ദുൽഖറിനൊപ്പമുള്ള സ്വപ്നയാത്ര: നടി കാർത്തിക പറയുന്നു

Travel-222
SHARE

ദുൽഖറിന്റെ നായികയായി ചലച്ചിത്രരംഗത്ത് ചുവടുറപ്പിച്ച കാർത്തിക മുരളീധരനെ ആരും മറക്കാനിടയില്ല. ഇംഗ്ലീഷും മലയാളവും ഇടകലർന്ന സംസാരം തന്നെയായിരുന്നു കാർത്തികയെ ശ്രദ്ധേയമാക്കിയത്. കാർത്തികയുടെ ഹോബി എന്തെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളൂ, യാത്രകൾ!. യാത്ര ചെയ്യാനും കാഴ്ചകൾ ആസ്വദിക്കാനും താരത്തിന് ഒരുപാടിഷട്മാണ്. ഇഷ്ടപ്പെട്ട നടനൊപ്പം ആദ്യ സിനിമ ചെയ്യാന്‍ അവസരം കിട്ടിയ ഭാഗ്യവതി കൂടിയാണ് കാർത്തിക. യാത്രകളെ പ്രണയിക്കുന്ന താരസുന്ദരിക്ക് സിനിമയിൽ  ദുൽഖറിനൊപ്പം യാത്രചെയ്യാനും ‍ഇല്ലിക്കൽ കല്ലിന്റെ ഉയരത്തിലേക്ക് കയറാനും സാധിച്ചു. ആ സ്വപ്നം സാക്ഷാത്കരിച്ച ‍‍സന്തോഷത്തിലാണ് കാർത്തിക മുരളീധരന്‍.

karthika-murali-trip1

  

"ഏറ്റവും ഇഷ്ടമുള്ള നടനൊപ്പം സിനിമയുടെ ഭാഗമായി ഇല്ലിക്കൽക്കല്ല് കയറിയ അനുഭവം ഒന്നു വേറെ തന്നെയായിരുന്നു". ദുൽഖറിനൊപ്പം ഇല്ലിക്കൽക്കല്ലിന്റെ സൗന്ദര്യം ആസ്വദിച്ച നടി കാർത്തിക മുരളി പറയുന്നു. യാത്രകൾ ഒരുപാട് നടത്തിയിട്ടുണ്ടെങ്കിലും വേറിട്ട യാത്രയായിരുന്നുവത്. മുംബൈ സിറ്റിയിൽ ജനിച്ചു വളർന്ന കാർത്തിക വർഷത്തിൽ ഒരു തവണയാണ് അമ്മയുടെ നാട്ടിലേക്ക് വരുന്നത്. അന്നാണ് ഗ്രാമകാഴ്ചകളും പ്രകൃതിഭംഗിയുമൊക്കെ ആസ്വദിക്കുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്ത കോമ്രേഡ് ഇന്‍ അമേരിക്ക (CIA) എന്ന ചിത്രത്തിന്റെ ഷൂട്ടിന്റെ ഭാഗമായാണ് ആദ്യമായി ഇല്ലിക്കൽ കല്ല്  എന്ന പ്രകൃതി വിസ്മയം കാണുന്നതെന്ന് കാർത്തിക പറയുന്നു.

karthika-murali-trip3

കോടമഞ്ഞിന്റെയും തണുത്ത കാറ്റിന്റെയും മൂടുപടം മാറ്റി കടന്നുചെല്ലുമ്പോൾ, മനോഹര ദൃശ്യങ്ങളാണ് ഇല്ലിക്കൽ കല്ലിലുള്ളത്. യാത്രയുടെ ഹൈലേറ്റ് ഒളിഞ്ഞിരിക്കുന്നത് ആ മലമുകളിലെ മൂടുപടത്തിലാണ്. "എനിക്ക് ട്രെക്കിങ് വളരെ ഇഷ്ടമാണ്. ഷൂട്ടിന്റെ ഭാഗമായി ഡിക്യൂനൊപ്പം ഇല്ലിക്കൽ കല്ല് കയറാൻ സാധിച്ചു. വല്ലാത്തൊരു അനുഭവമായിരുന്നു.

karthika-murali-trip

മനോഹരമായ കാലാവസ്ഥ തന്നെയാണ് ഇല്ലിക്കൽ കല്ലിന്റെ പ്രത്യേകത. ഞൊടിയിടയിൽ മൂടൽമഞ്ഞു വന്നു തൊട്ടപ്പുറത്തുള്ള കാഴ്ചകളെ മൂടും. തണുത്ത കാറ്റ് ഇടയ്ക്കിടെ വന്നു ഇരുകരങ്ങൾകൊണ്ടും ഇറുകെ പുണർന്നു കടന്നുപോകും. നട്ടുച്ച നേരത്തുപോലും തണുത്ത കാറ്റുവീശുന്ന ഇവിടുത്തെ കാലാവസ്ഥയാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. കുത്തനെയുള്ള കയറ്റമായതുകൊണ്ടു തന്നെ നടന്നു കയറുക എന്നത്  അൽപം ആയാസകരമാണ് എങ്കിലും സൂപ്പറായിരുന്നു യാത്ര." കാർത്തിക പറയുന്നു.

karthika-murali-trip4

"ഇരുവശത്തും അഗാധമായ താഴ്ചയാണ്. ഉയരത്തിലെ കാഴ്ചകളാണ് ശരിക്കും അദ്ഭുതപ്പെടുത്തിയത്.  പച്ചപ്പിന്റെ കടലിനിടയിൽ ഇടയ്ക്ക് പൊട്ടുപോലെ ചെറുപട്ടണങ്ങൾ കാണാം. കോടമഞ്ഞ് പൊതിയുമ്പോൾ നിമിഷങ്ങള്‍ക്കുള്ളിൽ കാഴ്ചകൾ മറയും. മേഘങ്ങൾക്കിടയിലൂടെ പറന്നു നടക്കുന്ന പോലെ... അടുത്ത നിമിഷത്തിൽ കാറ്റുവീശി. കാഴ്ച വീണ്ടും തെളിഞ്ഞു. മഞ്ഞിൽ മുഖം കഴുകി ഇല്ലിക്കൽ കല്ല് കൂടുതൽ സുന്ദരിയായ പോലെ. ഡിക്യൂനൊപ്പം സാഹസികത നിറഞ്ഞ അടിപൊളിയാത്രയായിരുന്നു. ഷൂട്ടു കഴിഞ്ഞ് അവസാന ദിവസം ഡിക്യൂ എന്നോട് പറഞ്ഞു ഇനിയും ഒരുപാട് യാത്രകൾ ചെയ്യണം പുസ്തകങ്ങളും വായിക്കണമെന്ന്. ഞാനൊരു യാത്രാപ്രേമിയായതുകൊണ്ടാവാം അങ്ങനെ പറഞ്ഞത്. ഒരുപാട് സന്തോഷം തോന്നി.

ടെക്സസിലെ തണുപ്പ്

സിനിമയുടെ അവസാനത്തെ ഭാഗത്തിന്റെ ഷൂട്ട് യുഎസിലെ ടെക്സസിലായിരുന്നു. അവിടെ പൂജ്യം ഡിഗ്രി സെൽഷ്യസായിരുന്നു തണുപ്പ്. തണുത്തു മരവിച്ച അവസ്ഥയായിരുന്നു. അവിടുത്തെ കാഴ്ചകളും തണുപ്പും ശരിക്കും ആസ്വദിച്ചു.

മമ്മൂക്കായ്ക്കൊപ്പമുള്ള യാത്ര

karthika-murali-trip2

'സത്യത്തിൽ ഞാനൊരു ഭാഗ്യവതിയാണ്. സിനിമയിലാണെങ്കിലും മമ്മൂക്കയ്ക്കൊപ്പവും ഡിക്യൂനൊപ്പവും യാത്രചെയ്യാൻ സാധിച്ചു. ജീവിതത്തിൽ ഒരിക്കലും കരുതിയതല്ല മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാനുള്ള ഭാഗ്യം കിട്ടുമെന്ന്. അതും ദൈവം സാധിച്ചു തന്നു. അങ്കിളിന്റെ സെറ്റിൽ വന്നപ്പോൾ ആദ്യം ഇക്കയോട് സംസാരിക്കാൻ എനിക്ക് പേടിയായിരുന്നു. രണ്ടുദിവസം കഴിഞ്ഞ് സംസാരിക്കാനുള്ള പേടിയൊക്കെ മാറി. ചുരുക്കം പറഞ്ഞാൽ അങ്കിൾ സിനിമയിൽ മുഴുവനും യാത്രയാണ്.

പ്രകൃതിമനോഹരമായ പ്രദേശങ്ങളിലൂടെയുള്ള യാത്രയായിരുന്നു. തുടക്കം ഉൗട്ടിയിൽ നിന്നായിരുന്നു. അഞ്ച് ദിവസം ഉൗട്ടിയിലുണ്ടായിരുന്നു. കാടും കാട്ടാറും കാട്ടുമൃഗങ്ങളെയും കണ്ടുള്ള യാത്ര ത്രില്ലിങ്ങായിരുന്നു. പിന്നീടുള്ള ഷൂട്ടും യാത്രയും വയനാട്ടിലേക്കായിരുന്നു. ദേശീയോദ്ദ്യാനങ്ങള്‍ പിന്നിട്ടായിരുന്നു യാത്ര. പോകുന്ന വഴിയിൽ മാനിനെ കണ്ടു. വാഹനത്തിന്റെ മുമ്പിലേക്ക് പെട്ടെന്നാണ് മാൻ ചാടി വീഴുന്നത്. വയനാട്ടിൽ കാട്ടിനകത്തുള്ള ഷൂട്ടുണ്ടായിരുന്നു. കാനനഭംഗി ആസ്വദിച്ചുകൊണ്ടുള്ള യാത്രയും ഷൂട്ടും രസകരമായിരുന്നു."

"ഒറ്റകാഴ്ചയിൽ വയനാട് ആരെയും ആകർഷിക്കും. മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും... തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും നിറഞ്ഞ വയനാട്. പ്രകൃതിയോട്‌ ഇഴുകിച്ചേരാന്‍ ആഗ്രഹിച്ചെത്തുന്നവര്‍ക്ക്‌ വയനാട്‌ മറക്കാനാവാത്ത ഒരു പ്രകൃതി വിസ്‌മയം തന്നെയാണ്‌. വയനാടൻ കാഴ്ചകൾ എനിക്ക് ഒരുപാട് ഇഷ്ടമായി. വയനാട് ഫോർട്ട് എന്ന റിസോർട്ടിലായിരുന്നു ഞങ്ങളുടെ താമസം. രാത്രയാകുമ്പോൾ റിസോർട്ടിന്റെ മുകളിൽ നിന്നാല്‍ കാടിനോട് ചേർന്ന പ്രദേശത്ത് ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകൾ കാണാം. ആദ്യമൊന്ന് ഭയന്നെങ്കിലും പിന്നീട് മനസ്സിലായി മാൻ കൂട്ടമായി നിൽക്കുന്നതാണെന്ന്. കാടിന്റെ തുടിപ്പറിഞ്ഞുള്ള ആ ദിവസങ്ങൾ ഇന്നും എന്റെ ഒാർമയിലുണ്ട്."

ആനക്കുളം കാഴ്ച

സിനിമയിലെ ചെറിയൊരു ഭാഗം ആനക്കുളത്തായിരുന്നു ചിത്രീകരിച്ചത്. ഷൂട്ടിനെല്ലാം ഞങ്ങൾ റെഡിയായി. അപ്പോഴാണ് ആന കൂട്ടമായി ഞങ്ങളുടെ ലൊക്കേഷനിലേക്ക് എത്തുന്ന വിവരം അറിഞ്ഞത്. ആന സ്ഥിരം വെള്ളം കുടിക്കാൻ വരുന്നയിടമല്ലേ ആനക്കുളം. അവരെ ഞങ്ങൾ ശല്യപ്പെടുത്തിയില്ല. പിന്നെ ഫോറസ്റ്റ് ‍ഡിപ്പാർട്ട്മെന്റിലം അധികൃതർ ആന ഇനിയും വരാതിരിക്കുവാൻ പടക്കം പൊട്ടിച്ചു. കിട്ടിയ സമയം കൊണ്ട് ഞങ്ങൾ വേഗം ഷോട്ട് എടുത്തു.

കാഴ്ചകളുടെ കലവറയായ കാടിന്റെ സൗന്ദര്യം എനിക്കേറെ ഇഷ്ടപ്പെട്ടു. കാടിന്റെ തണലിലെ കാട്ടാനക്കൂട്ടങ്ങളെ കാണണമെങ്കില്‍ വയനാട്ടിലേക്ക് വരണം.ഇവയുടെ സഞ്ചാരവും കൗതുകം നിറയ്ക്കുന്ന കാഴ്ചയാണ്.പ്രകൃതി സൗന്ദര്യമുള്ള വയനാടിന്റെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവി സങ്കേതങ്ങളിലെ കാഴ്ചകളും കാഴ്ചയ്ക്ക് മിഴിവേകും. വനത്തെയും വന്യജീവികളെയും അടുത്തറിയാനും ആസ്വദിക്കാനും പറ്റിയ യാത്രയായിരുന്നു.

സിനിമയുടെ ഭാഗമായി മമ്മൂക്കായുടെയും ഡിക്യൂന്റെയും ഒപ്പം അഭിനയിക്കുവാനും യാത്രകൾ ആസ്വദിക്കാനുമുള്ള ഭാഗ്യം എനിക്ക് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. കാർത്തി പറഞ്ഞു നിർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA