ADVERTISEMENT

മോഡലായും അഭിനേതാവായും തിളങ്ങുന്ന ബിപിൻ ജോസ് ജനശ്രദ്ധയാകർഷിച്ചത് ടെലിവിഷൻ പരമ്പരകളിലൂടെയാണ്. ജനപ്രിയ ടെലിവിഷൻ പരമ്പരയായ സീതയിൽ രാമനായി വേഷമിട്ട ബിപിനെ കുടുംബ പ്രേക്ഷകര്‍ നിറഞ്ഞ കൈയടിയോടയാണു സ്വീകരിച്ചത്. അഭിനേതാവ് മാത്രമല്ല യാത്രാപ്രേമി കൂടിയാണ് താരം. കണ്ടു തീർക്കാൻ ഒരുപാട് ഇടങ്ങൾ ഉണ്ടെന്നും ബിപിൻ പറയുന്നു. ഇഷ്ടങ്ങളും ആഗ്രഹങ്ങളും ബിപിൻ മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു. 

Bipin-trip
സുഹൃത്തുക്കളോടൊപ്പം ബിപിൻ

ഷൂട്ട് കഴിഞ്ഞാൽ യാത്ര പ്ലാൻ ചെയ്യുകയാണ് പതിവ്. സുഹൃത്തുക്കളോടൊപ്പമുള്ള യാത്രയെങ്കിൽ സംഗതി പൊളിക്കും. കുടുംബത്തോടൊപ്പമുള്ള യാത്രയും ഇഷ്ടമാണ്. രണ്ടു യാത്രകളും വ്യത്യസ്തമായ അനുഭവമാണ് സമ്മാനിക്കുന്നത്. യാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന സ്ഥലം അനുസരിച്ചാണ് ഫാമിലി ട്രിപ്പ് പ്ലാൻ ചെയ്യുന്നത്. ദൂരയാത്രകൾ മിക്കതും മുൻകൂട്ടി പ്ലാൻ ചെയ്യാത്തതാണ് എനിക്കിഷ്ടം.

യാത്രയോട് എന്നും എനിക്ക് പ്രിയമാണ്. തിരക്കിട്ട ജീവിതത്തിൽ ആകെ ആശ്വാസം നൽകുന്നത് യാത്രകളാണ്. വല്ലാതെ ടെൻഷനടിച്ചിരിക്കുമ്പോൾ യാത്ര പോകണം. കാഴ്ചകൾ ആസ്വദിച്ച് തിരികെയെത്തുമ്പോൾ മനസ്സ് ഫ്രീയാകും. യാത്രയിലൂടെ പകർന്നു കിട്ടുന്ന പുത്തനുണർവും സന്തോഷവും കരിയറിലും ജീവിതത്തിലും ഒരുപാടു ഗുണം ചെയ്യാറുണ്ട്.

Bipin-trip2
ഗോവയിൽ

അടിച്ചുപൊളിച്ചു ഗോവയിൽ

Bipin-trip1
ഗോവന്‍ യാത്രയിൽ

ബീച്ചുകളുടെ നാടാണ് ഗോവ. ഉറക്കമില്ലാത്ത തെരുവുകളും ജനങ്ങളും. സംഗീത സമൃദ്ധമായ സന്ധ്യകളും നിയന്ത്രണങ്ങൾ ഇല്ലാതെ ഒഴുകുന്ന ലഹരിയും ഈ നഗരത്തെ യുവാക്കളുടെ സ്വപ്നഭൂമിയാക്കുന്നു. ഇന്ത്യയിലെ നൈറ്റ് ലൈഫിന്റെ സങ്കേതം എന്നും ഗോവയെ വിശേഷിപ്പിക്കാം. ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ചുകൾ കാണണമെങ്കിൽ ഗോവ തന്നെയാണ് ശരണം. അടുത്തിടെയാണ് കുടുംബവും സുഹൃത്തുക്കളും ഒരുമിച്ച് ഗോവൻയാത്ര പോയത്. ശരിക്കും രസകരമായിരുന്നു ആ യാത്ര. വലിയ ആഘോഷങ്ങളുടെ തീരങ്ങളാണ് തെക്കൻ ഗോവയിലെയും വടക്കൻ ഗോവയിലെയും ബീച്ചുകൾ.

bipin-trip7
ഗോവ ട്രിപ്പ്

പാലോലവും അഗോണ്ടയും കോൽവയും തെക്കൻ ഗോവയുടെ സൗന്ദര്യത്തിലേക്കു ക്ഷണിക്കുമ്പോൾ അഞ്ജുനയും ബാഗയും മോർജിമും വടക്കൻ ഗോവയിലെ ആകർഷകമായ ബീച്ചുകളാണ്. ആൾത്തിരക്കൊഴിഞ്ഞ, മനോഹരമായ ബീച്ചുകളാണ് തെക്കൻ ഗോവയിലേതെങ്കിൽ അടിപൊളി പാർട്ടികളുടെയും ആഘോഷങ്ങളുടെയും രാവുകളും പകലുകളും നൽകും വടക്കൻ ഗോവയിലെ കടൽത്തീരങ്ങൾ. വസ്ത്രധാരണ രീതി ഒഴിച്ചു നിർത്തിയാൽ തെങ്ങും തോടുകളുമൊക്കെയായി ഗോവയ്ക്ക് കേരളത്തോടാണ് ഏറ്റവും സാമ്യം. ഭക്ഷണത്തിനെല്ലാം താരതമ്യേന വിലക്കുറവാണ്. ദേശി–വിദേശി ഫൂഡ് ഐറ്റങ്ങൾ സുലഭം. ശരിക്കും അടിച്ചുപൊളിച്ച യാത്രയായിരുന്നു അത്.

ക്വീൻസ്ടൗണിലെ കാഴ്ചകൾ
ക്വീൻസ്ടൗണിലെ തടാകം

യാത്രയോടുള്ള പ്രണയം എന്നെ ഒരുപാടു സ്ഥങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. വിദേശയാത്രകളും അക്കൂട്ടത്തിലുണ്ട്. ന്യൂസീലൻഡ്, സിംഗപ്പൂർ, മലേഷ്യ, ദുബായ്, കുവൈത്ത്, ശ്രീലങ്ക അങ്ങനെ കുറച്ചു സ്ഥങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഇൗ യാത്രകൾ നൽകിയ അനുഭവം മറക്കാനാവില്ല. ന്യൂസീലൻഡിലെ ക്യൂൻസ് ടൗൺ ട്രിപ് അടിപൊളിയായിരുന്നു. ന്യൂസീലൻഡിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രം എന്നു തന്നെ ക്യൂൻസ്ടൗണിനെ വിശേഷിപ്പിക്കാം. .മഞ്ഞുമലകളും ഗ്ലേസിയറുകളും കൊടുമുടികളും ധാരാളമുള്ള ഈ ടൂറിസ്റ്റ് കേന്ദ്രത്തിൽ സഞ്ചാരികളുടെ ഒഴുക്കാണ്. 

Bipin-trip3
ക്വീൻസ്ടൗണിലെ കാഴ്ചകൾ

ഞങ്ങൾ ക്യൂൻസ്ടൗണിൽ ശരത്കാലത്താണ് യാത്രപോയത്. അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളായിരുന്നു അവിടെ. മഞ്ഞയും ചുവപ്പും ഒാറഞ്ചും നിറമാർന്ന മരങ്ങളും ചെടികളുമൊക്കെ ശരിക്കും വിസ്മയിപ്പിച്ചു. മഞ്ഞുമൂടിയ മലകളും ചുറ്റി ഒഴുകുന്ന നീലത്തടാകവുമൊക്കെ മിഴിവേകി. തിരികെ നാട്ടിലേക്കു പോകാനേ തോന്നിയില്ല. അത്രയ്ക്കും ഭംഗിയുള്ള കാഴ്ചകളായിരുന്നു ക്യൂൻസ് ടൗണിലേത്. ആ സുന്ദര കാഴ്ചകളൊക്കെ ഇപ്പോഴും മനസ്സിൽ മായാതെയുണ്ട്. ഒരിക്കൽകൂടി ക്യൂൻസ് ടൗണിലേക്ക് യാത്ര പോകണമെന്നുണ്ട്.

ഇനിയുമുണ്ട് കണ്ടുതീർക്കാൻ 

ചിത്രത്തിലും വി‍ഡിയോയിലും ഒാരോ സ്ഥലത്തിന്റെയും വിസ്മയിപ്പിക്കുന്ന കാഴ്ചകളുള്ള ചിത്രങ്ങളും വിഡിയോകളുമൊക്കെ കാണുമ്പോൾ അവിടേക്കു യാത്ര പോകണമെന്ന് ആഗ്രഹിക്കാറുണ്ട്. എന്റെ ‍‍ഡ്രീം ഡെസ്റ്റിനേഷനായി കുറച്ചിടങ്ങളുണ്ട്. യൂറോപ്പ് ട്രിപ്പാണ്.

സ്വിറ്റ്സർലൻഡും ഗ്രീസും ആംസ്റ്റർഡാമും പിന്നെ പാരിസും. പണം കുറച്ചു കരുതിയിട്ട് വേണം അങ്ങോട്ടേക്ക് യാത്ര തിരിക്കാൻ. സ്വപ്നയാത്രയ്ക്കായിട്ടുള്ള കാത്തിരിപ്പിലാണ് ഞാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com