ADVERTISEMENT
684552368

തിരക്കുകളിൽ നിന്നും മാറി മനസ്സും ശരീരവും ശാന്തമാക്കാൻ മിക്കവരും യാത്ര പോകാറുണ്ട്. പുതിയ സ്ഥലത്തെ കാഴ്ചകൾ ആസ്വദിക്കുവാനും വിനോദങ്ങളിൽ ഏർപ്പെടുവാനും എല്ലാവർക്കും ഇഷ്ടമാണ്. യാത്രയ്ക്കായുള്ള പ്ലാനിങ്ങിൽ ആദ്യം ചിന്തിക്കുന്നത് എത്ര പണം ചെലവാകും എന്നതാണ്. ചിലരെയെങ്കിലും യാത്രകളിൽ നിന്നും പിന്നോട്ട് വലിക്കുന്നത് സാമ്പത്തിക പ്രശ്‍നങ്ങൾ തന്നെയാണ്.

പണത്തിന്റെ ദുരുപയോഗം ഒഴിവാക്കിയും കുറച്ചുപണം മിച്ചം പിടിച്ചുമൊക്കെയാണ് പലരും യാത്രകൾക്കൊരുങ്ങുക. കൃത്യമായ പ്ലാനിങ്ങോടുകൂടി യാത്രയിൽ ചെലവ് ചുരുക്കാൻ സാധിക്കും. സുന്ദരകാഴ്ചകള്‍ ആസ്വദിച്ച് അധികം പണം മുടക്കാതെ അടിച്ചുപൊളിച്ചൊരു യാത്രയാവാം. കുറഞ്ഞ ചെലവിൽ പോകാൻ പറ്റിയ ചിലയിടങ്ങൾ അറിയാം.

കസോള്‍

620697316
കസോൾ

ഇന്ത്യയിലെ മിനി ഇസ്രയേൽ എന്നറിയപ്പെടുന്ന ഹിമാചൽപ്രദേശിലെ കസോൾ കുറഞ്ഞ ചെലവിൽ യാത്ര പോകാൻ പറ്റിയയിടമാണ്. ഒട്ടേറെ താമസസ്ഥലങ്ങൾ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്. അമ്പതുരൂപ മുടക്കിയാൽ നല്ല വൃത്തിയുള്ള ഡോർമെട്രിയും ലഭ്യമാണ്. കൂ‍ടാതെ കുറഞ്ഞ നിരക്കിലുള്ള ഗസ്റ്റ്ഹൗസുകളും കസോളില്‍ ഉണ്ട്ഹിമാചല്‍പ്രദേശിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേ‌ന്ദ്രമായ കുളുവില്‍ നിന്ന് 42 കിലോ‌മീറ്റര്‍ കിഴക്കായി സമുദ്രനിര‌പ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തിലാണ് കസോ‌ള്‍ ഗ്രാമം.

പച്ചപ്പ് തുടിക്കുന്ന താഴ്‍‍വാരങ്ങളും മലകളും വര്‍ഷം മുഴുവന്‍ അനുഭവപ്പെടുന്ന പ്രസന്നമായ കാലവസ്ഥയും പൈൻമരക്കാടുകളുമൊക്കയാണ് ഇവിടുത്തെ ആകർഷണം. ഹിമാലയന്‍ ട്രെക്കിങിനുള്ള ബേസ് ക്യാമ്പ് കസോളിലാണ്. റെയിൽ മാര്‍വും വായുമാർഗവും റോഡുമാർഗവും കസോളിൽ എത്തിച്ചേരാം. ട്രെയിൻ യാത്രയെങ്കിൽ ചിലവ് ചുരുക്കാൻ സഹായകമാകും.

ഗോവ

Goa, Panjim, View of Palolem Beach
ഗോവ ബീച്ച്

ബീച്ച് ടൂറിസത്തിൽ ലോകത്തിൽ തന്നെ മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഗോവ. ഒാഫ് സീസണിൽ ഗോവയിലേക്കുള്ള യാത്ര പ്ലാൻ ചെയ്യുന്നത് ചെലവ് ചുരുക്കാനാകും. എത്രയെത്ര പറഞ്ഞാലും കണ്ടാലും കൊതി തീരാത്ത മനോഹരമായ ബീച്ചുകളാൽ സമ്പന്നമാണ് ഗോവ. ജനുവരി മുതലാണ് ഗോവയിലെ സീസൺ തുടങ്ങുന്നത്. ഫെബ്രുവരി വരെ തിരക്കോടു തിരക്ക് തന്നെയാണ്. ഗോവൻ സന്ദർശനത്തിന് ഏറ്റവും ഉചിതമായ സമയമിതാണെങ്കിലും താമസവും ഭക്ഷണവും തുടങ്ങി എല്ലാത്തിനും ഇരട്ടിയും രണ്ടിരട്ടിയുമൊക്കെയായിരിക്കും ചെലവ്. സീസൺ കാലത്തേ ഗോവൻ സന്ദർശനം പോക്കറ്റ് കാലിയാക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.

മാർച്ച് മുതൽ മെയ് വരെയയുള്ള കാലവും ഗോവൻ സന്ദർശനത്തിനു ഉചിതമാണ്. വലിയ തിരക്കുണ്ടാകുകയില്ലെന്നു മാത്രമല്ല, സീസണിന്റെ അവസാനത്തിലേക്കു നീങ്ങുന്നത് കൊണ്ട് തന്നെ ബിയർ പാർലറുകളും ഷാക്കുകളുമെല്ലാം അടക്കുന്നതിനുള്ള തയാറെടുപ്പിലായിരിക്കും. തിരക്കേറിയ സമയങ്ങളിലാണ് ഗോവയിലെ സന്ദർശനമെങ്കിൽ ഒരിക്കലും വെബ്‌സൈറ്റിൽ കാണുന്ന റൂമുകൾ മുൻകൂട്ടി ബുക്ക് ചെയ്യാതിരിക്കുന്നതാണ് ഉചിതം. ഗോവയിലെത്തിയതിൻ ശേഷം കൃത്യമായി അന്വേഷിച്ച് കുറഞ്ഞ ചെലവിൽ സുരക്ഷിതമായ താമസസൗകര്യം തെരഞ്ഞെടുക്കാം.

കൊടൈക്കനാൽ

459600497
കൊടൈക്കനാൽ

കുറഞ്ഞ ചെലവിൽ കേരളത്തിൽ നിന്നും എത്തിച്ചേരാൻ പറ്റിയയിടമാണ് കൊടൈക്കനാൽ. ഞ്ഞുമൂടിയ കാഴ്ചകളും സുഖകരമായ കാലാവസ്ഥയുമാണ്  കൊടൈക്കനാലിനെ സഞ്ചാരികളുടെ പ്രിയയിടമാക്കുന്നത്. കുറഞ്ഞ ചെലവിലുള്ള താമസവും ഭക്ഷണവുമാണ് കൊടൈക്കനാലിന്റെ മറ്റൊരു പ്രത്യേകത. യാത്ര ട്രെയിനിലാണെങ്കിൽ കുറച്ചുകൂടി ചിലവ് ചുരുക്കാൻ സാധിക്കും.

ഓഫ് സീസണുകളില്‍ ഏറെ കുറഞ്ഞ തുകയില്‍ ചുറ്റിയടിച്ചു വരാന്‍ സാധിക്കും. ട്രക്കിങ്ങുകള്‍ക്കും ഹൈക്കിങ്ങിനും സൈറ്റ് സീയിങ്ങുകള്‍ക്കും പറ്റിയ ഇവിടം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പോയി വരാന്‍ സാധിക്കുന്നിടം കൂടിയാണ്. മലകൾ അതിരിടുന്ന ആ നാട്ടിലെ സവിശേഷകാഴ്ചകളാണ് നിഗൂഢ വനങ്ങളും വെള്ളച്ചാട്ടങ്ങളും മനോഹരമായ പ്രകൃതിയുമൊക്കെ. വലിയ ചെലവില്ലാതെ, അതിസുന്ദരമായ കാഴ്ചകൾ കാണാൻ മടിക്കാതെ തെരെഞ്ഞെടുക്കാവുന്ന ഒരിടമാണ് തമിഴ്‌നാട്ടിലെ കൊടൈക്കനാൽ.

ജയ്‌പൂർ

918440176
ജയ്പൂർ കാഴ്ച

ഇന്ത്യൻ വാസ്തുവിദ്യയുടെ ആഢ്യത്വം ആസ്വദിക്കാൻ കഴിയുന്ന നാടുകളിലൊന്നാണ് രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂർ. അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളുടെ ലോകമാണിവിടം.കൊട്ടാരങ്ങളും തടാകങ്ങളും നിരവധി മേളകളും ഉത്സവങ്ങളും ഈ നാട്ടിലെ സവിശേഷ കാഴ്ചകളാണ്. സുന്ദരകാഴ്ചകൾ മാത്രമല്ല നാവിനെ ത്രസിപ്പിക്കുന്ന രുചിയൂറും വിഭവങ്ങളുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഇൗ നഗരം. വലിയ ചെലവില്ലാതെ തന്നെ എത്തിച്ചേരാൻ കഴിയുന്ന ഇന്നാട്ടിൽ താമസത്തിനും ഭക്ഷണത്തിനും വലിയ മുതൽമുടക്കില്ല എന്നത് സഞ്ചാരികളെ സന്തോഷിപ്പിക്കുന്ന ഒരു വസ്തുതയാണ്.

പിങ്ക്സിറ്റിയിലെ  കാഴ്ചകളൊക്കെയും ആരെയും ആകർഷിക്കുന്നതാണ്. മരുഭൂമിയുടെ സ്വഭാവമുള്ള സ്ഥലമായതുകൊണ്ടുതന്നെ ജയ്പൂരിലെ വേനല്‍ക്കാലത്ത് ചൂടിന്റെ കാഠിന്യം കൂടുതലാണ്. വേനല്‍ക്കാലത്ത് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ശൈത്യകാലമാണ് യാത്രയ്ക്ക് നല്ലത്. ഈ സമയത്ത് തണുപ്പ് നന്നേ കൂടാറുമുണ്ട്. തണുപ്പിനെ പ്രതിരോധിക്കാനുള്ള സജ്ജീകരണവുമായി യാത്രതിരിക്കുന്നതാണ് നല്ലത്.

ഹംപി

hampi
ഹംപി

വിജയനഗരസാമ്രാജ്യത്തിന്റെ വീരകഥകൾ കല്ലുകളിൽ രേഖപ്പെടുത്തി സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന നഗരമാണ് ഹംപി. അതിമനോഹരമായ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും അവിശ്വസനീയമായ രാജകീയ സൗധങ്ങളുമൊക്കെയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

ഇരുപത്തിനാലു ചതുരശ്ര കിലോമീറ്ററിൽ പരന്നു കിടക്കുകയാണ് ഈ ചരിത്രശേഷിപ്പുകൾ. ലക്ഷക്കണക്കിന് വിദേശികളാണ് ഓരോ വര്‍ഷവും ഇവിടേക്കെത്തുന്നത്. അതുകൊണ്ടു തന്നെ സുരക്ഷയുടെ കാര്യത്തിലും ഹംപി മുന്നിലാണ്. കുറഞ്ഞ ചെലവിൽ താമസസൗകര്യങ്ങളുമായി നിരവധി ഹോട്ടലുകളും കോട്ടേജുകളും ഇവിടെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com