ADVERTISEMENT

7700 അടി ഉയരത്തിൽ മഞ്ഞുമലകൾക്കിടയിൽ ആകാശത്തിനു തൊട്ടു താഴെ ഒരു കൊച്ചു ഗ്രാമം ഗ്രഹൻ. ഫോണോ ഇന്റർനെറ്റോ ഇല്ലാത്ത നാട്ടില്‍, ഭാഗികമായി മാത്രം വൈദ്യുതിയുള്ള ഇടത്തിൽ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ രണ്ടു നാൾ താമസിച്ചു എന്ന് കേൾക്കുമ്പോൾ അദ്ഭുതം തോന്നാം. സാഹസികരുടെ സ്വർഗമാണവിടം, ഗ്രഹൻ. ഏതാണ്ട് 50, 60 വീടുകളിൽ ആകെ ജനസംഖ്യ 350.

ഹിമാചൽ പ്രദേശിന്റെ വടക്ക് കസോൾ, ഹിപ്പി ടൗണിൽ നിന്നും തെല്ലു വടക്കൻ ദിശയിൽ സ്ഥിതി ചെയ്യുന്ന പ്രശാന്ത സുന്ദരമായ ഗ്രാമമാണ് ഗ്രഹൻ. തെക്ക് കുളു തെഹ്സിൽ, വടക്ക് ലഹൂൽ തെഹ്സിൽ, കിഴക്ക് സ്പിറ്റി തെഹ്സിൽ ഇങ്ങനെ ചുറ്റപ്പെട്ടതാണ് ഗ്രഹൻ. യാത്രയുെട ഓർമകളിൽ ഇപ്പോഴും ഹിമാലയൻ കുളിരും, കാറ്റും പൈൻ മരങ്ങളുടെ ദൃശ്യ ഭംഗിയും, മാടി വിളിച്ചു കൊണ്ടിരിക്കുന്നു...സർവ്വസംഗ പരിത്യാഗിയായ സന്യാസി ആയാലും, സാഹസിക സഞ്ചാരി ആയാലും സർഗ പ്രതിഭ നിറഞ്ഞ സാഹിത്യകാരൻ ആയാലും ഹിമാലയം എന്നും ഒരു അനുഭവം ആണ്. 

സാഹസികരുടെ മഞ്ഞുമലകൾ

ഇരുട്ട് പൊതിഞ്ഞ ആകാശത്തിനു തൊട്ടു താഴെ 6 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ ടെന്റിൽ കിടന്നുറങ്ങുകയാണ് ഇപ്പോൾ ഇവിടെ വേനൽക്കാലമാണ്. കസോളിൽ നിന്ന് കേട്ടറിഞ്ഞ ട്രെക്കിങ് സംഘത്തോടൊപ്പമാണ് ഗ്രഹനിലേക്കുള്ള യാത്ര പ്ലാൻ ചെയ്തത്. തികച്ചും അപരിചിതരായ കുറേപ്പേർ. ഡൽഹിയിൽ എത്തിയതു മുതൽ മനസ്സിൽ ഹിമാചലിലെ കുളു, മണാലി, കസോൾ എന്നിവിടങ്ങൾ സന്ദർശിക്കാൻ മാത്രമേ ആഗ്രഹം ഉണ്ടായിരുന്നു. സ്ഥിരമായി ഗ്രഹനിലേക്കും മറ്റും ട്രെക്കിങ് സംഘടിപ്പിക്കുന്നവരാണ് കസോളിലെ ടീം എന്നറിഞ്ഞപ്പോൾ യാത്ര ആവേശമായി. ഈ സംഘത്തിൽ ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി എത്തിയ വിദേശികളുമുണ്ട്. ലക്ഷ്യ സ്ഥാനത്തു എത്തിച്ചേരാൻ കസോൾ പട്ടണത്തിൽ നിന്നും ഹൈക്കിങ് മാത്രമേ ഉള്ളൂ ഏക മാർഗ്ഗം.

620697316
കസോൾ

നോൺ മോട്ടോറബിൾ എന്നു പറയാം. അതുകൊണ്ട് തന്നെ ഹിമാചലിലെ ഈ ഗ്രാമം അധികമാർക്കും അറിയപ്പെടുന്ന ഒന്നല്ല. വനപ്രദേശത്തിലൂടെ കടന്നു പോകുന്ന അഞ്ചാറു മണിക്കൂർ ഹൈക്കിങ്. തികച്ചും ഒറ്റപ്പെട്ട, ഒരു തുടക്കക്കാരനായ സഞ്ചാരിയെന്ന നിലയിൽ എനിക്ക് ഒരു പാട് മാനസിക സംഘർഷങ്ങൾ ഉളവാക്കി. ഉൾവനം എത്തിയതോടെ ബാഹ്യലോകം തികച്ചും അപ്രാപ്യമായി. സാമൂഹിക ബന്ധം, ഫോണ്‍ വിളി, സോഷ്യൽ മീഡിയ എല്ലാം പ്രതീക്ഷയ്ക്കും അപ്പുറമാണ്. ഉൾക്കാട്ടിലേക്കു കയറാൻ തുടങ്ങി. മുന്നിൽ ഒറ്റയടി മലമ്പാത. മുന്നോട്ട് പോകുന്തോറും വല്ലാത്ത ഒരു ശാന്തിയും, സമാധാനവും കൈവരുന്നതു പോലെ. ട്രെക്കിങ് ആയാസമായിക്കൊണ്ടിരിക്കുകയാണ്.

നിശ്ശബ്ദത ഭേദിച്ച് കുറച്ചകലെ കളകളാരവം പൊഴിച്ചു ഒഴുകുന്ന പാർവതി നദിയാണ്. ഏതാണ്ട് നാലഞ്ചു മണിക്കൂർ പിന്നിട്ടപ്പോഴാണ് ആ പ്രദേശത്ത് ആളനക്കം അനുഭവപ്പെട്ടത്. തദ്ദേശീയർ ദൈനംദിന വസ്തുക്കൾ പേറി പോകുന്ന കാളവണ്ടികൾ ആണതെന്ന് ട്രെക്കിങ് സംഘാംഗങ്ങളിൽ നിന്ന് അറിഞ്ഞു. നടത്തം തുടരുകയാണ്. മുന്നിൽ ഇനി ഒരു മണിക്കൂർ കുത്തനെ കയറ്റം. അതുകൂടി താണ്ടിയാൽ ട്രെക്കിങ് തുടങ്ങിയിട്ട് ആറു മണിക്കൂർ പിന്നിട്ടു. എത്തിച്ചേരാൻ പോകുന്നത് ഗ്രഹൻ എന്ന ഹിമാലയൻ ഗ്രാമത്തിന്റെ സൗന്ദര്യത്തിലേക്കാണ്. 

ഗ്രഹൻ, തേനൊഴുകുന്ന ഗ്രാമം.

ഒരുപറ്റം നാടോടികൾ ആയ കുരുന്നുകൾ മദിച്ചു കൊണ്ടിരിക്കുന്ന ഒരു ക്ഷേത്രസമുച്ചയ മുറ്റത്തേക്കാണ് എത്തിച്ചേർന്നത്. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷം. പ്ലാസ്റ്റിക്കിന്റെ നിഴൽ പോലും എങ്ങും ഇല്ല. പരിസരം തികച്ചും വൃത്തിയോടെ കാത്തു സൂക്ഷിച്ചു പോകുന്ന ഒരു സമൂഹം. തികഞ്ഞ ആത്മബോധം കൈവരിച്ച ഗ്രാമം. ഇവിടെയാണ് ലിഖിത നിയമവും അലിഖിത നിയമവും തമ്മിലുള്ള വ്യത്യാസം നമുക്ക് ബോധ്യമാവുന്നത്. ഇന്നാട്ടുകാരുടെ നിയമങ്ങൾ പാരമ്പര്യമായി കിട്ടിയ കീഴ്‍വഴക്കങ്ങളാണ്.

മരത്തടി കൊണ്ട് പണിത ഏതാണ്ട് രണ്ടു ശതാബ്ദത്തോളം പഴക്കം തോന്നുന്ന പാരമ്പര്യമായ നിർമിതികളാണ് ഇവിടത്തെ വീടുകൾ. പഴമ നഷ്ടപ്പെടുത്താതെ പാരമ്പര്യ നിർമിതികളെ സംരക്ഷിക്കാൻ ഇവിടത്തുകാർ ചെലുത്തുന്ന ശ്രദ്ധ ആരെയും അദ്ഭുതപ്പെടുത്തും. രണ്ടു കുടുംബപരമ്പരകളുടെ പിൻമുറക്കാർ ആണ് ഗ്രഹനിലെ ഗ്രാമീണർ. ആരോഗ്യദൃഢഗാത്രർ, വജ്രശോഭയുള്ള കണ്ണും, ഇടതൂർന്ന മുടിയും ഇവിടത്തുകാരുടെ പ്രത്യേകതയാണ്. നിഷ്കളങ്കഭാവത്തോടെ, നിറഞ്ഞ ചിരിയോടെ അതിഥികളെ സ്വീകരിക്കുന്നവർ. സഞ്ചാരികളെ സ്വീകരിക്കുന്നതിൽ ഗ്രാമീണർ കാണിക്കുന്ന താൽപര്യം അനുമോദിക്കാതെ വയ്യ ഈ ഭവ്യത നമ്മോട് മാത്രമല്ല അന്യ നാട്ടിൽ നിന്ന് എത്തി ചേർന്നവരോടും ഉണ്ട്. ഒരു നിയമപീഠമോ നീതിന്യായ വകുപ്പോ ഇല്ലാതെ തന്നെ ചിട്ടയുള്ള സദാചാര, സാമൂഹിക നിയമം ഗ്രാമത്തിൽ ഉണ്ട്.

അലിഖിതമായൊരു ഗ്രാമനിയമസംഹിത, അവരുടെ മാത്രമായ ഒന്ന്. അതിൽ ശ്രദ്ധേയമെന്നു തോന്നിയ ഒന്ന്, ഒരേ കുടുംബത്തിൽ നിന്നും, പുറത്തു നിന്നു വന്നവരുമായുള്ള വൈവാഹികബന്ധം കർശനമായി വിലക്കിയിട്ടുണ്ട്. മദ്യം പൂർണമായും നിരോധിക്കപ്പെട്ടിട്ടുണ്ട്. അഥവാ വിദേശ സഞ്ചാരി ‌ആരെങ്കിലും അറിയാതെ മദ്യം ഗ്രാമത്തിലേക്ക് കൊണ്ടു വന്നു എന്നാൽ പോലും കടുത്ത ശിക്ഷയോ പിഴയോ ഉണ്ട്. ഹൈക്കിങ് ആരംഭത്തിൽ തന്നെ സംഘാംഗങ്ങളോട് ഇത്തരം കാര്യങ്ങൾ ബോധിപ്പിക്കും. ഈ നിയമം കർശനമായി പ്രാബല്യത്തിൽ ആക്കാന്‍ കാരണം ഒരു രാത്രിയിൽ ഗ്രാമീണർക്ക് അവരുടെ ദേവത യാഗ്യമഹർഷിനി നൽകി എന്നു പറയപ്പെടുന്ന ഉൾവിളിയും കൽപനയും ആണ്. അന്ന് മുതൽ തന്നെ ഗ്രാമീണർ മദ്യപാനം പൂർണമായും ഗ്രഹനിൽ നിന്ന് നിരോധിച്ചു. 

ഈ തരത്തിൽ ഓരോരുത്തരും സ്വയം പാലിക്കുന്ന കീഴ്‍വഴക്കങ്ങളാണ് ഈ ഗ്രാമത്തെ കൂടുതൽ ശ്രദ്ധേയമാക്കിയത്. അനുശാസിക്കുന്ന നിയമങ്ങളേക്കാൾ അനുവർത്തിച്ചു പോകുന്ന നല്ല ശീലങ്ങൾ എന്നും നമ്മുടെ സമൂഹത്തിൽ ഗുണം ചെയ്യും. എന്നതിന്റെ ഉദാഹരണമാണ് ഗ്രഹൻ.

അതിഥികൾ ദൈവത്തെ പോലെ 

അതിഥികൾ ആയി ഗ്രാമത്തിൽ എത്തുന്ന തദ്ദേശിയരെയും, വിദേശികളെയും സൽക്കരിക്കുന്നവർ. ചില നിവാസികൾ 200, 300 രൂപ ദിവസ നിരക്കിൽ അവിടെ, പുതുമയാർന്ന പാരമ്പര്യ വിഭവങ്ങൾ നൽകി സഞ്ചാരികൾക്കായി ഹോം സ്റ്റേ സൗകര്യം നൽകുന്നുമുണ്ട്. ഗ്രാമീണരിൽ പലരും അതിഥികളിൽ നിന്നും പാശ്ചാത്യ, വിഭവങ്ങൾ പലതും ഉണ്ടാക്കാൻ പോലും പഠിച്ചെടുത്തിട്ടുണ്ട്. അതിനാൽ തന്നെ ഇസ്രയേൽ സ്റ്റൈൽ സാൻവിച്ചും ഇംഗ്ലീഷ് സ്റ്റൈൽ ബ്രേക്ക് ഫാസ്റ്റും വരെ ഈ ഗ്രാമത്തിൽ ലഭിക്കും. ഗ്രഹനിൽ ആകെ ഉള്ളത് ഒരു സർക്കാർ പ്രാഥമിക വിദ്യാലയം മാത്രമാണ്. ഇവിടെയാണ് പഠനം തുടങ്ങുന്നതും ഒടുങ്ങുന്നതും. കൃഷിയും കന്നുകാലി മേയ്ക്കലും ആണ് പ്രധാന തൊഴിൽ. എല്ലാ നാഗരികതയുടെയും പ്രാഥമിക തൊഴിൽമേഖല അതായിരുന്നല്ലോ. വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, ആപ്പിൾ, പിയർ എന്നിവയെല്ലാം കൃഷി ചെയ്തു വരുന്നു. രസകരമായ ഒരു വസ്തു, ലഹരിയായ ഹാഷിഷ് ഉൽപാദനമാണ്. 

വലിയ റൈഫിളും എടുത്തു ഹിമാലയൻ കരടികളെ അകറ്റി ഉൾക്കാടുകളുടെ വന്യതകളിൽ തേൻ കൂടുകൾ കണ്ടെത്തുന്ന യുവാക്കളുണ്ടിവിടെ അവരാണ് ഗ്രാമത്തിലെ ധീരന്മാർ. ഇവർ ശേഖരിച്ചു കൊണ്ടു വരുന്ന തേനിന്റെ മധുരം തികച്ചും അനിർവചനീയം എന്നേ പറയാൻ പറ്റൂ. അത്രയ്ക്കും പ്രശസ്തമാണ്. സ്വച്ഛന്ദമായ നീലാകാശവും ഇളം കാറ്റും. ഈ ഹിമാലയന്‍ മടിത്തട്ടും അകന്നകന്ന് പോവുകയാണ്. എങ്കിലും ഗ്രഹൻ നൽകിയ മറക്കാനാവാത്ത കാഴ്ചകളുടെ അനുഭവം പിന്നെയും അവിടേക്ക് മനസ്സിനെ ക്ഷണിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com