കൊടൈക്കനാൽ യാത്ര ഇന്നും പേടിപ്പിക്കുന്നു, നടി നിരഞ്ജന

Niranjana Anoop10
SHARE

നിരഞ്ജന അനൂപ്, മലയാള സിനിമയിൽ ഈ പേര് ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് അധികനാളുകളായിട്ടില്ല. വളരെക്കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും സിനിമാസ്വാദകർക്കിടയിൽ നിരഞ്ജന ശ്രദ്ധേയയാണ്. അഭിനയിച്ച സിനിമകളിലെല്ലാം സ്വതസിദ്ധമായ ശൈലിയിൽ മികച്ച  പ്രകടനം കാഴ്ച വെയ്ക്കുന്ന ഈ താരസുന്ദരിയ്ക്കു യാത്രകളും ഏറെ പ്രിയപ്പെട്ടതാണ്. തന്റെ യാത്രാനുഭവങ്ങളെക്കുറിച്ചും സ്വപ്നയാത്രകളെക്കുറിച്ചുമെല്ലാം മനോരമ ഓണ്‍ലൈനിൽ മനസുതുറക്കുകയാണ് നിരഞ്ജന.

യാത്രകളേറെയും കുടുംബത്തോടൊപ്പം

എന്റെ യാത്രകളിലധികവും കുടുംബത്തോടൊപ്പമാണ്. കൂട്ടുകാരുമൊന്നിച്ചുള്ള യാത്രകൾ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. കസിൻസും അടുത്ത ബന്ധുക്കളും മാത്രമടങ്ങിയ യാത്രകളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെയായിരിക്കും അത്തരം യാത്രകളോടാണ്‌ ഇഷ്ടമേറെ.

വായനയാണ് യാത്രകളോട് കൂടുതൽ അടുപ്പിക്കുന്നത്

ആഗ്രഹിക്കുന്ന സ്ഥലങ്ങളിലേക്കൊന്നും യാത്രകൾ പോകാൻ ഇതുവരെ സാധിച്ചിട്ടില്ല. പക്ഷേ ആ സ്ഥലങ്ങളിലേക്കെല്ലാം എന്നെ കൂട്ടികൊണ്ടു പോകുന്നത് വായനയാണ്. ഒരു നാടിന്റെ മണവും ആ നാട്ടിലെ കാര്യങ്ങളുമെല്ലാം അറിയുന്നത് വായനയിലൂടെയും ചിത്രങ്ങളിലൂടെയുമാണ്.

Niranjana-Anoop2
നിരഞ്ജന അനൂപ്

വായിച്ചറിയുന്ന നാടുകളോട് എപ്പോഴും ഒരാത്മബന്ധം തോന്നാറുണ്ട്. ഒരിക്കലെങ്കിലും അവിടെയൊന്നു പോകണമെന്ന് ആഗ്രഹിക്കാറുമുണ്ട്. നല്ല ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളിലേക്കു യാത്രകൾ പോകാനും ഒരു സ്ഥലത്തെ ഏറ്റവും രുചികരമായ ഭക്ഷണം തേടിപ്പിടിച്ചു കഴിക്കാനും ഇഷ്ടമാണ്.

പഴങ്കഥകൾ ഉറങ്ങുന്നിയിടങ്ങളിലേക്കൊരു സ്വപ്നയാത്ര

കഥകളുറങ്ങുന്ന മണ്ണിലൂടെയും നാടുകളിലൂടെയും യാത്രചെയ്യാനാണ് ഞാൻ എപ്പോഴും ആഗ്രഹിക്കാറ്. ഈ വർഷമാദ്യം ഗീതാഗോവിന്ദം എന്ന പേരിൽ ഞാനൊരു നൃത്താവിഷ്‌കരണം നടത്തിയിരുന്നു. രാസലീല എന്ന സങ്കൽപമായിരുന്നു ചെയ്തത്. അതിനുവേണ്ടിയുള്ള ഗവേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സമയത്തു ആ സ്ഥലവുമായി ബന്ധപ്പെട്ടുള്ള കുറെ ചിത്രങ്ങളൊക്കെ കാണാനിടയായി. ഇപ്പോൾ അവിടെ യാതൊന്നും തന്നെയില്ല.

Niranjana-Anoop8
നിരഞ്ജന അനൂപ്

വലിയ വൃക്ഷങ്ങൾ മാത്രം. ആ മരങ്ങളെല്ലാം പൂത്തുതളിർത്തു നിൽക്കുന്ന സമയത്തു കൃഷ്‌ണനും ഗോപികമാരും അവിടെ നൃത്തമാടിയിരുന്നു എന്ന സങ്കൽപം എത്ര മനോഹരമാണല്ലേ? ആ  മനോഹാരിതയെക്കുറിച്ചു കൂടുതലറിയാൻ ആ സ്ഥലം സന്ദർശിക്കുന്നതു നന്നായിരുന്നേനെ എന്നു ഞാൻ അപ്പോഴൊക്കെ ചിന്തിച്ചിരുന്നു.

Niranjana-Anoop7
നിരഞ്ജന അനൂപ്

കുട്ടിക്കാലം മുതൽ കേട്ട കഥകളിലെ സുന്ദരമായ സ്ഥലങ്ങളൊക്കെ സന്ദർശിക്കുകയെന്നത് മികച്ച അനുഭവങ്ങൾ സമ്മാനിക്കുമെന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു കൃഷ്ണ ഭക്തയായതുകൊണ്ടു തന്നെ കൃഷ്ണന്റെ കാൽപാടുകൾ പതിഞ്ഞ മണ്ണിനോട് എനിക്ക് അത്രയേറെ പ്രിയമാണ്. കേട്ട കഥകളിലൂടെ അറിഞ്ഞ സ്ഥലങ്ങളിലേക്കു യാത്ര ചെയ്യാനാണ് ഞാനേറെയിഷ്ടപ്പെടുന്നത്. ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും കുറച്ചുകൂടി പ്രായമാകുമ്പോൾ ഈ സ്വപ്നയാത്രകളെല്ലാം സഫലമാകുമെന്നു തന്നെയാണ് പ്രതീക്ഷ.

ഒരു കൊടൈക്കനാൽ യാത്ര, അതിന്നും പേടിപ്പിക്കുന്നു

എന്റെ കുട്ടിക്കാലത്താണ് വീട്ടിൽ നിന്നും കൊടൈക്കനാലിലേക്കു ഒരു യാത്ര പോയത്. കൊടൈക്കനാലിലെ ഒരു തടാകക്കരയിലൂടെ ഞാനും കസിൻസും കൂടെ ചുറ്റികറങ്ങിയും കളിച്ചും നടക്കുകയായിരുന്നു. രാവിലെയായതു കൊണ്ട് തന്നെ നല്ല തണുപ്പുണ്ടായിരുന്നു. പെട്ടെന്നാണ് ഞങ്ങൾ ആ കാഴ്ച കണ്ടത്. തടാകത്തിന്റെ മധ്യത്തിൽ നിറയെ തലമുടിയും, മുടിയിൽ നിറയെ ഐസുകട്ടകൾ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു സുന്ദരിപാവയുടെ തല. അതിങ്ങനെ ഒഴുകിയൊഴുകി കരയിലേക്കു വരുന്നുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ആ പാവയെ എങ്ങനെയെടുക്കും എന്നാലോചിച്ചുകൊണ്ട് അവിടെ തന്നെ നിൽപ്പായി.

പെട്ടെന്നാണ് ആളുകൾ ഓടികൂടിയതും പോലീസുകാരെത്തിയതും. സ്പീഡ് ബോട്ടിൽ ആളുകളെത്തി ആ പാവയുടെ തലയിൽ പിടിച്ചുയർത്തിയപ്പോഴാണ് അതൊരു പാവ അല്ലായിരുന്നു, ഒരു കുഞ്ഞായിരുന്നുവെന്നു മനസിലായത്. അന്ന് ഉള്ളിൽ കയറിയ ഒരു പേടിയുണ്ട്. ജീവിതത്തിൽ ഇന്നോളം ഞാനിങ്ങനെ പേടിച്ചിട്ടില്ല. ആ ഒരു ഭയം അതിതുവരെയും മാറിയിട്ടില്ല എന്നുതന്നെ പറയാം. പിന്നീട് എപ്പോൾ ഒരു തടാകക്കരയിലേക്കു പോയാലും എനിക്കിതു മാത്രമാണ് ഓർമ വരിക.

Niranjana-Anoop5
നിരഞ്ജന അനൂപ്

വിദേശയാത്രകൾ വളരെ ചുരുക്കമാണ് 

Niranjana-Anoop3
നിരഞ്ജന അനൂപ്

ഇന്ത്യയ്ക്ക് പുറത്തേയ്ക്കു അധികം യാത്രകളൊന്നും ഉണ്ടായിട്ടില്ല. മലേഷ്യയും സിംഗപ്പൂരുമാണ് സന്ദർശിച്ചിട്ടുള്ള രണ്ടു രാജ്യങ്ങൾ. ആ രണ്ടു രാജ്യങ്ങളും അതിസുന്ദരമെന്നു ഞാൻ പറയാതെ അറിയാമല്ലോ. ആ രണ്ടുയാത്രകളും മനോഹരം തന്നെയായിരുന്നു.

കേരളത്തിൽ ഏറ്റവും ഇഷ്ടം

Niranjana-Anoop4

ജനിച്ച നാടിനോടുള്ള പ്രിയം അതൊരിക്കലും ഒരാളിൽ നിന്നും മാഞ്ഞുപോകില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഞാൻ ജനിച്ച കോഴിക്കോട് തന്നെയാണ്. വളർന്നതും പഠിച്ചതും ഇപ്പോൾ ജീവിക്കുന്നതും കൊച്ചിയിലായതുകൊണ്ടു തന്നെ കൊച്ചിയും എനിക്കേറ്റവും പ്രിയപ്പെട്ടതു തന്നെ.

യാത്രകളേറെയും യാദൃശ്ചികം

മുൻകൂട്ടി തയാറാക്കി ഇതുവരെ ഒരു യാത്രയും പോയിട്ടില്ല. എന്റെ എല്ലാ യാത്രകളും യാദൃശ്ചികമായി സംഭവിക്കുന്നതാണ്. ഒഴിവുസമയങ്ങളൊന്നും ഇതുവരെ യാത്രയ്ക്കായി മാറ്റിവെച്ചിട്ടുമില്ല. 

ഒരിടത്തേക്കല്ല, ഒരുപാടു സ്ഥലങ്ങളിലേക്കു യാത്രകൾ പോകണം

ധാരാളം യാത്രകൾ ചെയ്യണമെന്നാണ് ആഗ്രഹം. നേരത്തെ പറഞ്ഞതുപോലെ, കുട്ടിക്കാലം സമ്പന്നമാക്കിയ കഥകൾ ഉറങ്ങുന്ന കാവുകളും ക്ഷേത്രങ്ങളും സ്ഥലങ്ങളുമൊക്കെ സന്ദർശിക്കണം. അതുപോലെ വടക്കേ ഇന്ത്യയിലെയും അത്തരം സ്ഥലങ്ങളിലൊക്കെ പോകണമെന്ന മോഹമുണ്ട്. 

ഷൂട്ടിങ്ങിനിടയിൽ യാത്രകൾ വളരെ കുറവ്

ഷൂട്ടിനിടയിൽ സ്ഥലങ്ങൾ കാണാനൊന്നും പോകാറില്ല. ഷൂട്ടിനു പോകുമ്പോൾ അവിടെയുള്ള സ്ഥലങ്ങളൊക്കെ കണ്ടുവെയ്‌ക്കും. അല്ലെങ്കിൽ ആരോടെങ്കിലും ചോദിച്ചു അവിടെയുള്ള സ്ഥലങ്ങളെക്കുറിച്ചെല്ലാം അറിയും. ഷൂട്ട് തീർന്നു കഴിഞ്ഞു, പിന്നീട് ആ സ്ഥലങ്ങളിലേക്ക് യാത്രകൾ പോകുന്നതിഷ്ടമാണ്. ഷൂട്ടും യാത്രകളും തമ്മിൽ കൂട്ടികുഴയ്ക്കുന്നതിനോടു താൽപര്യമില്ല.

സ്കൂളിൽ നിന്നുള്ള വിനോദയാത്രകൾ 

Niranjana-Anoop6

സ്കൂളിൽ നിന്നും യാത്രകൾ പോകാറുണ്ടെങ്കിലും വളരെ ചുരുക്കം വിനോദയാത്രകൾക്കേ ഞാൻ പോയിട്ടുള്ളൂ. എനിക്ക് താൽപര്യമുണ്ടായിരുന്നെങ്കിലും വീട്ടിൽ നിന്നും പോകാൻ അനുവദിക്കില്ലായിരുന്നു. ആകെ രണ്ടു യാത്രകൾ മാത്രമേ സ്കൂളിൽ നിന്നും പോയിട്ടുള്ളൂ. അതിലൊന്ന് തിരുവനന്തപുരത്തേക്കും മറ്റൊന്ന് മൂന്നാറിലേക്കുമായിരുന്നു. ഈ രണ്ടു സ്ഥലങ്ങളിലേക്കും ഞാൻ സ്കൂളിൽ നിന്നല്ലാതെ നിരവധി തവണ പോയിട്ടുണ്ട്.

മുംബൈ ഇഷ്ടമാണ്

ഇന്ത്യക്കു പുറത്തു അധികം യാത്രകൾ ഒന്നും പോയിട്ടില്ല. ഇന്ത്യയ്ക്കകത്തു പോയിട്ടുള്ളതിൽ ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ള നാട് മുംബൈ ആണ്. അവിടെയെത്തുന്നവരെയെല്ലാം ഇരുകൈനീട്ടി സ്വീകരിക്കുന്ന നഗരമാണല്ലോ അത്. ഒരുപാട് പേരുടെ സ്വപ്നങ്ങൾ പേറുന്ന ആ നഗരകാഴ്ചകൾ എന്നെയും വല്ലാതെ സ്വാധീനിക്കുകയും ആകർഷിക്കുകയും ചെയ്തിട്ടുണ്ട്.

ഇനിയും പോയിട്ടില്ലാത്ത, തന്റെ സ്വപ്നയാത്രകളെക്കുറിച്ചോർത്തുകൊണ്ടു നിരഞ്ജന പറഞ്ഞുനിർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA