ADVERTISEMENT
himalayam-trip-new1

ഹിമാലയത്തിലേക്കുള്ള നാലാമത്തെ യാത്രയായിരുന്നു കഴിഞ്ഞ ഓണക്കാലത്ത് നടത്തിയത്. മണാലിക്കും ഉത്തരാഖണ്ഡ‍ിനും നോർത്ത് ഈസ്റ്റിലെ തവാങ്ങിനും ശേഷം കശ്മീരിലെ ലേയിലേക്ക്. ഹിമാലയൻ പർവത നിരകളുടെ ഭാഗമായ സ്റ്റോക് കാങ്ഗ്രി (Stok Kangri) യിലേക്ക് ട്രെക്ക് ചെയ്യണം. ലേയിലും പങ്കോങ്ങിലും നുബ്ര വാലിയിലും കറങ്ങി നടക്കണം. സമുദ്രനിരപ്പിൽ നിന്നും 20187 അടി ഉയരം. ഇന്ത്യയിൽ സാധ്യമായതിൽ വച്ച് ഏറ്റവും ഉയരം കൂടിയ ട്രെക്കിങ്.

വാട്സ് ആപ്പിൽ മിഷൻ Stock Kangri എന്ന ഗ്രൂപ്പ് ഉണ്ടാക്കി. തുടക്കത്തിൽ ഇരുപതോളം പേർ ഉണ്ടായിരുന്നെങ്കിലും ഒടുവിൽ 14 പേർ ബാക്കിയായി. 11 പേർ കേരളത്തിൽ നിന്ന് പുറപ്പെട്ടു. വയനാട് സ്വദേശി ബാലു മുംബൈയിൽ നിന്നും നിലമ്പൂരിൽ നിന്നുള്ള ലിജോ ദുബായിൽ നിന്നും ആലപ്പുഴക്കാരൻ വിജേഷ് ഓസ്ട്രേലിയയിൽ നിന്നും ഡൽഹി വഴി, ലേയിൽ വച്ച് ഞങ്ങളോടൊപ്പം ചേർന്നു.

himalayam-trip-new3

ഓഗസ്റ്റ് 15 നായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. കേരളത്തിലെ ഡാമുകൾ തുറക്കുകയും പ്രളയം ഏറ്റവും ഭീകരരൂപം കൊള്ളുകയും ചെയ്ത ദിവസം. നെടുമ്പാശേരി എയർപോർട്ട് അടച്ചു എന്ന വാർത്തയാണ് രാവിലെ ഫോണിലും ടിവിയിലും. അന്ന് രാത്രി എട്ടുമണിക്കാണ് മുംബൈയിലേക്കുള്ള ഫ്ലൈറ്റ്. സ്ഥിരമായി ഗ്രൂപ്പ് ടിക്കറ്റുകൾ ചെയ്തു തരാറുള്ള ദിലീപ് പെട്ടെന്നാണ് മെസ്സേജ് തന്നത്, രണ്ടു മണിക്ക് കരിപ്പൂരിൽ നിന്ന് മൂംബൈക്കുള്ള ഫ്ലൈറ്റിന് ടിക്കറ്റ് റെഡി.

യുദ്ധകാലാടിസ്ഥാനത്തിലായി പിന്നെ കാര്യങ്ങൾ. മലപ്പുറത്തു നിന്ന് അലിയും തൻസീറും കോഴിക്കോട് നിന്ന് ജഗദീഷും പെരിന്തൽമണ്ണയിൽ നിന്ന് ഞാനും ഒരുവിധം എയർപോർട്ടിൽ എത്തി ഫ്ലൈറ്റിൽ കയറിക്കൂടി. തൃശൂരിൽ നിന്ന് പുറപ്പെട്ടു വന്നെങ്കിലും സ്വാമിക്കും സംഗീതയ്ക്കും ഫ്ലൈറ്റ് മിസ്സായി. അവർ ചെന്നൈ വഴി വന്നു. തിരുവനന്തപുരത്തു നിന്ന് ബുക്ക് ചെയ്തിരുന്ന അതുലും റോസും മാത്രമാണ് ബുദ്ധിമുട്ടുകളില്ലാതെ മുംബൈയിൽ എത്തിയത്. ടീം ലീഡർ ലാരിയും സുഹൃത്ത് സന്തോഷും ബംഗളൂരു വഴിയും സദൻ കോയമ്പത്തൂർ വഴിയും എത്തി. എല്ലാവരും ലേയിൽ ഒത്തു ചേർന്നു. 

ലേയിലെ വെയിൽ... 

himalayam-trip-new4

മുംബൈയിൽ നിന്നു രാവിലെ  അഞ്ചു മണിക്കു പുറപ്പെട്ട ഫ്ലൈറ്റ് ഏഴു മണിക്ക് ലേയിൽ എത്തിയപ്പോൾ നല്ല വെയിൽ. സമുദ്ര നിരപ്പിൽ നിന്നു 11500 അടി ഉയരത്തിൽ ലേ പട്ടണം. വർഷത്തിൽ ഏഴു മാസത്തിലേറെ മഞ്ഞും തണുപ്പുമായി കിടക്കുന്നിടം. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങൾ ടൂറിസ്റ്റ് ട്രെക്കിങ് സീസണാണ്. വിദേശികളും ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരുമായി ധാരാളം ആളുകൾ. ലേയിൽ തന്നെയുള്ള ബിമ്‍ല ലോഡ്ജിൽ ആണ് മുറി ബുക്ക് ചെയ്തത്. മൂന്നു പേർക്ക് താമസിക്കാവുന്ന മുറിക്ക് 1000 രൂപ വാടക. പകൽ നല്ല ചൂടായിരുന്നു. വർഷത്തിൽ നല്ലൊരു ഭാഗവും ആളനക്കമില്ലാതെ കിടക്കുന്ന ഒരിടമാണെന്ന് തോന്നിപ്പിക്കാത്ത വിധമുള്ള തിരക്ക്. രാത്രിയിലും തണുപ്പ് കുറവായിരുന്നു. 

ഓഗസ്റ്റ് 16 നും 17 നും വിശ്രമം. വൈകുന്നേരങ്ങളിൽ ലേയുടെ തെരുവുകളിലൂടെ അലഞ്ഞു നടന്നു. 18 ന് രാവിലെ പതിനാലു പേർക്ക് സഞ്ചരിക്കാവുന്ന ട്രാവലർ ബുക്ക് ചെയ്തിരുന്നു. നുബ്ര വാലി, പാങ്കോങ് തടാകം, തുർതുക് എന്നിവിടങ്ങളിലേക്ക് നാലു ദിവസത്തെ യാത്രയാണ്  പ്ലാൻ ചെയ്തത്. 18 നു രാവിലെ നുബ്ര വാലിയിലേക്ക് പുറപ്പെട്ടു.

ഹിമാലയൻ കാഴ്ചകൾ

ഹിമാലയൻ മലഞ്ചെരിവുകളിലൂടെയും താഴ്‍വരകളിലൂടെയുമുള്ള യാത്രയാണ് നുബ്രയിലേക്ക്. വരണ്ടുണങ്ങി കിടക്കുന്ന പ്രദേശങ്ങൾ. പച്ചപ്പുകൾ കാണാനേയില്ല. അങ്ങോട്ടുള്ള വഴിയിലാണ് കർദുങ് ലാ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ, ഗതാഗത യോഗ്യമായ റോഡുകളിൽ തിരക്കായിരുന്നു അവിടെ. മഞ്ഞു പെയ്യുന്നുണ്ടായിരുന്നു. പാസ് കടന്ന് 30 കിലോ മീറ്റർ കൂടി യാത്ര ചെയ്താൽ കർദുങ് ഗ്രാമത്തിൽ എത്തും. അവിടെയായിരുന്നു ഉച്ചഭക്ഷണം. 

himalayam-trip-new5

തുടർന്ന് കാൽസാർ, സുമുർ, പനാമിക്, വാർഷി, ദിസ്തിക് എന്നീ പ്രദേശങ്ങളിലൂടെ യാത്ര ചെയ്ത് നുബ്ര വാലിയിലെ ഹൻഡറി (Hunder) ൽ എത്തി. ഇവിടെ ടെന്റുകളിലാണ് താമസിച്ചത്. യാത്രാക്ഷീണത്താൽ എല്ലാവരും നേരത്തെ കിടന്നുറങ്ങി പൗർണമി അടുത്തതു കൊണ്ട് ഹിമാലയൻ താഴ്‍വാരം നിലാവിൽ കുളിച്ചു നിന്നു. 

പിറ്റേന്നു രാവിലെ തുർതുർക്കിയിലേക്ക് പുറപ്പെട്ടു. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന റോഡുകളിലൂടെ 100 കിലോമീറ്ററോളം യാത്ര ചെയ്ത് പച്ചപ്പുകൾ നിറഞ്ഞ, ആപ്പിളും ആപ്രിക്കോട്ടും വിളഞ്ഞു നിൽക്കുന്ന തുർതുക്കിൽ എത്തി. ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ഷായോക് (shayok) നദിയുടെ തീരത്താണ് ഈ ഗ്രാമം. അവിടെ നിന്നും 12 കിലോമീറ്റർ കൂടി പോയി താങ്ങിൽ (Thang) എത്തി. പാകിസ്ഥാൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഇന്ത്യയിലെ അവസാന ഗ്രാമമാണ് താങ്. ചുറ്റും കാണുന്ന പർവത നിരകൾ ഇന്ത്യയും പാക്കിസ്ഥാനും പങ്കുവയ്ക്കുന്നവയാണ്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പട്ടാളക്കാർ ആ പ്രദേശത്തെക്കുറിച്ച് പറഞ്ഞു തന്നു. നേരെ മുന്നിൽ കാണുന്ന മലയിലായി പാക്കിസ്ഥാൻ പട്ടാളക്കാരുടെ ബങ്കറുകൾ കാണാം. ബൈനോക്കുലറിലൂടെ നോക്കിയാൽ മലമുകളിൽ പാക്കിസ്ഥാന്റെ ദേശീയ പതാകയും. You are enemy's observation  എന്നെഴുതിയ പാറക്കെട്ടിനു സമീപം നിൽക്കുമ്പോൾ ഭയം തോന്നി. വർഷത്തിൽ ആറുമാസം മഞ്ഞുമൂടിക്കിടക്കുന്ന ആ മലനിരകളില്‌, ബങ്കറുകൾക്കുള്ളിൽ ആറുമാസത്തേക്കുള്ള ഭക്ഷണം കരുതി വച്ച് ജീവിക്കുന്ന പട്ടാളക്കാരെക്കുറിച്ച് കേട്ടപ്പോൾ അവരോടുള്ള ആദരവും രാജ്യസ്നേഹവും ഉള്ളിൽ നിറഞ്ഞു. 

അവിടെ നിന്ന് ഉച്ച കഴിഞ്ഞു തിരിച്ചു. വൈകിട്ടത്തോടെ ഹൻഡ‍റിൽ എത്തി. ഇവിടത്തെ മണലാരണ്യങ്ങൾ പ്രശസ്തവും മനോഹരവുമാണ്. ആ വൈകുന്നേരം മണലിൽ ചെലവഴിച്ചു. രണ്ടു കൂനുള്ള ഒട്ടകങ്ങളുടെ പുറത്തിരുന്നുള്ള സഫാരി ഇവിടെയുണ്ട്. മൃഗങ്ങളെ ഉപദ്രവിക്കാൻ താൽപര്യമില്ലാത്തതിനാൽ ആരും സഫാരിക്ക് തയാറായില്ല. 

ഓഫ് റോഡ് ചെയ്ത്  പാങ്കോങ്ങിൽ

നുബ്രയിൽ നിന്നും പാങ്കോങ് തടാകം കാണാനുള്ള യാത്രയാണ് അടുത്ത ദിവസം. ഷയോക്ക് നദിയുടെ തീരത്തിലൂടെ യാത്ര െചയ്ത് പാങ്കോങിൽ പോകാമെന്നായിരുന്നു ഡ്രൈവറുടെ നിർദേശം. നദീതീരത്തിലൂടെയും ചിലയിടത്ത് നദിയിലൂടെയാണ് 210 കിലോമീറ്റർ യാത്ര. അകലങ്ങളിൽ മഞ്ഞുരുകി പുഴയിൽ വെള്ളം കയറിയാൽ യാത്ര മുടങ്ങും. മണ്ണിടിഞ്ഞു വീഴാനും സാധ്യതയുള്ള റോഡ് ആണത്. ഹിമാലയത്തിൽ ഓഫ് റോഡ് യാത്രയുടെ ത്രിൽ അന്നാണ് അറിഞ്ഞത്. 

himalayam-trip-new6

സമുദ്രനിരപ്പിൽ നിന്നും 14270 അടി ഉയരത്തിൽ മൂന്നിലൊന്ന് ഭാഗം ഇന്ത്യയിലും ബാക്കി ചൈനയിലുമായി കിടക്കുന്ന, 135 കിലോമീറ്റർ നീളവും അഞ്ചു കിലോമീറ്റർ വീതിയുമുള്ള ഉപ്പു തടാകമാണ് പാങ്കോങ്. മലയിറങ്ങി െചല്ലവേ കുറേ ദൂരെ നിന്ന് തന്നെ കാണാം നീലയുടെയും പച്ചയുടെയും പല ഷേഡുകളില്‍ പാങ്കോങ്. ജീവിക്കുന്ന കാലത്തോളം മറന്നു പോകാത്തത്ര മനോഹരമാണ് പാങ്കോങ്ങിന്റെ ആദ്യ കാഴ്ച. ഉപ്പുവെള്ളം ആയിരുന്നിട്ടു കൂടി, മഞ്ഞുകാലത്ത് ഉറഞ്ഞ് വെള്ള നിരത്തിലായിരിക്കും തടാകമെന്ന് ഫെബ്രുവരിയിൽ പാങ്കോങ് കണ്ട അനുഭവം ഫൊട്ടോഗ്രാഫർ അലി പങ്കുവച്ചു, 

ദൂരെ മലനിരകളിൽ മഴ പെയ്യുന്നതു പോലെ തോന്നിക്കുകയും അവിടെ തടാകത്തിന്റെ കാഴ്ച മുറിഞ്ഞു പോവുകയും ചെയ്തു. തടാക തീരത്ത് ഒരു ഹോംസ്റ്റേ ആണ് കിട്ടിയത്. നിലാവിൽ, വെള്ളി വെളിച്ചത്തിൽ തടാകത്തിലെ ജലം തിളങ്ങി. പാങ്കോങ്ങിൽ നിന്ന് പിറ്റേന്ന് പ്രഭാത ഭക്ഷണത്തിന് ശേഷം ലേയിലേക്ക് തിരിച്ചു, വൈകിട്ടോടെ ലേയിൽ എത്തി. നാലു ദിവസത്തെ യാത്രയ്ക്കൊടുവില്‍ റൂമിലെത്തി എല്ലാവരും വിശ്രമിച്ചു. 

രണ്ടു ദിവസം കഴിഞ്ഞാൽ ട്രേക്കിങ് തുടങ്ങും.Trek the Himalayas എന്ന കമ്പനിയാണ് ട്രെക്ക് അറേഞ്ച് ചെയ്തിരിക്കുന്നത്. TTH ൽ നിന്നും പവൻ, മീനാക്ഷി, ദിലീപ് എന്നീ ട്രെക്ക് ലീഡേഴ്സ് വന്ന് ട്രെക്കിങ്ങിന്റെ വിശദാംശങ്ങൾ സംസാരിച്ചു പോയി. എല്ലാവരും Stock Kangri യിലേക്ക് നടന്നു കയറുന്ന സ്വപ്നങ്ങൾ കണ്ടു. 22 ന് ലേയിലെ കൊട്ടാരവും Hall ഓഫ് Fame എന്ന war മെമ്മോറിയലും മൂന്നു നദികളുടെ സംഗമവും കാണാൻ പോയി. വഴിയിലൊരു ഗുരുദ്വാരയിലെ അന്നദാനം ഉച്ചഭക്ഷണമാക്കി. 

ട്രെക്കിങ് തുടങ്ങുന്നു.....

ഓഗസ്റ്റ് 23 ന് രാവിലെ എട്ടിന് വാനിൽ 15 കിലോമീറ്റര്‍ അകലെയുള്ള സ്റ്റോക് വില്ലേജിലേക്ക് പുറപ്പെട്ടു. അവിടെ നിന്നാണ് ട്രെക്കിങ് തുടങ്ങുന്നത്. െബംഗളൂരുവിൽ നിന്ന് ട്രെക്കിങ്ങിന് തയാറായി വന്ന രണ്ടു പേരും ഒരു വിദേശ വനിതയും ഞങ്ങളൊടൊപ്പം ചേർന്നു. ഗൈഡ് ചെയ്യാനായി അഞ്ചു പേർ, ഭക്ഷണമുണ്ടാക്കാനും മറ്റു ജോലികൾക്കുമായി അഞ്ചു പേർ, ടെന്റും മറ്റ് അവശ്യസാധനങ്ങളും കൊണ്ടു പോകാൻ പതിനഞ്ചോളം കോവർ കഴുതകൾ.....നടപ്പ് ആരംഭിച്ചു. 

ആദ്യ ദിവസത്തെ ക്യാംപ്, 13000 അടി ഉയരത്തിലുള്ള ചാങ് മാ (Chang Ma) യിലേക്ക് അഞ്ചര കിലോമീറ്റർ ദൂരമുണ്ട്. പുഴയോരത്തിലൂടെയും ചിലയിടത്ത് പുഴ മുറിച്ചു കടന്നുമുള്ള നടത്തം. പുഴയുടെ തീരത്താണ് മൂന്നു ക്യാംപും. രണ്ടു മണിയോടെ ചാങ് മായിൽ എത്തി. ടെന്റുകൾ അടിച്ചു. അടുക്കള ജോലിക്കാർ പെട്ടെന്ന് തയാറാക്കിയ ഭക്ഷണം കഴിച്ച് വിശ്രമിച്ചു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ വേണ്ടി, വൈകിട്ട് തൊട്ടടുത്തുള്ള മലയുടെ മുകളിൽ കയറിയിറങ്ങി. പകൽ ചൂടായിരുന്നു. അഞ്ചു മണിയോടെ തണുപ്പ് തുടങ്ങി. രാത്രിയിൽ തണുപ്പ് കഠിനമായി. 

രണ്ടാം ദിവസം ചാങ്മയിൽ നിന്ന് പുഴയോരത്തൂടെ മൂന്നര കിലോമീറ്റർ നടന്ന് ഉച്ചയോടെ 14300 അടി ഉയരത്തിലുള്ള മാൻകോർമാ (Mankorma)യില്‍ എത്തി ടെന്റടിച്ചു. മൂന്നാം ദിവസം നാല് കിലോമീറ്റർ നടന്ന് സ്റ്റോക് കാങ്ഗ്രിയുടെ ബേസ് ക്യാംപിൽ എത്തി. അവിടെ അൻപതോളം ടെന്റുണ്ട്. സ്റ്റോക് ഇറങ്ങി വന്നവരും അന്നു സ്റ്റോക്കിലേക്ക് പോകുന്നവരും പിറ്റേന്ന് ഞങ്ങളോടൊപ്പം വരുന്നവരുമൊക്കെ ആ ടെന്റുകളിലുണ്ട്. രാത്രിയാകും തോറും തണുപ്പ് കൂടിക്കൂടി വന്നു. കൊടും തണുപ്പിൽ അരുവിയിലെ വെള്ളം ഉറഞ്ഞു പോയിരുന്നു. 

നാലാം പകൽ ബേസ് ക്യാംപിൽ വിശ്രമമായിരുന്നു. രാത്രി ഒൻപതു മണിക്കാണ് സ്റ്റോക്കിലേക്കുള്ള അവസാന കയറ്റം. ഹെൽമറ്റും ക്രാംപ് ഓണും ഹാർനെസ്സും ഉപയോഗിച്ച് പകൽ പരിശീലനം നടത്തി. നന്നായി ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും വിശ്രമിക്കാനുമുള്ള നിർദേശം കിട്ടി. ബേസ് ക്യാംപിൽ നിന്ന് ഏഴു കിലോമീറ്റർ നടക്കണം. സ്റ്റോക്കിന്റെ മുകളിലെത്താൻ. 16000 അടിയിൽ നിന്ന് 20180 അടി ഉയരത്തിലേക്കുള്ള അതികഠിനമായ ട്രെക്കിങ്. ഒൻപതു മണിക്കൂർ കൊണ്ട് ഏഴു കിലോമീറ്റർ നടന്നാൽ രാവിലെ ആറു മണിയോടെ സ്റ്റോക്കിന്റെ മുകളിൽ ചെല്ലാം.   

ആത്മവിശ്വാസം അമിതമാവരുത്

ആത്മവിശ്വാസത്തോടെ ഞങ്ങൾ സ്റ്റോക്കിന് മുകളിലേക്ക്. പതിനാലിൽ ഒൻപതും പേർ ട്രെക്കിങ്ങിന്റെ പല ഘട്ടങ്ങളിൽ തിരിച്ചിറങ്ങി. കഠിനമായ തണുപ്പും വളരെ കുറഞ്ഞ അളവിലുള്ള ഓക്സിജനും എല്ലാവരെയും കഷ്ടപ്പെടുത്തി. നെഞ്ചു വേദനിക്കും വിധം ശ്വാസ തടസ്സം തോന്നിയതിനാൽ ആദ്യം തിരികെ പോന്നവരുടെ ഒപ്പം ഞാനുമിറങ്ങി. കൂട്ടത്തിൽ അഞ്ചു പേർ ഗ്ലേസിയർ കടന്ന്, ഷോള്‍‍ഡർ കയറി, സ്റ്റോക്കിനെ കീഴടക്കി. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ഇളകാത്ത മനക്കരുത്തും ഉണ്ടെങ്കിൽ ഏതുയരവും കീഴടക്കാം എന്നവർ തെളിയിച്ചു. ആദ്യമായി ഹിമാലയത്തിൽ പോകുന്ന 24 വയസ്സുകാരൻ തൻസീറും 57 വയസ്സുള്ള സദൻ സാറും അതിനുള്ള ഉദാഹരണങ്ങളായി. 

തരിച്ചിറങ്ങിയവർ 18,000 19,000 അടി വരെയൊക്കെ എത്തിയതിന്റെ സന്തോഷം പങ്കുവച്ചു. സ്റ്റോക്കിനെ നിസാരമായി കണ്ടതും അമിത ആത്മവിശ്വാസവുമൊക്കെ എനിക്കടക്കം പലർക്കും വിനയായി. സ്വപ്നങ്ങൾ അവസാനിക്കുന്നില്ല. ഒരിക്കൽ കൂടി സ്റ്റോക് കയറാൻ എത്തുമെന്നും മിക്കവരും തീരുമാനിച്ചു. കൊടുമുടിയിൽ എത്തിയവർ പിറ്റേന്ന് ഉച്ചയോടെ തിരിച്ചെത്തി. രാത്രിയിൽ പതിവിലുമേറെ തണുപ്പും മഞ്ഞുമായിരുന്നു. ആറാം ദിവസം, ഓഗസ്റ്റ് 28 ന് രാവിലെ ലേയിലേക്ക് തിരിച്ചു നടക്കാൻ തുടങ്ങി.

മൂന്നു ദിവസം നടന്ന വഴികൾ ഒറ്റ ദിവസം കൊണ്ട് തിരിച്ചു നടക്കണം. ചാങ്മായിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച്, വൈകുന്നേരത്തോടെ സ്റ്റോക് വില്ലേജിൽ എത്തി. കാത്തു നിന്നിരുന്ന വാഹനങ്ങളിൽ ലേയിലേക്ക് മടങ്ങി. ഓഗസ്റ്റ് 29 ന് വിശ്രമവും ഷോപ്പിങ്ങുമായി കഴിഞ്ഞു. അന്നാണ് 14 ദിവസമായി അടച്ചിട്ടിരുന്ന നെടുമ്പാശ്ശേരി എയർപോർട്ടിൽ വീണ്ടും വിമാനമിറങ്ങിയത്.

അതിനടുത്ത ദിവസമായിരുന്നു ഞങ്ങളുടെ മടക്കയാത്ര. രാവിലെ നേരത്തെ തന്നെ ലേ എയർപോർട്ടിൽ എത്തി. ഉച്ചക്ക് ശേഷം വീശിയേക്കാവുന്ന കാറ്റു കാരണം രാവിലെ 11 മണിക്ക് മുൻപാണ്, ലേയിലെ Kushok Bakula Rimpochee Airport ൽ വരുന്നതും പോകുന്നതുമായ എല്ലാ വിമാനങ്ങളുടെയും സമയം. 30 ന് വൈകുന്നേരം ആറു മണിക്ക് നെടുമ്പാശേരിയിൽ ഇറങ്ങി. പ്രളയമോ വെള്ളപ്പൊക്കമോ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ എയർപോർട്ട്. 

തിരികെ വീട്ടിലെത്തി അഞ്ചു ദിവസം കഴിഞ്ഞിട്ടും ഹിമാലയൻ വിഭ്രാന്തി വിട്ടു പോയില്ല. ഉറങ്ങിയുണരുമ്പോൾ ലേയിലെ ഹോട്ടൽ മുറിയിലാണോ, ടെന്റിലാണോ, വീട്ടിലാണോ എന്നു തിരിച്ചറിയാൻ സമയമെടുത്തു. പതുക്കെ യാഥാർഥ്യങ്ങളിലേക്ക് മടങ്ങി. ഹിമാലയമൊരു വിസ്മയ കാഴ്ചയാണ്. നാടിനെയും വീടിനെയും മറവിയിലാഴ്ത്തുന്ന ഭ്രമം. 

ചിത്രങ്ങൾ : അലി മലപ്പുറം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com