ADVERTISEMENT

വേഗത്തെ പ്രണയിക്കാം. മഞ്ഞിനെ പുണരാം. ഒപ്പം സഹ്യന്റെ മുകൾക്കാഴ്ചയും കാണാം. ബ്രിട്ടീഷുകാരന്റെ ബോംബെയുടെ സമ്മർ ക്യാപിറ്റൽ ആയിരുന്ന മഹാബലേശ്വറിലേക്ക് ...

Mahabaleshwar1

പുണെയിലെ ഹിൽസ്റ്റേഷൻ ആയ   മഹാബലേശ്വറിലേക്കു ഞങ്ങൾ ബൈക്ക് യാത്രയാണു തിരഞ്ഞെടുത്തത്. മഹാബലേശ്വർ- ഡക്കാൺ പീഠഭൂമിയുടെ റാണി എന്നാണ് അറിയപ്പെടുന്നത് എന്നൊരു കർഷകൻ പറയുന്നു. റാണി എങ്ങനെയാണ് ആൺപേരിൽ അറിയപ്പെടുന്നത് എന്നു തിരിച്ചുചോദിക്കാനുള്ള ഹിന്ദി കൈവശം ഇല്ലാതിരുന്നതുകൊണ്ട് അങ്ങേർ രക്ഷപ്പെട്ടു. 

പറക്കാം പറപറക്കാം

Mahabaleshwar3
മഹാബലേശ്വറിലെ മലമടക്ക്

നീണ്ടു നിവർന്നും വീതിയേറിയും കിടക്കുകയാണ് എൻഎച്ച് 48. ആ  പാതയിലൂടെ പറപറക്കാം. ഞങ്ങളുടെ  യമഹ ആർ വൺ ഫൈവ് തന്നെ നല്ല വേഗമെടുത്താണ് പോകുന്നത്. ഇതിനിടയിൽ സൂപ്പർബൈക്കുകളുടെ സംഘം ചീറിപ്പറന്നു കടന്നു പോകുന്നുണ്ടായിരുന്നു. ഈ വേഗം വായിലെത്തും വരെ മാത്രം. ആരുടെ വായിൽ എന്നാണോ ചോദിക്കുന്നത് 

വായ്

Mahabaleshwar2
വെള്ളച്ചാട്ടത്തിന്റെ തുടക്കം

ഹൈവേയിൽനിന്നു മഹാബലേശ്വറിലേക്കു തിരിയുന്ന സുന്ദരമായ ഗ്രാമമാണു വായ്.  പച്ചപ്പാർന്ന കരിമ്പിൻപാടങ്ങളും കുന്നുകളും. തണലേകാൻ നിറയെ മാന്തോപ്പുകളുമുണ്ട്.  സൽമാൻ ഖാന്റെ ദബാങ് സിനിമയുടെ ലൊക്കേഷൻ എന്നു പറഞ്ഞാൽ കൂടുതൽ മനസ്സിലാകും.

ഇവിടെ ബൈക്കുകൾക്കു വേഗം കുറയും.  വായ് ഗ്രാമം കഴിഞ്ഞാൽ ചുരം കയറിത്തുടങ്ങും. വിശാലമായ കുന്നിൻപരപ്പുകൾക്കരികിലൂടെയാണു റോഡ്.  പാരാഗ്ലൈഡിങ് പോയിന്റുകൾ പലയിടത്തായി അടയാളപ്പെടുത്തിവച്ചിട്ടുണ്ട്. 

ഇനി പഞ്ചഗണി.

Mahabaleshwar5
വെണ്ണത്തടാകം

അഞ്ചുമലകളാൽ ചുറ്റപ്പെട്ട സമതലപ്രദേശം എന്നുതന്നെയാണ് പേരിനർഥം.   മഹാബലേശ്വറിന്റെ പർവതക്കാഴ്ചകളുടെ തുടക്കം ഇവിടെനിന്നാണ്.  വെണ്ണ എന്നുപേരുള്ള തടാകക്കരയിൽ കുതിരസവാരി നടത്താം. വേണമെങ്കിൽ ഒരു ചെറുബോട്ടിങ്ങും ആവാം.   

സ്ട്രോബറികൾക്കു പ്രസിദ്ധമാണ് പഞ്ചഗണി.  നിത്യഹരിതവനങ്ങൾക്കുള്ളിലൂടെയാണ് പഞ്ചഗണിയിൽനിന്നു മഹാബലേശ്വറിലേക്കുള്ള പാത. ഇടതൂർന്നു വളരുന്ന ചെറുമരങ്ങൾ. നല്ല കുളിർമ. വീതികുറഞ്ഞ റോഡ്. ചിലസമയത്ത് മഞ്ഞുമൂടും ഈ പാതയെ. യുവമിഥുനങ്ങൾ  ആ തണുപ്പിലും ഐസ്ക്രീം കഴിച്ചു നടന്നുപോകുന്നു. സ്ട്രോബറിക്കൂടകളുമായി വല്യമ്മമാർ യാത്രികരെ നോക്കിനിൽക്കുന്നു. ഹിൽസ്റ്റേഷന്റെ എല്ലാ മട്ടും ഭാവവും ഈ പാതയിൽനിന്നുതന്നെ അനുഭവിക്കാം. 

മഹാബലേശ്വരനു മുന്നിൽ

സമുദ്രനിരപ്പിൽനിന്ന് ആയിരത്തിമുന്നുറ്റി എഴുപത്തിരണ്ട് മീറ്റർ ഉയരത്തിൽ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണു മഹാബലേശ്വർ. മഹാബലവാനായ ഈശ്വരൻ എന്നുതന്നെ അർഥം. ഛത്രപതി ശിവജിയുടെ വീരേതിഹാസങ്ങൾക്കു സാക്ഷ്യം വഹിച്ച മഹാബലേശ്വർ പിന്നിട് ബ്രിട്ടീഷുകാരുടെ കീഴിലായി. മാൽക്കം പീഠ് എന്ന ചെറിയ അങ്ങാടിയിലെ കൊളോണിയൽ ശൈലിയിലുള്ള കെട്ടിടങ്ങൾ ഇതു സൂചിപ്പിക്കുന്നു. 

Mahabaleshwar6

ബ്രിട്ടിഷ് ഭരണകാലത്ത് ബോംബെ പ്രൊവിൻസിന്റെ വേനൽക്കാല തലസ്ഥാനം  ആയിരുന്നു മഹാബലേശ്വർ. മാൽക്കം പീഠ്, പഴയ മഹാബലേശ്വർ, ഷിൻഡോല വില്ലേജിന്റെ ചില ഭാഗങ്ങൾ എന്നിവയടങ്ങിയതാണ് മഹാബലേശ്വർ പട്ടണം. അഞ്ചുനദികൾ ഇവിടെനിന്നുദ്ഭവിക്കുന്നുണ്ട്. കൃഷ്ണാനദി ഒരുദാഹരണം. 

പേരിനു പിന്നിൽ

പണ്ടു പണ്ട്, മഹാബലി എന്നൊരു ശിവഭക്തനായ അസുരനോട് വിഷ്ണു യുദ്ധം ചെയ്തു. പക്ഷേ ഫലമുണ്ടായില്ല. അതിനാൽ വിഷ്ണു ശിവനെയും കൂട്ടി യുദ്ധത്തിനു ചെന്നു. എന്നാൽ ശിവഭക്തനായ മഹാബലി ശിവനോടു യുദ്ധം ചെയ്തില്ല. പകരം തന്റെ പേര് ദേവകളുടെ പേരിൽ ഉൾപ്പെടുത്തണം എന്നുപറഞ്ഞു മരണം വരിച്ചു. അങ്ങനെ മഹാബലേശ്വരനെ ഇവിടെ കുടിയിരുത്തി. നമ്മുടെ മഹാബലി പാതാളത്തിലും ഈ മഹാബലി അങ്ങു മലമുകളിലും…

കൽക്ഷേത്രമാണ് മഹാബലേശ്വറിൽ. ഭജനയ്ക്കു ഡ്രം കൊട്ടാനായി ഒരു യന്ത്രമുണ്ടാക്കിയതു കൗതുകമാണ്.

ക്ഷേത്രം കണ്ടുകഴിഞ്ഞാൽ പിന്നെ പശ്ചിമഘട്ടത്തിന്റെ വ്യൂപോയിന്റുകളിലേക്കു കണ്ണുതിരിക്കാം.  മലമടക്കുകളും താഴ് വാരങ്ങളും ഒരു വിമാനത്തിൽനിന്നു താഴേക്കു നോക്കിയാലെന്നവണ്ണം ഈ വ്യൂപോയിന്റുകളിൽനിന്നു കാണാം. ആർതർ സ്ട്രീറ്റ് പോയിന്റ് കുടുംബം നഷ്ടപ്പെട്ട ആർതർ സായിപ്പിന്റെ ഓർമയ്ക്കാണത്രേ. കാസിൽറോക്ക്,  മങ്കിപോയിന്റ്, എലിഫന്റ് പോയിന്റ് എന്നിവയാണു അടുത്ത കാഴ്ചകൾ.

പ്രതാപ് ഘട്ട്, ലിംഗമല വെള്ളച്ചാട്ടം എന്നിവ കൂടി കാണാം. വെള്ളച്ചാട്ടം എന്നു പറയത്തക്ക വെള്ളമൊന്നും വേനലാകുമ്പോൾ ഇവിടെയുണ്ടാകില്ല. എങ്കിലും ഒരു വെള്ളച്ചാട്ടത്തിന്റെ തുടക്കത്തിൽ നമുക്കു നിൽക്കാം. അങ്ങകലെ മടക്കുകളായി താഴ്വാരത്തിൽ പ്രകാശം വീഴുന്നതും ആസ്വദിക്കാം.  വലിയ സുരക്ഷാസംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ലാത്തതിനാൽ യാത്രികർ തന്നെ സ്വന്തം സുരക്ഷ നോക്കണം. 

മഹാരാഷ്ട്രയിൽ പുണെ നഗരത്തിൽനിന്നു എത്തിപ്പെടാവുന്ന ഏറ്റവും നല്ല ലൊക്കേഷനുകളിൽ പ്രധാനപ്പെട്ടതാണ് മഹാബലിപുരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com