കീശകാലിയാക്കാതെ ഷോപ്പിങ് നടത്താൻ ചിലയിടങ്ങൾ

DOld-Delhi-spice-market
SHARE

നമ്മുടെ തലസ്ഥാന നഗരിയായ ഡൽഹി ഷോപ്പിങ് പ്രേമികളെ ഏറെ ആഹ്ലാദിപ്പിക്കുന്നൊരിടമാണ്. വലിയ ഷോപ്പിങ് മാളുകളും അതിനൊപ്പം തന്നെ ബജറ്റ് ഷോപ്പിങ് നടത്താൻ ഉദ്ദേശിക്കുന്നവരെ ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി മാർക്കറ്റുകളും അവിടെ കാണാം. കയ്യിലുള്ള പണത്തിനനുസരിച്ചു ആകർഷകവും ഉപയോഗയോഗ്യമായതുമായ വസ്തുക്കളും തുണിത്തരങ്ങളും വാങ്ങാൻ കഴിയുന്ന ഡൽഹിയിലെ പ്രശസ്തമായ ചിലയിടങ്ങൾ പരിചയപ്പെടാം. ഈ മാർക്കറ്റുകളെ കുറിച്ചറിഞ്ഞു വെയ്ക്കുന്നതു ഡൽഹി യാത്രയിൽ ഏറെ ഉപകാരപ്പെടുമെന്നതു തീർച്ചയാണ്.

ജൻപഥ് മാർക്കറ്റ്

ഡൽഹിയിലെ എപ്പോഴും സജീവമായ മാർക്കറ്റുകളിൽ ഒന്നാണ് ജൻപഥ്. ആഡംബര നിറഞ്ഞതും കൗതുകം സമ്മാനിക്കുന്നതുമായ നിരവധി വസ്തുക്കൾക്കൊപ്പം നിത്യോപയോഗ സാധനങ്ങളും ഇവിടെ ലഭ്യമാകും. വിലപേശാനുള്ള കഴിവുണ്ടെങ്കിൽ ചെറിയ തുകയിൽ ആവശ്യമായവയെല്ലാം വാങ്ങാം എന്നതുതന്നെയാണ് ജൻപഥ് മാർക്കറ്റിന്റെ ഏറ്റവും വലിയ സവിശേഷത.

Street-market-New-Delhi

വീടലങ്കരിക്കാനായി പെയിന്റിങ്ങുകൾ, കരകൗശല വസ്തുക്കൾ എന്നിവയ്ക്കൊപ്പം ഷൂസ്, തുകൽ നിർമിത ബാഗുകൾ, ഏറ്റവും പുതിയ ആഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. ജൻപഥ് മാർക്കറ്റിലേക്കെത്താൻ മെട്രോ ട്രെയിനെ ആശ്രയിക്കാവുന്നതാണ്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ജൻപഥ്/ രാജീവ് ചൗക്ക് ആണ്.

പാലിക ബസാർ 

ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വിനോദോപാധികൾ, വിഡിയോ ഗെയിമുകൾ എന്നിവയെല്ലാം ലഭ്യമാകുന്ന ഒരിടമാണ് പാലിക ബസാർ. ഭൂമിക്കടിയിലാണ് ഈ ബസാർ സ്ഥിതി ചെയ്യുന്നത്, കൂടാതെ എ സി യുടെ തണുപ്പും സുഖകരമായ ഷോപ്പിംഗിനു സൗകര്യമൊരുക്കുന്നു.

ഡൽഹി സന്ദർശനത്തിൽ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണ് പാലിക ബസാർ. മൊബൈൽ ഫോൺ അടക്കമുള്ള എല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഇവിടെ ലഭ്യമാകും. രാജീവ് ചൗക്ക് തന്നെയാണ് പാലിക ബസാറിന്റെ ഏറ്റവുമടുത്തു സ്ഥിതി ചെയ്യുന്ന മെട്രോ റെയിൽവേ സ്റ്റേഷൻ.

സരോജിനി നഗർ മാർക്കറ്റ്

സ്ത്രീകളെ ഏറ്റവുമധികം ആകർഷിക്കുന്ന മാർക്കറ്റാണ് സരോജിനി നഗർ. കുറഞ്ഞ വിലയിൽ വസ്ത്രങ്ങളും മനോഹരമായ ആഭരണങ്ങളും സൗന്ദര്യ വർധക വസ്തുക്കളുമെല്ലാം ലഭിക്കുന്ന ഇവിടെ എപ്പോഴും നല്ല തിരക്കാണ്.

ഷൂസ്, ആഭരണങ്ങൾ, ബ്രാൻഡഡ് വസ്ത്രങ്ങൾ തുടങ്ങി സ്ത്രീകൾക്കു ഏറെ താല്പര്യമുള്ള എല്ലാ വസ്തുക്കളും സരോജിനി മാർക്കറ്റിൽ ലഭിക്കും. സരോജിനി മാർക്കറ്റിനു സമീപത്തുള്ള മെട്രോ റെയിൽ സ്റ്റേഷൻ ഐ എൻ എ/ സരോജിനി ആണ്.

പഹർഗഞ്ച് മാർക്കറ്റ് 

നിരവധി മൊത്ത കച്ചവട സ്ഥാപനങ്ങളുണ്ട് പഹർഗഞ്ച് മാർക്കറ്റിൽ. ഹിപ്പി വസ്ത്രങ്ങൾ, ബാഗുകൾ, ഹുക്ക പൈപ്പുകൾ, പുസ്തകങ്ങൾ മുതലായവ ഇവിടെ നിന്നും ലഭ്യമാകും. കുറഞ്ഞ വിലയിൽ ഇവയെല്ലാം ലഭിക്കും എന്നതുതന്നെയാണ് പഹർഗഞ്ചിന്റെയും പ്രത്യേകത. രാമകൃഷ്ണ ആശ്രമം മാർഗ് മെട്രോ സ്റ്റേഷനിൽ ഇറങ്ങിയാൽ വളരെ എളുപ്പത്തിൽ പഹർഗഞ്ച് മാർക്കറ്റിൽ എത്തിച്ചേരാവുന്നതാണ്.

Shopping-mall-New-Delhi1

ചാന്ദ്നി ചൗക്ക് 

അതിസാഹസികമായ ഒരു യാത്രയുടെ അനുഭവങ്ങൾ തന്നെ സമ്മാനിക്കാൻ കഴിയും ചാന്ദ്നി ചൗക്കിലെ ചെറുകടകളിൽ നിന്നുള്ള ഷോപ്പിംഗ്. അവസാനമില്ലെന്നു തോന്നിപ്പിക്കുന്ന നീണ്ട തെരുവുകളും പഴമ പേറുന്ന കടകളും ആവശ്യമായ എല്ലാ വസ്തുക്കളും സമ്മാനിക്കുമെന്നതു കൊണ്ടുതന്നെ വിവാഹ പാർട്ടികൾ വരെ ചാന്ദ്നി ചൗക്കിൽ ഷോപ്പിംഗിനു ഇറങ്ങാറുണ്ട്. സിൽക്കിലും കോട്ടണിലും തുന്നിയ തുണിത്തരങ്ങൾ, അലങ്കാരപ്പണികൾ ചെയ്ത ബാഗുകൾ, ആഭരണങ്ങൾ, വിവാഹ ലെഹങ്കകൾ എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. ചാന്ദ്നി ചൗക്ക് മെട്രോ റെയിൽ സ്റ്റേഷനാണ് ഏറ്റവുമടുത്തുള്ളത്.

കമല നഗർ മാർക്കറ്റ്

ധാരാളം വിദ്യാർത്ഥികൾ എത്തുന്ന, ട്രെൻഡിയായ ആഭരണങ്ങളും വസ്ത്രങ്ങളും ലഭിക്കുന്ന ഒരിടമാണ് കമല നഗർ മാർക്കറ്റ്. കുറഞ്ഞ വിലയിൽ വിപണിയിലെ മാറ്റത്തിനു അനുസരിച്ചുള്ള ഏറ്റവും പുതിയ  വസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കുമെന്നതു കൊണ്ട് യുവാക്കൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ഈ മാർക്കറ്റിനു പ്രിയമേറെയാണ്.

വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കുമൊപ്പം ബാഗുകളും ഷൂസുകളും ഇവിടെ ലഭിക്കും. വിശ്വവിദ്യാലയ ആണ് കമല നഗർ മാർക്കറ്റിനു സമീപത്തായി സ്ഥിതി ചെയ്യുന്ന മെട്രോ റെയിൽ സ്റ്റേഷൻ.

സദാർ ബസാർ 

വീട് പണിയുന്നവർക്കും പുതുക്കി പണിയുന്നവർക്കും ഏറെ ഉപകാരപ്പെടും സദാർ മാർക്കറ്റ് സന്ദർശനം. ഗൃഹത്തിന്റെ അകത്തളങ്ങൾ കൂടുതൽ മോടിപിടിപ്പിക്കാനും പുതുമ നൽകാനും ഉപകാരപ്രദമായ നിരവധി വസ്തുക്കളും വീട്ടിലേക്കാവശ്യമായ വീട്ടുപകരണങ്ങളും ഇവിടെ നിന്നു ലഭിക്കുന്നതാണ്.

കർട്ടനുകൾ, ആകർഷകമായ വിളക്കുകൾ, കസേരകൾ, മേശകൾ തുടങ്ങി ആവശ്യമായവയെല്ലാം സദാർ മാർക്കറ്റിലുണ്ട്. ചാന്ദ്നി ചൗക്ക് മെട്രോ റെയിൽ സ്റ്റേഷനിൽ ഇറങ്ങിയാൽ സദാർ ബസാറിൽ എത്തിച്ചേരാം.

ലജ്പത് നഗർ മാർക്കറ്റ് 

വളരെ കുറഞ്ഞ പണം മുടക്കി ആവശ്യമായതെന്തും ലജ്പത് മാർക്കറ്റിൽ നിന്നും വാങ്ങുവാൻ കഴിയും. വസ്ത്രങ്ങൾ, ബാഗുകൾ, ഷൂസ്, സൗന്ദര്യ വർധക വസ്തുക്കൾ തുടങ്ങി ഒരു വ്യക്തിയ്ക്കു വേണ്ടതെല്ലാം ഇവിടെയുണ്ട്. കുറഞ്ഞ വിലയിൽ ആവശ്യമുള്ളതെല്ലാം വാങ്ങാമെന്നുള്ളതുകൊണ്ടു തന്നെ എപ്പോഴും ലജ്പത് മാർക്കറ്റിൽ നല്ല തിരക്കാണ്. ലജ്പത് നഗർ മാർക്കറ്റിനു സമീപത്തു തന്നെ മെട്രോ റെയിൽ സ്റ്റേഷനുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA