ADVERTISEMENT

മഴവിൽ മനോരമയിലെ 'വെറുതെ അല്ല ഭാര്യ' എന്ന ഷോയിലൂടെ എത്തിയ മഞ്ജു സുനിച്ചനെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടത് മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെയാണ്. ‍‍ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും മികച്ച അഭിനയം കാഴ്ചവച്ച നടിയാണ് മഞ്ജു. നർമത്തില്‍ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള മിടുക്കു തന്നെയാണ് പ്രേക്ഷകർക്കു മഞ്ജുവിനെ പ്രിയങ്കരിയാക്കുന്നത്. അഭിനയം പോലെ തന്നെ മഞ്ജുവിന് ഏറെ ഇഷ്ടമാണ് യാത്രകൾ. പ്രിയ യാത്രകളെപ്പറ്റി മഞ്ജു മനോരമ ഒാൺലൈനിൽ മനസ്സുതുറക്കുന്നു.

Manju-sunichen-travel-pic3
യാത്രയിൽ മഞ്ജുവും കൂട്ടരും

എന്റെ യാത്രകളൊക്കെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ്. യാത്ര ഒരുപാട് ഇഷ്ടമാണ്. ഇപ്പോൾ ഒറ്റപ്രശ്നമേ ഉള്ളൂ, അധികദിവസം മാറി നിൽക്കാൻ പറ്റില്ല. ഷൂട്ട് മാറ്റിവയ്ക്കാനുമാവില്ല. എങ്കിലും വീണുകിട്ടുന്ന അവസരം യാത്രയ്ക്കായി മാറ്റി വയ്ക്കാറുണ്ട്. അടുത്തിടെ ഞാനും രണ്ടു സുഹൃത്തുക്കളും ഉൗട്ടി വരെ പോയി. കുടുംബസമേതമുള്ള പതിവു യാത്രയിൽനിന്നു വ്യത്യസ്തമായി ഞങ്ങൾ പെൺ സുഹൃത്തുക്കൾ മാത്രം ഒത്തൊരുമിച്ച യാത്രയായിരുന്നു.

തിരക്കുകളൊക്കെ മാറ്റി വച്ച് ഫ്രീയായ യാത്ര. നേരത്തെതന്നെ ഭർത്താവിനോടു പറഞ്ഞു സമ്മതം വാങ്ങിയിരുന്നു. ആ യാത്രയിലൂടെ ഒരുപാടു കാര്യങ്ങൾ പഠിക്കാനും അറിയാനും സാധിച്ചു. ഉൗട്ടിയിൽ പലതവണ പോയിട്ടുണെങ്കിലും ഞങ്ങൾ പെണ്ണുങ്ങൾ മാത്രമുള്ള യാത്രയ്ക്ക് പ്രത്യേകതകൾ ഏറെയായിരുന്നു. ശരിക്കും അടിച്ചുപൊളിച്ചു. 

Manju-sunichen-travel-pic4
യാത്രയിൽ മഞ്ജുവും കൂട്ടരും

കോട വാരിവിതറിയ മലകളും പച്ചപ്പിന്റെ മേലാപ്പണിഞ്ഞ കുന്നുകളും നിറഞ്ഞ ഉൗട്ടി ആരെയും മോഹിപ്പിക്കും. ഉൗട്ടിയിലെ മിക്ക ടൂറിസ്റ്റ് ഇടങ്ങളും ചുറ്റിയടിച്ചു. മടക്കയാത്രയിൽ അവിടുത്തെ ആദിവാസികളെ കണ്ടു. അവരെ കണ്ടതും ഞങ്ങൾ ഒാടി അരികിലെത്തി. ഞങ്ങളെ കണ്ടതും അവർ എന്തൊക്കെയോ പറയാൻ തുടങ്ങി. ഒന്നും മനസ്സിലാകാതെ ഞങ്ങൾ നിന്നു. ഭാഷ മനസ്സിലായില്ലെങ്കിലും ഞങ്ങളെ വഴക്കുപറഞ്ഞതാണെന്നു മനസ്സിലായി. അവരെ ആദ്യകാഴ്ചയിൽതന്നെ കൗതുകമായി തോന്നി. മൂക്കു തുളച്ച് വലിയ മൂക്കുത്തിയൊക്കെ അണിഞ്ഞ് വലിയ മാലയും ചേലയുമൊക്കെ അണിഞ്ഞ സുന്ദരികൾ.

ഞങ്ങളുടെ കൈയിലെ ചോക്‌ലേറ്റ് നല്‍കി അവരുമായി കൂട്ടായി. പതിയെ ഞങ്ങള്‍ ഓരോ കാര്യവും തിരക്കി. രാവിലെ എന്നും നാട്ടിലെ ആളുകൾ ജോലിക്കു പോകുന്നപോലെ അവർ കാട്ടിലേക്കു പോകും. മരക്കഷ്ണങ്ങളും പഴങ്ങളും കിഴങ്ങുമൊക്കെ ശേഖരിക്കും. മീൻ പിടിക്കാന്‍ ഒരു കൂടയും കൈയിൽ കാണും. അവരുടെ കൾച്ചറും ജീവിതരീതിയുമൊക്കെ അറിയാൻ സാധിച്ചു. വളരെ സന്തോഷത്തോടെയായിരുന്നു ഉൗട്ടിയിൽ നിന്നുള്ള മടക്കം.

എന്റെ യാത്രയുടെ ലിസ്റ്റെടുത്താൽ രുചിനിറച്ച യാത്രകളാണേറെയും.

കൊച്ചി എന്റെ പ്രിയ ഇടം

ഫോർട്ട് കൊച്ചിയും മട്ടാഞ്ചേരിയുമൊക്കെ എനിക്കിഷ്ടപ്പെട്ട ഇടങ്ങളാണ്. ഒരു കാലഘട്ടത്തിന്റെ ചരിത്രവും സംസ്കാരവും ഇന്നും നിറഞ്ഞു നിൽക്കുന്നുണ്ട് മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ. പുരാതനമായ ജൂത പാരമ്പര്യത്തിന്റെ ശേഷിപ്പുകളാണ് ഈ സിനഗോഗും ജൂതരുടെ പരമ്പരാഗതമായ കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകളുമൊക്കെ.

Manju-sunichen-travel-pic2
യാത്രയിൽ മഞ്ജുവും കൂട്ടരും

ജൂതപ്പള്ളി അഥവാ സിനഗോഗ് ഫോർട്ട് കൊച്ചിയുടെ മുഖ്യ ആകർഷണ കേന്ദ്രമാണ്. ഒരു ദിവസം മുഴുവൻ ചുറ്റി നടന്നു കാഴ്ചകൾ കണ്ട ശേഷം ചീനവലകൾ സാക്ഷി ആകുന്ന ഇവിടുത്തെ സൂര്യാസ്തമയം കൂടി കണ്ടാൽ യാത്ര പൂർണമാകും. രാത്രിയിൽ യാത്ര പോകുന്നതാണ് എനിക്കിഷ്ടം. അധികം തിരക്കുകളില്ലാതെ ശാന്തസുന്ദരമാകും അന്തരീക്ഷം. മിക്ക രാത്രികളിലും പുറത്തുനിന്നു ഭക്ഷണം കഴിക്കാനായി പോകാറുണ്ട്. കീശ കാലിയാക്കാതെ കിടിലൻ ശാപ്പാടടിക്കാനുള്ള തട്ടുകടകളും ഹോട്ടലുകളും കൊച്ചിയിലുണ്ട്.

ഇടപ്പള്ളിയിൽ  ഗ്രാന്റ് മാളിന് സമീപം തട്ടുകടയുണ്ട്. തുച്ഛമായ വിലയിൽ ഗുണമേന്മയുള്ള ഭക്ഷണം കിട്ടും. മണിപ്പുട്ട്, ഇടിയപ്പം, ഇറച്ചി മിക്സ് പോട്ടി എല്ലാമുണ്ട്. അഞ്ചാറു പേര് കഴിച്ചാലും അഞ്ഞൂറു രുപയിൽ അധികമാവില്ല. കീശ കാലിയാക്കാതെ രുചിയുള്ള ഭക്ഷണം കഴിക്കാം. മിക്കപ്പോഴും ഞങ്ങൾ പോകാറുണ്ട്.

കിടുക്കൻ കുലുക്കി സർബത്ത് കിട്ടും

മധുരം നിറഞ്ഞ ജ്യൂസും പാല് നീട്ടിയൊഴിച്ച കുലുക്കി സർബത്തും കഴിക്കാം. ഹൈക്കോർട്ടിനു സമീപം ഹിന്ദിക്കാർ നടത്തുന്ന ചെറിയ കടയാണ്. രാത്രി  ഒന്നര വരെ ഇവിടെ നല്ല തിരക്കാണ്. പാട്ടും മേളവുമൊക്കെയായാണ് സർബത്ത് തയാറാക്കുന്നത്.

കുമ്പളത്തെ പുട്ടുകട പൊളിയാണ്

 

പുട്ടും ബീഫ്ചാറും ഓർക്കുമ്പോൾത്തന്നെ വായിൽ കപ്പലോടും. കുമ്പളത്ത് കടവിടത്ത് ചെറിയൊരു കടയുണ്ട്. പുട്ടും ബീഫും താറാമുട്ട പുഴുങ്ങിയതുമാണ് ഹൈലൈറ്റ്. ഒരിക്കൽ അവിടുത്തെ പുട്ടിന്റെയും ബീഫിന്റെയും രുചിയറിഞ്ഞവർ വീണ്ടും അവിടേക്കു പോകുക പതിവാണ്. അക്കൂട്ടത്തിലാണ് ഞാനും. എന്താ സ്വാദ്. ആധുനിക സൗകര്യങ്ങൾ ഒന്നും തന്നെയില്ലാത്ത ചെറിയൊരു ഹോട്ടൽ.

അറുപതിന്റെ മങ്ങിയ ബൾബാണ് ഇപ്പോഴും പുട്ടുകടയ്ക്കു വെളിച്ചം നൽകുന്നത്. പരിമിതമായ ഇരിപ്പിടങ്ങളുമാണ്. പുട്ടും ബീഫും ഒാർഡർ ചെയ്ത് കാത്തിരിക്കുമ്പോൾ കൊതിപ്പിക്കുന്നത് വിറകടുപ്പിൽ വെന്തുവരുന്ന ബീഫ്കറിയാണ്. തിളച്ച ബീഫ്കറിയാണ് ചൂടുപുട്ടിനൊപ്പം വിളമ്പുന്നത്. വിഭവങ്ങൾ പാകം ചെയ്യാനും ഇരിപ്പിടം വൃത്തിയാക്കാനും പണം വാങ്ങാനും ഒരാൾമാത്രമേ ഉള്ളൂ. പുട്ടിന്റെയും ബീഫിന്റെയും രുചിയറിഞ്ഞവർ എത്രനേരം വേണമെങ്കിലും കാത്തിരിക്കാനും തയാറാണ്. എന്റെ ഫേവറിറ്റ് ഫു‍ഡ്കോർട്ടാണ് ഇൗ പുട്ടുകട.

രുചിയൂറും 'ഷാപ്പു കറി'

നല്ലൊന്നാന്തരം ചോറും മീൻകറിയും കഴിക്കണമെങ്കിൽ എറണാകുളം നഗരത്തെ രുചിക്കൂട്ടിലാഴ്ത്തിയ 'ഷാപ്പു കറി'യിലേക്ക് പോകണം. കള്ളും പന്നിയിറച്ചിയുമൊഴികെ കള്ളുഷാപ്പിൽ കിട്ടുന്ന എല്ലാ വിഭവങ്ങളും ഇവിടെ ലഭിക്കും. 'ഷാപ്പു കറി' എന്നു കേട്ടാൽ തിക്കുംതിരക്കും കൂട്ടുന്നത് സ്ത്രീകളാണ്. വീടുകളിൽ എത്ര പരീക്ഷിച്ചാലും ഷാപ്പിലെ മീൻകറിയുടെ സ്വാദോളം വരില്ല ഒന്നും. കാറ്റിന്റെ ദിശയിൽ പറന്നുയരുന്ന മസാലക്കൂട്ടുകളുടെ ഗന്ധം വല്ലാതെ കൊതിപ്പിക്കും. വായില്‍ നിറയുന്ന വെള്ളത്തിൽ മീനിനും താറാവിനും നീന്തിത്തുടിക്കാം. മൽസ്യ ലഭ്യത അനുസരിച്ച് വ്യത്യസ്ത മീൻവിഭവങ്ങളാണ് ഇവിടെ തയാറാക്കുന്നത്. പച്ചമൽസ്യത്തിന്റ ഉപയോഗം കറികൾക്കു രൂചികൂട്ടും. കരീമിൻ പൊള്ളിച്ചത്, കരീമിൻ മപ്പാസ്, താറാവ് റോസ്റ്റ്, താറാവ് മപ്പാസ്, ചെമ്മീൻ വിഭവങ്ങൾ, മീൻ പീര, കപ്പ വേവിച്ചത്, പൊടിമീൻ വറുത്തത് തുടങ്ങി വിഭവങ്ങളുടെ നീണ്ട നിര ഈ ഷാപ്പിന്റെ മെനുവിലുണ്ട്.

ഉച്ചക്ക് 12 മുതൽ 2 വരെയാണ് ഉൗണു സമയം. മുളയിൽ തീർത്ത ഷാപ്പിലെ ഉൗണ് മറ്റൊരു രുചിയനുഭവം തന്നെയാണ്. ആളുകളുടെ തിരക്കുകാരണം വിഭവങ്ങള്‍ സമയമെടുത്ത് ആസ്വദിച്ചു കഴിക്കാൻ സാധിക്കില്ല. എങ്കിലും  ഇതുപോലൊരിടം അപൂർവം.

സമയവും അവസരവും ഒത്തുവന്നാൽ രുചി തേടിയുള്ള യാത്രകള്‍ ഇനിയു നടത്തണമെന്നും മഞ്ജു പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com