ആ ന്യൂ ഇയർ യാത്ര മറക്കാനാവില്ല: അമലപോൾ

amala-paul
SHARE

തെന്നിന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് അമലപോൾ. നീലത്താമരയിലൂടെ സിനിമലോകത്തെത്തി മൈനയിലൂടെ തെന്നിന്ത്യൻ സിനിമയുടെ ഭാഗമായി മാറിയ അമലയുടെ ജീവിതത്തിന്റെ ഭാഗമാണ് സുന്ദര യാത്രകൾ. ഈ താരസുന്ദരിക്ക് ഏറെ ഇഷ്ടം ഒറ്റയ്ക്കുള്ള യാത്രയോടാണ്. ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട് താരം. പുതിയ പ്രതീക്ഷകളും ആഗ്രഹങ്ങളും നിറച്ച് കഴിഞ്ഞവർഷത്തെ അതായത് 2018 ലെ പുതുവർഷപുലരി ആഘോഷമാക്കാൻ താരം വിന്റർ ട്രക്കിനെത്തിയത് ഹിമാലയത്തിലെ ഏറ്റവും മനോഹരമായ പട്ടണങ്ങളിൽ ഒന്നായ ഉത്തരകാശിയിലാണ്.

amala-paul2

കാശിയെപ്പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന പുണ്യസ്ഥലമാണ് ഉത്തരകാശി. പൈൻ, ഓക്ക്, ദേവദാരു മരങ്ങൾ നിറഞ്ഞ കാടുകളും  മലനിരകളും ക്ഷേത്രങ്ങളും ആശ്രമങ്ങളും നിറഞ്ഞ ചെറുപട്ടണം. ആർത്തലച്ച് ഒഴുകുന്ന ഭാഗീരഥിയുടെ ശബ്ദം ഉത്തരകാശിയിൽ എവിടെ നിന്നാലും കേൾക്കാം. സമുദ്രനിരപ്പില്‍ നിന്നും 1158 മീറ്റര്‍ ഉയരത്തിലുള്ള ഉത്തരകാശിയുടെ വടക്ക് തിബത്തും ഹിമാചല്‍ പ്രദേശും പടിഞ്ഞാറ് ചമോലി ജില്ലയും സ്ഥിതിചെയ്യുന്നു.

ഹിമാലയസാനുക്കളിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളായ ഗംഗോത്രിയ്ക്കും യമുനയ്ക്കും സമീപം ഗംഗയുടെ തീരത്തുളള ഉത്തരകാശിയിലേക്ക് ഋഷികേശില്‍ നിന്നും 172 കിലോമീറ്റര്‍ ദൂരമാണുള്ളത്. തന്റെ ജീവിതത്തിലും സിനിമയിലും പിന്തുണയും സ്നേഹവും നൽകിയ എല്ലാവർക്കും സ്നേഹത്തിന്റ ഭാഷയിൽ നന്ദിയറിച്ചുകൊണ്ടു പുതുവർഷപുലരിക്കു മുമ്പുള്ള വിന്റർ ട്രക്കിങ് ഹിമാലയസാനുക്കളിലേക്കാണെന്നും സമൂഹമാധ്യമത്തിലൂടെ വിഡിയോ പങ്കുവച്ചു താരം ആരാധകർക്കായി പുതുവൽസരാശംസകൾ നേർന്നിരുന്നു.

ലോകം മുഴുവൻ 2019 പുതുവർഷത്തിളക്കത്തിൽ മുങ്ങുമ്പോൾ കഴിഞ്ഞ വർഷത്തെ ന്യൂഇയർ ദിവസം ഓർത്തെടുക്കുകയാണ് അമല പോൾ. കഴിഞ്ഞ ആ ദിവസത്തിന്റെ മനോഹരമായ ഓർമ്മകൾ പങ്കിടുന്ന അമലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാണ്.

amala-paul23

‘‘2018 നോട് വിട പറയാൻ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ഞാനെന്റെ കഴിഞ്ഞ വർഷത്തെ ന്യൂ ഇയർ യാത്ര ഒാർക്കുകയാണ്. ദോഡിതാലിലെ എന്റെ അനുഭവം ലോകവുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു. ഗണപതിയുടെ ജന്മസ്ഥലമായ ഉത്തർക്കാശിയിലെ മഞ്ഞുതൊപ്പികൾ അണിഞ്ഞ പർവ്വതനിരകളിലേക്കുള്ള ആ യാത്ര മറക്കാനാവില്ല. യാത്രയ്ക്കിടെ പരിചയപ്പെട്ട ഡോഡി എന്ന നായക്കുട്ടിയേയും. ഡോഡി കൂടെയുള്ളപ്പോൾ ഞങ്ങൾക്കൊന്നും ഭയക്കാനില്ലായിരുന്നു, ഡോഡിയുള്ളപ്പോൾ ചെന്നായ്ക്കൾ പോലും മുന്നിൽ വരാൻ മടിക്കും. ഡോഡിയ്ക്കൊപ്പം ഒളിഞ്ഞിരിക്കുന്ന നിധിപോലെ മനോഹരമായ ആ മലനിരകളിലേക്ക് ഞങ്ങൾ ട്രക്കിങ് നടത്തി. ഇന്നു ഇവിടെ ഇരുന്ന് ആ മനോഹരമായ യാത്രയെ കുറിച്ചോർക്കുമ്പോൾ, ദൈവം നിഗൂഢമായ വഴികൾ കാണിച്ചുതരികയാണ് എന്നു മനസ്സിലാവുന്നു. നമുക്കൊരു ആവശ്യം വരുമ്പോൾ പ്രാർത്ഥിക്കേണ്ടതില്ല, എല്ലായ്പ്പോഴും ദൈവം കൂടെയുണ്ടാവും, എല്ലാം നിരീക്ഷിക്കുന്ന മഹത്തായ ശക്തിയായി അവനുണ്ടെന്ന് ഓർമപ്പെടുത്തികൊണ്ട്”.– അമല കുറിക്കുന്നു.

ന്യൂ ഇയർ രാത്രിയിൽ തന്റെ പുതിയ ചിത്രവും അമല പ്രഖ്യാപിച്ചു. അനൂപ് പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ഫോറൻസിക് ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ള. എ ജെ ഫിലിംസ്, അജയ് പണിക്കർ, വൈറ്റ് സ്ക്രീൻ മീഡിയ, പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളികളായ സംവിധായകനും തിരക്കഥാകൃത്തുമാണ് പേരിടാത്ത ഈ തമിഴ് ചിത്രത്തിന്റെ പിന്നണിയിൽ എന്നതാണ് മറ്റൊരു പ്രത്യേകത.

കേരള പൊലീസിന്റെ മുൻ സർജൻ ഡോ ബി.ഉമാദത്തൻ കൈൈകാര്യം ചെയ്ത ഒരു യഥാർത്ഥ കേസിനെ പശ്ചാത്തലമാക്കിയാണ് ചിത്രം. ‘ഒരു പൊലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ’എന്ന പുസ്തകത്തിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് തിരക്കഥ. ചിത്രത്തിൽ ചീഫ് ഫോറൻസിക് സർജനായ ഡോ. ഭദ്ര എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലായി മാർച്ചിൽ ചിത്രീകരണം ആരംഭിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA