കുറഞ്ഞ ചെലവിൽ കണ്ടുമടങ്ങാം ഈ 5 സ്ഥലങ്ങൾ

Himachal-Pradesh,-India.1
SHARE

യാത്രകൾ പോകാൻ താല്‍പര്യമില്ലാത്തവർ കുറവായിരിക്കും. കുറഞ്ഞ ചെലവിൽ കാഴ്ചകൾ ആസ്വദിക്കാനും ഉല്ലസിക്കാനും പറ്റിയ സ്ഥലങ്ങളോടായിരിക്കും ഭൂരിപക്ഷം സഞ്ചാരപ്രേമികൾക്കും താൽപര്യം. അത്തരത്തിൽ നിരവധി സുന്ദര ഭൂമികൾ നമ്മുടെ നാട്ടിലുണ്ട്.

കുറഞ്ഞ ചെലവിൽ നല്ല കാഴ്ചകൾക്കൊപ്പം രുചിയേറുന്ന ഭക്ഷണവും ഷോപ്പിങും നടത്താവുന്ന ചില സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. ട്രെയിൻ യാത്രകൾ പണത്തിന്റെ ചെലവ് കുറയ്ക്കുമെന്നതു കൊണ്ടുതന്നെ ഗതാഗത മാർഗമായി ട്രെയിൻ തെരെഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. അതുപോലെ തന്നെ ഭക്ഷണത്തിലും  താമസത്തിലും അധികം ആർഭാടം കാണിക്കാതിരുന്നാൽ പണം മിച്ചം പിടിക്കാം. 

ലാൻസ്‌ഡൗൺ 

അധികം കേട്ടുകേൾവിയില്ലാത്ത, എന്നാൽ മനോഹര കാഴ്ചകൾ കൊണ്ട് സമ്പന്നമായ ഉത്തരാഖണ്ഡിലെ ഒരു ഹിൽ സ്റ്റേഷനാണ് ലാൻസ്‌ഡൗൺ. പ്രകൃതി ഇത്രയും സുന്ദരിയായി അണിയിച്ചൊരുക്കിയിരിക്കുന്നയിടങ്ങൾ ഭൂമിയിൽ കുറവാണെന്നു തന്നെ ഇവിടം കണ്ടുകഴിഞ്ഞാൽ ഓരോ സഞ്ചാരിയും പറയും. അത്രയ്ക്കു മനോഹാരിയാണ് ലാൻസ്‌ഡൗൺ. കാണാൻ കാഴ്ചകൾ നിരവധിയുണ്ട് ഇവിടെ. ഹൃദയം കവരുന്ന ബുല്ല താൽ തടാകം, രക്തം ചൊരിഞ്ഞ, നഷ്ടങ്ങളുടെ കണക്കുകൾ മാത്രം പറയുന്ന യുദ്ധ സ്മാരകം,  കാലാഗർ വന്യ ജീവി സങ്കേതം, കൂടാതെ എല്ലാ കാഴ്ചകളും നടന്നുകണ്ടു കീഴടക്കാൻ നീണ്ടു കിടക്കുന്ന പാതകളും. 

a-small-hamlet-in-the-Himalayas
ലാൻസ്‌ഡൗൺ

ആയിരം രൂപയോ അതിനു താഴെയോ മാത്രം ചെലവുവരുന്ന നിരവധി താമസസ്ഥലങ്ങൾ ഈ ഹിൽ സ്റ്റേഷനു സമീപത്തുതന്നെയുണ്ട്. അത്തരത്തിലുള്ള ഹോട്ടലുകൾ താമസത്തിനായി തെരഞ്ഞെടുക്കാം. ചെലവ് കുറയ്ക്കാൻ അത് സഹായിക്കും. അതുപോലെ തന്നെ നാടൻ തട്ടുകടകളും മിതമായ നിരക്കിൽ ഭക്ഷണം നൽകുന്ന റെസ്റ്റോറന്റുകളും ലാൻസ്‌ഡൗണിലുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ കുറഞ്ഞ ചെലവിൽ കണ്ടുമടങ്ങാം ഉത്തരാഖണ്ഡിലെ ഈ സുന്ദരിയെ. 

പാർവതി താഴ്‍‍വര

ഹിമാചൽ പ്രദേശിലെ അതിമനോഹരമായ താഴ്‍‍‍വര. ആദ്യ കാഴ്‌ചയിൽ തന്നെ സ്വർഗം താണിറങ്ങി വന്നതോ എന്ന ചോദ്യം മനസിലുയരും. ചുറ്റിലും സംരക്ഷണത്തിനെന്നപോലെ മലനിരകൾ, കൊച്ചുകൊച്ചു ഗ്രാമങ്ങൾ. കുറഞ്ഞ ചെലവിൽ താമസം മാത്രമല്ല, എത്തിച്ചേരാനും ഭക്ഷണത്തിനും അധിക പണം ചെലവാകുകയില്ല എന്നതാണ് പാർവതി താഴ്‍‍‍വരയുടെ സവിശേഷത. ചെറുഗ്രാമങ്ങളാണ് ഈ നാടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നത്. ട്രെക്കിങ്ങ് താല്‍പര്യമുള്ളവർക്കു ഖീർഗംഗയിലേക്കു ട്രെക്കിങ് നടത്തുകയും ചൂടുനീരുറവകളിൽ മുങ്ങി നിവരുകയും ചെയ്യാം. മഞ്ഞുവീഴുന്ന മലനിരകളും ധമനികളെ പോലും മരവിപ്പിക്കുന്ന തണുപ്പും ഏറെ ആസ്വാദ്യകരമെന്നാണ് ഇവിടെയെത്തുന്ന സന്ദർശകർ പറയുന്നത്. രാവുകളെ ഉണർത്താനായി ഇവിടെ നടത്തപ്പെടുന്ന പാർട്ടികളിലും താല്‍പര്യമുണ്ടെങ്കിൽ പങ്കെടുക്കാവുന്നതാണ്. 

Parvati-Valley
പാർവതി താഴ്‍‍വര

150 രൂപ മുതൽ താമസ സൗകര്യം ലഭ്യമാകും. മതിയായ സൗകര്യങ്ങൾ എല്ലാമുള്ള മുറികൾക്കു പോലും 500 മുതൽ 600 രൂപ വരെയേ ചെലവാകുകയുള്ളു. ഭക്ഷണത്തിനും മിതമായ പണം മാത്രമേ ഇവിടുത്തെ ഭൂരിപക്ഷം റെസ്റ്റോറന്റുകളും ഈടാക്കുന്നുള്ളു. അതുകൊണ്ടു തന്നെ ഇവിടെ 4 ദിവസം വരെ താമസിച്ചാലും 5000 രൂപയിൽ കൂടുതൽ പണം ചെലവാകുകയില്ല.

ഗോവ 

കൈയിലുള്ള പണം ബുദ്ധിപൂർവം ചെലവഴിച്ചാൽ, കീശ കാലിയാകാതെ തന്നെ മടങ്ങാൻ കഴിയുന്ന നാടാണ് ഗോവ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന, സുന്ദരമായ ബീച്ചുകളുള്ള, ആഘോഷത്തിനു പരിധികളൊന്നുമില്ലാത്ത ഗോവ കാണാൻ ആർക്കാണ് മോഹമുണ്ടാകാത്തത്? ഗോവയുടെ സൗന്ദര്യം ആസ്വദിക്കാൻ ഏറ്റവും സമർഥമായ വഴി ഒരു സ്കൂട്ടർ ദിവസവാടകയ്ക്കു എടുക്കുക എന്നതാണ്.

GOA
ഗോവ

ചുറ്റിയടിക്കാനും ഗോവ മുഴുവൻ കാണാനും ഏറ്റവും ഉചിതമായ മാർഗമതാണ്. 250 രൂപയ്ക്കു സ്കൂട്ടർ വാടകയ്ക്കു ലഭിക്കും. പഴമയുടെ സൗന്ദര്യം മുഴുവൻ പേറുന്ന ധാരാളം കത്തീഡ്രലുകൾ പഴയ ഗോവയിൽ കാണാം. അതിന്റെ പ്രൗഢിയും ചേലും കാണാം, കടലിന്റെ മാസ്മരിക സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കടൽത്തീരങ്ങളിലിരുന്നു കാറ്റുകൊള്ളാം. 

യാത്ര പുറപ്പെടുമ്പോൾ തന്നെ, കൈയിലൊതുങ്ങുന്ന പണത്തിനുള്ള താമസസ്ഥലം കണ്ടുവെയ്ക്കുന്നതായിരിക്കും നല്ലത്. 500 രൂപ മുതൽ മുകളിലേക്കു വാടകയുള്ള മുറികൾ താമസത്തിനു  ലഭിക്കും. കൈയിലുള്ള പണത്തിനനുസരിച്ചു അവ തെരഞ്ഞെടുക്കാവുന്നതാണ്. കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭിക്കുന്നയിടങ്ങളായ ആനന്ദാശ്രമം, അഞ്ജുന ബിരിയാണി പാലസ് എന്നീ റെസ്റ്റോറന്റുകളെ ഭക്ഷണത്തിനായി തെരഞ്ഞെടുക്കാം.

മക്ലിയോഡ്ഗഞ്ച്  

ഹിമാചൽ പ്രദേശിലാണ് ലിറ്റിൽ ലാസ എന്നറിയപ്പെടുന്ന മക്ലിയോഡ്ഗഞ്ച് സ്ഥിതി ചെയ്യുന്നത്. അവധിദിനങ്ങൾ ആഘോഷിക്കാൻ ഇത്രയും മനോഹരമായ സ്ഥലങ്ങൾ വേറെയില്ലെന്നു തന്നെയാണ് ഇവിടം സന്ദർശിക്കുന്നവർ നൽകുന്ന ഉറപ്പ്. എത്തിച്ചേരാനും താമസിക്കാനും ഭക്ഷണത്തിനും വളരെ തുച്ഛമായ തുകയേ ചെലവാകുകയുള്ളു എന്നതു തന്നെയാണ് ഈ സ്ഥലത്തിന്റെയും പ്രത്യേകത.

കാഴ്ചകൾ നിരവധിയുണ്ട് ഇവിടെയും. ബാഗ്‌സു വെള്ളച്ചാട്ടവും ബുദ്ധമത വിശ്വാസികളുടെ ആരാധനാലയങ്ങളും  താൽപര്യമെങ്കിൽ ദലൈ ലാമയെ സന്ദർശിക്കാനുള്ള അവസരവും മക്ലിയോഡ്ഗഞ്ച് സന്ദർശനത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ട്രൈയുണ്ട് ട്രെക്കിങ്, ട്രെക്കിങ്ങ് പ്രിയരെ സന്തോഷിപ്പിക്കും. കൂടാതെ 500 രൂപ മുടക്കിയാൽ ഒരു രാത്രി ആ മലമുകളിൽ താമസിക്കുകയും ചെയ്യാം. അതിസുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ സമ്മാനിക്കുന്നവയാണ് മക്ലിയോഡ്ഗഞ്ചിലെ മലനിരകൾ. 

500 രൂപ മുതൽ വാടകയ്ക്കു മുറികൾ ലഭിക്കും. കൈയിലുള്ള പണത്തിനനുസരിച്ചുള്ള മുറികൾ തെരഞ്ഞെടുക്കാം. അധിക പണം താമസത്തിനു ചെലവാക്കാൻ താല്പര്യമില്ലാത്തവർക്കു 300 രൂപയ്ക്കും മുറികൾ ലഭിക്കും. ടിബറ്റൻ മണ്ഡല കഫേ, കോമൺ ഗ്രൗണ്ട് കഫേ, മക്ലോ റെസ്റ്റോറന്റ്, ഗ്രീൻ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നൊക്കെ വലിയ മുതൽ മുടക്കില്ലാതെ ഭക്ഷണവും കഴിക്കാം. 

പോണ്ടിച്ചേരി 

ഫ്രഞ്ച് വാസ്തുവിദ്യയുടെ മനോഹരമായ കാഴ്ചകൾ സഞ്ചാരികൾക്കു സമ്മാനിക്കും പോണ്ടിച്ചേരി. ആ നാടിന്റെ കാഴ്ചകൾ കാണാനിറങ്ങുമ്പോൾ സൈക്കിൾ സവാരിയായിരിക്കും ഉചിതം. സൈക്കിളുകൾ വാടകയ്ക്ക് ലഭിക്കും. പോണ്ടിച്ചേരിയുടെ സൗന്ദര്യം കാണാൻ സൈക്കിളിൽ കറങ്ങുന്നതാണ് പണച്ചെലവ് കുറയ്ക്കാൻ പറ്റിയ മാർഗം.

pondicherry
പോണ്ടിച്ചേരിയിലെ കാഴ്ച

താമസത്തിനും ഭക്ഷണത്തിനും മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ചു കൂടുതൽ പണം മുടക്കേണ്ടി വരുമെങ്കിലും ബുദ്ധിപൂർവം ചെലവാക്കിയാൽ പണം മിച്ചം പിടിക്കാവുന്നതാണ്. അരബിന്ദോ ആശ്രമവും ബീച്ചും ഓറോവില്ലേയുമൊക്കെ സഞ്ചാരികൾക്കു മികച്ച കാഴ്ചാനുഭവങ്ങൾ സമ്മാനിക്കുന്ന പോണ്ടിച്ചേരിയിലെ സുന്ദര ദൃശ്യങ്ങളാണ്. ലെ കഫെയും സീഗൾസ് റെസ്റ്റോറന്റും ഡെയ്‌ലി ബ്രെഡുമൊക്കെ ഭക്ഷണം കഴിക്കാനായി തെരെഞ്ഞെടുക്കാവുന്ന റെസ്റ്റോറന്റുകളാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA