ഒറ്റയ്ക്ക് യാത്ര ചെയ്യാനാണ് നടി കാർത്തികക്കിഷ്ടം

Travel
SHARE

ദുൽഖറിന്റെ നായികയായി ചലച്ചിത്രരംഗത്ത് ചുവടുറപ്പിച്ച കാർത്തിക മുരളീധരനെ ആരും മറക്കാനിടയില്ല. ഇംഗ്ലീഷും മലയാളവും ഇടകലർന്ന സംസാരം തന്നെയായിരുന്നു കാർത്തികയെ ശ്രദ്ധേയമാക്കിയത്. പഠനവുമൊക്കെയായി മുന്നോട്ടുള്ള യാത്രയിലാണ് താരം. കാർത്തികയുടെ ഹോബി എന്തൊന്നു ചോദിച്ചാൽ ഉത്തരം ഒന്നെയുള്ളൂ യാത്രകൾ. അതും ഒറ്റക്കുള്ള യാത്രകളാണ് ഏറെയിഷ്ടം.  യാത്രവിശേഷങ്ങൾ കാർത്തിക മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

കാർത്തിക പറയുന്നു

വീട്ടിൽ നിന്നും കിട്ടുന്ന പോക്കറ്റ് മണികൊണ്ടാണ് ഒട്ടുമിക്കയാത്രകളും നടത്തുന്നത്. യാത്രകളിൽ സുഹൃത്തുക്കളും പങ്കുചേരാറുണ്ട്.  ഒഴിവ് സമയങ്ങളിൽ യാത്ര പോവുക പതിവാണ്. കൂട്ടുകാരുമൊത്ത് അടിച്ചുപൊളിച്ചു യാത്ര പോകുന്നതാണ് ത്രില്ല്. വീട്ടുകാരോടൊപ്പവും യാത്രകൾ പോകാറുണ്ട്.  ഞാൻ മുംബൈയിൽ ജനിച്ചു വളർന്നതുകൊണ്ട് അവിടുത്തെ ഒട്ടുമിക്ക ടൂറിസ്റ്റ് സ്പോട്ടുകളിലേക്കും യാത്ര പോയിട്ടുണ്ട്. കുട്ടിക്കാലത്ത് എല്ലാ ഞായർ ദിവസങ്ങളിലും അചഛനും അമ്മയോടൊപ്പം ചുറ്റാൻ പോകുമായിരുന്നു.

karthika-trip2

എത്രകണ്ടാലും കാഴ്ചകൾ അവസാനിക്കാത്ത നാടാണ് മുംബൈ. എത്ര തവണപോയാലും കൊതിതീരാത്ത ഇടമുണ്ട് മുംബൈയിൽ. എന്റെ പ്രിയപ്പെട്ട ‍‍‌‍ഡെസ്റ്റിനേഷൻ അരെ കോളനി. നഗരതിരക്കുകളിൽ നിന്നും മാറി ശാന്തസുന്ദരമായ ഭൂമി. പച്ചപ്പ് തുടിക്കുന്ന കാട് എന്നു തന്നെ പറയാം.  നല്ല ഫ്രഷ് എയറാണ്  അവിടെ. ഒരുപാട് തവണ അവിടെ പോയിട്ടുണ്ട്.

ഹോളി ആഘോഷിച്ചത് ഇവിടെയായിരുന്നു

നോർത്ത് ഇന്ത്യയിൽ ജനിച്ചു വളർന്നതുകൊണ്ട് അവിടുത്തെ ആഘോഷങ്ങളൊക്കെയും എനിക്ക് പ്രിയമാണ്. ഇത്തവണ ഞങ്ങൾ ഹോളി ആഘോഷിക്കാൻ പോയത് പുഷ്കറിലേക്കായിരുന്നു. ഞാനും സുഹൃത്തുക്കളുമുണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ പോക്കറ്റ് മണികൊണ്ട് യാത്ര ചെയ്യുന്നതിനാല്‍ ചെലവ് ചുരുക്കിയാണ് മിക്ക യാത്രകളും പ്ലാൻ ചെയ്യുന്നത്. ട്രെയിനിലായിരുന്നു യാത്ര. അജ്മീറിൻ നിന്നും ബസായിരുന്നു മുന്നോട്ടുള്ള യാത്രയ്ക്കായി തെരഞ്ഞെടുത്തത്. മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമാണ് പുഷ്കറിലെ ഹോളി. ഇവിടെ ധാരാളം ക്ഷേത്രങ്ങളുണ്ട്.

karthika-trip3

പുഷ്കർ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായത് പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച ബ്രഹ്മക്ഷേത്രമാണ്. പാട്ടും മേളവും നിറങ്ങളുമായി ഹോളി ആഘോഷം അടിപൊളിയായിരുന്നു. മൂന്നു ദിവസം ഞങ്ങൾ അവിടെയുണ്ടായിരുന്നു.  ബ്രഹ്മക്ഷേത്രത്തിൽ പോയിരിന്നു . വല്ലാത്തൊരും അനുഭൂതിയാണവിടെ. രാത്രിയിലെ ഭക്ഷണം ഗുരുദ്വാരിൽ നിന്നായിരുന്നു. ചെറിയ ബഡ്ജറ്റിലെ യാത്രയായതുകൊണ്ട് ചെലവ് ചുരുക്കാൻ സഹായിച്ചു. അവിടുത്തെ ലോക്കൽ ആളുകളുമായി സംസാരിച്ച് കുറെയൊക്കെ ആ സ്ഥലത്തിനെപ്പറ്റി പഠിക്കാൻ സാധിച്ചു.

കാട് കണ്ടത്

പ്രകൃതിയോടും പച്ചപ്പിനോടും പണ്ടുമുതലേ ഇഷ്ടമാണ്. ആദ്യമായി ഞാൻ കാടു കാണുന്നത് പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. സ്കൂളിൽ നിന്നും ഗുജറാത്തിലെ ഗീർ വനത്തിലേക്കുള്ള വിനോദയാത്രയിലായിരുന്നു കാടിന്റെ ഭംഗിയറിയുന്നത്.ആഫ്രിക്കക്കു പുറത്ത് സിംഹങ്ങളെക്കാണുന്ന സ്വാഭാവിക വനപ്രദേശമാണ്‌ ഗിർ വനം. വനങ്ങളും മുൾച്ചെടികളും ചേർന്ന ഭൂപ്രകൃതിയാണ് ഇവിടുത്തേത്. പുലിയെ കാണാൻ സാധിച്ചു. ആദ്യമായി വന്യമൃഗങ്ങളെ കാണാൻ സാധിച്ച യാത്രയായിരുന്നു. 

കേരളത്തിലേക്ക് ഒറ്റക്കുള്ള ആദ്യയാത്ര

അച്ഛനും അമ്മയും കോട്ടയംക്കാരാണ്. എന്റെ കുട്ടിക്കാലത്ത് മുംബൈയിൽ എത്തിയതാണ്. അവധിക്കാലത്താണ് നാട്ടിലേക്കുള്ള യാത്രകൾ. ബാംഗ്ളൂരിൽ സൃഷ്ടി സ്കൂൾ ഒാഫ് ആർട്സിൽ ക്രിയേറ്റിവ് ആർട്സ് ആന്റ് കണ്ടംപ്രറി ആർട്സ് പ്രാക്സിലാണ് ബിരുദം. കലാ സംവിധാനവും ഇൻസ്റ്റലേഷനും ചെയ്യാറുണ്ട്. സിനിമയിൽ വരുന്നതിനുമുമ്പ്   ആദ്യമായി കേരളത്തിലേക്ക് എത്തുന്നത് മട്ടാഞ്ചേരിയിലെ ബിനാലെയ്ക്ക് വേണ്ടിയായിരുന്നു. അന്ന് എന്നോടൊപ്പം കോളേജിലെ കുട്ടികളുമുണ്ടായിരുന്നു.

karthika-trip

താമസം  ഫോർട്ട് കൊച്ചിയിലായിരുന്നു. ഭക്ഷണം മട്ടാഞ്ചേരിയിലെ തട്ടുകടയിൽ നിന്നും രസകരമായിരുന്നു ആ ദിനങ്ങൾ. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു മട്ടാഞ്ചേരി. ജൂതത്തെരുവും ബസാർ റോഡും ഉൾപ്പെടുന്ന പുരാവസ്തു– കരകൗശല മാർക്കറ്റും പുരാവസ്തു വിൽപന കേന്ദ്രങ്ങളും പ്രധാന ആകർഷങ്ങളായിരുന്നു.

അമ്മയുടെ നാട് കോട്ടയം ഏനാദിയാണ് അവിടെ എത്തിയൽ ഞാനും തനിനാട്ടിൻപുറംകാരിയാകും. പ്രകൃതി ഭംഗി ആസ്വദിക്കലും അമ്പലത്തിൽപോക്കുമൊക്കയാണ് പ്രധാന പരിപാടി. അമ്മയുടെ നാടും എനിക്കിഷ്ടമാണ്.

ഷൂട്ടിങ്ങ് ലൊക്കേഷനായ വയനാട് മറക്കാനാവില്ല

അങ്കിളിന്റെ ഷൂട്ടിങിനാണ് ഞാനാദ്യമായി വയനാടിന്റെ സൗന്ദര്യം ആസ്വദിക്കുന്നത്. തീരാത്ത ദൃശ്യാനുഭവം സമ്മാനിക്കുന്ന അദ്ഭുതലോകം എന്ന് തന്നെ വയനാടിനെ വിശേഷിപ്പിക്കാം. കോടമഞ്ഞും മലനിരകളും ഇരുണ്ട കാനനവും വളഞ്ഞുപുളഞ്ഞു പോകുന്ന റോഡുമെല്ലാം യാത്രക്ക് പുതുമാനങ്ങൾ സമ്മാനിക്കും. മഞ്ഞുപുതച്ച വയനാടൻ കാഴ്ചകളും എന്നെ ഏറെ ആകർഷിച്ചു. അവിടെ ഒരു ആനയുണ്ടായിരുന്നു.

karthika-trip4

കാട്ടാനയാണ്. ആനയുടെ പേരു ഞാനോർക്കുന്നില്ല.  ആളുകളെ ഒരുപാട് ഇഷ്ടമാണ് ആനയ്ക്ക്. വയനാട്ടിൽ എത്തിയപ്പോൾ മുതൽ ആനയുടെ കഥകേട്ട എനിക്ക് അവനെ കാണാൻ കൊതിയായിരുന്നു. പക്ഷേ ഷൂട്ടിങ് ദിവസങ്ങളിൽ കാണാൻ സാധിച്ചിരുന്നില്ല. അങ്കിളിന്റെ ഷൂട്ട് കഴിഞ്ഞ്  മടക്കയാത്രയിൽ വഴിയിൽ വച്ച് ആനയെ കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഒരുപാട് സന്തോഷം തോന്നി. ഷൂട്ടിങ് ലൊക്കേഷനായിരുന്നെങ്കിലും എന്റെ  വയനാട് യാത്ര പൂർണമായത് ആനയെ കണ്ടതോടെയായിരുന്നു.

ഡ്രീം ഡെസ്റ്റിനേഷൻ

Bhutan_wonders

സോളോ ട്രിപ്പായും അല്ലാതെയും യാത്ര നടത്തുന്ന കാർത്തിക മുരളിക്ക് ഒരുപാട് സ്ഥലങ്ങൾ ഇനിയും സന്ദര്‍ശിക്കാനുണ്ട്. അക്കൂട്ടത്തിൽ  ഇനിയുടൻ സന്ദർശിക്കാനുള്ള ഇടം സിക്കിം, ഭൂട്ടാൻ ആണ്. വല്ലാത്തൊരു ഇഷ്ടമാണ് ഇൗ സ്ഥലങ്ങളോട്.  ഏറ്റവും സന്തോഷവും ആനന്ദവുമുള്ള നാടാണ് ഭൂട്ടാൻ. എപ്പോഴും സന്തോഷം മാത്രം തിരയടിക്കുന്ന ഇൗ നഗരത്തിലേയ്ക്ക് യാത്രപോകാൻ ഇഷ്ടമാണ്. അടുത്ത യാത്രയ്ക്കായി കാത്തിരിക്കുകയാണ് താരം.

‘സോളോ ട്രാവലി’ന് പോകുന്നവർക്കായി കാർത്തിക മുരളീധരന്റെ വാക്കുകൾ‍ ശ്രദ്ധിക്കാം

.യാത്രകൾ പോകുമ്പോൾ സ്വന്തം സുരക്ഷിതത്വവും കണക്കിലെടുത്തുവേണം യാത്ര പ്ലാൻ ചെയ്യാൻ.

 എവിടെ താമസിക്കണം എവിടെ പോകണം എന്നിങ്ങനെയുള്ള കാര്യങ്ങൾ‍ മുൻകൂട്ടി ആസൂത്രണം ചെയ്യണം.

ട്രാന്‍സ്‌പോട്ടേഷന്‍ സൗകര്യങ്ങളും അന്വേഷിച്ച് വയ്ക്കുക

ഗുണമേന്മയുള്ളതും ചിലവ് കുറഞ്ഞതുമായ ഭക്ഷണശാലകളും സുരക്ഷിതമായി കുറഞ്ഞ നിരക്കിൽ താമസിക്കാൻ പറ്റുന്നയിടവും യാത്രയ്ക്കു മുമ്പ് തന്നെ കണ്ടെത്തണം.

ഒറ്റക്കുള്ള പെൺയാത്രയെങ്കിൽ ബാഗിൽ കത്തിയും പെപ്പർ സ്പ്രേയും കരുതാം.( എന്റെ എല്ലായാത്രകളിലും ഞാൻ ബാഗിൽ കത്തിയും പെപ്പർ സ്പ്രേയും കരുതാറുണ്ട്.)

ആധാർ, തിരിച്ചറിയൽ കാർഡ് ഉൾപ്പടെയുള്ള തിരിച്ചറിയൽ രേഖകൾ പെട്ടെന്നെടുക്കാൻ തക്കവണ്ണം കരുതണം.

അത്യവശ്യം മരുന്നുകളും കരുതണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA