ADVERTISEMENT
Adhithyan-travel1

ജനപ്രിയ സീരിയലുകളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരങ്ങളാണ് ആദിത്യനും അമ്പിളി ദേവിയും. പേരെടുത്ത നർത്തകി കൂടിയാണ് അമ്പിളി. ഇപ്പോൾ ഒരുമിച്ചുള്ള ജീവിതയാത്രയുടെ സന്തോഷത്തിലാണ് ഇരുവരും. ആദിത്യന് യാത്രകൾ ഒരുപാട് ഇഷ്ടമാണ്. യാത്രകൾക്ക് അധികം അവസരം കിട്ടിയിട്ടില്ലെങ്കിലും യാത്ര പോകാനും കാഴ്ചകൾ ആസ്വദിക്കാനും അമ്പിളി ദേവിക്കും ഇഷ്ടമാണ്. വിവാഹശേഷമുള്ള ആദ്യ യാത്രയുടെ വിശേഷങ്ങൾ ആദിത്യന്‍ ‍മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു:

എന്റെ മിക്ക യാത്രകളും ക്ഷേത്രങ്ങളിലേക്കാണ്. കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും പോയിട്ടുണ്ട്. അമ്മയോടൊപ്പമായിരുന്നു യാത്രകളൊക്കെയും. അമ്മയുടെ കാലശേഷം ഒറ്റയ്ക്കായി. അമ്മയുടെ വേർപാട് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും മനസ്സിനെ ബലപ്പെടുത്തിയത് യാത്രകളും ക്ഷേത്രങ്ങളുമൊക്കെയായിരുന്നു.

Adhithyan-travel3

ശിവഭക്തനായതുകൊണ്ടുതന്നെ പലതവണ മുരുഡേശ്വരത്തു പോയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഗോപുരവും ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ ശിവപ്രതിമയുമാണ് മുരുഡേശ്വരം ശിവക്ഷേത്രത്തിന്റെ പ്രത്യേകത. കര്‍ണാടകയിലെ ഉത്തര കന്നടയിലാണ് ചരിത്രവും ഐതിഹ്യവും ഇഴചേര്‍ന്ന് നില്‍ക്കുന്ന ഈ പ്രസിദ്ധ ക്ഷേത്രം. കടലിലേക്കു തള്ളിനില്‍ക്കുന്ന 123 അടി ഉയരമുള്ള ചതുര്‍ബാഹുവായ ശിവശില്‍പമാണ് ഇവിടെയുള്ളത്. അവിടെ എത്തുമ്പോൾ മനസ്സിനു ശാന്തിയും സമാധാനവും ലഭിക്കും.

കല്ല്യാണ ശേഷമുള്ള ആദ്യയാത്ര

Adhithyan-travel

ഞാനും അമ്പിളിയും വിവാഹശേഷം ആദ്യം പോയത് ക്ഷേത്രത്തിലേക്കു തന്നെയായിരുന്നു. ഗുരുവായൂരും പിന്നെ എന്റെ കുടുംബക്ഷേത്രമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കുമായിരുന്നു യാത്ര. ഒരുമിച്ചുള്ള ജീവിതയാത്രയിൽ സർവ െഎശ്വര്യത്തിനുമായി മനമുരുകി പ്രാർഥിച്ചു. വഴിപാടുകളും നടത്തി. 

എന്നെപ്പോലെയല്ല അമ്പിളി. ആഗ്രഹങ്ങൾ ഒരുപാടുണ്ട്. മറ്റൊന്നുമല്ല, സന്തോഷകരമായ ജീവിതം കളറാകണമെങ്കിൽ ചെറുയാത്രകളും അടിച്ചുപൊളിയുമൊക്കവേണം. ഇതുവരെ ദൂരെ സ്ഥലങ്ങളിലേക്കു യാത്രപോകാനോ യാത്രകളും കാഴ്ചകളും ആസ്വദിക്കാനോ അമ്പിളിക്കു സാധിച്ചിട്ടില്ല. ആ വിഷമങ്ങളൊക്കെ ഞങ്ങളുടെ ആദ്യയാത്ര മാറ്റി. ബന്ദിപ്പൂരിലേക്കായിരുന്നു പോയത്. ഷൂട്ടിങ് തിരക്കിൽനിന്നു കുറച്ചുദിവസത്തെ അവധിയെടുത്ത് നേരെ വിട്ടു, കാടിന്റെ ഭംഗി നുകരാൻ ബന്ദിപ്പൂരിലേക്ക്. അമ്പിളിക്ക് അവിടുത്തെ ഒാരോ കാഴ്ചയും പുതുമ നിറഞ്ഞതായിരുന്നു. അവ അദ്ഭുതത്തോടെ നോക്കിക്കാണുന്ന അമ്പിളിയുടെ മുഖമാണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്.

നാട്ടിൽനിന്നു രാത്രിയിലാണ് ഞങ്ങൾ ബന്ദിപ്പൂരിലേക്ക് തിരിച്ചത്. രാവിലെ തന്നെ അവിടെയെത്തി. താമസിക്കാനുള്ള റൂം എന്റെ സുഹൃത്ത് റെ‍ഡിയാക്കിയിരുന്നു. വന്യമൃഗങ്ങളെ അടുത്തു കണ്ട് വനത്തിലൂടെയുള്ള യാത്ര രസകരമായിരുന്നു. മസിനഗുഡി, മുതുമല, മൂലെഹോളെ, വയനാട് കാടുകളിൽ നിന്നെല്ലാം മൃഗങ്ങൾ ബന്ദിപ്പൂരെത്തും.

ഇവിടെനിന്ന് ആ കാടുകളിലേക്കും പോകും. ഞങ്ങൾ മാനിനെയും ആനയെയുമൊക്കെ കണ്ടു. മകൻ ഒപ്പമില്ലാത്ത സങ്കടമായിരുന്നു ഞങ്ങളെ മടക്കയാത്രയ്ക്കു നിർബന്ധിച്ചത്. മോന് പരീക്ഷ നടക്കുന്നതിനാൽ കൊണ്ടുവരാൻ സാധിച്ചില്ല. കണ്ടുതീരാത്ത ബന്ദിപ്പൂരിലേക്ക് മകനെയും കൂട്ടി വരണമെന്ന് അമ്പിളി പറഞ്ഞു. പ്രതീക്ഷക്കാത്തൊരു യാത്രയായിരുന്നു അത്. ഇനിയും ഒരുപാടു സ്ഥലങ്ങളിലേക്ക് അമ്പിളിയെയും മകനെയും കൂട്ടി യാത്ര ചെയ്യണം.

 വിദേശ യാത്ര

യാത്രപോയതിൽ എനിക്കേറ്റവും ഇഷ്ടം ദുബായ് യാത്രയാണ്. പ്രോഗ്രാമിന്റെ ഭാഗമായി അമ്പിളിയും ദുബായ് സന്ദർശിച്ചിട്ടുണ്ട്. ഞങ്ങളൊരുമിച്ചുള്ള ദുബായ് യാത്രയാണ് എന്റെ അടുത്ത സ്വപ്ന യാത്ര. നമ്മുടെ നാടിനെ അപേക്ഷിച്ച് ദുബായ്ക്ക് മറ്റൊരു മുഖമാണ്. തിരക്കുള്ള സിറ്റിയാണ്.

അംബര ചുംബികളായ കെട്ടിടങ്ങളും ദീപാലങ്കാരങ്ങളും അവയ്ക്കിടയിൽ പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന ബുർജ് ഖലീഫയും ഷോപ്പിങ്ങ് മാളുകളും മീ‍‌‍‍ഡിയ സിറ്റിയും മൊക്കെയുള്ള ദുബായ് ആദ്യകാഴ്ചയിൽ തന്നെ ആരെയും മോഹിപ്പിക്കും. ദുബായ് സുന്ദരകാഴ്ചകളൊക്കെയും അമ്പിളിയൊടൊത്ത് ആസ്വദിക്കണമെന്നാണ് എന്റെ ആഗ്രഹം.

തണുപ്പറിഞ്ഞ് കൊ‍ടൈക്കനാൽ യാത്ര

"നമ്മുടെ നാട്ടിൽ വേനൽക്കാലം കൊടുമ്പിരിക്കൊള്ളുമ്പോള്‍ കൊടൈക്കനാലിൽ കൊടും തണുപ്പിന്റെ ദിനങ്ങളാരംഭിക്കും. അവധിക്കാലത്ത് മലയാളികള്‍ കൊടൈക്കനാലിലേക്ക് ടൂര്‍ പോകുന്നതിനു കാരണം അതാണല്ലോ കയ്യിൽ നില്‍ക്കുന്ന ചെലവില്‍ രസകരമായ യാത്ര പോകാൻ പറ്റിയയിടമാണ് കൊ‍ടൈക്കനാൽ.  അന്നും ഇന്നും ഇതാണ് കൊടൈക്കനാലിന്റെ ആകർഷണവും. രണ്ടോ മൂന്നോ ദിവസം ചുറ്റിക്കറങ്ങി കണ്ടാസ്വദിക്കാനുള്ള വിശേഷങ്ങൾ ഉള്ളതു കൊണ്ട് മടുപ്പു തോന്നില്ല. തിരക്കുകളൊക്കെയും മാറ്റിവച്ചിട്ട്  മോനെയും അമ്പിളിയെയും കൂട്ടി കൊ‍ടൈക്കനാൽ യാത്ര പേകണമെന്നുണ്ട്.

കൊല്ലത്തിഷ്ടം

എന്റെ നാട് കൊല്ലമായതുകൊണ്ട് അവിടുത്തെ കാഴ്ചകളൊക്കെയും എനിക്കിഷ്ടമാണ്. അടിപൊളി ഭക്ഷണം കിട്ടുന്ന രുചിയിടങ്ങളും കൊല്ലത്തുണ്ട്. മട്ടൻ വിഭവങ്ങൾ ഏറെ ഇഷ്ടമാണ്. നല്ലൊന്നാന്തരം മട്ടൻക്കറിയും വെട്ടുകേക്കും കിട്ടുന്ന എഴുത്താണി ഹോട്ടൽ ഭക്ഷണപ്രേമികളുടെ ഇഷ്ടയിടമാണ്. പാരമ്പര്യത്തനിമയും രുചിയും കോർത്തിണക്കിയ ഇൗ രുചിയിടം എന്റേ ഫേവിറേറ്റാണ്. പിന്നെ ഗുരുപ്രസാദം ഹോട്ടലും അവിടുത്തെ വിഭവങ്ങളും ഒരുപാടിഷ്ടം. 

ഒരു നാടിന്റെ മണവും ആ നാട്ടിലെ കാര്യങ്ങളുമെല്ലാം അറിയുന്നത് വായനയിലൂടെയും ചിത്രങ്ങളിലൂടെയുമാണ്. വായിച്ചറിയുന്ന നാടുകളോട് എപ്പോഴും ഒരാത്മബന്ധം തോന്നാറുണ്ട്. ഒരിക്കലെങ്കിലും അവിടെയൊന്നു പോകണമെന്ന് ആഗ്രഹിക്കാറുമുണ്ട്. നല്ല ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളിലേക്കു യാത്രകൾ പോകാനും ആ സ്ഥലത്തെ ഏറ്റവും രുചികരമായ ഭക്ഷണം തേടിപ്പിടിച്ചു കഴിക്കാനും ഇഷ്ടമാണ്.യാത്രകളെ പ്രണയിക്കുന്ന ഞങ്ങൾക്ക് ഇനിയും ഒരുപാട് ഇടങ്ങളിലേക്ക് ഒരുമിച്ച് യാത്രപോകണമെന്നുണ്ട്. ആഗ്രഹങ്ങളെല്ലാം ഇൗശ്വരൻ സാധിച്ചു തരുമെന്ന് കരുതുന്നു. ആദിത്യൻ പറഞ്ഞു നിർത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com