ഇത് മറ്റൊരു ഉൗട്ടി; കാപ്പിയുടെ കഥ പറയും അരാക്കു താഴ്‍‍വര

638756752
SHARE

ചൂടുനിറഞ്ഞ കാലാവസ്ഥയിൽ നിന്നും തണുപ്പിന്റെ പുതപ്പണിഞ്ഞ പ്രദേശത്തിലേക്കുള്ള യാത്രയാണ് മിക്കവർക്കും പ്രിയം. ഉൗട്ടി യാത്ര ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ഉൗട്ടിയെ വെല്ലുന്ന തണുപ്പുമായി ഒരിടം ആന്ധ്രാപ്രദേശിലുണ്ട്. മലനിരകളും, താഴ്‍‍‍വാരങ്ങളും നിറഞ്ഞ അരാക്കു വാലി. ആന്ധ്രാ പ്രദേശിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് ഇവിടം. പ്രകൃതി ഭംഗി കൊണ്ടും ആന്ധ്രയുടെ പതിവു ചൂടിൽ നിന്നും മാറി തണുപ്പിന്റ കുളിരണിഞ്ഞ നാട്, തണുപ്പുള്ള പ്രദേശമായതുകൊണ്ടും ആന്ധ്രയുടെ ഊട്ടി എന്ന പേരിലും പ്രശസ്തമാണ്. സമുദ്ര നിരപ്പിൽ നിന്നും 600 മീ. മുതൽ 900 മീ.വരെ ഉയരത്തിലാണ് അരാക്കു താഴ്‍‍വര സ്ഥിതി ചെയ്യുന്നത്.

കാപ്പിപൂവിന്റെ ഗന്ധം നിറഞ്ഞ പ്രദേശം കൂടിയാണ് അരാക്കു. കാപ്പിത്തോട്ടങ്ങളുടെ മനോഹാരിതയും ചുരങ്ങളിൽ നിന്നുള്ള ഇറക്കവും കയറ്റവുമൊക്കെ സഞ്ചാരികൾക്ക്  ദൃശ്യവിസ്മയം ഒരുക്കുന്നു. ചുരങ്ങളിലൂടെയുള്ള യാത്രയിൽ റോ‍ഡിനിരുവശവും നിബി‍‍ഡവനമാണ്. ട്രെക്കിങ് പ്രിയരുടെ സ്വർഗമാണ് അരാക്കു വാലി. വിശാഖപട്ടണത്തു നിന്നും അരാക്കിലേക്കുള്ള യാത്രയുടെ മുഖ്യാകർഷണം ഇടതൂർന്ന് വളർന്ന കാപ്പിത്തോട്ടങ്ങളാണ്. സന്ദർശകരുടെ മനം കവരുന്ന അരാക്കുവാലിയിൽ കാപ്പിയുടെ കഥപറയുന്ന കാപ്പി മ്യൂസിയവും ഉണ്ട്. വിശാഖപട്ടണത്തു നിന്ന് 115 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അരക്കു താഴ്‌വരയാണ് ഇന്ത്യയിൽ കാപ്പി ഉൽപാദത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചത്. അരക്കു താഴ്‍വരയിലെ ഗോത്രവർഗക്കാരുടെ നേതൃത്വത്തിൽ അരക്കു ബ്രാൻഡിൽ 2007ൽ ഓർഗാനിക് കാപ്പി പുറത്തിറക്കിയതോടെയാണ് ഇവിടം കൂടുതൽ ശ്രദ്ധേയമാകുന്നത്. ജൈവവൈവിധ്യത്തിന് ശ്രദ്ധേയമായ അരക്കു താഴ്‍വര ഇന്ന് വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ്.

801297206

ട്രക്കിങ്, ട്രൈബൽ മ്യൂസിയം ഗലികൊണ്ട വ്യൂ പോയന്‍റ് വെള്ളച്ചാ‍ട്ടങ്ങൾ എന്നിവയാൽ സമൃദ്ധമാണിവിടം. വിശാഖപട്ടണത്തിൽ നിന്നും റോഡ്, റെയിൽ മാർഗം വഴി അരക്കുവാലിയിലേക്ക് എത്തിച്ചേരാം.

പ്രധാനകാഴ്ചകൾ

അരാകു ട്രൈബൽ മ്യൂസിയം

ചരിത്രകഥകൾ പറയുന്ന അരാകു ട്രൈബൽ മ്യൂസിയം സഞ്ചാരികളുടെ പ്രിയപ്പെട്ട ‍ഡെസ്റ്റിനേഷനാണ്. പഴമയുടെ കഥകളും സംസ്കാരവും അറിയുവാനും പഠിക്കുവാനും താൽപര്യമുള്ളവർ തീർച്ചയായും ഇവിടം കണ്ടിരിക്കണം. അവരുടെ ജീവിതരീതികള്‍ തുറന്നുകാട്ടുന്ന ചിത്രങ്ങളും മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. കാലാവസ്ഥ കൊണ്ട് കാഴ്ചകൾ ആസ്വദിക്കാൻ പറ്റിയ സമയം ഒക്ടോബർ മുതൽ മാർച്ച് വരെയാണ്. 

അനന്തഗിരി

ആന്ധ്രാപ്രദേശിൽ പച്ചപ്പുകാട്ടി മോഹിപ്പിക്കുന്ന ഹിൽസ്റ്റേഷനാണ് അനന്തഗിരി. സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും അനന്തഗിരിയുടെ ഭംഗി അറിയണം. കാടുളും പച്ചപ്പും നിറച്ചാർത്തേകുന്ന അനന്തഗിരി അരാകുവാലിയില്‍ നിന്ന് ഏതാണ്ട് 17 കിലോമീറ്റര്‍ അകലെയാണ്. സൂര്യോദയവും സൂര്യാസ്തമനവും ഒരു പോലെ ദൃശ്യമാവുന്ന അനന്തഗിരി കുന്നുകളാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.

ഗലികൊണ്ട വ്യൂ പോയന്‍റ്

അരാകുവാലിയുടെ മുഴുവൻ സൗന്ദര്യവും ആസ്വദിക്കണമെങ്കിൽ ഗലികൊണ്ട വ്യൂ പോയന്‍റിൽ എത്തിച്ചേരണം. പ്രകൃതിയൊരുക്കിയ സുന്ദരഭൂമിയാണിവിടം. പർവ്വതനിരകളും പച്ചപ്പുനിറഞ്ഞ കാഴ്ചയുമാണ് പ്രധാന ആകർഷണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA