മണ്ഡോദരി കാത്തിരിക്കുന്നു, ഹിമാലയൻ യാത്രക്കായി

sneha sreekumar trip9
SHARE

ചിരിയുടെ മാലപ്പടക്കവുമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന സ്നേഹയെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. സ്നേഹ എന്നതിനുപരി മണ്ഡോദരി എന്ന പേരാണ് എല്ലാവർക്കും സുപരിചിതം. മഴവിൽ മനോരമയിലെ മറിമായം എന്ന ഹാസ്യ പരമ്പരയിലെ സൂപ്പർസ്റ്റാറാണ് മണ്ഡോദരി. വാക്കിലും വാചകത്തിലും നർമലഹരി കലർത്തുന്ന മണ്ഡോദരി അഭിനേത്രി മാത്രമല്ല പെർഫോമിംഗ് ആർട്സിൽ എം ഫിൽ ബിരുദം നേടിയ കലാകാരികൂടിയാണ്. കഥകളിയും 

sneha-sreekumar-trip
അമ്മയോടൊപ്പമുള്ള യാത്ര

ഒാട്ടൻതുള്ളലുമൊക്കെ ചെയ്യുന്ന സ്നേഹയെ ആളുകൾ കൂടുതലും തിരിച്ചറിഞ്ഞത് മറിമായം തുടങ്ങിയതോടെയാണ്. മറിമായത്തിലൂടെ വന്ന് മണ്ഡോദരിയായി മലയാളികളുടെ മനസിൽ കയറിപ്പറ്റിയ സ്നേഹ ശ്രീകുമാറിന്റെ വിശേഷങ്ങളറിയാം.

 യാത്രപോകാനും കാഴ്ചകൾ ആസ്വദിക്കാനും സ്നേഹക്ക് ഇഷ്ടമാണ്. സമയം ഇല്ല എന്നതാണ് പ്രധാന കാരണം. സ്നേഹയെക്കാൾ യാത്രയെ ഏറെ ഇഷ്ടപ്പെടുന്ന മറ്റൊളുണ്ട്. സ്നേഹയുടെ അമ്മ. എഴുപത് വയസ്സാണെങ്കിലും യാത്രപോകാൻ എപ്പോഴും റെ‍ഡിയാണ്. അമ്മ കാഴ്ചകളാസ്വദിക്കുന്ന കണ്ടിരിക്കാനാണ് എനിക്കിഷ്ടമെന്നു സ്നേഹ പറയുന്നു. 

നീലക്കുറിഞ്ഞി പൂത്തപ്പോള്‍

അമ്മയുടെ ഏറ്റവും വലിയ ഒരാഗ്രഹമായിരുന്നു നീലക്കുറിഞ്ഞി വസന്തം കാണുകയെന്നത്. ഇത്തവണയും നടക്കില്ലെന്നു കരുതിയതായിരുന്നു. എങ്കിലും അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ എനിക്ക് സാധിച്ചു. നീലക്കുറിഞ്ഞിയെന്നു പേരുണ്ടെങ്കിലും പൂക്കൾ ശരിക്കും നീലയല്ല. നീലയ്ക്കും ഊതനിറത്തിനും ഇടയിലാണിതിന്റെ സ്ഥാനം.

sneha-sreekumar-trip1
യാത്രയിൽ സ്നേഹ

സമുദ്രനിരപ്പിൽനിന്ന് 1400 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പുൽമേടുകളിലാണ് ഇവ കൂട്ടത്തോടെ പൂത്തുനിൽക്കുന്നത്. സുന്ദരകാഴ്ചയായിരുന്നു. നീലക്കുറിഞ്ഞി വസന്തം സന്തോഷത്തോടെ ആസ്വദിക്കുന്ന അമ്മയുടെ മുഖമാണ് എന്നെ ഏറെ ആകർഷിച്ചത്.

sneha-sreekumar-trip3
മൂകാംബിക യാത്രയിൽ

അമ്മക്ക് ഒരുപാട് സന്തോഷമായി. മൂന്നാറിലെ കുളിരിൽ യാത്രയും രസകരമായിരുന്നു. എന്റെ അച്ഛൻ യാത്രാപ്രേമിയായിരുന്നു. വെറുതെ ഇരുന്നാൽ നമുക്ക് കറങ്ങാം പോകാം എന്നു പറയുന്നയാളായിരുന്നു. കാഴ്ചകള്‍ ആസ്വദിക്കുന്നതാണ് അച്ഛനും ഏറെ ഇഷ്ടം. കുട്ടിക്കാലത്ത് ഒരുപാട് സ്ഥലങ്ങളിലേക്ക് അച്ഛൻ കൊണ്ടുപോയിട്ടുണ്ട്. അതൊന്നും ഒരിക്കലും മറക്കാനാവില്ല.

ട്രാവൽ ഗൈ‍ഡാണ് ഞാൻ

കുട്ടിക്കാലത്ത് അച്ഛൻ കൊണ്ടുപോയിട്ടുള്ള സ്ഥലങ്ങളിൽ എനിക്കേറെ ഇഷ്ടം മൂകാംബിക ക്ഷേത്രവും കുടജാദ്രിയുമാണ്. എല്ലാവർഷവും മൂകാംബിക പോകാറുണ്ട്. സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയാണ് കുടജാദ്രി.

sneha-sreekumar-trip2
മൂകാംബിക യാത്രയിൽ അന്നയും ഭാമയും

മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്‍‍വരയിലാണ് സ്ഥിതി ചെയ്യുന്നത്. കുടജാദ്രി ഗ്രാമത്തിലെ ആദിമൂകാംബിക ക്ഷേത്രമാണ് 'മൂകാംബിക ദേവിയുടെ 'മൂലസ്ഥാനം' ആയി കരുതപ്പെടുന്നത്.

കുടജാദ്രിയിലേക്ക് പോകാൻ ഏക വാഹന മാർഗം ജീപ്പാണ്. സാഹസികയാത്ര എന്നുതന്നെ പറയാം.കല്ലും കുഴിയും മാത്രമുള്ള പാത. രസകരമായിരുന്നു. പവതവണ പോയിട്ടുള്ളതുകൊണ്ട്  മൂകാംബികയും കുടജാദ്രിയും വീടുപോലെ പരിചിതമാണ്. മലമുകളിൽ എത്തികഴിയുമ്പോൾ ഇതുവരെയുള്ള സകലയാത്ര ബുദ്ധിമുട്ടുകളും ആ കാഴ്ച തുടച്ചു മാറ്റും.

sneha-sreekumar-trip5
മൂകാംബിക യാത്രയിൽ

വനപ്രദേശത്തിലൂടെ മുന്നോട്ടു നടന്ന് ഗണേശ ഗുഹയും കണ്ട് ആദിശങ്കരന്റെ സർവജ്ഞാനപീഠത്തിലെത്താം. ആദിശങ്കരൻ ഇവിടെ ദേവി സാന്നിധ്യം അറിയുകയും തപസിരുന്നുവെന്നുമാണ് ഐതീഹ്യം. രണ്ട് മീറ്റർ വീതിയിലും നീളത്തിലും നീളത്തിലും തീർത്ത കരിങ്കൽ കെട്ടാണ് സർവജ്ഞ പീഠം. ഇതുകണ്ട് ഇടുങ്ങിയ പാതയിലൂടെ താഴേക്ക് ഇറങ്ങിയാൽ ചിത്രമൂലയിലെത്തും.‌ നല്ല കുറെ അനുഭവങ്ങൾ സമ്മാനിക്കുന്ന യാത്രയാണ് മൂകാംബിക ക്ഷേത്രവും കുടജാദ്രിയും. എത്ര തവണ പോയാലും ആ കാഴ്ചകൾ മടുക്കില്ല. മൂകാംബിക യാത്രക്കായി സുഹൃത്തുക്കൾ മിക്കവരും ഇപ്പോൾ  എന്നെയാണ് ഗൈ‍ഡായി വിളിക്കുന്നത്.

മെക്സിക്കൻ യാത്ര

എന്റെ ആദ്യത്തെ ഫ്ളൈറ്റ് യാത്ര മെക്സിക്കയിലേക്കായിരുന്നു. ചെറുപ്പം മുതലേ സ്‌നേഹ ഓട്ടം തുള്ളലും മോഹിനിയാട്ടവും കഥകളിയും അഭ്യസിക്കുന്നുണ്ട്.

sneha-sreekumar-trip4
സ്നേഹയുടെ യാത്ര

വർക്കഷോപ്പ് ചെയ്യാനായിരുന്നു മെക്സിക്കയിലേക്കുള്ള യാത്ര എന്നെ തേടിയെത്തിയത്. ആദ്യത്തെ ഫ്ളൈറ്റ് യാത്രയല്ലേ ആകാംഷയും ആവേശവും ചെറുതല്ലായിരുന്നു. അച്ഛന്റെ കസിൻ നിർമല ടീച്ചറിനൊടൊപ്പമായിരുന്നു യാത്ര. കൊച്ചിയിൽ നിന്നും ബോംബെ അവിടെ നിന്നും പാരീസ് പന്ത്രണ്ട് മണിക്കൂർ യാത്ര. അവിടെ അഞ്ചു മണിക്കൂർ കഴിഞ്ഞാണ് ഫ്ളൈറ്റ് എടുത്തത്. തീർന്നില്ല പിന്നെയും പന്ത്രണ്ട് മണിക്കൂർ യാത്ര ഉണ്ടായിരുന്നു. ഇരുപത്തിനാല് മണിക്കൂറത്തെ യാത്ര ശരിക്കും ആദ്യത്തെ ഫ്ളൈറ്റ് യാത്ര മടുപ്പിച്ചു.  ഒറ്റ യാത്രകൊണ്ട് തന്നെ ഫ്ളൈറ്റിലിരിക്കാനുള്ള കൊതി മാറി.

അതിലും രസമായിരുന്നു ഫ്ളൈറ്റിലെ സംഭവം. ഞാൻ നോൺ വെജ് കഴിക്കില്ല. സസ്യാഹാരിയാണ്. എന്റെ അടുത്ത്  വിദേശിയായിരുന്നു ഇരുന്നത്. ഫ്ളൈറ്റിൽ കഴിക്കാനായി ഒരുപാട് വിഭവങ്ങൾ കൊണ്ടുവച്ചു. ഞാൻ പതിയെ ഒരോന്നും എടുത്ത് മണത്തു നോക്കാൻ തുടങ്ങി. അടുത്തിരിക്കുന്നയാളോട് ചോദിക്കാനും പറ്റില്ല.

sneha-sreekumar-trip7
യാത്രയിൽ

ഭാഷ അത്രവശമില്ലായിരുന്നു. എന്റെ നിസ്സാഹായവസ്ഥ അയാൾക്ക് മനസ്സിലായി. അയാളുടെ കൈയിലുണ്ടായിരുന്ന കുറച്ചു ഫ്രൂട്ട്സ് എനിക്കു നൽകി. ഞാൻ കഴിച്ചു. അത്രയും മണിക്കൂറത്തെ യാത്രയല്ലായിരുന്നോ വിശപ്പ് നല്ലോണം ഉണ്ടായിരുന്നു. വിശപ്പിന്റെ വിളി മനസ്സിലാക്കാ‌ൻ ആർക്കും ഭാഷ അറിയേണ്ടതില്ലെന്ന് എനിക്ക് മനസ്സിലാക്കി തന്ന യാത്രയായിരുന്നു.

യാത്രയിഷ്ടമാണ്

പ്ലാൻ ചെയ്തുള്ള യാത്ര ഒരിക്കലും എന്റെ ലിസ്റ്റിലില്ല. പെട്ടെന്ന് തീരുമാനിക്കും യാത്രപോകും. ഷൂട്ടിങ് ഉള്ളതുകൊണ്ട് അധിക ദിവസം മാറി നിൽക്കാനുമാവില്ല. എന്നുകരുതി യാത്ര ഒഴിവാക്കാനും പറ്റില്ല. ആർക്കും പ്രശ്നവരാത്ത രീതിയിലാണ് യാത്ര പോകുക. വിദേശയാത്രയിൽ എനിക്ക് ഏറെ ഇഷ്ടം ഗ്ലോബൽ വില്ലേജിലെ ഷോപ്പിങ് ഫെസ്റ്റാണ്.

sneha-sreekumar-trip6
മൂകാംബിക യാത്രയിൽ

കാരണം മറ്റൊന്നുമല്ല. ഒരിക്കൽ അവിടെ പോയപ്പോൾ ആഫ്രിക്കകാരുടെ പെർഫോമൻസ് കാണാൻ സാധിച്ചു. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.  പരിപാടിയിലൂടെ  അവരുടെ കൾച്ചറുമൊക്കെ മനസ്സിലാക്കാൻ സാധിക്കും. ഇത്തവണയും പോയിട്ടുണ്ടായിരുന്നു. പിന്നെ കുറെ ഷോപ്പിങ്ങും നടത്തും.

ഡെസേർട്ട് സഫാരി എനിക്കിഷ്ടമാണ്.മനസ്സ് നിറയെ ഡെസേർട്ട് സഫാരിയിലേയ്ക്കുള്ള യാത്രയായിരുന്നെങ്കിലും മണൽപരപ്പിലൂടെ വാഹനം നീങ്ങുമ്പോൾ ചങ്ക് പപടപടാന്ന് മിടിക്കുകയായിരുന്നു. വാഹനം മറിയുമോ എന്ന ചിന്തയായിരുന്നു. ഉള്ളിലെ ഭയത്തെ തമാശകൾ പറഞ്ഞു ഒതുക്കി. എങ്കിലും യാത്ര രസകരമായിരുന്നു. 

ഇനിയും ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര പോകണമെന്നുണ്ട്. അതും അമ്മയോടൊപ്പം. ഹിമാലയം യാത്ര എന്റെ സ്വപ്നമാണ്. സ്വപ്നയാത്രയ്ക്കായി കാത്തിരിക്കുകയാണ് സ്നേഹ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA