ഗോവയിൽ ബീച്ചുകൾ മാത്രമല്ല ,പിന്നെയോ?

Dudhsagar_Falls1
SHARE

ഗോവ എന്ന് കേൾക്കുമ്പോഴേ മനസിലേക്ക് ഓടിയെത്തുക കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കടലും ബീച്ചുകളുടെ സൗന്ദര്യവും ആഘോഷ തിമിർപ്പുകളുമൊക്കെയാണ്. എന്നാൽ അധികമാരും തേടി ചെല്ലാത്ത, വെള്ളച്ചാട്ടങ്ങളുടെ വന്യമായ സൗന്ദര്യവും ഗോവയ്ക്കുണ്ട്. ബീച്ചുകളുടെ സൗന്ദര്യത്തിൽ മതിമറന്നിരിക്കുമ്പോൾ, വ്യത്യസ്‍തമായ എന്തെങ്കിലും കാഴ്ച കാണാൻ ആഗ്രഹിക്കുന്നവർക്കു ഉറപ്പായും ആസ്വദിക്കാനും ഒന്ന് നഞ്ഞിറങ്ങാനും കുളിരുകോരാനും ഈ വെള്ളച്ചാട്ടങ്ങൾ സഹായിക്കും. ഗോവയിലെ പ്രശസ്തമായ വെള്ളച്ചാട്ടങ്ങൾ  കാണാൻ പോയാലോ?

ധൂത്‌സാഗർ വെള്ളച്ചാട്ടം 

പേരുസൂചിപ്പിക്കുന്നതു പോലെ പാൽക്കടൽ തന്നെയാണ് ഈ വെള്ളച്ചാട്ടം. കർണാടകയിലെ ഹൂബ്ലിക്കും ഗോവയിലെ വാസ്കോഡഗാമയ്ക്കുമിടയിലായാണ് ധൂത്‌സാഗർ സ്ഥിതി ചെയ്യുന്നത്. മാണ്ഡവി നദി ഒഴുകി ഒഴുകി താഴേയ്ക്ക് പതിക്കുന്ന കാഴ്ച, ശരിക്കും വിസ്മയപ്പെടുത്തും. ചുറ്റിലും കാടിന്റെ പച്ചപ്പും കല്ലിൽ തട്ടി താഴേയ്ക്ക് പതിക്കുന്ന പാൽപുഴയും കൂടെ മഡ്‌ഗാവ്-ബെൽഗാം റെയില്പാതയും ചേർന്നാൽ, ഏതോ ചിത്രകാരൻ തന്റെ ക്യാൻവാസിൽ പകർത്തിയ ചിത്രത്തിനു സമാനം. 1017  അടി മുകളിൽ നിന്നാണ് നദി താഴേയ്ക്ക് പതിക്കുന്നത്.

. ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഗോവയുടെ തലസ്ഥാനമായ പനാജിയിൽ നിന്നും ഏകദേശം 60 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മാണ്ഡവി നദി ഒരുക്കിയിരിക്കുന്ന ഈ അതിമനോഹര കാഴ്ചയ്ക്കു സാക്ഷിയാകാം. മഴക്കാലത്ത് ഈ പാൽകടലിനു രൗദ്രഭാവമാണ്. അന്നേരങ്ങളിൽ ഇവിടേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെയ്ക്കാറുണ്ട്. ഉയരത്തിന്റെ കാര്യത്തിൽ ഈ പാൽകടലിനു ഇന്ത്യയിൽ അഞ്ചാം സ്ഥാനമുണ്ട്. 

അർവാലം വെള്ളച്ചാട്ടം 

നോർത്ത് ഗോവയുടെ മനോഹാരിത മുഴുവൻ ഒളിപ്പിച്ചുവെച്ചിട്ടുള്ള വെള്ളച്ചാട്ടമാണ് അർവാലേം. സാൻക്വെലിം എന്ന ഗ്രാമത്തിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ബീച്ചുകളിൽ നിന്നും യാത്ര പറഞ്ഞു അർവാലം ഗുഹകൾ കാണാൻ വരുന്നുണ്ടെങ്കിൽ, അവിടെ നിന്നും ഏറെയൊന്നും അകലെയല്ലാതെ ഈ വെള്ളച്ചാട്ടം കാണാൻ കഴിയും.

രുദ്രേശ്വർ ക്ഷേത്രവും സ്ഥിതിചെയ്യുന്നത് ഇതിനു സമീപത്തു തന്നെയാണ്. 50 മീറ്റർ ഉയരത്തിൽ നിന്നാണ് ഇവിടെ വെള്ളം താഴേയ്ക്ക് പതിക്കുന്നത്. മല മുകളിൽ നിന്നും താഴേക്ക് പതിക്കുന്ന ജലത്തിന്റെ മനോഹാരിത ഇവിടെയും സഞ്ചാരികളെ ഏറെ ആകർഷിക്കും. 

ഹിവ്രേ വെള്ളച്ചാട്ടം

ഗോവയിലെ ബീച്ചുകളും ആഘോഷങ്ങളും കണ്ടു മനസുനിറഞ്ഞു കഴിയുമ്പോൾ കാടും മലയും താണ്ടി മനോഹരമായ ഒരു വെള്ളച്ചാട്ടം കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഹിവ്രേ വെള്ളച്ചാട്ടം അതിനേറ്റവും ഉചിതമായ ഒരിടമാണ്. ട്രെക്കിങ്ങും ക്ലൈംബിങ്ങും തന്നെയാണ് ഈ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. വന്യമായ കാടുതാണ്ടിയാൽ മാത്രമേ ഹിവ്രേ വെള്ളച്ചാട്ടത്തിനടുത്തേക്കു എത്താൻ സാധിക്കുകയുള്ളു. ട്രെക്കിങ്ങ് പ്രിയരെ ഏറെ മോഹിപ്പിക്കുന്ന ഒരു യാത്രയായിരിക്കുമിതെന്നു സംശയമില്ല.

വാൽപോയ് എന്ന് പേരുള്ള പട്ടണത്തിൽ നിന്നും 14 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഈ വെള്ളച്ചാട്ടം കാണാൻ കഴിയും. വഴികളോ, വാഹന സൗകര്യങ്ങളോ ഒന്നും തന്നെയില്ലാത്തതു കൊണ്ടു അതിസാഹസികർക്കു മാത്രം എത്തിച്ചേരാനും കൺകുളിർക്കെ കാണാനും കഴിയുന്ന ഒന്നാണ് ഹിവ്രേ വെള്ളച്ചാട്ടം.

സാഡ വെള്ളച്ചാട്ടം 

നാല് കിലോമീറ്റർ നടത്തത്തിൽ താണ്ടേണ്ടത് അതിമനോഹരമായ കുറച്ചിടങ്ങൾ, അതിൽ ചെറു അരുവികളും പാറക്കെട്ടുകളും കാടുകളുമെല്ലാമുണ്ട്. ഈ ദൂരമെത്രയും താണ്ടി എത്തുമ്പോൾ 200 അടി മുകളിൽ നിന്നും ജലം താഴേക്ക് പതിക്കുന്ന സുന്ദരമായ ദൃശ്യം, ഇത് സാഡ വെള്ളച്ചാട്ടം.

ചോർള ഘാട്ടിനോട് ചേർന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വ്യത്യസ്തമായ ഭൂപ്രകൃതിയും കാഴ്ചകളുമാണ് സഞ്ചാരികളെ ഈ വെള്ളച്ചാട്ടത്തിനടുത്തേക്കു ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. ഇരുമലകൾക്കു നടുവിലൂടെയുള്ള ജലപാതം ഏതൊരു കാഴ്ചക്കാരന്റെയും മനസിളക്കത്തക്കതാണ്.

നേത്രാവലി വെള്ളച്ചാട്ടം 

പാലോലം ബീച്ചിൽ നിന്നും 35 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ എത്തിച്ചേരാൻ കഴിയുന്ന ഒരു വന്യജീവി സങ്കേതമാണ് നേത്രാവലി. ആ വന്യജീവി സങ്കേതത്തിൽ രണ്ടു വെള്ളച്ചാട്ടങ്ങളുണ്ട്. അതിസുന്ദരമായവയാണ് ഇവ രണ്ടും. സാവേരി, മൈനാപ്പി എന്നിങ്ങനെയാണ് ഈ വെള്ളച്ചാട്ടങ്ങളുടെ പേരുകൾ. ചെക്ക്പോസ്റ്റിൽ നിന്നും കുറച്ചു ദൂരം മാത്രമേ വാഹനത്തിൽ സഞ്ചരിക്കുവാൻ സാധിക്കുകയുള്ളു. അതിനുശേഷം നടന്നു വേണം ബാക്കി ദൂരം താണ്ടാൻ. തേക്കുമരങ്ങളാണ് ആ യാത്രയിലുടനീളം കൂട്ടിനു വരുക. വളരെ ശുദ്ധമായ ജലം താഴേക്ക് പതിക്കുന്ന കാഴ്ച, കൂടെ നല്ല തണുപ്പും. താല്പര്യമുള്ളവർക്ക് വേണമെങ്കിൽ ഒരു കുളി പാസാക്കുകയുമാകാം.

സവേരി വെള്ളച്ചാട്ടത്തിലേക്ക് നാല് കിലോമീറ്ററും മൈനാപ്പി വെള്ളച്ചാട്ടത്തിലേക്ക് ഏഴു കിലോമീറ്ററുമാണ് ദൂരം. കൊടുംകാടിനു നടുവിലൂടെയാണ് മൈനാപ്പിയിലേക്കുള്ള യാത്ര. ദുർഘടം പിടിച്ച പാത യാത്രയിൽ ചിലപ്പോഴൊക്കെ തടസങ്ങൾ സൃഷ്ടിച്ചേക്കും. എങ്കിലും കാത്തിരിക്കുന്ന അതിമനോഹരമായ കാഴ്ചയെ കുറിച്ചോർക്കുമ്പോൾ യാത്ര രസകരമാകും. തെളിനീരുറവ കണക്കെയുള്ള വെള്ളച്ചാട്ടം വാക്കുകളിൽ വർണിക്കുന്നതിനേക്കാളും സുന്ദരമാണ്. ട്രെക്കിങ്ങ് ഇഷ്ടമുള്ളവർക്ക് ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കാൻ ഈ യാത്രകൾക്കു സാധിക്കുമെന്നതുറപ്പാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA