ല‍ഡാക്ക് യാത്ര മറക്കാനാവില്ല, ജീവൻ കിട്ടിയത് ഭാഗ്യം: നടി നിത്യാദാസ്

Nithya das
SHARE

‘ഈ പറക്കുംതളിക’യിലും ‘കൺമഷി’യിലും ‘ബാലേട്ട’നിലും ‘കുഞ്ഞിക്കൂന’നിലും ‘കഥാവശേഷ’നിലും അഭിനയിച്ച ശാലീനസുന്ദരിയായ നിത്യാദാസിനെ അറിയാത്ത മലയാളിപ്രേക്ഷകരില്ല. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം നിത്യ വീണ്ടും മിനിസ്ക്രീനിലൂടെ തിരിച്ചെത്തിയപ്പോൾ പ്രേക്ഷകരുടെ സ്വീകരണവും സന്തോഷവും ഒന്നുവേറെ തന്നെയായിരുന്നു. വർഷങ്ങൾ ഇത്രയും പിന്നിട്ടെങ്കിലും എവർഗ്രീൻ നായികപോലെ സുന്ദരിയായിരിക്കുന്നു നിത്യ.

നിത്യ ഇന്നും പഴയതു പോലെ. എന്താണ് സൗന്ദര്യത്തിന്റെ രഹസ്യം? പലരും ചോദിച്ചിട്ടുണ്ടാകും. വിവാഹം കഴിഞ്ഞ് മകളുടെ വരവോടെ തിരക്കിന്റെ ലോകത്തിലായിരുന്നു താരം. നിത്യയ്ക്ക് യാത്രകൾ ഒരുപാട് ഇഷ്ടമാണ്. ദൈവാനുഗ്രഹത്താൽ ഭർത്താവ് അർവിന്ദ് സിങ് ജംവാള്‍ നിത്യയെക്കാളും യാത്രയെ പ്രണയിക്കുന്നയാളാണ്. ലോകംമുഴുവൻ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ഇൗ യാത്രാപ്രേമികളുടെ വിശേഷങ്ങളറിയാം. നിത്യാദാസ് ഇഷ്ടപ്പെട്ട യാത്രകളെകുറിച്ച് മനോരമ ഒാൺലൈനിൽ മനസ്സുതുറക്കുന്നു.

nithyadas-travel-pic6
നിത്യാദാസും അർവിന്ദും മകളും യാത്രയിൽ

യാത്രയെ ഇത്രയധികം സ്നേഹിക്കുന്ന കുടുംബം വേറെ കാണില്ല. നിത്യാദാസും ഭർത്താവ് അർവിന്ദ് സിങ് ജംവാളും യാത്രയെ ഇഷ്ടപ്പെടുമ്പോൾ മകൾ നൈനയും അവരോടൊപ്പം കൂടും. ഇപ്പോഴിതാ മകന്റെ വരവോടെ സംഗതി ജോറായി. അച്ഛന്റെയും അമ്മയുടെയും യാത്രപ്രേമം അതേപോലെ ഇഷ്ടപ്പെടുന്നവരാണ് മകൾ നൈനയും മകനും.

പ്രണയമാണ് യാത്രകളോട്

"യാത്രകൾ ഒരുപാട് ഇഷ്ടമാണ്. ഇന്ത്യമുഴുവനും ചുറ്റിയടിക്കണമെന്നാണ് എന്റെ മോഹം. ഷൂട്ടിന്റെ ഭാഗമായും നിരവധിയിടങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും വിവാഹത്തിന് ശേഷമുള്ള യാത്രകളാണ് എനിക്കേറെ സന്തോഷം നൽകുന്നത്. യാത്രപോകണം എന്നു തോന്നിയാൽ അപ്പോള്‍ തന്നെ വിക്കിയും ഒാകെ പറയും. എത്ര തിരക്കാണെങ്കിലും രണ്ടുമാസം കൂടുമ്പോൾ യാത്ര പോകണമെന്നത് മസ്റ്റാണ്. യാത്രനൽകുന്ന സന്തോഷവും ആശ്വാസവും ഒന്നുവേറെ തന്നെയാണ്. മനസ്സ് ഫ്രീയാക്കാൻ ഏറ്റവും നല്ല മെഡിസിനാണ് യാത്രകളെന്നും നിത്യ പറയുന്നു."

nithyadas-travel-pic1
നിത്യാദാസും മകളും യാത്രയിൽ

"ഹണിമൂൺ യാത്രയ്ക്കായി ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും പോയിട്ടുണ്ട്. അസാം ഗുവാഹട്ടി തുടങ്ങി മുന്നോട്ട് യാത്രപോയിട്ടുണ്ട്. ഫ്ളൈറ്റിൽ അവിടേക്ക് യാത്രപോയിട്ട് രാജസ്ഥാനിൽ നിന്നും കാറ് റെന്റിനെടുത്ത് ചുറ്റിയടിച്ചിട്ടുണ്ട്. നോർത്തിന്ത്യയിൽ എന്റെ ഇഷ്ടപ്പെട്ട സ്ഥലം ജയ്സാൽമീർ ആണ്. കൗതുക കാഴ്ചകൾ നിറഞ്ഞ ശാന്തസുന്ദരമായ ഭൂമിയാണ് ജയ്സാൽമീർ. സംസ്കാരവും ചരിത്രവും സുന്ദരകാഴ്ചകളും നിറഞ്ഞ ഇന്ത്യ കാഴ്ചകളുടെ നിധികുംഭമാണ്. ഓരോ രാജ്യവും വ്യത്യസ്തളായ അനുഭവമാണ് സമ്മാനിക്കുന്നത്. ഓരോ രാജ്യത്തിന്റെയും സംസ്കാരവും ഭക്ഷണവും ആളുകളെയുമൊക്കെ അടുത്തറിയുവാനും സ്ഥലത്തിനെപ്പറ്റി കൂടുതൽ മനസ്സിലാക്കാനും എനിക്ക് ഇഷ്ടമാണ്."

അ‍ഡ്വഞ്ചർ യാത്ര ഇഷ്ടപ്പെടുന്ന അച്ഛനും മോളും

കുട്ടികള്‍ ആവുന്നതോടെ മിക്ക ദമ്പതിമാരും യാത്രകൾ മാറ്റിവയ്ക്കാറാണ് പതിവ്. അവരിൽ നിന്നും തികച്ചും വ്യത്യസ്തരാണ് നിത്യയും ഭർത്താവ് അർവിന്ദും.

nithyadas-travel-pic4
യാത്രയെ പ്രണയിക്കുന്ന നിത്യ

"മോളുടെ വരവോടെ യാത്രയുടെ എണ്ണം കൂട്ടിയെന്നു തന്നെ പറയാം. യാത്ര പോകുവാൻ എപ്പോഴും മോൾ റെ‍‍ഡിയാണ്. മോൾക്ക് അവളുടെ അച്ഛനെപോലെ സാഹസിക യാത്രയോടാണ് പ്രിയം. എന്നെ നിർബന്ധിച്ചാണ് അ‍ഡ്വഞ്ചർ ട്രിപ്പിന് കൂട്ടികൊണ്ട് പോകുന്നത്. ഷൂട്ടിങ്ങിന്റെ ഭാഗമായി വിദേശയാത്രകൾ പോകുന്നത് സ്പോൺസർമാരുടെ ചിലവിലാണ്. മോൾക്ക് ഡിസ്നിവേൾഡ് കാണണമെന്ന ആഗ്രഹത്തിൽ യുഎസിൽ പോയിരുന്നു. കുറെ സ്ഥലങ്ങൾ കറങ്ങിരുന്നു. ഏഴുലക്ഷം രൂപയോളം ചിലവായ യാത്രയായിരുന്നു. അത്രയും വലിയ തുക ചിലവാക്കി പോയതിൽ എനിക്ക് വിഷമമുണ്ടായിരുന്നു. ഡിസ്നിവേൾഡിലെ കാഴ്ചകളൊക്കെയും ആസ്വദിച്ച് മോൾ ഹാപ്പിയായിരുന്നു. ന്യൂയോർക്ക്, ഫ്ലോറഫിഡ, കാന‍‍ഡ എന്നിവിടങ്ങളിലെല്ലാം പോയിരുന്നു. ഇപ്പോഴും മോളും അർവിന്ദും ട്രെക്കിങ്ങിന് പോകാറുണ്ടെന്നും നിത്യ പറയുന്നു"

ഇന്ത്യ ചുറ്റണം

nithyadas-travel-pic2
യാത്രയിൽ

എത്ര തവണ പോയാലും പുതിയ പുതിയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഇന്ത്യയിലെ കാഴ്ചകൾ ഒരിക്കലും മറക്കാനാവില്ല. ഹിമാചൽപ്രദേശിലേക്ക് യാത്ര പോയിട്ടുണ്ടെങ്കിലും അവിടുത്തെ കാഴ്ചകൾ ആസ്വദിക്കാനായി ഇനിയും പോകണമെന്ന് തോന്നാറുണ്ട്.

മോളെയും കൂട്ടി ഒരുപാട് സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ട്. അർവിന്ദിന്റെ വീട് കാശ്മീർ ആയതുകൊണ്ട് അവിടം മുഴുവൻ നന്നായി അറിയാം. ചരിത്രവും സംസ്കാരവും അറിഞ്ഞുള്ള യാത്ര എനിക്ക് ഒരുപാട് ഇഷ്ടമാണ്.ആ യാത്രയിലൂടെ പുതിയെ ആളുകളെയും പരിചയപ്പെടാം ഒപ്പം അറിവുകളും നേടാം. ഇന്ത്യ ചുറ്റി സഞ്ചരിക്കാനാണ് എനിക്കേറ്റവും ഇഷ്ടം.

nithyadas-travel-pic3
നിത്യാദാസും മകളും

ജീവൻ കിട്ടിയത് ഭാഗ്യം

"യാത്രയിൽ മറക്കാനാവാത്ത ഒരനുഭവം ഉണ്ടായിട്ടുണ്ട്. ഒാർക്കുമ്പോൾ ഇപ്പോഴും നെഞ്ചിടിപ്പാണ്. ഞങ്ങൾ ലഡാക്കിലേക്ക് യാത്ര പോയിരുന്നു. കാശ്മീർ വഴിയായിരുന്നു യാത്ര. ആ സമയത്ത് ഇടയ്ക്ക് വച്ച് സ്ഫോടനം നടന്നു. അതുകൊണ്ട് മുന്നോട്ടുള്ള യാത്ര നിർത്തിവച്ചിരിക്കുകയായിരുന്നു.

വാഹനങ്ങളെ ഒരുമിച്ചാണ് കടത്തിവിട്ടിരുന്നത്. പോലീസുകാരുടെ നിർദേശമനുസരിച്ചായിരുന്നു മുന്നോട്ടുള്ള യാത്ര. വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയപ്പോൾ ഞങ്ങൾ അവർ പറഞ്ഞ വഴിയിൽ നിന്നും തെറ്റിയാണ് സഞ്ചരിച്ചത്.

nithyadas-travel-pic7
നിത്യാദാസും അർവിന്ദും യാത്രയിൽ

എളുപ്പത്തിൽ എത്തുന്ന വഴിയാണെന്നാണ് ഭർത്താവ് പറഞ്ഞത്. എനിക്കാകെ പേടിയായി. ഞങ്ങളുടെ മുന്നിലും പിന്നിലും ഒറ്റ വാഹനം പോലും കണ്ടില്ല. വഴിയിൽ വച്ച് മൂന്നുപേർ കൈകാണിച്ചു. അടുത്ത സ്ഥലത്ത് ഇറക്കാമോ എന്നു ചോദിച്ചു. ഒന്നും ആലോചിക്കാതെ ഭർത്താവ് ഒാക്കെ പറഞ്ഞു. എന്റെ ഭയം ഇരട്ടിച്ചു. ഒരു പരിചയവും ഇല്ലാത്ത ആളുകൾ.

തീവ്രവാദികളാണോ എന്നതായിരുന്നു എന്റെ സംശയം. അടുത്ത സഥലത്ത് അവരെ ഇറക്കി വിട്ടില്ലെങ്കിൽ ഞാൻ ഇറങ്ങുമെന്ന് പറഞ്ഞു. കാരണം മുന്നോട്ടുള്ള യാത്രയിൽ ഒമ്പത് കിലോമീറ്ററോളം വലിയൊരു ടണൽ ഉണ്ട്. അവിടെ വച്ച് എന്തെങ്കിലും സംഭവിച്ചാൽ പോലും ആരും അറിയില്ല. ടണല്‍ എത്തുന്നതിനു മുമ്പ് തന്നെ കുറച്ചു പോലീസുകാർ നിൽക്കുന്നതു കണ്ടു. അവിടെ അവരെ ഇറക്കിവിടാൻ ഞാൻ പറഞ്ഞു. അവസാനം അർവിന്ദ് അവരോട് സോറി പറഞ്ഞു ഇറക്കിവിട്ടു. ഒപ്പം എന്നെ ഒരുപാട് വഴക്കും പറഞ്ഞു.

പിറ്റേദിവസത്തെ വാർത്ത കേട്ടപ്പോഴാണ് സത്യത്തിൽ ഞെട്ടിയത്. മറ്റൊരു വാഹനത്തിൽ വന്ന ഭാര്യയെയും ഭർത്താവിനെയും തീവ്രവാദികൾ ഇതേ ടണലിന്റെ അടുത്തുവച്ച് കഴുത്തറുത്തിട്ട് വാഹനം മോഷിടിച്ചു. സത്യത്തിൽ ഞങ്ങൾക്കത് സംഭവിക്കേണ്ടതായിരുന്നോ എന്നു ഞാൻ ഒാർത്തുപേയി. ഈശ്വരാനുഗ്രഹത്താലാണ് രക്ഷപ്പെട്ടത്."

nithyadas-travel-pic5
ഉൗട്ടി യാത്രയിൽ

മോനും കാഴ്ചയും യാത്രയും ഇഷ്ടമാണ്

ഒമ്പതു വർഷത്തിനു ശേഷമാണ് ഞങ്ങൾക്ക് മോൻ ഉണ്ടാകുന്നത്. അതിനുമുമ്പും ശേഷവും എല്ലാവരും വഴക്കുപറഞ്ഞാലും ഞാന്‍ യാത്രപോവുമായിരുന്നു. അതുകൊണ്ടാവാം അവനും യാത്ര ഒരുപാട് ഇഷ്ടമാണ്. മോൻ ജനിച്ചു മുപ്പതു ദിവസമുള്ളപ്പോഴാണ് ഞങ്ങൾ കൂർഗിൽ പോകുന്നത്.

റിസ്ക്കായി എനിക്ക് തോന്നിയില്ല. യാത്ര ശീലമായതുകൊണ്ടാവാം. പിന്നെ മോനെ എട്ടുമാസം ഗർഭിണിയായി ഇരിക്കുമ്പോൾ ഞാൻ ഉൗട്ടിയിലേക്ക് യാത്ര പോയി. ഇടക്ക് ഉൗ‍ട്ടിയിലെ തണുപ്പാസ്വദിക്കാൻ പോകാറുണ്ട്. ഇനിയും ഞങ്ങള്‍ക്ക് ഒരുപാട് യാത്ര ചെയ്യാനുണ്ട്. കുട്ടികളുമായി ഭൂട്ടാൻ യാത്രയിലാണ് നിത്യാദാസ്. സത്യത്തിൽ ഇപ്പോൾ യാത്ര ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. യാത്രയെ പ്രണയിക്കുന്ന നിത്യാദാസ് പറഞ്ഞു നിർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA