റുരണ്ടുപേര്‍ താമസസ്ഥലം അന്വേഷിക്കാന്‍ എന്നോടൊപ്പം കൂടി. ഒരു ഇടത്തരം ഹോട്ടേലാണ് തെരഞ്ഞെടുത്തത്. ജനല്‍ തുറന്നിട്ടാല്‍ പ്രത്യേകതരം തണുത്ത കാറ്റ്. തണുത്തുറഞ്ഞ ഹിമാലയത്തിന്റെ താഴ്‌വരകളും ശൃംഗങ്ങളും കാണാം. രാത്രി എട്ടുമണിയോടെ തിരക്കുകുറഞ്ഞ ആ കൊച്ചുനഗരത്തിലേയ്ക്ക് ഇറങ്ങി. റോഡില്‍ വാഹനങ്ങളേക്കാള്‍ പശുക്കളുടെ തിരക്കാണ്. പശുത്തിരക്കിലൂടെ വാഹനങ്ങള്‍ നീങ്ങുന്ന കാഴ്ച്ച. അത്യാവശ്യം വൃത്തിയുള്ള ഒരു കൊച്ചുപട്ടണം. ഭക്ഷണം കഴിച്ച് രാവിലത്തെ യാത്രക്കുള്ള ഒരുക്കങ്ങളായി. 

ഗോവിന്ദ് ഘട്ടിലേക്ക്

ജോഷിമഠിലെ ആ രാത്രിക്കുശേഷം ഗോവിന്ദ്ഘട്ടായിരുന്നു ലക്ഷ്യം. പതിനഞ്ച് കിലോമീറ്ററേയുള്ളൂ. ബദരീനാഥിലേയ്ക്ക് 43 കിലോമീറ്ററും. പക്ഷേ, ബദരി പോകാനുള്ള സമയമില്ല. ഗോവിന്ദ്ഘട്ട് വരെ ധാരാളം ഷെയറിംഗ് ജീപ്പുകള്‍ ലഭ്യമാണ്. ഒരാള്‍ക്ക് അമ്പതുരൂപ വെച്ച് പത്തുപേരായാല്‍ ജീപ്പെടുക്കും. ഞങ്ങള്‍ മൂന്നുപേര്‍ ചേര്‍ന്ന് 500 കൊടുത്ത് ജീപ്പെടുപ്പിച്ചു. പത്തുപേരെ തികയ്ക്കാന്‍ കാത്തിരുന്നാല്‍ ഏറെ വൈകുമെന്ന് തോന്നി. അടുത്തുകണ്ട ഫ്രൂട്‌സ് കടയില്‍നിന്നും രണ്ട് കുഞ്ഞന്‍ ആപ്പിള്‍ വാങ്ങി കഴിച്ച ബലത്തിലായിരുന്നു യാത്ര. ഗര്‍വാള്‍ സ്‌കൗട്ടിന്റെ ആസ്ഥാനത്തിന് സമീപത്തുകൂടിയാണ് റോഡ്. ഈ സ്ഥലം മുതല്‍ ഗോവിന്ദ്ഘട്ട് വരെയുള്ള ഏകദേശം 15 കിലോമീറ്റര്‍ വഴിയെക്കുറിച്ച് വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയില്ല. ഇവിടെ കാണുന്ന വഴികള്‍ നിര്‍മ്മിക്കാനും നിലനിര്‍ത്താനും കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗമായ ബിആര്‍ഒ (ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍) നടത്തുന്ന കഠിനാദ്ധ്വാനം അത്ഭുതപ്പെടുത്തും. മുകളില്‍നിന്നും ഏത് നിമിഷവും ഉരുണ്ടുവീഴാവുന്ന കൂറ്റന്‍ കല്ലുകള്‍, ഒരൊറ്റ മഴയില്‍ കുത്തിയൊലിച്ചുവന്ന് കിലോമീറ്ററുകളോളം റോഡിന്റെ അടയാളം പോലും അവശേഷിപ്പിക്കാതെ തുടച്ചുമാറ്റുന്ന അരുവികള്‍, മണ്ണിടിച്ചിലില്‍ നൂറുകണക്കിന് അടി താഴേക്കൂടി അലറിവിളിച്ച് കുത്തിയൊഴുകുന്ന അളകനന്ദ. ചില വളവുകളിലൊക്കെ എങ്ങാനും നിയന്ത്രണം വിട്ട് വണ്ടി താഴേക്ക് പോയാല്‍ പിന്നെയൊന്നും പൊക്കിയെടുക്കാന്‍ പോലും ഉണ്ടാകില്ല. തണുപ്പുകാലത്ത് മഞ്ഞുവീഴ്ച്ചയില്‍ ഈ വഴിയിലൊക്കെ പത്തുപതിനഞ്ചടി ഉയരത്തില്‍ മഞ്ഞ് വന്ന് അടിയാറുണ്ടത്രേ. അത്തരത്തില്‍ അടിയുന്ന മഞ്ഞ് അരുവികളെയും അളകനന്ദയെയും തടസ്സപ്പെടുത്തും. അതിലെ വെള്ളവും ചിലപ്പോള്‍ ഉറഞ്ഞുപോകും. ചിലപ്പോള്‍ ഇത്തരം തടസ്സങ്ങള്‍ ഒരു അണക്കെട്ടിന്റെ പോലെ വലിയ ജലാശയങ്ങളെ ഉണ്ടാക്കുകയും മര്‍ദ്ദം സഹിക്കാതെ അതെല്ലാംകൂടി പൊട്ടി മുന്നില്‍പെട്ടതിനെയെല്ലാം തകര്‍ത്തുകൊണ്ട് കുത്തിയൊലിച്ച് പോരുകയും ചെയ്യും. മേല്‍പറഞ്ഞ പോലെ ഒന്നിച്ച് ഉറഞ്ഞ ജലാശയത്തിലെ മഞ്ഞിന്‍പാളികള്‍ വേനലില്‍ ഉരുകുമ്പോഴും ചിലപ്പോള്‍ അപകടമുണ്ടാകും. വെയില്‍തട്ടി വക്കുകള്‍ ഉരുകിയ ആയിരക്കണക്കിന് ഘനയടി വ്യാപ്തമുള്ള മഞ്ഞുകട്ടകള്‍ ഒന്നിച്ച് ഉരസി താഴേക്ക് പോരും. അതും ഇത്തരത്തില്‍ മുന്നിലുള്ള എല്ലാത്തിനെയും നിമിഷങ്ങള്‍കൊണ്ട് നാമാവശേഷമാക്കും. ഇത്തരം എല്ലാതരത്തിലുമുള്ള പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്ത് തകരുന്ന റോഡുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഗതാഗതയോഗ്യമാക്കുന്ന ബിആര്‍ഒയേയും ഈ മഞ്ഞുമലകള്‍ കാക്കുന്ന ഐടിബിപി (ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്), ഗര്‍വാള്‍ സ്‌കൗട്ട്‌സ് എന്നീ സൈനിക വിഭാഗങ്ങളെയും മനസ്സാ നമിച്ചുകൊണ്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഇവിടെ വാഹനമോടിക്കുന്ന ഡ്രൈവർമാരെയും ബഹുമാനിച്ചേ പറ്റൂ. ഒഴുകിവരുന്ന മഞ്ഞുപുകയ്ക്ക് ഇടയിലൂടെ വാഹനം നീങ്ങി. ഇടയ്ക്കുവെച്ച് ഒരു ബോര്‍ഡര്‍ പൊലീസ് ഉദ്യേഗസ്ഥന്‍ സഹയാത്രികനായി. 

ഔട്ട് ഓഫ് റേഞ്ച്

ഒരു മണിക്കൂര്‍കൊണ്ട് ഗോവിന്ദ്ഘട്ടിലെത്തി. ഇവിടെവെച്ച് അവസാനിക്കുകയാണ് നമ്മുടെ മൊബൈല്‍ റേഞ്ചും നാടും വീടുമായുള്ള ബന്ധവും. ജീപ്പുഡ്രൈവറുടെ നിര്‍ദേശപ്രകാരം മലനിരകളില്‍നിന്നും ഒഴുകിവരുന്ന വെള്ളത്തിലൂടെ രണ്ടുകിലോമീറ്റര്‍ മുന്നോട്ടുനടന്നു. ഒരു കൗണ്ടറിനുമുന്നില്‍ വലിയൊരു ക്യൂ. അന്വേഷിച്ചപ്പോള്‍ പര്‍വ്വത നിരകളിലേയ്ക്ക് കയറുന്നവരുടെ റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നിടമാണ്. നമ്മുടെ പേരും അഡ്രസ്സും ഉള്‍പ്പെടെ രേഖപ്പെടുത്തിവേണം ഇനി മുന്നോട്ടുള്ള യാത്ര. എത്രപേര്‍ മടങ്ങിയെത്തി എന്നതിനുള്ള അടയാളപ്പെടുത്തലിനാണ് ഇതെന്ന് അപ്പോഴേ മനസ്സില്‍ കുറിച്ചിട്ടു. റജിസ്‌ട്രേഷന്‍ കൗണ്ടറിന് തൊട്ടടുത്ത് സിക്കുമതക്കാരുടെ ഗുരുദ്വാരയുണ്ട്. അവിടെ വരുന്നവര്‍ക്കെല്ലാം സൗജന്യഭക്ഷണമാണ്. ഗുരുദ്വാരകളുടെ പ്രത്യേകതയാണ് ലങ്കാര്‍. പ്രസാദമായി ഭക്ഷണം കൊടുക്കുന്ന സമ്പ്രദായമാണത്. മുകളില്‍നിന്നും ഗാംഗ്രിയയിലേയ്ക്കുള്ള ഹെലികോപ്റ്ററിന്റെ ശബ്ദം. തൊട്ടപ്പുറമാണ് ഹെലിപാഡ്. വേണമെന്നുള്ളവര്‍ക്ക് ആളൊന്നിന് 3000 രൂപ മുടക്കിയാല്‍ ഗാംഗ്രിയ വരെ അഞ്ചുമിനിറ്റുകൊണ്ട് ഹെലികോപ്റ്ററില്‍ എത്താം. വന സൗന്ദര്യം ആസ്വദിക്കണം എന്നുള്ളവര്‍ക്ക് അത് സാധിക്കില്ലെന്നുമാത്രം. 14 കിലോമീറ്റര്‍ ചെങ്കുത്തായ മലനിരകള്‍ വേണമെങ്കില്‍ നടന്നുകയറാം. അതുമല്ലെങ്കില്‍ കുതിര സവാരിയുണ്ട്, അല്ലെങ്കില്‍ നമ്മെ ചുമന്നുകൊണ്ടുപോകുന്ന മനുഷ്യരുണ്ട്. അവരെ കണ്ടാണ് ഞാന്‍ ശരിക്കും അന്ധാളിച്ചുപോയത്. ഒറ്റനോട്ടത്തില്‍ മെലിഞ്ഞുണങ്ങിയവരാണ്. പക്ഷെ കുതിരകളേക്കാള്‍ ശക്തരാണവര്‍. ഞാന്‍ തെരഞ്ഞെടുത്തത് കുതിരസവാരിയാണ്.

ഒരു വശത്ത് ആര്‍ത്തലച്ച് ഒഴുകിനീങ്ങുന്ന ലക്ഷ്മണഗംഗ. മറുവശത്ത്  നമ്മോട് ഒട്ടിചേര്‍ന്ന് പര്‍വ്വതനിര. നടന്നു മിനുസമായ വലുതും ചെറുതുമായ പാറക്കല്ലുകള്‍കൊണ്ട് നിറഞ്ഞ ഇടുങ്ങിയ പര്‍വ്വതവഴികള്‍. എന്‌റെ കുതിര അല്‍പം വികൃതിക്കാരനായിരുന്നു. ഇടയ്ക്കിടെ തലകുലുക്കി അവനെന്നെ ഭയപ്പെടുത്തികൊണ്ടിരുന്നു. അപ്പോഴൊക്കെ താങ്ങിനായി ഒരു കൈകൊണ്ട് ഞാന്‍ ഹിമാലയത്തെ തൊട്ടു. ഗംഗയ്ക്കു സമീപത്തുകൂടി ഹിമാലയന്‍ പര്‍വ്വതനിരകളുടെ മുകളിലേയ്ക്ക്. ഗാംഗ്രിയ എന്ന കൊച്ചുഗ്രാമത്തിലേയ്ക്ക്. കൊടുംതണുപ്പാണ്. ചൂട് നഷ്ടപ്പെടാത്ത വസ്ത്രങ്ങള്‍ ധരിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ചിലര്‍ക്ക് അപകടം സംഭവിച്ചേക്കാം. 

തണുപ്പില്‍ തൊലിയോട് ചേര്‍ന്ന രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് രക്തസഞ്ചാരം ഇല്ലാതായി ആ ഭാഗം നശിക്കുകയോ തടസ്സം കാരണം ഹൃദയത്തിന് അമിതഭാരം വന്ന് മരണം വരെയോ സംഭവിച്ചേക്കാം. മുന്‍കരുതലെന്നവണ്ണം ഞാന്‍ കട്ടിയുള്ള സ്വറ്റര്‍ ധരിച്ചിരുന്നു. കുതിരയുടെ മുതുകിലിട്ട ട്രാവല്‍ബാഗിന്റെ സൈഡില്‍ കുടിക്കാനുള്ള വെള്ളവും കൊറിക്കാനുള്ള വസ്തുക്കളും തൂക്കിയിട്ടു. വഴിയരികില്‍ ഇടയ്ക്കിടെ നല്ല സ്വാദും ചൂടുമുള്ള ഭക്ഷണവുമായി ധാബകള്‍. നടന്നുനീങ്ങുന്ന നിരവധി സഞ്ചാരികള്‍. ലോകത്തിന്റെ പലഭാഗത്തുനിന്നും എത്തിയവര്‍ ഒന്നായൊഴുകുന്ന കാഴ്ച്ച. കുതിരപ്പുറത്തുള്ളവരും നടന്നുനീങ്ങുന്നവരും പരസ്പരം കൈവീശി അഭിവാദ്യമര്‍പ്പിക്കുന്ന കാഴ്ച്ച. സന്തോഷം പങ്കിടുന്ന, തങ്ങളുടെ രാജ്യത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന മനോഹര കാഴ്ച്ച. ഭയപ്പെട്ടതിനേക്കാള്‍ എത്ര മനോഹരം. ഗാംഗ്രിയ ഗ്രാമത്തിലെത്തിയപ്പോള്‍ രാത്രിയായി. ഞാന്‍ ഏകദേശം എന്റെ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു. കൂടെയുണ്ടായിരുന്ന ആ തമിഴ്‌നാട്ടുകാര്‍ വഴിയിലെവിടേയോ പിരിഞ്ഞുപോയി. ഒരു പക്ഷേ, അവര്‍ എന്നെ തപ്പിനടക്കുന്നുണ്ടാകണം. എവിടെയെങ്കിലും കണ്ടുമുട്ടാതിരിക്കില്ല. 

ഗാംഗ്രിയയിലെ ഉറക്കം

ഗാംഗ്രിയയില്‍ ചെലവുകുറഞ്ഞ നിരവധി താമസസൗകര്യങ്ങളുണ്ട്. ഇവിടങ്ങളില്‍ നേരിട്ടെത്തി താമസം റെഡിയാക്കുകയാണ് എപ്പോഴും നല്ലതെന്ന് തോന്നി. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവരില്‍ നിന്നും ഭീമമായ തുകയാണ് അവര്‍ ഈടാക്കുക. എല്ലാ ഹോട്ടലുകള്‍ക്കും ഓണ്‍ലൈന്‍ സര്‍വ്വീസില്ല. ചെലവുതീരെ കുറഞ്ഞ ഒരു ഹോട്ടലില്‍ മുറിയെടുത്തു. എന്നെപ്പോലെ ഒറ്റപ്പെട്ട മറ്റുചിലരുണ്ട്, കുടുംബമായി എത്തിയവരുണ്ട്. അതുകൊണ്ട് സുരക്ഷിതമാണ്. കൂട്ടത്തിലൊരു പ്രായമായ സ്ത്രീ പരിചയപ്പെടാനെത്തി. അവര്‍ ഡല്‍ഹിയില്‍നിന്നാണ്. സ്വദേശം കാസര്‍കോട്. മകനും മകള്‍ക്കുമൊപ്പം എത്തിയതാണ്. ഗോവിന്ദ്ഘട്ടില്‍നിന്നും ഹെലികോപ്റ്ററിലാണ് ഗാംഗ്രിയയില്‍ എത്തിയത്. അതുകൊണ്ട് ക്ഷീണമില്ല. എന്റെ കുതിര സവാരിയെക്കുറിച്ച് വിവരിച്ചപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. അവര്‍ക്കത് വലിയ നഷ്ടമായെന്ന് ആ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു. ഉറങ്ങുന്നില്ലെങ്കില്‍ വെളുക്കുവോളം കൂട്ടിരിക്കാമെന്നായി. ഇവരാരാണെന്ന് ഞാനുമൊന്ന് അത്ഭുതപ്പെട്ടു. എന്റെ അമ്മയുടെ പ്രായമുള്ളവരാണ് ഈ പറയുന്നത്. നിര്‍ബന്ധപൂര്‍വ്വം അവരെ മുറിയിലേയ്ക്ക് തള്ളിവിടുമ്പോള്‍ എന്റെ കണ്ണുനിറഞ്ഞുതുളുമ്പിയിരുന്നു. വീട്ടിലേയ്ക്ക് വിളിക്കണമെന്നുതോന്നി. എന്റെ യാത്ര തനിച്ചായിരുന്നെന്നും പ്രാർഥിക്കണമെന്നും പറയണമെന്ന് തോന്നി. ഹോട്ടലിന് തൊട്ടുതാഴെ ലാന്‍ഡ് ഫോണ്‍ സൗകര്യങ്ങളുണ്ട്. സെക്കന്റിന് എഴുപത് രൂപ. അവിടെയിരിക്കുന്നത് മലയാളിയെന്ന് തോന്നിപ്പിക്കുന്ന ഒരു ഹരിയാനക്കാരനാണ്. വീട്ടിലേയ്ക്ക് വിളിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിയെന്നുമാത്രം അറിയിച്ച് മറ്റ് വിവരങ്ങള്‍ പറഞ്ഞ് വിഷമിപ്പിക്കാതെ ഫോണ്‍ വെച്ചു. രാത്രി കനത്തപ്പോള്‍ പുറത്ത് മഴയുടെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. രാത്രികളില്‍ ഇവിടെ മഴ പതിവുള്ളതാണത്രേ. ചുറ്റും കൊടുംകാടാണ്. ജനല്‍കര്‍ട്ടണ്‍ നീക്കിയപ്പോള്‍ മഞ്ഞുനിറഞ്ഞ കൊടുമുടിയുടെ ദൃശ്യങ്ങള്‍ മാഞ്ഞുപോയിരിക്കുന്നു. എങ്ങും ഇരുട്ടാണ്. ആ രാത്രി എനിക്ക് ഉറക്കം വന്നില്ല. മൊബൈലില്‍ സമയം നോക്കി പുതച്ചുമൂടി തിരിഞ്ഞുംമറിഞ്ഞും കിടന്നു. അതിരാവിലെ എഴുന്നേറ്റ് ട്രക്കിംഗിനുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. 

പൂക്കള്‍ വിളിക്കുന്നു

നാലരയ്ക്കുതന്നെ എഴുന്നേറ്റു. അപ്പോഴുമുണ്ടായിരുന്നു പുറത്ത് നിര്‍ത്താതെ പെയ്യുന്ന ചാറ്റല്‍ മഴ. യാത്ര മുടങ്ങുമോ എന്ന് ഒരുനിമിഷം ആശങ്കപ്പെട്ടു. പുലര്‍ച്ചെ അഞ്ചുമണിക്ക് ചൂടുവെള്ളം കിട്ടുമെന്ന് റിസപ്ഷനില്‍നിന്നും അറിയിച്ചിരുന്നു. ഒരു ബക്കറ്റ് ചൂടുവെള്ളത്തിന് അമ്പത് രൂപയാണ്. കുളിച്ചുഫ്രഷായി റെയിന്‍കോട്ടിട്ട് ആറു മണിയോടെ ചാറ്റല്‍മഴയിലേയ്ക്കിറങ്ങി. ട്രാവല്‍ബാഗ് ഹോട്ടല്‍ റിസപ്ഷനില്‍ ഏല്‍പ്പിച്ചു. ചെറിയൊരു കുടിവെള്ളകുപ്പിയും ഡ്രൈ ഫ്രൂട്ട്‌സും അത്യാവശ്യം വേണ്ട മെഡിസിനും ചെറിയൊരു സഞ്ചിയിലാക്കി തോളിലിട്ടു. കുടിവെള്ളം വഴിയില്‍ അരുവി തരും. എന്ത് സാധനവും ഓരോ ചുവടിലും മലകയറ്റത്തില്‍ ഭാരമാണ്. നിന്റെ ഭാരങ്ങള്‍ ഉപേക്ഷിച്ച് എന്റെ ചുമലില്‍ തൊടൂ എന്നാണല്ലോ ഹിമാലയം എപ്പോഴും യാത്രികരോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. കുത്തിനടക്കാനുള്ള വടി ഗോവിന്ദ്ഘട്ടില്‍ നിന്നേ സംഘടിപ്പിച്ചിരുന്നു. തണുത്തുറഞ്ഞ കാലാവസ്ഥയും ഓക്‌സിജന്റെ കുറവും മുന്‍കരുതലെന്നവണ്ണം മനസ്സിലുണ്ട്. വാലി ഓഫ് ഫ്ലവേഴ്‌സിലേക്കും (പൂക്കളുടെ താഴ്‌വര) ഹേമകുണ്ഡിലേയ്ക്കുമുള്ള യാത്ര തുടങ്ങുന്നത് ഇവിടെ ഗാംഗ്രിയയില്‍ നിന്നാണ്.  ഗാംഗ്രിയയില്‍നിന്നും പുറത്തുകടന്ന്  ലക്ഷ്മണ്‍ ഗംഗയ്ക്കുകുറുകെ നടന്നാല്‍ പാത രണ്ടുവശത്തേയ്ക്ക് പിരിയും. വലത്ത് ഹേമകുണ്ട് സാഹിബിലേയ്ക്ക്. ഇടത്ത് പൂക്കളുടെ താഴ്‌വരയിലേയ്ക്കാണ്. നേരെ അഞ്ചുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഹേമകുണ്ഡിലെത്താം. ചിലര്‍ കുതിരപ്പുറത്താണ്. 13,000 അടി ഉയരത്തിലാണ് ഹേമകുണ്ഡ്. സിഖ് മതക്കാരുടെ തീർഥാടനകേന്ദ്രം. എനിക്ക് പോകേണ്ടത് പൂക്കളുടെ താഴ്‌വരയിലേയ്ക്കാണ്. നാലു കിലോമീറ്റര്‍ ട്രക്കിംഗ് കഴിഞ്ഞാല്‍ കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന പൂക്കളുടെ സ്വര്‍ഗം. 

ഏഴു മണിക്കുമുന്‍പുതന്നെ ഫോറസ്റ്റ് ഓഫിസിന് മുന്നിലെത്തി. അവിടെ നമ്മുടെ പേരും അഡ്രസ്സും നല്‍കണം. ചെടികളുടെ സംരക്ഷണാർഥം സഞ്ചാരികള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ ബോര്‍ഡില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിവെച്ചിരിക്കുന്നു. ട്രക്കിംഗ് തുടങ്ങി. ചുറ്റും വനമാണ്, ഹിമപാളിയില്‍നിന്നുള്ള നീരൊഴുക്ക്, മഞ്ഞുമൂടി നനഞ്ഞ ശിലാശിഖരങ്ങള്‍, ഉരുളന്‍കല്ലുകള്‍ നിറഞ്ഞ താഴ്‌വാരങ്ങള്‍. അല്‍പം കഴിഞ്ഞപ്പോള്‍ പച്ചപ്പുകളിലേയ്ക്ക് വെയില്‍ മാറിമാറി വീഴാന്‍ തുടങ്ങി. ആകാശം കടുംനീല നിറത്തില്‍ തിളങ്ങുന്നു. പുഷ്പവാടി ഗംഗ ഒഴുകിവരുന്ന കാഴ്ച്ച. നദിയിലെ വെള്ളം പൂക്കളുടെ പ്രതിഫലനം പോലെ ഇളം ചുവപ്പുനിറത്തിലാണ്. അത് മുറിച്ച് മുന്നോട്ട് നടന്നു. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നയിടങ്ങളില്‍ മരപ്പാലങ്ങള്‍. ഇടയ്ക്കിടെ ചെറിയ പാറക്കല്ലുകള്‍ ഇരിപ്പിടമാക്കി വിശ്രമിച്ചു. എന്നെപ്പോലെ നിരവധിപേരുണ്ട് ഒറ്റയ്ക്കും കൂട്ടമായും വിശ്രമിക്കാന്‍. നാല് കിലോമീറ്റര്‍ എളുപ്പത്തില്‍ ചാടിക്കയറാമെന്ന എന്റെ ധാരണകളെല്ലാം മലക്കംമറിഞ്ഞിരുന്നു. ഹിമാലയം അത്ര നിസ്സാരക്കാരനല്ല.  വെറുതെ ഒന്ന് വിശ്രമിച്ച് അവധി ആഘോഷിച്ചുപോകുന്നവരെയല്ല, പ്രകൃതി ഒരുക്കുന്ന വെല്ലുവിളികള്‍ സ്വീകരിച്ച് ട്രക്കിംഗിന്റെ അപാരമായ സാധ്യതകള്‍ ആസ്വദിക്കാന്‍ തയ്യാറുള്ളവരെയാണ് ഈ വനമേഖല കാത്തിരിക്കുന്നത്. 

വസന്ത ലോകത്തെ വിസ്മയം

സമുദ്രനിരപ്പില്‍നിന്നും ഏകദേശം 3600 മീറ്റര്‍ ഉയരത്തിലാണ് പത്ത് കിലോമീറ്റര്‍ നീളത്തിലും രണ്ട് കിലോമീറ്റര്‍ വീതിയിലും പരന്നുകിടക്കുന്ന പൂക്കളുടെ താഴ്‌വര. ചമോലി ജില്ലയില്‍ തന്നെയാണ് ഈ ദേശീയോദ്യാനം. പേര് സൂചിപ്പിക്കുന്നതുപോലെ പല സീസണുകളിലായി ആയിരക്കണക്കിന് വ്യത്യസ്ത പൂക്കള്‍ ഇവിടെ പ്രകൃതിക്ക് അലങ്കാരമായി പൂത്തുതളിര്‍ത്തു നില്‍പ്പുണ്ടാകും.ഏറ്റവുമധികം പൂക്കള്‍ പൂത്തുനില്‍ക്കുന്ന മണ്‍സൂണ്‍ സീസണില്‍ തന്നെയാണ് വനമേഖല ട്രക്കിങ് ആസ്വാദകര്‍ക്കായി തുറന്നുകൊടുക്കുന്നത്. നന്ദാ ദേവി ജൈവിക മണ്ഡലത്തിന്റെ ഭാഗമായ ഈ കാനനമേഖലയെ 1982 ലാണ് ദേശീയ വനമായി പ്രഖ്യാപിച്ചത്.

യാത്ര തുടരുകയാണ്. വാലി ഓഫ് ഫ്ലവേഴ്‌സിന്റെ തുടക്കമായി എന്നറിയിച്ചുകൊണ്ട് പല നിറങ്ങളില്‍ പല ഗന്ധങ്ങളിലുള്ള പൂക്കള്‍ സ്വാഗതം ചെയ്യാനായി വിടര്‍ന്ന് പ്രകാശിച്ച് എഴുന്നേറ്റുനില്‍ക്കുന്നു. പിന്നീടുള്ള കാഴ്ച്ചകള്‍ അക്ഷരാർഥത്തില്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു. വഴിയിലെല്ലാം നീല പോപ്പി, ദേവദാരു, സ്‌ടെരാസീ, വയലറ്റ് നിറത്തില്‍ റാണന്‍ കുലേഷ്യ, ഫ്യൂമ റീഷേ, ഭേര്‍, ക്രീപ്പിംഗ് ആസ്റ്റര്‍, പ്രിമുലേഷ്യ, നിരവധി നിരവധി പൂക്കളുടെ കൂട്ടങ്ങള്‍ കണ്ണെത്താത്തിടത്തോളം പരന്നുകിടക്കുന്നു.  മഴവില്‍ നിറങ്ങളില്‍ പൂക്കള്‍. ഇക്കൂട്ടത്തില്‍ രാത്രിയില്‍ പ്രകാശിക്കുന്ന ചെടികളുണ്ട്, ഗന്ധം വരുമ്പോള്‍ തന്നെ മോഹാലസ്യപ്പെടുന്നവയുണ്ട്. ബ്ലു പോപ്പി ആയിരുന്നു ഓഗസ്റ്റിലെ പ്രധാന ആകര്‍ഷണം. വയലറ്റ് പാടം പോലെ അത് ഹിമാലയത്തെ മൂടിപുതച്ചുകിടക്കുന്നു. എന്തൊരു സൗന്ദര്യമാണതിന്. എട്ടുമാസത്തോളം വിത്തുകള്‍ കാത്തുവെച്ചിരുന്ന് നാലുമാസത്തേക്ക് വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ഹിമാലയം. ബ്രഹ്മകമലം നേരില്‍കാണുന്നതൊരു ഭാഗ്യമാണെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ബ്രഹ്മാവിന്റെ താമരയാണത്. സമുദ്രനിരപ്പില്‍നിന്നും 4500 മീറ്റര്‍ ഉയരത്തില്‍ മാത്രം വിരിയുന്ന പുഷ്പം. പൂക്കള്‍ക്കിടയില്‍ എത്ര തപ്പിയിട്ടും ബ്രഹ്മകമലം കണ്ടെത്താനായില്ല. മഞ്ഞ് ഉരുകുന്നതിനൊപ്പം ഇവിടെ പൂക്കള്‍ വിടര്‍ന്നുതുടങ്ങും. പിന്നെ പൂക്കളുടെ ഉത്സവമായി. ഹിമാലയം കാവല്‍ നില്‍ക്കുന്ന അഴകിന്റെ താഴ്‌വരയാണിത്. സഞ്ചാരികള്‍ക്കായി പ്രകൃതിയൊരുക്കിവെച്ചിരിക്കുന്ന കാഴ്ച്ചയുടെ വിരുന്ന്. ചൈനയുമായും നേപ്പാളുമായെല്ലാം അതിര്‍ത്തി പങ്കിടുന്ന ഈ തന്ത്രപ്രധാന മേഖല കാഴ്ച്ചയില്‍ സംഘര്‍ഷഭാവമൊട്ടുമില്ലാത്ത ശാന്തസ്വരൂപി. ആ പ്രസന്നത അത്രയും സഞ്ചാരികളുടെ മനസ്സിലേയ്ക്ക് അപ്പാടെ പകര്‍ന്നുനല്‍കുകയും ചെയ്യും. ആ താഴ്‌വരയില്‍നിന്നും മടങ്ങാന്‍ നേരം ഏതാനും നിമിഷം പാറക്കെട്ടുകളില്‍ ഇരുന്നു. മനസ്സ് ശാന്തമാണ്. മടങ്ങിപ്പോകാന്‍ മനസ്സ് സമ്മതിക്കാത്തപോലെ. 

ഉച്ചയ്ക്ക് രണ്ടരവരെ മാത്രമാണ് പൂക്കളുടെ താഴ്‌വരയിലേയ്ക്കുള്ള പ്രവേശനം. ഇരുട്ടുപരന്നാല്‍ ട്രക്കിംഗിന് അനുമതിയില്ല. പിന്നെ മലയിറങ്ങണം. എന്നാല്‍ നൈറ്റ് ട്രക്കിംഗ് നടത്തുന്നവരുണ്ട്. പക്ഷേ, അതല്‍പം അപകടമാണ്. താഴോട്ടിറക്കം ആലോചിക്കാന്‍ വയ്യാത്ത കാര്യമാണ്. എന്തായാലും ഗാംഗ്രിയ വരെ ഇരുട്ടുപരക്കുംമുന്‍പ് നടന്നേ പറ്റൂ. കാരണം ഇന്ന് രാത്രിയോടെ ഗോവിന്ദ്ഗട്ടിലെത്തണം. എങ്കിലേ തടസ്സങ്ങളൊന്നുമില്ലെങ്കില്‍ വിചാരിച്ച സമയത്ത് മടങ്ങാന്‍ കഴിയൂ.  രാവിലെ വളരെ സൗമ്യമായി ഒഴുകിയിരുന്ന കൊച്ചരുവികള്‍ ഇപ്പോള്‍ കുലംകുത്തി പായുകയാണ്. വലിയ വലിയ ഹിമക്കട്ടകള്‍ ഉരുകിയൊലിക്കുകയാണത്. വഴികള്‍ എപ്പോള്‍ വേണമെങ്കിലും അപകടാവസ്ഥയില്‍ ആയേക്കാം. നടത്തത്തിനും ഓട്ടത്തിനും വേഗം കൂട്ടിയേ പറ്റൂ എന്ന അവസ്ഥ. 

പൂക്കളേ പോയ് വരാം

മൂന്നു മണിയോടടുത്ത് ഗാംഗ്രിയയില്‍ മടങ്ങിയെത്തി. സാധനങ്ങള്‍ പായ്ക്ക് ചെയ്തു. ചൂടുചായയും റൊട്ടിയും ദാലും കഴിച്ചിറങ്ങി. ഇനി പത്തു കിലോമീറ്റര്‍ താഴേയ്ക്കുള്ള ട്രെക്കിംഗ് ആണ്. ഗോവിന്ദ്ഘട്ട് വരെ. എത്രയും വേഗത്തില്‍ താഴെയെത്തണം. 3000 രൂപ കൊടുത്താല്‍ ഹെലികോപ്റ്റര്‍ സൗകര്യമുണ്ട്. പക്ഷേ, പകല്‍ മുഴുവന്‍ മഞ്ഞുനിറഞ്ഞ അന്തരീക്ഷമായിരുന്നതുകൊണ്ട് ഹെലികോപ്റ്റര്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞു. ഗോവിന്ദ്ഗട്ട് വരെ നടന്നുള്ള പോക്കിന് ആരോഗ്യം സമ്മതിക്കുന്നുമില്ല. അപ്പോഴിനി കുതിര തന്നെയാണ് ശരണം. ഹോട്ടല്‍ ജീവനക്കാരന്‍ തന്നെ കുറഞ്ഞ തുകയ്ക്ക് കുതിരയെ ഏര്‍പ്പാടാക്കിതന്നു. കുതിരയുടെ മുതുക് എന്റെയും ബാഗിന്‌റെയും ഭാരം താങ്ങി. ഏകദേശം 500 മീറ്റര്‍ പിന്നിട്ടു. അപ്പോഴതാ ഹെലിപ്പാഡിന് അടുത്ത് നാലഞ്ചുപേര്‍ കൂടിനില്‍ക്കുന്നു. ഒരു ഹെലികോപ്റ്റര്‍ വലിയ ശബ്ദത്തോടെ താഴ്ന്നിറങ്ങുന്നു. അഞ്ചുപേരെയും പൊക്കിയെടുത്ത് പറക്കുന്നു. ആഹാ... അപ്പോള്‍ ഹെലികോപ്റ്ററുണ്ട്. കുതിരസവാരി അവിടെവെച്ച് മതിയാക്കി ഞാനിറങ്ങി. പക്ഷേ, കുതിരക്കാരന്‍ ബഹളം വെച്ചപ്പോള്‍ അയാള്‍ക്ക് ഗോവിന്ദ്ഘട്ട് വരെയുള്ള പണം കൊടുക്കേണ്ടിവന്നു. പിന്നെയൊന്നും ആലോചിച്ചില്ല. ഭാരവും തോളിലേറ്റി ഹെലിപ്പാഡിനടുത്തേക്ക് ഓടി. 

ഇനി വരാനിരുന്നത് അന്നത്തെ അവസാന ഹെലികോപ്റ്ററായിരുന്നു. 3.45 ആണ് സമയം. ഭാഗ്യമുണ്ട്. പേരും അഡ്രസും ബാഗിന്റെ കനവുമെല്ലാം കൊടുത്ത് കാത്തിരുന്നു. എന്നെക്കൂടാതെ വേറെ നാലുപേര്‍ കൂട അപ്പോഴേക്കുമെത്തി. ഹെലികോപ്റ്ററില്‍ കയറിയിരിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഒരാള്‍ വിശദീകരിച്ചുതന്നു. കൃത്യം നാലുമണിയ്ക്ക് അടുത്ത ഹെലികോപ്റ്റര്‍ അതാ കൊടുങ്കാറ്റുപോലെ താഴ്ന്നിറങ്ങുന്നു. ആദ്യമായാണ് ഹെലികോപ്റ്ററില്‍ കയറുന്നത്. എന്നോട് മുന്നില്‍ തന്നെയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വിമാനം പോലെ സുരക്ഷിതമല്ലെന്ന് കേട്ടിട്ടുണ്ട്. എന്തായാലും രണ്ടുംകല്‍പ്പിച്ച് മുറുകെ പിടിച്ചിരുന്നു. ചെരിഞ്ഞും മറിഞ്ഞും പറന്നമ്പോള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. നെഞ്ചിനുള്ളിലൂടെ കൊള്ളിയാന്‍ പറന്നു. പൈലറ്റ് ഇടതുവശത്തേക്ക് കൈചൂണ്ടി ഒരു കുഞ്ഞുവെള്ളച്ചാട്ടം എനിക്ക് കാണിച്ചുതന്നു. ഹാവൂ... അറിയാതെ ഞാനൊന്നു ചിരിച്ചു. കൃത്യം ഏഴ് മിനിറ്റുകൊണ്ട് ഗോവിന്ദ്ഘട്ടെത്തി. ഇറങ്ങാന്‍ നേരം സമ്മതിച്ചിരിക്കുന്നു എന്ന മട്ടില്‍ പൈലറ്റിന് ഞാന്‍ കൈകൊടുത്തു. ഹെലികോപ്റ്ററിന് മുന്നില്‍നിന്നൊരു ഫോട്ടോയുമെടുത്തു. ബാഗും തോളിലിട്ട് വന്നവഴി ഗോവിന്ദ്ഗട്ട് സ്റ്റാന്‌റിലേയ്ക്ക് നടന്നു. 

മടക്കവഴിയിലെ തടസങ്ങള്‍

ആകാശയാത്രയിലെ സഹയാത്രികര്‍ നാലുപേരും എനിക്ക് മുന്നിലുണ്ട്. പരിചയപ്പെട്ടിട്ടില്ല. ഇവിടെനിന്നും ബസ്സിലോ ഷെയറിംഗ് ടാക്‌സികളിലോ ജീപ്പിലോ വേണം ജോഷിമഠിലെത്താന്‍. അരമണിക്കൂര്‍ നേരം കാത്തിരുന്നപ്പോഴാണ് ജോഷിമഠിലേയ്ക്കുള്ള പാലം താല്‍ക്കാലികമായി അടച്ചിരിക്കുന്ന കാര്യം തൊട്ടടുത്തുള്ള ഹോട്ടല്‍ ജീവനക്കാരന്‍ അറിയിക്കുന്നത്. അങ്ങോട്ട് വാഹനങ്ങള്‍ കടത്തിവിടാന്‍ രാത്രിയാകും. രണ്ടുമൂന്നുമണിക്കൂര്‍ ഹോട്ടലിലെ ബെഞ്ചില്‍ അഭയം തേടിയേ പറ്റൂ. ചൂടുചായയും സമോസയും വാങ്ങി. മൊബൈല്‍ ചാര്‍ജ് ചെയ്തു. ഇടയ്ക്കിടെ റേയ്ഞ്ച് വരുന്നുണ്ട്. ഇവിടംവിട്ടാല്‍ ഇന്റർനെറ്റും ശരിയാകും. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു ജീപ്പെത്തി. തല്‍ക്കാലം മറ്റുചിലര്‍ക്കൊപ്പം ആ ജീപ്പിലേയ്ക്ക് തിങ്ങിക്കയറിയിരുന്നു. ഡോറിന് തൊട്ടടുത്തായി സ്ഥാനമുറപ്പിച്ചു. എന്നോട് ചേര്‍ന്നിരിക്കുന്നത് മുഷിഞ്ഞ നാറ്റമുള്ള പ്രായമുള്ളൊരു സ്ത്രീയാണ്. അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ മുന്നില്‍ വാഹനങ്ങളുടെ നീണ്ട നിര കണ്ടു. ഇനിയും ഒരു മണിക്കൂറുകൂടി കാത്തിരിക്കണമെന്ന് നിര്‍ദേശം. പുറത്തേക്കിറങ്ങി. താഴെ ഗംഗയൊഴുകുന്നു. ശാന്തമാണ്. ചെറിയ ചാറ്റല്‍മഴയുണ്ട്. ഇവിടങ്ങളില്‍ ഈ ചാറ്റല്‍മഴ മാത്രം മതി മലയിടിഞ്ഞുവീണ് ഗതാഗതം താറുമാറാകാന്‍. മഴയുള്ളപ്പോള്‍ യാത്രചെയ്യുന്നത് അപകടമാണ്. ഒന്നരമണിക്കൂര്‍ കഴിഞ്ഞാണ് വാഹനം മുന്നോട്ടുനീങ്ങിയത്.

ജോഷിമഠിലെത്തുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. പോകുമ്പോള്‍ തങ്ങിയ അതേ സ്ഥലത്തുതന്നെ ആ രാത്രി കഴിച്ചുകൂട്ടി. ഋഷികേശിലേയ്ക്കുള്ള ഷെയറിംഗ് ടാക്‌സികള്‍ അതിരാവിലെ നാലുമണിമുതലുണ്ട്. ഞാന്‍ ആറുമണിയോടെ തയാറായി പുറത്തിറങ്ങി. വിചാരിച്ചപോലെ ഒരു ഷെയറിംഗ് ടാക്‌സിയില്‍ സ്ഥലമൊപ്പിച്ചു. ഇനി ഒരു ദിവസത്തെ മടുപ്പിക്കുന്ന യാത്രയാണ്. കാലാവസ്ഥ വളരെ മോശം. ഇടയ്ക്ക് ചാറ്റല്‍മഴയുണ്ടെങ്കിലും അന്തരീക്ഷ ഈര്‍പ്പം കൂടുതലാണ്. ഏകദേശം 12 മണിയോടടുത്തുകാണും അതാ വീണ്ടും മുന്നില്‍ വാഹനങ്ങളുടെ നീണ്ടനിരതന്നെ. മണ്ണിടിച്ചിലാണ്. കൂട്ടത്തില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ വഴിമുടക്കിയായി കിടക്കുന്നു. മണ്ണിടിഞ്ഞ് റോഡുമുഴുവന്‍ ഗംഗയിലേയ്ക്ക് ചരിഞ്ഞുംകിടക്കുന്നു. ഒരു തരത്തിലും വാഹനങ്ങള്‍ക്ക് മുന്നോട്ടുപോകാനാകില്ല. അരമണിക്കൂറിനകം ജെസിബിയെത്തി. മണ്ണും പാറക്കല്ലുകളും മാറ്റാനുള്ള ശ്രമം തുടങ്ങി. വലിയ പ്രതീക്ഷയില്ല. ചാറ്റല്‍മഴ ഇപ്പോഴുമുണ്ട്. ഒരു വശത്തുനിന്നും മണ്ണ് മാറ്റുംതോറും മലയിടിഞ്ഞുവീഴുന്നു. അല്‍പ്പം കൂടി വലിയ ജെസിബിയെത്തി. അപ്പോഴേക്കും രാത്രിയായിരുന്നു. അന്നത്തെ മടക്കയാത്രയുടെ പ്രതീക്ഷ അസ്തമിച്ചു. 

പൊലീസും സൈന്യവും കാവലുണ്ട്. പലരും തിരികെ ജോഷിമഠിലേയ്ക്കുതന്നെ വണ്ടിതിരിച്ചുവിട്ടു. പിന്നിലേയ്ക്ക് അല്‍പം പോയാല്‍ ഭക്ഷണം കിട്ടുന്ന ചെറിയ ഹോട്ടലുകളുണ്ട്. വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. അതുകൊണ്ട് ഇത്രയും കിലോമീറ്റര്‍ പിറകിലേയ്ക്ക്, ജോഷിമഠിലേയ്ക്ക് പോകാതെ ഈ രാത്രി അവിടെ തങ്ങാമെന്നായി. റൊട്ടിയും സബ്ജിയും കഴിച്ച് മരബെഞ്ചില്‍ കയറിക്കിടന്നു. പുറത്ത് കനത്ത ഇരുട്ടാണ്. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റും ഓഫ് ചെയ്തിരിക്കുന്നു. ആളുകളെല്ലാം ഉറക്കംപിടിച്ചു. റോഡില്‍ ടവ്വല്‍ വിരിച്ചുകിടക്കുന്നവരുണ്ട്. ബസ്സുകള്‍ക്ക് മുകളിലും അകത്തും ഹോട്ടല്‍ വരാന്തയിലും കിടക്കുന്നവരുണ്ട്. കോളേജ് പിള്ളേരെന്ന് തോന്നിച്ച ചില പെണ്‍കുട്ടികള്‍ രാത്രി വൈകിയും ഉറങ്ങിയിരുന്നില്ല. ഹോട്ടലിലെ പ്ലാസ്റ്റിക് കസേരകള്‍ വട്ടത്തിലിട്ട് അവരെന്തോ ചര്‍ച്ചയിലാണ്. ട്രക്കിംഗ് കഴിഞ്ഞുള്ള മടക്കമാണെന്ന് ഒറ്റനോട്ടത്തിലറിയാം. അത്ര ക്ഷീണമുണ്ട് ആ മുഖങ്ങളിലും. കനത്ത ഇരുട്ടില്‍ എവിടയോ ഉയരത്തില്‍നിന്നും വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കാം. നല്ല തണുപ്പുണ്ട്. ശരീരം വിറയ്ക്കാന്‍ തുടങ്ങി. ഞാന്‍ കിടക്കുന്ന മരബെഞ്ചിനും നല്ല തണുപ്പ്. തൊട്ടുതാഴെ ഒരു മനുഷ്യന്‍ എന്നെതന്നെ തുറിച്ചുനോക്കി ചുരുണ്ടുകിടപ്പുണ്ട്. കൈയ്യൂന്നിയെഴുന്നേറ്റ് അയാള്‍ പെട്ടെന്ന് ഇരുട്ടിലേയ്ക്ക് മറഞ്ഞു. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് മുതുകല്‍പം വളച്ചുപിടിച്ച് അരക്കെട്ടിന് കൈതാങ്ങിക്കൊണ്ടാണ് പിന്നീടുള്ള വരവ്. കൈയ്യില്‍ മടക്കിയ പരുവത്തിലൊരു കരിമ്പടം. നിവര്‍ത്തി എന്‌റെ ദേഹത്തേക്ക് ഒരേറ്. അസഹനീയമായ തണുപ്പുകൊണ്ടുമാത്രം മനസ്സില്ലാമനസ്സോടെ ഞാനാ കരിമ്പടം പുതച്ചുറങ്ങി. 

പുലര്‍ച്ചെ അഞ്ചുമണിയോടെ ആളുകളുടെ തിക്കുംതിരക്കും തുടങ്ങി. റോഡരികിലെ പൈപ്പില്‍ വെള്ളമുണ്ട്. പ്രാഥമിക കാര്യങ്ങളെല്ലാം കഴിഞ്ഞ് വീണ്ടും വാഹനത്തിലേയ്ക്ക്.  രാവിലെയോടെ മണ്ണും പാറക്കല്ലുകളും മാറ്റുമെന്നാണ് പ്രതീക്ഷ. മണ്ണിടിഞ്ഞ ഭാഗത്തേയ്ക്കുതന്നെ വാഹനങ്ങള്‍ നീങ്ങിത്തുടങ്ങി. അതേ അവസ്ഥയാണ്. ചാറ്റല്‍മഴ രാവിലെയോടെ തുടങ്ങിയിരിക്കുന്നു. മണ്ണ് ഇടിഞ്ഞുകൊണ്ടേയിരിക്കുന്നു. ജെസിബിയും പോലീസും പട്ടാളവും റോഡ് നേരെയാക്കാനുള്ള ശ്രമത്തില്‍തന്നെ. ഏകദേശം ഉച്ചവരെ ഒരേ നില്‍പ്പ്. വീണ്ടും തലേന്ന് തങ്ങിയ സ്ഥലത്തെത്തി. മാഗി ന്യൂഡില്‍സ് കണ്ണിനുനേരെ കണ്ടുകൂടാത്ത ഞാനന്ന് അവരുണ്ടാക്കിതന്ന ന്യൂഡില്‍സ് ആര്‍ത്തിയോടെ കഴിച്ചു. ഒരു കുപ്പി വെള്ളവും അകത്താക്കി വയറുനിറച്ചു. എന്തായാലും ഇന്നും റോഡ് നേരെയാകില്ലെന്ന് ഉറപ്പായതോടെ അത്യാവശ്യക്കാര്‍ക്ക് നടന്നുകൊണ്ട് അപ്പുറം പോകാം എന്നായി. ബാഗ് തോളിലിട്ട് പാറക്കല്ലുകളും മണ്ണും ചെളിയും നിറഞ്ഞ അപകടം പിടിച്ച ഊടുവഴിയിലൂടെ പൊലീസിന്റെ കൈകളില്‍ ഭാരം താങ്ങി റോഡിനപ്പുറമെത്തി. 200 മീറ്ററോളമുണ്ട്. കാലൊന്നുതെന്നിയാല്‍ നേരെ താഴെ കുത്തിയൊഴുകുന്ന ഗംഗയിലേയ്ക്കാണ്. തനിച്ചും കൂട്ടമായുമെത്തിയ സഞ്ചാരികള്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു. അവര്‍ പരസ്പരം പല കാര്യങ്ങളിലും സഹകരിക്കുന്നുണ്ട്. കൂട്ടത്തില്‍ സിക്കുകാര്‍ അത്യാവശ്യം വേണ്ട ഭക്ഷണസാധനങ്ങളും കുടിവെള്ളവും സൗജന്യമായി വിതരണം ചെയ്യുന്നു. എടുത്തുപറയേണ്ടതാണ് സിക്കുകാരുടെ സ്‌നേഹവും പരിഗണനയും. 

കണ്ണില്‍ നിറയാത്ത കാഴ്ചകള്‍

ഋഷികേശില്‍നിന്നും എത്തിയ ഷെയര്‍ ടാക്‌സികള്‍ റോഡിനപ്പുറം കാത്തുകിടപ്പുണ്ടായിരുന്നു. കാല്‍മുട്ടുവരെ പറ്റിപ്പിടിച്ചിരിക്കുന്ന ചെളിയെല്ലാം മലയടിവാരത്തിലെ തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കി.  ടാക്‌സിയില്‍ കയറിപറ്റാന്‍ ചില സിക്കുകാര്‍ തന്നെയാണ് സഹായിച്ചത്. നന്ദി പറഞ്ഞ് ഋഷികേശിലേയ്ക്ക് പുറപ്പെടുമ്പോള്‍ ചെറിയൊരു നഷ്ടബോധമാണുണ്ടായത്. ഒരു പകലും രാത്രിയും വാഹനത്തിനകത്തും പുറത്തുമായി മുഷിഞ്ഞിരുന്നനേരം കാഴ്ച്ചകളിലേയ്ക്ക് ഇറങ്ങിനടക്കാമായിരുന്നു. ഇന്നോര്‍ക്കുമ്പോള്‍ അതൊരു വലിയ നഷ്ടംതന്നെയാണ്. അടുത്ത യാത്രയില്‍ ആ നഷ്ടം നികത്തണം. 

മുഷിഞ്ഞ ഗന്ധമുള്ള ടാക്‌സിയില്‍ തിങ്ങിനിറഞ്ഞാണ് ആളുകള്‍. ആറേഴു മണിക്കൂറുണ്ട് ഋഷികേശിലെത്താന്‍. പിന്‍സീറ്റിലെ ഡോറിനടുത്തുള്ള ഇരിപ്പായതുകൊണ്ടുതന്നെ തലചായ്ച്ചിരുന്ന് അല്‍പ്പനേരം മയങ്ങി. എല്ലാവരും ശ്രീനഗറില്‍ ഭക്ഷണം കഴിക്കാനിറങ്ങി. പിന്‍സീറ്റിലിരുന്നുകൊണ്ടുള്ള യാത്ര അത്ര സുഖകരമല്ലായിരുന്നതുകൊണ്ട് ഞാനൊരു നാരങ്ങാവെള്ളത്തിലൊതുക്കി. യാത്ര തുടര്‍ന്നു. രാത്രി വൈകിയാണ് ഋഷികേശിലെത്തുന്നത്. ബസ് സ്റ്റാന്റിനു മുന്നിലുള്ള ഹോട്ടലില്‍ ഒരു മണിക്കൂര്‍നേരത്തേക്ക് മുറിയെടുത്തു. കുളിച്ച് ഉഷാറായി റൊട്ടിയും മസാലയും സാലഡും കഴിച്ചു. ഡല്‍ഹി വരെ എസി വോള്‍വോ എയര്‍ബസ്സ് എപ്പോഴുമുണ്ട്. പുലര്‍ച്ചെയോടെ ഡല്‍ഹി കാശ്മീരി ഗേറ്റ് ബസ് സ്റ്റാന്റിലെത്തി. കോഴിക്കോടിനുള്ള വിമാനസമയം അടുക്കുന്നതുവരെ ഡല്‍ഹിയിലൊരു ചെറിയ കറക്കം.  പിന്നെ നേരെ മൂന്നു ദിവസത്തെ അവധിക്ക് നാട്ടിലേയ്ക്ക്... അവിടെനിന്നും പ്രവാസലോകത്തേക്കും. അങ്ങിനെ എന്റെ 'ഹിമാലയ' യാത്രയുടെ ആദ്യഘട്ടം തീര്‍ന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA