ഒറ്റയ്ക്കു നടത്തുന്ന പെൺ യാത്രകൾ

HIGHLIGHTS
  • സാധാരണ വീട്ടമ്മമാർ മുതൽ സെലിബ്രിറ്റികൾ വരെ ഒറ്റയ്ക്കും കൂട്ടായും യാത്രകൾ നടത്തുന്നു
prasanna-varma
SHARE

യാത്രകൾ പുരുഷൻമാർക്ക് വേണ്ടി മാത്രമാണെന്ന് ആരാണു പറഞ്ഞത്? ഓഫിസും വീടും മാത്രമായി ഒതുങ്ങുന്ന സ്ത്രീകളുടെ കാലം കഴിഞ്ഞു. യാത്രകൾ ആസ്വദിക്കുകയും അതിൽ നിന്ന് ഊർജം ഉൾക്കൊള്ളുകയും ചെയ്യുന്ന സ്ത്രീകൾ നമുക്കു ചുറ്റുമുണ്ട്. സാധാരണ വീട്ടമ്മമാർ മുതൽ സെലിബ്രിറ്റികൾ വരെ ഇങ്ങനെ ഒറ്റയ്ക്കും കൂട്ടായും യാത്രകൾ നടത്തുന്നു

അന്ന് :

പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഊട്ടിക്കോ കൊടൈക്കനാലിനോ മൂന്നു ദിവസത്തെ എസ്കർഷൻ ! വീട്ടുകാർ സമ്മതിക്കണമെങ്കിൽ പഠിച്ച പണി പതിനെട്ടും പയറ്റണം. ‘പെങ്കുട്ടികള് ഇത്ര ദൂരം ഒറ്റയ്ക്കു പോകുന്നത് ശരിയാകുമോ...?’ വീട്ടുകാരുടെ ചോദ്യം ഇതാണ്. കൂട്ടുകാരികളൊക്കെ ഉണ്ടെന്നു പറഞ്ഞാലും അനുവാദം കിട്ടണമെന്നില്ല. ഒടുവിൽ പറയും : ‘നിനക്ക് കല്യാണമൊക്കെ കഴിഞ്ഞു ഭർത്താവിനൊപ്പം എവിടെ വേണേലും പോകാലോ..? അല്ലെങ്കിൽ പഠിച്ചു നല്ല ജോലിയൊക്കെ വാങ്ങി അതിന്റെ ഭാഗമായി എവിടെ വേണേലും പോകാലോ ?’ കല്യാണം കഴിഞ്ഞു കുട്ടികളും വീട്ടുകാര്യങ്ങളുമൊക്കെയായി നൂറുകൂട്ടം ഉത്തരവാദിത്തങ്ങൾക്കിടയിൽ യാത്ര പോകാൻ നേരമെവിടെ...? പിടിപ്പതു പണിയുള്ള ജോലി കൂടിയുണ്ടെങ്കിൽ ഓഫിസിനും വീടിനുമിടയിൽ കുരുങ്ങി സമയമത്രയും എരിഞ്ഞു തീരും. നാട്ടുമ്പുറത്താണു ജീവിതമെങ്കിൽ ചിലപ്പോൾ പഴനിക്കോ വേളാങ്കണ്ണിക്കോ കുടുംബാംഗങ്ങൾക്കൊപ്പം തീർഥയാത്ര തരപ്പെട്ടേക്കും. യാത്രാ സ്വപ്നങ്ങളൊക്കെയും മനസ്സിലൊളിപ്പിച്ചു ബാക്കികാലം കഴിയാനാകും അവളുടെ വിധി. 

ഇന്ന് :

കാലം മാറി. യാത്രയാണു ഹരം ! ഒരു യാത്രയൊക്കെ പോയി ഒന്നു ഫ്രഷായി വരാൻ ഭർത്താവും കുട്ടികളും വരെ നിർബന്ധിക്കും. ഒറ്റയ്ക്കും സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും ചേർന്നു സഞ്ചാരങ്ങൾ നടത്താം. ഒരു ദിവസം മുതൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന യാത്രകൾ നടത്തുന്നതാണു കൊച്ചിയിലെ വനിതാ സ‍ഞ്ചാരികളുടെ ശീലം.

വീട്ടമ്മമാർ മുതൽ ഉദ്യോഗസ്ഥകൾ വരെ യാത്ര ചെയ്യുന്നു. പുരുഷന്റെ യാത്രകളിൽ നിന്നു ഭിന്നമാണു ഓരോ സ്ത്രീ സഞ്ചാരവും. ഈ ലോകത്തെ വഴികളിലൂടെയുള്ള അവളുടെ സഞ്ചാരങ്ങൾ അവളെത്തന്നെ പുതുക്കിപ്പണിയുകയാണ്. ആത്മവിശ്വാസത്തിലും കാഴ്ചപ്പാടിലും പുതിയ സ്ത്രീയായി യാത്രകൾ അവളെ മാറ്റിത്തീർക്കുന്നു. പരിചയപ്പെടാം നഗരത്തിലെ ചില സഞ്ചാരികളെ, അവരുടെ യാത്രാനുഭവങ്ങളെ.

mini-travel

10 വയസ്സു കുറയും; ഓരോ യാത്രയിലും

‘ഒരു യാത്രയ്ക്കു ചാൻസുണ്ടെന്നറിഞ്ഞാൽ വീടും ഓഫിസുമൊക്കെ അഡ്ജസ്റ്റ് ചെയ്തു മറ്റൊന്നുമാലോചിക്കാതെ ബാഗുമെടുത്തു പാട്ടുംപാടി ഇറങ്ങുന്നയാളാണു ഞാൻ. വീട്ടിലെയും ഓഫിസിലെയും കാര്യങ്ങൾ തീർന്നിട്ട് എവിടേക്കെങ്കിലും പോകാമെന്നു വച്ചാൽ ഒരിക്കലും ഒരു സ്ത്രീക്കും എങ്ങോട്ടും പോകാനാകില്ല. അതുകൊണ്ടു കഴിവതും യാത്രയ്ക്ക് ചാൻസൊത്തുവന്നാൽ ഇറങ്ങിപ്പുറപ്പെടുക’ - എൽഐസി ഉദ്യോഗസ്ഥയും കൊച്ചിയിലെ വീട്ടമ്മയുമായ മിനി സുകുമാരന്റെ വാക്കുകൾ.‘പല തരത്തിലുള്ള യാത്രകൾ നടത്താറുണ്ട്.

ഔദ്യോഗികാവശ്യങ്ങൾക്കായി ഒരുപാടു സഞ്ചരിക്കാറുണ്ട്. കുടുംബത്തോടൊപ്പവും യാത്ര ചെയ്യുന്നു. പിന്നെ സുഹൃത്തുക്കൾക്കൊപ്പം മുൻകൂട്ടി പ്ലാൻ ചെയ്തുള്ള യാത്രകൾ. ഒന്നുറപ്പാണ്, ഓരോ യാത്രയ്ക്കു ശേഷവും കൂടുതൽ ഫ്രഷ് ആവുന്നു. മനസിൽ ഊർജം നിറയുന്നു, ചെയ്യുന്ന ഓരോ കാര്യവും പൂർണതയിൽ ചെയ്തു തീർക്കാൻ കഴിയുന്നു.’ സ്ത്രീകളുമൊത്തുള്ള യാത്രകൾ വിശേഷ അനുഭവമാണ്. ഇത്തരം യാത്രകൾ അകം തുറക്കലുകളുടേതു കൂടിയാണ്.

ഓഫിസിലെ ജോലിത്തിരക്കിന്റെയും വീട്ടുജോലിയുടെ സമ്മർദത്തിന്റെയും നൂറായിരം ഉത്തരവാദിത്തങ്ങളുടെയും കെട്ടുകളിൽ നിന്ന് ഒരു പറവയെപ്പോലെ മോചനം നേടി അവളുടെ മനസ്സ് സ്വതന്ത്രമാകുന്നതും ഉല്ലസിക്കുന്നതും കാണാം. ആ യാത്ര അവളുടെ ടെൻഷനൊക്കെ തീർക്കും. ഒരു പത്തുവയസ്സു കുറഞ്ഞു ഫ്രഷാകും. സ്ത്രീകൾ ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോൾ തീരുമാനങ്ങളൊക്കെ സ്വയമെടുക്കണം. ടിക്കറ്റ് ബുക്ക് ചെയ്യുന്നതും താമസസ്ഥലം കണ്ടെത്തുന്നതും ആഹാരം തിരഞ്ഞെടുക്കുന്നതുമൊക്കെ ഒറ്റയ്ക്കു വേണം. തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യമുണ്ടെങ്കിലും ആ അനുഭവം അവൾക്ക് ആദ്യമായിരിക്കാം.

sona

മനസ്സ് നിറയ്ക്കാം, ഊർജം നേടാം

‘ഒറ്റയ്ക്കു യാത്ര ചെയ്യാൻ ഇഷ്ടമുള്ളയാളാണു ഞാൻ. യാത്ര ഒരു സ്വകാര്യ അനുഭവമാണ്. തനിച്ചും കുടുംബത്തോടൊപ്പവും ധാരാളം യാത്രകൾ നടത്തിയിട്ടുണ്ട്. കൂട്ടു ചേർന്നു പോയാലും സ്വന്തം മനസ്സ് ആ യാത്രയുമായി താദാത്മ്യപ്പെട്ടാലേ ഓരോ യാത്രയും അനുഭവമാകൂ’ - പതിവായി യാത്രകൾ നടത്തുന്ന തൃപ്പൂണിത്തുറയിലെ വീട്ടമ്മ പ്രസന്ന വർമ പറയുന്നു. 

ഹിമാലയം കാണുകയെന്നതായിരുന്നു മഹാരാജാസ് കോളജിൽ പഠിക്കുമ്പോൾ പ്രസന്നയുടെ സ്വപ്നം. വിവാഹിതയായപ്പോൾ ഭർത്താവും കൊച്ചിൻ റിഫൈനറിയിൽ ഉദ്യോഗസ്ഥനുമായ എസ്. അനുജനോടും ഈ സ്വപ്നം പങ്കുവച്ചു. ഇരുവരും കൂടി ഹിമാലയ യാത്ര നടത്താൻ തീരുമാനിച്ചതാണ്. അനുജനു രക്തസമ്മർദമുള്ളതിനാൽ ഹിമവാന്റെ മടിത്തട്ടിലേക്കുള്ള യാത്ര ദുഷ്കരമായി വന്നു. ഒടുവിൽ അനുജൻ തന്നെ പ്രസന്നയോട് ഒറ്റയ്ക്കു ഹിമാലയം കണ്ടുവരാൻ നിർദേശിക്കുകയായിരുന്നു. അങ്ങനെ ആദ്യമായി ഒറ്റയ്ക്കു ഹിമാലയ യാത്ര നടത്തി.

രണ്ടാമതു നടത്തിയ ആദികൈലാസ യാത്രയാണു പ്രസന്നയുടെ മനസ്സിലെ മറക്കാനാകാത്തത്. നേപ്പാളിൽ കൂടിയുള്ള 22 ദിവസത്തെ കൈലാസ യാത്രയാണിത്. ഇന്ത്യൻ സൈന്യമാണു സഞ്ചാരികളെ തിരഞ്ഞെടുക്കുന്നത്. ശാരീരികയും മാനസികമായും പൂർണ ആരോഗ്യം വേണം. ഇതിനുള്ള പരിശോധനകൾ വിജയിക്കണം. ദുർഘടം പിടിച്ച വഴിയായിരുന്നു അത്. കാലാവസ്ഥ മാറിമറിയും. മലയിടിച്ചിലും മഞ്ഞുവീഴ്ചയുമൊക്കെ യാത്ര തടസ്സപ്പെടുത്തും. സ്ത്രീയെന്ന നിലയിൽ നല്ല മനക്കരുത്തുണ്ടെങ്കിലേ പിടിച്ചുനിൽക്കാനൊക്കൂ. ആരും സഹായത്തിനെത്തിയെന്നു വരില്ല. ഓരോ സാഹചര്യത്തെയും സ്വയം നേരിടണം. എല്ലാത്തിനെയും തരണം ചെയ്തു യാത്ര പൂർത്തിയാക്കിയപ്പോൾ പറഞ്ഞറിയിക്കാനാകാത്ത ആഹ്ളാദമാണുണ്ടായത്.

    യാത്ര കഴിഞ്ഞു മടങ്ങിയെത്തിയാൽ യാത്രയിലെ അനുഭവങ്ങൾ, തന്നെ സ്പർശിച്ച കാഴ്ചകൾ, പരിചയപ്പെട്ട സഹയാത്രികർ, കണ്ട ദേശത്തിന്റെ പ്രത്യേകതകൾ എന്നിവയെക്കുറിച്ചൊക്കെ കുറിച്ചുവയ്ക്കാറുണ്ട്. പോകുന്ന സ്ഥലത്തെക്കുറിച്ചുള്ള പൂർണവിവരങ്ങൾ വളരെ നേരത്തെ തന്നെ ശേഖരിക്കും. നേരത്തെ ഇവിടേക്കു യാത്ര ചെയ്തിട്ടുള്ളവരുമായി സംസാരിച്ച് അവരുടെ അനുഭവങ്ങൾ മനസ്സിലാക്കും. ടെലിഫോൺ നമ്പറുകൾ, താമസസ്ഥലങ്ങളുടെയും ഹോട്ടലുകളുടെയും മറ്റും വിവരങ്ങൾ എന്നിവ സൂക്ഷിക്കും. ആവശ്യത്തിനു മാത്രം ലഗേജ് കരുതും. 

ധൈര്യമുണ്ടോ? പ്ലാനിങ്ങുണ്ടോ? യാത്ര തുടങ്ങാം

‘എന്തു റിസ്കും എടുക്കാനുള്ള ധൈര്യം, പിന്നെ കൃത്യമായ പ്ലാനിങും- ഇതു രണ്ടുമുണ്ടെങ്കിൽ ഏതു സ്ത്രീക്കും എവിടെയും യാത്ര ചെയ്യാം. കടവന്ത്ര സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥയായ പി.എം. സോന യാത്രകളുടെ കൂട്ടുകാരിയാണ്. തനിച്ചും സുഹൃത്തുക്കളൊന്നിച്ചും സോന നടത്തിയ ഇന്ത്യൻ യാത്രകൾ ഒട്ടേറെ. 

‘പെൺസഞ്ചാരങ്ങൾ എന്ന ലേബലിൽ സ്ത്രീയാത്രകളെ ഒതുക്കരുത്. അവളുടെ ലോകം പരിമിതമാണ്. ഇത്തരം പരിമിതികളെ മറികടക്കാനാണ് ശ്രമം. പുരുഷനെപ്പോലെ ഒരു ബാഗും ചുമലിലിട്ട് പെട്ടെന്ന് ഇറങ്ങി യാത്ര പുറപ്പെടാൻ കഴിയുന്നതല്ല സ്ത്രീയുടെ ജീവിതം. എന്നോർക്കണം.’ ഹംപിയിലേക്കു നടത്തിയ ഒരു യാത്ര മറക്കാനാവില്ലെന്നു സോന പറയുന്നു.

ഒരു ട്രെയിലർ അപകടത്തെത്തുടർന്നു റോഡ് മണിക്കൂറുകളോളം തടസ്സപ്പെട്ടു. രാത്രി വളരെ വൈകി. ഒരു വാഹനത്തിനു പോലും നീങ്ങാനായില്ല. ഇടറോഡിലൂടെ ഒരു ടാക്സിയിൽ പോകാൻ ശ്രമിച്ചെങ്കിലും വാഹനം കിട്ടിയില്ല. വളരെ വൈകി ഒരു ചരക്കു ലോറിയുടെ മുകളിൽ കയറിയാണ് അന്ന് യാത്ര തുടരേണ്ടി വന്നത്. പ്രതികൂല സാഹചര്യങ്ങളിൽ ഇത്തരം വെല്ലുവിളികളൊക്കെ ഏറ്റെടുക്കേണ്ടിവരും. സോന പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA