ADVERTISEMENT
himalayan-trip11
വാഹനം തന്നെ അടുക്കളയും

കേട്ടവരെല്ലാം മൂക്കത്തുവിരൽ വച്ചു. ഈ വണ്ടിയിൽ നിങ്ങൾ അവിടെവരെപ്പോയോ? അഭിമാനം കലർന്ന ഒരു ചിരിയായിരുന്നു ആ മൂന്നംഗസംഘത്തിന്റെ മറുപടി. കോട്ടയം–കശ്മീർ യാത്രയായിരുന്നു പദ്ധതിയിട്ടിരുന്നത്. പക്ഷേ, മറ്റൊരു സ്ഥലം ആ സംഘത്തെ കീഴടക്കി. ഇന്ത്യയുടെ നെറ്റിത്തടത്തിനറ്റത്തുള്ള ടുർടുക്ക് എന്ന ഗ്രാമം. അവിടെയൊരു രാജാവുണ്ട്. ആതിഥ്യമര്യാദകൊണ്ടു വീർപ്പുമുട്ടിക്കുന്ന  ജനങ്ങളുണ്ട്. ഇവരുടെയെല്ലാം സ്നേഹം ഏറ്റുവാങ്ങിയാണ് മാരുതി ഇക്കോ എന്ന വിവിധോദ്ദേശ്യവാഹനം ഹിമാലയമിറങ്ങിയത്.   

മൂന്നുപേരും ഒരു മാരുതിയും

സോജിമോൻ സോവിയറ്റ്– ഫോർച്യൂൺ ടൂർസ് കമ്പനിയിലെ ടൂർ മാനേജർ. അർജുൻ ആർ സോമൻ–എച്ച്‌വിഎസി പ്രൊജക്ട് എൻജിനീയർ, സ്റ്റെൽവിൻ കുരുവിള–എൻജിനീയർ. വണ്ടി– മാരുതി സുസുകി ഇക്കോ. ഇന്ധനക്ഷമത–15 കിലോമീറ്റർ (ഇത്രേം ലോഡ് വഹിച്ചിട്ടും).

വണ്ടിയെപ്പറ്റി എല്ലാവർക്കും പറയാനുണ്ടായിരുന്നത് ഒറ്റ കാര്യമായിരുന്നു– വല്ല അപകടവും ഉണ്ടായാൽ നിങ്ങൾ മൂവരും തീരും. കോട്ടയം സ്വദേശികളായ മൂവർക്കും ഇതൊരു അപകടമായി തോന്നിയതേ ഇല്ല. കാരണം കാത്തുകാത്തിരുന്നൊരു യാത്രയായിരുന്നു അത്. പക്ഷേ, ഇക്കോ പോലൊരു വാഹനം? നിങ്ങൾക്കും ആ സംശയം ഉണ്ടാകുമെന്നറിയാം. അതിനും മൂവർക്കും പരിഹാരങ്ങളുണ്ടായിരുന്നു. മാരുതി വണ്ടി ആയതുകൊണ്ട് എവിടെയായാലും പാർട്സുകൾ കിട്ടും എന്ന ആത്മവിശ്വാസം ആദ്യം മുന്നിട്ടുനിന്നു.

himalayan-trip7
ശ്രീനഗർ ലേ-ഹൈവേക്കാഴ്ചകൾ

ആദ്യം വാഹനം ഒരുക്കി

himalayan-trip6
കശ്മീരിലെ--തടാകം

ടയർ  സ്റ്റെപ്പിനി രണ്ടെണ്ണം വാങ്ങി. പക്ഷേ, ഉപയോഗിക്കേണ്ടിവന്നില്ല. പിന്നിൽ ഇരിപ്പുസുഖം കൂട്ടാനായി സീറ്റ് പിന്നിലേക്ക് ഇറക്കി. കുഷൻ ചേർത്തു. ചാര് തോൾ വരെയാക്കി. ഹെഡ്റെസ്റ്റ് പിടിപ്പിച്ചു.

ആഹാരം പാചകം ചെയ്തു കഴിക്കാനുള്ള സൗകര്യം മുതൽ കിടന്നുറങ്ങാനുള്ള ഏതാണ്ട് എട്ടടി നീളമുള്ള കിടപ്പുസൗകര്യം വരെ ഇക്കോയിൽ ഒരുക്കി. ഇതിനായി മിനി ക്യാംപിങ് ബോക്സ് ഒരെണ്ണം, മേൽനോട്ടം വഹിച്ച് ഇവർ പണിതിറക്കി. ആ ബോക്സ് പിന്നിൽ വച്ചാൽ മതി.അതിനുള്ളിൽ അരി മുതൽ കുക്കർവരെ സൂക്ഷിക്കാം. കിടക്കാനാകുമ്പോൾ രണ്ടാംനിര സീറ്റ് മടക്കിയിട്ട് മുകളിലൂടെ ഒരു പ്ലൈവുഡ് ചേർത്തിട്ടാൽ കാൽനീട്ടിവച്ചു കിടന്നുറങ്ങാം.

Musted-filed

ഇനി യാത്രാസാമഗ്രികൾ 

Srinagar--Leh-Highway

ഉറുമ്പുകൾ ഓരോ ധാന്യമണികളും കൂട്ടിവയ്ക്കുന്നതുപോലെ മൂവരും കാശുകിട്ടുന്ന സമയത്ത് ഡിക്കാത്തലോണിൽ നിന്നു ഓരോ സാധനങ്ങൾ വാങ്ങിവച്ചു.

himalayan-trip10
വിവിധതരം-വസ്ത്രങ്ങൾ

ഇതൊക്കെ സജ്ജമായപ്പോൾ,  കേരളത്തിൽ മഴ പൊടിഞ്ഞുതുടങ്ങിയ ഒരു ദിവസം അവർ ഇക്കോയുമായി ഇറങ്ങി. ഗോവയിൽ പോയിവരാം എന്നാണുവീട്ടിൽ പറഞ്ഞിരുന്നത്. പക്ഷേ, എത്തിയതോ ? ടുർടുക്ക് എന്ന പർവതഗ്രാമത്തിലേക്ക്.

റൂട്ട് ഇങ്ങനെ 

കോട്ടയം–കൊച്ചി–ബാംഗ്ലൂർ–ഹൈദരാബാദ്– നാഗ്പൂർ–സാഗർ– ഗ്വാളിയോർ –ആഗ്ര–റൂർക്കി–ഛണ്ഡിഗഡ്– ശ്രീനഗർ–ടുർടുക്ക്

ഹിമാലയൻ യാത്രയൊക്കെ സർവസാധാരണമായിരിക്കുന്നു. അതുകൊണ്ടു നമുക്കീ യാത്രയിലെ അപൂർവസന്ദർഭങ്ങളും സ്ഥലങ്ങളും മാത്രം അറിയാം. 

കില്ലർ റോഡുകൾ 

himalayan-trip5
പെഞ്ച്നാ ഷനൽ പാർക്കിലൂടെയുള്ള കില്ലർ വഴി

നാഗ്പൂരിൽനിന്നുമൊരു കാട്ടുവഴി ഞങ്ങൾ ഒരിക്കലും മറക്കില്ല. അവിടെയുള്ള ധാബകളിൽ കയറിയ വണ്ടികളെല്ലാം അപകടത്തിൽപെടുന്നുണ്ട്. ഒരു മലയാളി പറഞ്ഞു. അതൊരു ഉൾക്കിടിലമായിരുന്നു ഞങ്ങൾക്ക്. കാരണം അതേ വഴിയിലൂടെ ഒറ്റയ്ക്കാണ് ഇക്കോ പോന്നത്. സാഗർ എന്നിടത്തേക്കുള്ള വഴിയിലാണ് പെഞ്ച് നാഷനൽ പാർക്ക്. ഗൂഗിൾ മാപ്പ് പറയുന്നിടത്തുകൂടെയാണ് വഴി.

അതുവരെ കൂടെയുണ്ടായിരുന്ന ഒരു ബൈക്ക് യാത്രികനെ പിന്നീട് കാണാതായി. പിന്നെ ഞങ്ങൾ മാത്രം. സുന്ദരമായ കാട്ടുവഴിയിൽ പലയിടത്തായി അപകടത്തിൽപ്പെട്ട വാഹനങ്ങൾ കാണാം. ലോറികൾ പോലും കൂട്ടമായിട്ടാണു വരുന്നത്. മറിഞ്ഞുകിടക്കുന്ന വാഹനങ്ങളുടെ പാർട്സുകൾ നാട്ടുകാർ ഊരിമാറ്റിക്കൊണ്ടുപോകുന്നതു കാണാമായിരുന്നു. കാടുകഴിഞ്ഞൊരു ടൗണിലെത്തിയപ്പോഴാണ് മുൻപറഞ്ഞ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലായത്. ഒറ്റയ്ക്കു പോകുന്ന വാഹനങ്ങളെ ഇടിച്ചിടും. അന്നേരം തന്നെ കെട്ടിവലിച്ചുകൊണ്ടുപോയില്ലെങ്കിൽ ഒരു രാത്രികൊണ്ടുതന്നെ പാർട്സുകൾ നാട്ടുകാർ എടുത്തുകൊണ്ടുപോകുമത്രേ. അങ്ങനെ ഒരു എക്സ് യുവിയുടെ പാർട്സുകൾ മാറ്റുന്ന ഗ്രാമീണരെ ഞങ്ങൾ കണ്ടു. ഗ്വാളിയോറിലെ കോട്ടകൾ, താജ്മഹൽ എന്നിങ്ങനെയുള്ള കാഴ്ചകളായിരുന്നു ആ ഞെട്ടലിൽനിന്നു മോചനം നൽകിയത്. 

ഇന്ധനമടിക്കുന്നത് 

himalayan-trip4
ആഗ്ര-കോട്ടയ്ക്കടുത്ത്

എസ്സാർ, റിലയൻസ് പമ്പുകളിൽനിന്ന് എണ്ണയടിച്ചപ്പോൾ ഇന്ധനക്ഷമത കൂടിയതായി കണ്ടു. 56000 രൂപ ചെലവായി. ഓരോ സംസ്ഥാനത്തും  പെട്രോൾ വില നോക്കിവച്ചിരുന്നു. എല്ലാം പേടിഎം വഴിയായിരുന്നു.

ക്യാഷ്ബാക്ക് ലഭിച്ചു. മഹാരാഷ്ട്രയിലായിരുന്നു ഏറ്റവും വിലക്കൂടുതൽ. നാഗ്പൂരിലേക്കു കയറുന്നതിനു മുൻപ് അതിർത്തിയിൽ ഒട്ടേറെ പമ്പുകൾ അടുപ്പിച്ചടുപ്പിച്ചു കാണാം. അത്തരം സ്ഥലത്തുനിന്ന് ഇന്ധനമടിക്കുക. വില കുറയും. പാൻ ഇന്ത്യ റോഡ്ട്രിപ്പിലെ മനോഹരഅനുഭവങ്ങൾ എല്ലാം പങ്കുവയ്ക്കാൻ ഈ സ്ഥലം പോരെന്നറിയാമല്ലോ. അതുകൊണ്ടു നേരെ കശ്മീരിലേക്കു പോകാം.

himalayan-trip
അപകടം-പതിയിരിക്കുന്ന-വഴികളിലൊന്ന്

സലാം കശ്മീർ 

ലാഹോൾ വാലിയിലൂടെ സർച്ചുവിലേക്കു കയറുമ്പോൾ നമ്മുടെ ശരീരം ഉയരവുമായി പൊരുത്തപ്പെടാൻ കൂടുതൽ സമയമെടുക്കും. എന്നാൽ ശ്രീനഗറിലേക്ക് ആദ്യമേ കയറുമ്പോൾ അങ്ങനെ പ്രശ്നമില്ല. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ചുരങ്ങളെല്ലാം വലിയ കുഴപ്പമില്ലാതെയാണ് ഇക്കോ താണ്ടിയത്.   

himalayan-trip-2

മലമുകളിലെ മരുഭൂമി 

ലഡാക്കിലെ കൊട്ടാരം എന്നിവ കണ്ടപ്പോഴാണ് രണ്ടു പുതിയ സ്ഥലങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കർദുംഗ്‌ലാ ചുരം കയറിയിറങ്ങിയാൽ  പിന്നെയുള്ളത് നുബ്രാവാലി. മൊണാസ്ട്രികളും മരുഭൂമിയും കാഴ്ചകളായുള്ള അതിസുന്ദരഭൂമി. നുബ്രാതാഴ്‌വാരത്തിലെ ആ മരുഭൂമിയാണ്  ഹണ്ടർ സാൻഡ് ഡ്യൂൺസ്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള  മരുഭൂമികളിലൊന്ന്.

മഞ്ഞുമലകൾ അതിരിടുന്ന മനോഹരസ്ഥലം. അവിടെ ഇക്കോ കയറ്റാൻ പറ്റിയില്ല. ബാക്ട്രിയൻ ഒട്ടകങ്ങൾ നിരനിരയായി ആ മരുഭൂമിയിലൂടെ നടന്നു പോകുന്നതു കാണുമ്പോൾ നാം ഏതോ മായികലോകത്തെത്തിയതുപോലെ തോന്നും. ഇതുവരെ കടന്നുവന്ന സാഹസികമലമ്പാതകൾ കഴിഞ്ഞൊരു മരുഭൂമി. നമുക്കാലോചിക്കാൻ പറ്റുമോ അങ്ങനെയൊരു ഭൂമിക. ഹിമാലയം അങ്ങനെയാണ്, നമ്മെ വിസ്മയിപ്പിക്കും.

ടുർടുക്ക്– ലഡാക്കിന്റെ നെറ്റിത്തടം 

ഹണ്ടറിൽ നിന്ന് നൂറുകിലോമിറ്റർ ദൂരമുണ്ട്  ടുർടുക്കിലേക്ക്. ഹണ്ടർവരെ അത്യാവശ്യം ഗതാഗതമുണ്ടെങ്കിൽ ടുർടുക്കിലേക്ക് ആൾക്കാർ അധികം പോകുന്നില്ല. ഞങ്ങളുടെ ഇക്കോ മാത്രമായിരുന്നു പലപ്പോഴും ആ വഴിയില്ലാ വഴികളിൽ. 

Magntic-hill

ആ ഗ്രാമത്തിലേക്കുള്ള വഴിയിൽ വച്ച് ഇക്കോയുടെ ഓയിൽടാങ്ക് കല്ലിടിച്ചുതകർന്നു. ഒരു പട്ടാളക്കാരൻ കാര്യങ്ങൾ അന്വേഷിച്ചു.  നാലുമണിക്കൂർ കഴിയുമ്പോൾ ഞാൻ തിരിച്ചുവരും എന്നു പറഞ്ഞ് അദ്ദേഹം തിരികെപ്പോയി.   തിരികെ വരുമ്പോൾ ഓയിൽ കൊണ്ടുവന്നു തന്നു. ശേഷം ഒരു പിക്ക് അപ് വാൻ വന്ന് അടുത്ത ഗ്രാമത്തിലേക്ക് വണ്ടി കെട്ടിവലിച്ചുകൊണ്ടുപോയി. ശേഷം പട്ടാളക്കാരൻ വന്നപ്പോൾ ഓയിൽ കയ്യിലുണ്ടായിരുന്നു. അതുപയോഗിച്ചാണ് കേരളംവരെ ഇക്കോ എത്തിയത്.

ടുർടുക്ക് 1971 ലെ യുദ്ധത്തിൽ പാകിസ്ഥാനിൽനിന്നു പിടിച്ചെടുത്തതാണ്. അതായത് ദേ, അങ്ങോട്ടു നോക്കിയേ എന്നു പറഞ്ഞാൽ പാകിസ്ഥാന്റെ സേനാ ബങ്കറുകൾ കാണാം. സിയാച്ചിനിലേക്കുള്ള ബേസ് ക്യാംപിലേക്കുള്ള വഴിയാണ് ടുർടുക്കിലേക്കുള്ളത്.

ലേയിൽനിന്നു നുബ്രാവാലിയിലേക്കുള്ള പെർമിറ്റ് എടുക്കുമ്പോൾ ടുർടുക്ക് കൂടി ചേർത്താൽ മതി. വെൽക്കം ടു ടുർടുക്ക് എന്ന ബോ‍ർഡ് കാണുന്ന സമയം മുതൽ നിങ്ങളുടെ വാഹനം പാകിസ്ഥാൻ സൈന്യത്തിന്റെ കൂടി നിരീക്ഷണത്തിലാകും. നിങ്ങൾ ശത്രുവിന്റെ നോട്ടപ്പുള്ളികളാണ് എന്ന ബോ‍ർഡ് കൂടി അവിടെ കാണാം. ആ മലമുകളിൽ അവിടവിടെയായി ബങ്കറുകളുണ്ട്. ഈ ഭയാനകതയൊന്നും ടുർടുക്ക് എന്ന മനോഹരഗ്രാമത്തിന്റെ കാഴ്ച ആസ്വദിക്കാൻ ഞങ്ങൾക്കു തടസ്സമായിരുന്നില്ല.

മലകൾക്കിടയിൽ പച്ചപ്പുനിറഞ്ഞ ആ ഗ്രാമത്തിൽ ഞങ്ങൾക്കു വഴികാട്ടിയായത് പിക്ക് അപ്പ് കാരനായിരുന്നു. വണ്ടി വലിച്ചതിന് അദ്ദേഹത്തിന് ഞങ്ങൾ കുറച്ചുരൂപ നീട്ടിയെങ്കിലും സഹായത്തിനു കൂലി ചോദിച്ചാൽ അള്ളാഹുവിന് ഇഷ്ടപ്പെടില്ല എന്നു പറഞ്ഞ് അദ്ദേഹം നിരസിച്ചു. ആതിഥേയ മര്യാദയുടെ നിറകുടമാണ് ഇവിടത്തെ ആൾക്കാർ.

himalayan-trip12

കല്ലടുക്കിവച്ച ചെറിയ വീടുകൾ. അവയ്ക്കിടയിലൂടെ ഒരാൾക്കു നടന്നുപോകാവുന്നത്ര വീതിയുള്ള ചെറുവഴി. ആ ഗ്രാമവഴിയിയലെ കൽക്കനാലിലൂടെ  എല്ലായ്പ്പോഴും വെള്ളമൊഴുകിക്കൊണ്ടിരിക്കും. പറമ്പുകളിലേക്കുള്ള ചാലുകൾ കല്ലുവച്ചടച്ചിട്ടുണ്ട്. അതു മാറ്റിയാൽ അവിടേക്കും ഒഴുക്കുണ്ടാകും. എല്ലാത്തിലും ഇങ്ങനെ അടിസ്ഥാനപരമായ എൻജിനീയറിങ് വൈദഗ്ധ്യം കാണാം. ചെറുമരങ്ങൾ അടുക്കിവച്ചാണ് വീടുകളുടെ മേൽക്കൂരകൾ. മരവാതിലുകളുള്ള ഒരു സ്വാഭാവിക ഫ്രിഡ്ജ് സംവിധാനം ഞങ്ങൾ കണ്ടു. അതിനടുത്തു ചെന്നാൽ നല്ല തണുത്ത കാറ്റ് മുഖത്തടിക്കും.

ഗ്രാമത്തിന്റെ രാജാവിനെ കാണാൻ

എങ്ങും സന്തോഷം മാത്രമേ ഈ ഗ്രാമത്തിൽ കാണാൻ കഴിയൂ. അതുവരെ കടന്നുവന്ന ഓഫ് റോഡ് യാത്രാക്ലേശമൊക്കെ ഗ്രാമീണരുടെ മന്ദഹാസത്തിൽ ഇല്ലാതായി. കവ എന്ന തനതു ചായ അവിടെനിന്നു കുടിച്ചു. ഉണങ്ങിയ പഴങ്ങൾ ഇടിച്ചുചേർത്ത് ഒന്നാന്തരം ചായ കുടിച്ചശേഷം ഞങ്ങൾ ആ നാടുവാഴിയെ കാണാൻ ചെന്നു 

himalayan-Leh-city

ടുർടുക്കിലെ രാജാവ്

ഗ്രാമത്തിലെ വലിയൊരു വീടാണ് രാജാവിന്റെ കൊട്ടാരം എന്നു പറയാം. പത്തൊമ്പതുവയസുകാരനായ രാജാവിന് ആദ്യം അപാരജാഢ. പിന്നെ അദ്ദേഹം തന്റെ പാരമ്പര്യത്തനിമ ഞങ്ങൾക്കു വിശദീകരിച്ചുതന്നു.വംശാവലിയൊക്കെ അവിടെ എഴുതിവച്ചിട്ടുണ്ട്. 

himalayan-trip14

ടുർടുക്കിലൊരു മ്യൂസിയമുണ്ട്. അവിടെ ആദ്യകാല സാധനസാമഗ്രികൾ കാണാം. വലിയൊരു കൽഭരണി, അന്നു തൂക്കം അളന്നിരുന്ന ത്രാസ്, ഓരോ കാലാവസ്ഥയ്ക്കും യോജിച്ച വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം കണ്ടുതീരുമ്പോൾ ടുർടുക്കിന്റെ മാന്ത്രികതയിൽ ഞങ്ങൾ മൂവരും മുഴുകിക്കഴിഞ്ഞിരുന്നു.         

കാർഗിൽ–യുദ്ധവീരൻമാരുടെ നാട് 

himalayan-trip9
ടുർടുക്കിലേക്കു-സ്വാഗതം

കാർഗിൽ യുദ്ധസ്മാരകത്തിലെ ഡോക്യുമെന്ററി കണ്ടാൽ നിങ്ങൾ അഭിമാനം കൊണ്ടു കരഞ്ഞുപോകും.  പട്ടാളക്കാർക്ക് മനസ്സിൽ ഒരു സല്യുട്ട് നൽകിയാണ് നിങ്ങൾ അവിടെനിന്നു തിരികെപ്പോരുക.  പിന്നെയുള്ള മനോഹരകാഴ്ചകളിലൊന്നാണ് പാങ്ങോങ് തടാം. ഇക്കോ ആ നീലത്തടാകത്തിനോടു ചേർന്നു നിൽക്കുന്നതു കണ്ടപ്പോൾ‍ ഞങ്ങൾക്കു തോന്നിയ അഭിമാനത്തിനു കണക്കില്ലായിരുന്നു. 

തിരികെ നാട്ടിലെത്തുമ്പോൾ ഹിമാലയം ഞങ്ങളെ ഒരേ സമയം ഉയർത്തുകയും താഴ്ത്തുകയും ചെയ്തിരുന്നു. ഇനിയൊരു കാഴ്ച കാണാനില്ലെന്ന മട്ടിൽ ഞങ്ങളെ അത് ഉയർത്തി. ഈ ഹിമവാന്റെ മുന്നിൽ നമ്മളെത്ര ചെറുതാണെന്ന് തോന്നിപ്പിക്കുകയും ചെയ്തു.

himalayan-trip8
ടുർടുക്കിലെ-കൃഷിയിടങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com