ADVERTISEMENT

അതു വേറിട്ടൊരു യാത്രയായിരുന്നു. അട്ടപ്പാടിയിലൂടെ ഊട്ടിയിലേക്ക്. ഗതാഗതകുരുക്കുകളില്ല. അന്തരീക്ഷ മലിനീകരണമില്ല. നീലഗിരി മലനിരകളുടെ ഗരിമ, ശാന്തി, സൗന്ദര്യം... സമുദ്ര നിരപ്പിൽനിന്ന് 500 മുതൽ 2500 മീറ്റർവരെ ഉയരമുള്ള ചെങ്കുത്തായ ഈ മലനിരകളിൽ ഏതുകാലത്തും കാഴ്ചയുടെ വസന്തമാണ്... അട്ടപ്പാടി മലനിരകളിൽ മഞ്ഞുപെയ്തു തുടങ്ങിയിരിക്കുന്നു. രണ്ടുമാസം മുൻപത്തെ മഴയിൽ കൂലംകുത്തിയൊഴുകിയിരുന്ന ഭവാനിപ്പുഴ ഇപ്പോൾ ശാന്തമാണ്. പശ്ചിമഘട്ട മലനിരകളിൽ വിനോദസഞ്ചാര കാലം സജീവമാവുകയാണ്. 15 ഡിഗ്രിക്കു താഴേക്കു താപനില താഴ്ന്നു തുടങ്ങി. യാത്ര മുന്നേറുമ്പോഴേക്കും അതിൽ ഇനിയും കുറവുവരും. 

യാത്രയുടെ ആരംഭം

attapadi-to-ooty-trip

പാലക്കാടുനിന്നു നൊട്ടൻമല വളവു കഴിഞ്ഞാൽ മണ്ണാർക്കാടായി. നെല്ലിപ്പുഴയിൽനിന്നു വലത്തേക്കു തിരിഞ്ഞപ്പോഴേക്കും മേഘപാളികളുടെ തിരശീല മാറ്റി പശ്ചിമഘട്ടം ഒരു വിദൂര ദർശനം നൽകി മറഞ്ഞു. അട്ടപ്പാടി ചുരം റോഡു തുടങ്ങുകയായി. അടിക്കാടുകൾ നിറഞ്ഞ കൊടുംവളവുകൾ. വഴിയരികിൽ ചില വ്യൂ പോയിന്റുകളുണ്ട്. പകലിലും കോടമഞ്ഞിറങ്ങുന്ന ഇവിടെ സെൽഫിയെടുക്കുന്നവരുടെ തിരക്കാണ്. വഴിയിലുടനീളം വാനരന്മാരുമുണ്ട്.

മുക്കാലിയിലാണു വളവുകൾ അവസാനിച്ചത്. 27 കൊടുംവളവുകൾ പിന്നിട്ടു കഴിഞ്ഞിരുന്നു. പശ്ചിമഘട്ടത്തിന്റെ നിഗൂഢ സൗന്ദര്യം ആവാഹിച്ചു നിൽക്കുന്ന നിശ്ശബ്ദ താഴ്‍‌വരയായ സൈലന്റ് വാലിയിലേക്കുള്ള യാത്ര തുടങ്ങുന്നത് ഇവിടെനിന്നാണ്. (വനംവകുപ്പിന്റെ ചെക് പോസ്റ്റിൽനിന്നു പാസെടുത്താൽ അവരുടെ വാഹനത്തിൽ അവിടേക്കു പോകാം. കാനന പാതയാണത്. ഹൃദയഹാരിയായ സൈരന്ധ്രിയിലേക്ക് വനത്തിലൂടെ 23 കിലോമീറ്റർ‌ യാത്രയുണ്ട്.

ഭവാനിപ്പുഴയുടെ തീരങ്ങളിൽ

മുക്കാലിയിൽനിന്നു മുന്നോട്ടു പോയാൽ താവളമായി. കാട്ടാനകളിറങ്ങുന്ന ഈ പ്രദേശം കൃഷിഭൂമിയാണ്. കുടിയേറ്റ കർഷകരുടെ അധ്വാനത്തിന്റെ വികാസം താവളത്തെ ഒരു നഗരമാക്കി വികസിപ്പിച്ചിട്ടുണ്ട്. എങ്കിലും പൂർവജന്മ സ്മൃതികളുമായി ഈ ആനത്താരയിലൂടെ ഇപ്പോഴും കാട്ടാനക്കൂട്ടം ഇവിടേക്കു വന്നുകൊണ്ടിരിക്കുന്നു. താവളം ജംക്‌ഷനിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞാൽ ഊട്ടിയിലേക്കുള്ള വഴിയായി. ഭവാനിപ്പുഴയുടെ തീരത്തുകൂടെയുള്ള യാത്രയാണ്. വഴി പുതൂരിലെത്തിച്ചേരും. പുതൂരിനു സമീപത്തെ രംഗനാഥപുരത്തുവച്ചു വരഗയാർ ഭവാനിപ്പുഴയിൽ സംഗമിക്കുന്നു. അപ്പർ ഭവാനിയിൽനിന്ന് ഒഴുകിവരുന്ന വരഗയാറിന്റെ ഒഴുക്ക് തമിഴ്നാട് അണകെട്ടിയപ്പോൾ നിലച്ചു പോയതാണ്. എങ്കിലും മഴക്കാലത്തു വരഗയാർ ഊർജം ആവാഹിച്ചു ഭവാനിയിലേക്കു വരും. കുറച്ചു ദൂരെയുള്ള ചാവടിയൂർ പാലത്തിൽനിന്നു ഭവാനിയുടെ സൗന്ദര്യം പൂർണമായി കാണാം. കാലവർഷക്കാലത്ത് പുഴയുടെ ഉഗ്ര താണ്ഡവത്തിൽ ഈ പാലം മുങ്ങിപ്പോകുന്ന സ്ഥിതിയുമുണ്ട്.

മുള്ളിയിലേക്ക്

attapadi-to-ooty-trip3

കേരളത്തിനും തമിഴ്നാടിനും അതിരിടുന്നത് മുള്ളിയാണ്. ചാവടിയൂരിൽനിന്ന് 14 കിലോമീറ്റർ അകലെയാണ് മുള്ളി ചെക്പോസ്റ്റ്. ചുവപ്പും റോസും നിറത്തിലുള്ള കൊഴിഞ്ഞിപ്പൂക്കൾ റോഡരികിൽ താലമേന്തി നിൽക്കുന്നു. ടാറിട്ട റോഡിലൂടെയുള്ള യാത്ര സുഗമമാണ്. മുള്ളിയിലെ പൊലീസ് ചെക്പോസ്റ്റിൽ റിപ്പോർട്ടു ചെയ്ത ശേഷമേ മുന്നോട്ടു പോകാനാകൂ. തമിഴ്നാട് സർക്കാരിന്റെ വകയായും ഒരു ചെക്പോസ്റ്റുണ്ട്. കർശന പരിശോധനകൾക്കു ശേഷമേ മുന്നോട്ടു പോകാനാകൂ. തമിഴ്നാടിന്റെ സിസിടിവി ക്യാമറകളെ വെട്ടിച്ചു കടക്കുക സാധ്യമല്ല.

തമിഴ്നാടിന്റെ  ടൂറിസം വികസനം

മൂള്ളി ചെക്പോസ്റ്റ് കഴിഞ്ഞ് എട്ടു കിലോമീറ്റർ കഴിഞ്ഞാൽ പില്ലൂർ അണക്കെട്ടായി. പന്തലിട്ടു നിൽക്കുന്ന അരയാലുകളിൽ ഊഞ്ഞാലിട്ടിരിക്കുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശമാണത്. നിരനിരയായി കുട്ടവള്ളങ്ങൾ. ഫൈബറിൽ നിർമിച്ചവ. ഇതാണു പർളിക്കാട് എക്കോ ടൂറിസം. ശനി, ഞായർ ദിവസങ്ങളിൽ ഇവിടം സജീവമാകും. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെയുള്ള വിനോദ സഞ്ചാര പാക്കേജിന് മുതിർന്നവർക്ക് 500 രൂപ. അഞ്ചുമുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്ക് 400 രൂപ. ചായ, കാപ്പി, ശീതള പാനീയം എന്നിവയോടെയാണു വരവേൽപ്. വിശാലമായ തടാകത്തിലൂടെ രണ്ടുമണിക്കൂർ ബോട്ട് യാത്ര, വനത്തിലേക്കു ട്രക്കിങ്, കുളിക്കാനുള്ള സൗകര്യം വിഭവ സമൃദ്ധമായ നാടൻ ഭക്ഷണം. കുളികഴിഞ്ഞു വസ്ത്രം മാറാനുള്ള സൗകര്യവുമുണ്ട്.

പുഴകടന്നാൽ പൂച്ചമരത്തൂർ വിനോദ സങ്കേതമായി. തടിയിൽ നിർമിച്ച മൂന്നു കോട്ടേജുകൾ. ഓരോന്നിലും എട്ടു കട്ടിലുകൾ. മുകളിലും താഴെയുമായി സജ്ജീകരിച്ചവ. ഒരേസമയം 24 പേർക്കു താമസിക്കാം. മൂന്നുനേരത്തെ നാടൻ ഭക്ഷണം, വൈകിട്ടു ചായ. രണ്ടു മണിക്കൂർ ബോട്ട് യാത്ര, വനയാത്ര, കുളിക്കാനുള്ള സൗകര്യം. പക്ഷി നിരീക്ഷണം. വേഴാമ്പലുകളുടെ സങ്കേതമാണിത്. ഇവിടെ എത്താനും മുൻകൂട്ടി അറിയിക്കണം. എല്ലാ ദിവസവും പ്രവേശനമുണ്ട്.

20 ആദിവാസി കുടുംബങ്ങളാണു നേതൃത്വം നൽകുന്നത്. വനംവകുപ്പിന്റെ മേൽനോട്ടം എല്ലാ കാര്യത്തിലുമുണ്ട്. വരുമാനം ഈ കുടുംബങ്ങൾക്കു പങ്കുവച്ചു നൽകും. ഫൈബറിലുള്ള കുട്ടവള്ളങ്ങളിലാണു പുഴ കടക്കുന്നത്. വിദഗ്ധരായ ആറു തുഴച്ചിൽക്കാരുണ്ട്. ഗോത്രവർഗക്കാരാണിവർ. സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റുകൾ വള്ളത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തിന് അനുകരിക്കാവുന്ന മാതൃകയാണിത്... 

മഞ്ചൂരിലേക്ക്.

attapadi-to-ooty-trip4

മഞ്ഞിന്റെ ഊരാണു മഞ്ചൂർ. തപസ്സു ചെയ്യുന്ന നീല മലകൾ... നിറഞ്ഞ പച്ചപ്പ്... ഉച്ചയ്ക്കു പന്ത്രണ്ടു മണിയാകുന്നതേയുള്ളൂ. കുളിരുമായി കോടമഞ്ഞിറങ്ങുന്നു. 43 കൊടുംവളവുകൾ (ഹെയർപിന്നുകൾ) താണ്ടണം മഞ്ചൂരിലെത്താൻ. ഭവാനി, വരഗയാർ നദികളിൽ തമിഴ്നാട് നിർമിച്ച ആറ് അണക്കെട്ടുകൾ വഴിയിൽ കാണാം. പില്ലൂർ, ഗദ്ദ, പറളി, അവലാഞ്ചി, എമറാൾഡ്, അപ്പർ ഭവാനി. ഊർജോൽപാദനത്തിനും ജലസേചനത്തിനുമാണിവ പ്രയോജനപ്പെടുത്തുന്നത്. കാർഷിക സമൃദ്ധിയുടെ ചിഹ്നങ്ങൾ വഴിയിലുണ്ട്. പച്ചക്കറിയും കൈതച്ചക്കയും നിറഞ്ഞ ഒരു പ്രദേശം കടന്നാൽ തേയിലത്തോട്ടങ്ങളാണ്. ഒറ്റപ്പെട്ട ചെറിയ ചായക്കടകൾ വല്ലപ്പോഴും കണ്ടെങ്കിലായി. കയ്യിൽ ഭക്ഷണം കരുതുകയാണ് ഈ യാത്രയിൽ നല്ലത്.

ഇപ്പോൾ ചെറിയ റിസോർട്ടുകൾ ഉയർന്നു തുടങ്ങി. ബാൽക്കണികളോടു കൂടിയ കോട്ടേജുകളാണിവയുടെ സവിശേഷത. ബുക്കിങ്ങിനുള്ള ഫോൺ നമ്പർ എഴുതിവച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഓൺലൈൻവഴിയുള്ള ബുക്കിങ്ങാണു നടക്കുന്നത്. വൈകിട്ട് അഞ്ചുമണി വരെയേ ഈ വഴിയിൽ യാത്ര അനുവദിച്ചിട്ടുള്ളൂ. അതുകഴിഞ്ഞാൽ കാട്ടാനക്കൂട്ടം റോഡ് സ്വന്തമാക്കും. കാട്ടുപോത്ത്, കലമാൻ, കാട്ടുപന്നി എന്നിവയ്ക്കു പകലും ഈവഴി സ്വന്തമാണ്. 

കൃഷ്ണാനന്ദയുടെ തപോഭൂമി

ഇതിലേ കടന്നു പോകുന്നവർ ഒഴിവാക്കാത്ത സങ്കേതമാണ് അണ്ണാമല സുബ്രഹ്മണ്യ ക്ഷേത്രം. തമിഴ്നാട്ടിലെ പ്രശസ്തമായ തീർഥാടന കേന്ദ്രമാണിത്. വിഷുവിനാണ് ഇവിടെ ഉത്സവം. ഈ സമയത്ത് ആയിരക്കണക്കിനു ഭക്തജനങ്ങൾ ഇവിടേക്കു പ്രവഹിക്കാറുണ്ട്. സ്വാമി കൃഷ്ണാനന്ദയാണിതു സ്ഥാപിച്ചത്. ക്ഷേത്രത്തിനു സമീപം ഒരു ഗുഹയുണ്ട്. കൃഷ്ണാനന്ദ സ്വാമി ഇവിടെ ഏറെക്കാലം തപസ്സിരുന്നിട്ടുണ്ട്.

attapadi-to-ooty-trip7

തനിക്കു മുൻപും ധാരാളം സിദ്ധന്മാർ ഈ ഗുഹയിൽ വന്നിരുന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചൂരിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള കിണ്ണക്കരയിലേക്ക് പോകാതിരിക്കരുതെന്നു സ്വാമി കൃഷ്ണാനന്ദ പറഞ്ഞു. നീലഗിരി മലനിരകളിലെ മലയാളി തുരുത്താണിത്. പന്ത്രണ്ടു വർഷത്തിലൊരിക്കൽ ഇവിടേക്കു നീലക്കുറിഞ്ഞിപ്പൂക്കൾ വിരുന്നു വരുന്നു. കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന നീല വസന്തം ആസ്വദിക്കാൻ‌ സഞ്ചാരികളുടെ പ്രവാഹമാണ്.

കൂനൂർ വഴി ഊട്ടിയിലേക്ക്

കിണ്ണക്കരയിൽനിന്നു വീണ്ടും മഞ്ചൂരിലേക്ക്. തേയിലത്തോട്ടങ്ങൾ അതിരിടുന്ന വഴികളിലൂടെ 34 കിലോമീറ്റർ യാത്രയുണ്ട് കൂനൂരിലേക്ക്. മനോഹരമായ ഒരു മലയോര പട്ടണം. വ്യൂ പോയിന്റുകളിൽനിന്നു നോക്കിയപ്പോൾ കോയമ്പത്തൂർ മേട്ടുപ്പാളയം പട്ടണങ്ങളുടെ വിദൂര ദൃശ്യം. ഈ പട്ടണങ്ങളിൽ വൈദ്യുത ദീപം തെളിയുന്ന രാത്രിക്കാഴ്ചകൾക്കു കൂടുതൽ അഴകാണ്.

നീലഗിരിയുടെ സവിശേഷതയായ ഹോം മെയ്ഡ് ചോക്കലേറ്റുകളും യൂക്കാലിത്തൈലവും വിൽക്കുന്ന ധാരാളം കടകൾ ഇവിടെ കാണാം. ഇനി ഊട്ടി റോഡു തുടങ്ങുകയാണ്. കൂനൂരിൽനിന്നു 22 കിലോമീറ്റർ ദൂരമുണ്ട് ഊട്ടി മലനിരകളിലേക്ക്... സമയം അഞ്ചുമണി. താപനില പത്തു ഡിഗ്രിയിലേക്കു താഴ്ന്നു കഴിഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com