ക്രിസ്മസ് അവധിക്ക് യാത്ര പോകാൻ ചിലയിടങ്ങൾ

wine-place
SHARE

യാത്രപോകാൻ ക്രിസ്മസ് അവധിയ്ക്കായി കാത്തിരിക്കുകയാണ് കുട്ടികളടക്കം എല്ലാവരും. തിരക്കുകൾ എല്ലാം മാറ്റിവച്ച് സ്വസ്ഥമായൊരു യാത്ര. സ്ഥലങ്ങളും കാഴ്ചകളും ആസ്വദിച്ചുള്ള യാത്ര മനസ്സിനു നൽകുന്ന ഉന്മേഷം ഒന്നു വേറെയാണ്. മഞ്ഞിൽ പൊതിഞ്ഞ ‍ഡിസംബറിൽ ക്രിസ്മസ് അവധിക്ക് യാത്ര പോകാൻ ചിലയിടങ്ങൾ.

സുല മുന്തിരിതോട്ടം, നാസിക്, മഹാരാഷ്ട്ര

മുന്തിരിതോട്ടങ്ങളുടെ നാടാണ് നാസിക്. നാസിക്കിന്റെ മുന്തിരി രുചിയിൽ മുന്തിനിൽക്കും സുലയിലെ മുന്തിരികളും ആ പഴച്ചാറും. 1997 ലാണ് സുലയിൽ വൈൻ നിർമാണം ആരംഭിച്ചത്. അക്കാലം മുതൽ ഇന്നോളം ആ വൈനിന്റെ രുചി ഉപയോഗിച്ചവരാരും മറക്കാനിടയില്ല. ഇന്ത്യയ്ക്കകത്തും പുറത്തും സുലയിലെ മുന്തിരിചാറിനു ആരാധകരേറെയാണ്. എല്ലാവർഷവും സുലയിൽ ''വൈൻഫെസ്റ്റ്'' നടക്കാറുണ്ട്. വൈനിന്റെ രുചിയറിയാൻ എല്ലാവർക്കും അവസരം ലഭിക്കുന്ന ഈ സമയം വൈൻ ടൂറായാണ് അറിയപ്പെടുന്നത്. പതിനായിരക്കണക്കിന് ആളുകൾ വൈൻ ഫെസ്റ്റിൽ പങ്കെടുക്കാൻ സുലയിലെത്താറുണ്ട്. ഇന്ത്യയിലെ അതിപ്രശസ്തമായ വൈൻ കാർണിവൽ ആയാണിത് അറിയപ്പെടുന്നത്. അന്നേരങ്ങളിൽ ഇവിടെയെത്തുന്ന അതിഥികൾക്കായി അത്യാഢംബര സൗകര്യങ്ങളെല്ലാമുള്ള ബംഗ്ലാവും ഇറ്റാലിയൻ റെസ്റ്റോറന്റുമടക്കമുള്ള എല്ലാ സൗകര്യങ്ങളും നൽകാറുണ്ട്. വൈൻ ടൂറിനായി സഞ്ചാരികൾക്കു തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ചയിടമാണ് സുല.

wine-place-sula

ഫെബ്രുവരി മാസത്തിന്റെ ആരംഭത്തിലാണ് സുലയിലെ വൈൻ ഫെസ്റ്റ്. ഡിജെയും ലോകപ്രശസ്ത സംഗീതജ്ഞരും റോക്ക് ബാൻഡുകളുമൊക്കെ നിറഞ്ഞ ഇവിടെ വലിയ ആഘോഷങ്ങളാണ് നടക്കുക. വൈൻ ഉണ്ടാക്കുന്നതിന്റെ പ്രവർത്തനങ്ങളെല്ലാം അതിഥികൾക്ക്  വിവരിക്കുന്നതിനായി ഗൈഡിന്റെ സഹായവും സുലയിൽ ലഭ്യമാണ്. ജനുവരി മുതൽ മാർച്ച് വരെയാണ് ഇവിടുത്തെ മുന്തിരി വിളവെടുപ്പും വൈൻ നിർ‌മാണവുമൊക്കെ നടക്കുന്നത്.

ഓലി

ഉത്തരാഖണ്ഡിൽ ബദരീനാഥിലേക്കുള്ള വഴിയിലാണ് ഓലി സ്ഥിതി ചെയ്യുന്നത്. ലോകശ്രദ്ധനേടിയ സ്കീയിങ്  കേന്ദ്രമാണ് ഓലി. മഞ്ഞുമൂടിയ മലനിരകളും ദേവദാരു വൃക്ഷങ്ങളും ആപ്പിൾ തോട്ടങ്ങളും, നിറയുന്നതാണ് ഓലിയുടെ സൗന്ദര്യം. പുൽമേട് എന്നര്‍ഥം വരുന്ന ബുഗ്യാൻ എന്ന പ്രാദേശിക പേരുകൂടിയുണ്ട് ഓലിക്ക്.

∙സ്കീയിങ് പോലെ പ്രശസ്തമാണ് ഇവിടത്തെ ട്രെക്കിങ് റൂട്ടും മനോഹരമായ പ്രകൃതി ദൃശ്യം ആസ്വദിച്ച് ട്രെക്കിങ് ചെയ്യാം. ഏഷ്യയിലെ തന്നെ ഏറ്റവും ദൈർഘ്യമുള്ള കേബിൾ കാർ (4 കിലോമീറ്റർ) സ്ഥിതി ചെയ്യുന്നതും ഓലിയോട് ചേർന്നാണ്.

∙മഞ്ഞിടിച്ചിൽ മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് പ്രശസ്തമാണ്. അതിനാൽ തന്നെ യാത്രയ്ക്ക് മുൻപ് ഓലിയുടെ കാലാവസ്ഥയെ കുറിച്ചൊരു മുൻധാരണ ഉണ്ടാക്കുന്നത് നന്നായിരിക്കും.

∙കാഴ്ചകൾ: ഓലിയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് സമുദ്രനിരപ്പിൽ നിന്നും 7120 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തൃശൂൽ കൊടുമുടി. തൃശൂൽ കൊടുമുടിക്ക് താഴെയാണ് രൂപ് കുണ്ഡ് തടാകം. നിഗൂഢതകളുടെ തടാകം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിൽ നിന്നും മനുഷ്യരുടെയും മൃഗങ്ങളുടെയും ഒട്ടേറെ അസ്ഥികൂടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

∙എത്തിച്ചേരാൻ : ജോളി ഗ്രാന്റ് എയർപോർട്ടാണ് അടുത്തുള്ള വിമാനത്താവളം. ഋഷികേശാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇവിടെ നിന്ന് ഓലിയിലേക്ക് നേരിട്ട് ടാക്സി ബസ് സർവീസുണ്ട്.

ഡാർജലിങ്

ഇന്ത്യയുടെ വടക്കു ഭാഗത്തുള്ള സംസ്ഥാനങ്ങളിലേക്കു യാത്രയ്ക്ക്  തയാറെടുപ്പു നടത്തുന്നവർക്ക് ഡാർജലിങ് തിരഞ്ഞെടുക്കാം. ബ്രിട്ടിഷുകാർ വേനൽക്കാലത്ത് അവധി ആഘോഷിക്കാൻ എത്തിയിരുന്ന സ്ഥലമാണു ഡാർജിലിങ്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശമെന്നാണ് ഇംഗ്ലിഷുകാർ അന്നും ഇന്നും ഡാർജലിങ്ങിനു നൽകുന്ന വിേശഷണം.

671740860

വെള്ളച്ചാട്ടം, തടാകങ്ങൾ, ആകാശച്ചെരിവിനോളം നീണ്ടു കിടക്കുന്ന പച്ചയണിഞ്ഞ കുന്നുകൾ തുടങ്ങി കണ്ണിനു കുളിരു പകരുന്ന ദൃശ്യങ്ങളാണ് ഡാർജലിങ്ങിന്റെ സവിശേഷത. ടിബറ്റിൽ നിന്നു കുടിയേറിയവരുടെ സെറ്റിൽമെന്റുകളും വീടുകളും മാത്രമേ ഈ പ്രദേശത്ത് കെട്ടിടങ്ങളായുള്ളൂ. സമ്മിശ്ര സംസ്കാരമാണ് ഡാർജിലിങ്ങിലേത്. ഏതു കുന്നിന്റെ മുകളിൽ നിന്നാലും കാഞ്ചൻജംഗ – എവറസ്റ്റ് കൊടുമുടികൾ തെളിഞ്ഞു കാണാം. ട്രെക്കിങ്ങിൽ താൽപര്യമുള്ളവർ നാലും അഞ്ചും തവണ ഡാർജലിങ്ങിലേക്കു പോകുന്നത് ഈ കൗതുകത്തിന്റെ ഉള്ളറ തേടിയാണ്. ഡാർജലിങ്ങിൽ മൂന്നാറിലേതു പോലെ തേയിലത്തോട്ടങ്ങളുണ്ട്. പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പാടങ്ങളാണ് മറ്റൊരു സൗന്ദര്യം.

∙ ഡാർജലിങ് കാലാവസ്ഥയെ കുറിച്ച് പ്രവചിക്കാൻ പ്രയാസമാണ്. വർഷത്തിലുടനീളം സന്ദർശിക്കാവുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് ഇവിടം. ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നീളുന്ന ശൈത്യകാലമാണ് പീക്ക് സീസൺ.

∙ ഡാർജിലിങ് – ഹിമാലയൻ തീവണ്ടിപ്പാത പോലെ ലോക പ്രശസ്തമാണ് ഡാർജലിങ്ങിലെ ചായ. അതിനാൽ ഡാർജിലിങ് യാത്രയിൽ ചായയുടെ രുചി നിർബന്ധമായും അനുഭവിച്ചറിയണം. 

∙ നോർത്തിന്ത്യൻ, ടിബറ്റൻ, നേപ്പാളി പ്രാദേശിക രുചികൾ ഡാർജലിങ്ങിൽ ലഭ്യമാണ്.

കാശ്മീർ

സുന്ദരകാഴ്ചകൾ നിറഞ്ഞ ഭൂമിയാണ് കാശ്മീർ. ഏതു കാലത്തും കാശ്മീരില്‍ പോകാം. വേനൽകാലത്ത് കാശ്മീരാകെ പച്ചപുതച്ച് മഞ്ഞുകളൊക്കെ ഉരുകിതീരും. കാശ്മീരിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷന്‍ ഗുല്‍മര്‍ഗ്ഗും സോനാമര്‍ഗും പല്‍ഗാമും ശ്രീനഗറുമാണ്.

493572362

ശ്രീനഗറില്‍നിന്ന് ഒന്നു രണ്ട് മണിക്കൂറില്‍ എത്താവുന്ന സ്ഥലങ്ങളാണ്. കാശ്മീർ താഴ‍്‍വരയും പൈൻ മരക്കാടുകളും ആപ്പിളും കുങ്കുമപ്പൂക്കളും കണ്ടു മനോഹരകാഴ്ചകൾക്ക് പറ്റിയയിടമാണ് കാശ്മീർ. കണ്ണിനുകുളിർമയേകുന്ന കാഴ്ചകൾ കണ്ട ആരും പറയും ഭൂമിയിലെ സ്വർഗം കാശ്മീർ എന്ന്. മഞ്ഞുപുതച്ച ഡിസംബറിലെ കാഴ്ചകൾക്കായി കാശ്മീരിലേക്ക് യാത്ര തിരിച്ചാലോ?

തമിഴ്നാട്ടിലെ സുവർണക്ഷേത്രം

കോട്ടകളുടെ നഗരം എന്നറിയപ്പെടുന്ന പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രമാണ് വെല്ലൂർ. വെല്ലൂരിന് സമീപമുള്ള തിരുമലൈക്കൊടി എന്ന സ്ഥലത്താണ് ശ്രീപുരം സുവർണ ക്ഷേത്രം അഥവാ ശ്രീലക്ഷ്മി നാരായണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

∙സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ മഹാലക്ഷ്മിയാണ് പ്രതിഷ്ഠ. തിരുമലൈക്കൊടി മലയടിവാരത്തിൽ നൂറ് ഏക്കറോളം സ്ഥലത്തായാണ് ക്ഷേത്രം.

∙ആയിരത്തിയഞ്ഞൂറ് കിലോയിലധികം സ്വർണമാണ് പ്രധാന ക്ഷേത്രം, ചുമരുകൾ, ഗോപുരം, അർഥമണ്ഡപം എന്നിവയിലായി പൂശിയിരിക്കുന്നത്.

∙രാവിലെ നാലു മുതൽ രാത്രി എട്ടു മണിവരെ ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ട്. ക്ഷേത്രത്തിലേക്ക് കടക്കും മുൻപ് കർശനമായ ചില കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. പാന്റ്സ്, മിഡി പോലുള്ള ചില വസ്ത്രങ്ങൾ ധരിക്കുന്നവരെ ക്ഷേത്ര ത്തിലേക്ക് പ്രവേശിപ്പിക്കുന്നതല്ല. മൊബൈൽ ഫോൺ, ക്യാമറ എന്നിവയ്ക്കും ക്ഷേത്രത്തിനകത്ത് വിലക്കുണ്ട്. 

∙എത്തിച്ചേരാൻ: എറണാകുളം–വെല്ലൂർ ഡ്രൈവിങ് ദൂരം 447 കിലോമീറ്റർ, എറണാകുളത്തു നിന്ന് വെല്ലൂരേക്ക്  നേരിട്ട് ബസ് സർവീസുണ്ട്. കേരളത്തിൽ നിന്ന് പോകുന്ന മിക്ക ട്രെയിനുകൾക്കും കട്പാടി ജംക്ഷൻ സ്റ്റേഷനിൽ സ്റ്റോപ്പു ണ്ട്. കട്പാടിയിൽ നിന്ന് 21 കിലോമീറ്റർ അകലെയാണ് സുവർണ ക്ഷേത്രം.  ടാക്സി, ബസ് സർവീസ് ഉപയോഗപ്പെടുത്താം.

ഗോകർണം

കർണാടകയിലെ പ്രമുഖ ഹൈന്ദവ തീർ‌ഥാടന കേന്ദ്രമാണ് ഗോകർണം. മനോഹരമായ കടൽത്തീരങ്ങളാണ് പ്രധാന കാഴ്ച. ബീച്ചുകൾ – കുഡ്‌ലെ ബീച്ച്, ഗോകർണ ബീച്ച്, ഹാഫ് മൂൺ ബീച്ച്, പാരഡൈസ് ബീച്ച്, ഓം ബീച്ച്. ഇതിൽ പ്രധാനപ്പെട്ട ബീച്ച് ഗോകർണയാണ്. എന്നാൽ, വലുപ്പമേറിയത് കു‌ഡ്‌ലെ ബീച്ചാണ്.

gokarna

നവംബർ മുതൽ ഫെബ്രുവരി വരെയാണ് സീസൺ. കു‌ഡ്‌ലെ ബീച്ചിൽ ഇറങ്ങുന്നത് അപകടമാണ്. നീന്താനും കുളിക്കാനും ഓം ബീച്ച് തിരഞ്ഞെടുക്കാം. ഓം ആകൃതിയിൽ കിടക്കുന്ന തീരത്തിന്റെ വളവുകളിലായി നീന്താൻ പാകത്തിൽ കടൽ ശാന്തമായി കിടക്കുന്നു. ഗോകർണത്തെത്തുന്ന സഞ്ചാരികളിൽ കൂടുതലും വിദേശികളായതിനാൽ ഭക്ഷണവും താമസവും നിരക്ക് ഉയർന്നതാണ്.

ബെംഗളൂരു നിന്ന് 450 കിലോമീറ്റർ അകലെയാണ് ഗോകർണം. മംഗലാപുരത്ത് നിന്ന് 231 കിലോമീറ്റർ. റോഡ് മാർഗം ആണെങ്കിൽ മംഗലാപുരം വഴി NH 17 ലൂടെ ഗോകർണം എത്താം. കേരളത്തിൽ നിന്ന് ഗോകർണം വരെ നേരിട്ട് ട്രെയിൻ സർവീസ് ഉണ്ട്.

ഉ‍ഡുപ്പി 

മനസ്സിനും ശരീരത്തിനും ഉണര്‍വേകാൻ ക്ഷേത്രനഗരങ്ങളുടെ പറുദീസയായ ഉ‍ഡുപ്പിയിലേക്കാകാം യാത്ര. പഴമയുടെ മുഖമുള്ള അങ്ങാടികളും മഠങ്ങളും പരമ്പരാഗത ശൈലിയിൽ പണികഴിപ്പിച്ചിരിക്കുന്ന കെട്ടിടങ്ങളും സ്വാദൂറുന്ന വിഭവങ്ങളുമെല്ലാം സമന്വയിച്ച ഉ‍ഡുപ്പി പുതുതലമുറക്ക് പുത്തൻകാഴ്ചകളാണ് സമ്മാനിക്കുന്നത്. ഭക്തിയിൽ തുടങ്ങി രുചിപെരുമയിലാണ് ഉഡുപ്പി യാത്ര പൂര്‍ണമാകുന്നത്.

ചരിത്രസ്മാരകങ്ങളുടെ കഥകളുറങ്ങുന്ന കർണാടകയിലെ ഉ‍ഡുപ്പി തേടിയെത്തുന്നത് തീർത്ഥാടകരെ മാത്രമല്ല. അവിടുത്തെ സ്വപ്നസുന്ദരമായ കാഴ്ചകൾ ആസ്വദിക്കാനായി എത്തുന്ന സഞ്ചാരികളുമേറെയാണ്. പഴമയും പുതുമയും കോർത്തിണക്കിയ ഇവിടം വൈവിധ്യങ്ങളുടെ നഗരം കൂടിയാണ്. ഉഡുപ്പിയിലെ പ്രധാനാകർഷണം ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രമാണ്. വളരെ പ്രത്യേകതകളുള്ള ഇൗ ക്ഷേത്രത്തിൽ ആയിരക്കണക്കിനാളുകളാണ് എത്തിച്ചേരുന്നത്. ഒന്‍പത് ദ്വാരങ്ങളുള്ള വാതിലിലൂടെയാണ് ഇവിടുത്തെ കൃഷ്ണദര്‍ശനം. ഈ രീതിയിലുള്ള ദര്‍ശനം ഭക്തര്‍ക്ക് ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. ഇവിടുത്തെ ചിത്രപണികളും ശ്രദ്ധേയമാണ്. ശ്രീകൃഷ്ണന്റെ അവതാരങ്ങളുടെ രൂപങ്ങൾ ഇവിടുത്തെ വാതിലിൽ മനോഹരമായി കൊത്തിവെച്ചിട്ടുണ്ട്. ഉഡുപ്പിയിലെ കൃഷ്ണക്ഷേത്രത്തെക്കുറിച്ചും ഇത്തരം ഒട്ടേറെ കഥകളും വിശ്വാസങ്ങളും നിലവിലുണ്ട്.

ബെംഗളൂരു നഗരത്തില്‍ നിന്നും 400 കിലോമീറ്റര്‍ അകലത്തിലാണ് ഉഡുപ്പി. മംഗലാപുരത്തുനിന്നും ഇവിടേക്ക് 62 കിലോമീറ്ററാണ് ദൂരം. ഉഡുപ്പിയിലെ ശ്രീകൃഷ്ണക്ഷേത്രമാണ് ഏറെ പ്രശസ്തമെങ്കിലും അതുപോലെ തന്നെ പ്രാധാന്യമേറിയ ഒരു ശിവക്ഷേത്രവുമുണ്ടിവിടെ. ഈ ക്ഷേത്രത്തിന് ആയിരം വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.

ഗോവ

ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ചുകൾ കാണണമെങ്കിൽ ഗോവയിൽ തന്നെ പോകണം. വലിയ ആഘോഷങ്ങളുടെ തീരങ്ങളാണ് തെക്കൻ ഗോവയിലെയും വടക്കൻ ഗോവയിലെയും ബീച്ചുകൾ. പാലോലവും അഗോണ്ടയും കോൽവയും തെക്കൻ ഗോവയുടെ സൗന്ദര്യത്തിലേക്കു ക്ഷണിക്കുമ്പോൾ അഞ്ജുനയും ബാഗയും മോർജിമും വടക്കൻ ഗോവയിലെ ആകർഷകമായ ബീച്ചുകളാണ്. ആൾത്തിരക്കൊഴിഞ്ഞ, മനോഹരമായ ബീച്ചുകളാണ് തെക്കൻ ഗോവയിലേതെങ്കിൽ അടിപൊളി പാർട്ടികളുടെയും ആഘോഷങ്ങളുടെയും രാവുകളും പകലുകളും നൽകും വടക്കൻ ഗോവയിലെ കടൽത്തീരങ്ങൾ. 

492152850

ഗോവ അതിന്റെ മനോഹാരിത കൊണ്ടുമാത്രമല്ല അവിടെയെത്തുന്ന സഞ്ചാരികളെ കൊണ്ടുകൂടി ഏറെ വ്യത്യസ്തമാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളും, വിവിധ രാജ്യക്കാരും നിറഞ്ഞ ഗോവയിൽ ഓഫ്  സീസൺ എന്നൊന്നില്ല. അർധരാത്രികളിലും സജീവമായ ബീച്ചുകളും പാർട്ടികളും ഗോവയെ എക്കാലത്തും സഞ്ചാരികളുടെ പ്രിയയിടമാക്കി മാറ്റുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA