sections
MORE

ഇന്ത്യയിലെ മിനി ഇസ്രയേല്‍

908009336
SHARE

സഞ്ചാരത്തോടുള്ള പ്രണയം ആരംഭിച്ചതുമുതൽ മനസിലുള്ള ആഗ്രഹമായിരുന്നു ഹിമാലയം. പക്ഷെ ആഗ്രഹങ്ങൾ മാത്രം പോരല്ലോ? ആഗ്രഹങ്ങൾക്കൊപ്പം അതു കൈവരിക്കാനുള്ള സാമ്പത്തികം കൂടെ വേണ്ടേ? ഈ തിരിച്ചറിവോടെയും ഒപ്പം തന്നെ ഒരുപാട് നിരാശയോടെയും അവസരത്തിനായി  കാത്തിരുന്നു. അങ്ങനെയിരിക്കെയാണ് വീണ്ടും ആഗ്രഹം മനസിനെ വേട്ടയാടാൻ തുടങ്ങി. നാട്ടിലെ ഒരു കൂട്ടുകാരന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്‌ കണ്ടു കസോൾ എന്ന തലക്കെട്ടുമായി. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചപ്പോൾ, കസോൾ തന്നെയാണ് എന്നെ കാത്തിരിക്കുന്നതെന്ന് ബോധ്യമായി.

908008144

പലരും കേൾക്കുമ്പോഴുള്ള ഭീതി കാരണം മടിച്ചപ്പോൾ യാത്രയ്ക്ക് അവസാനം തുണയായത് ഒരു പരിചയവുമില്ലാത്ത മലപ്പുറം മഞ്ചേരി സ്വദേശികളായ, ഹിമാലയം എന്ന സ്വപ്നം മനസിലിട്ടുമൂടിനടക്കുന്ന മൂന്ന് സുഹൃത്തുക്കളാണ്. പിന്നെ പരിചയപ്പെടലും പ്ലാനിങ്ങും ടിക്കറ്റ് ബുക്കിങ്ങുമെല്ലാം പെട്ടെന്നായിരുന്നു. ഏപ്രിൽ 18നു രാവിലെ 8:30ന് തിരുവനന്തപുരം - നിസാമുദ്ദീൻ എക്സ്പ്രസിൽ യാത്രക്ക് തുടക്കം കുറിച്ചു. (ടിക്കറ്റ് ചാർജ് 815 രൂപ). 1 ദിവസവും 17 മണിക്കൂറും നീണ്ടുനിക്കുന മനോഹരമായ ട്രെയിൻ യാത്ര.

കൊങ്കൺ വഴി ഒരുപാട് പച്ചപ്പും അതുപോലെതന്നെ ഗുഹകളും നിറഞ്ഞ യാത്ര. ഗോവയും മഹാരാഷ്ട്രയുമെല്ലാം പിന്നിലാക്കി രാവിലെ 5 മണിക്ക് നിസാമുദ്ദിൻ റെയിൽവേ സ്റ്റേഷനിലെത്തി. വലിയ വിശാലമായ റെയിൽവേ സ്റ്റേഷൻ മനസ്സിൽ കണ്ടു വന്നെങ്കിലും കണ്ടത് തികച്ചും വിപരീതം. തിങ്ങി നിറഞ്ഞ സ്റ്റേഷൻ അല്പം പോലും വൃത്തിയില്ലാത്ത ബാത്റൂം, അതൊന്നും വകവയ്ക്കാതെ  പെട്ടെന്ന് കുളിച്ചു ഫ്രഷായി. isbt കശ്മീരി ഗേറ്റിലേക്ക് വെച്ചു പിടിച്ചു. നടക്കാൻ ഉള്ള ദൂരം അല്ല, ടാക്സി ആണേൽ കഴുത്തറക്കുന്ന തുകയും. അങ്ങനെ വില പേശി പേശി 300 രൂപയ്ക്കു ഒമിനിയിൽ കൊണ്ടുവിടാമെന്നു സമ്മതിച്ചു.

908008496

ബസ് സ്റ്റോപ്പിൽ എത്തി, കൃത്യം 6:40നു തന്നെ ബസ് പുറപ്പെട്ടു. isbt കശ്മീരി ഗേറ്റിൽ നിന്നും ബന്തറിലേക്ക്. 14 മണിക്കൂർ നീണ്ടുനിക്കുന്ന ബസ് യാത്ര. ആദ്യത്തെ 4മണിക്കൂർ ഹരിയാന, പഞ്ചാബ്, ഛണ്ഡിഗ‍ഡ് ഹൈവേയിലൂടെ ആണെങ്കിൽ പിന്നീടുള്ള 10മണിക്കൂർ മലനിരകളുടെ ഭംഗി ആസ്വദിച്ചുകൊണ്ട്. (പോകുമ്പോൾ ഇടതു വശത്തു ഇരിക്കാൻ ശ്രമികുക. അവിടെയാണു കാഴ്ചകൾ).  ഭയം ഉയർത്തുന്ന യാത്ര. ഒരു വശത്തു മലനിരകളാണെങ്കിൽ മറുവശത്തു ആഴമേറിയ കൊക്ക. ദുരന്തം പറയുന്ന കൂട്ടുകാരും കൂടെ ഉണ്ടെങ്കിൽ പിന്നെ ഒന്നും പറയുകയും വേണ്ട ഞങ്ങളെല്ലാം മൊബൈലിൽ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. പണ്ടൊഹ് നദിയും മണ്ഡി ഗ്രാമവുമെല്ലാം താണ്ടി നമ്മുടെ സ്വന്തം എച്ച്ആർടിസി 9 മണി ആയപ്പോൾ ബന്തറെത്തി.

kasol-trip5

ആദ്യം റൂം നോക്കി. അധികം നടക്കേണ്ടി വന്നില്ല. ആരോ പറഞ്ഞതനുസരിച്ച് ബസ് സ്റ്റോപ്പിനു തൊട്ടടുത്തുള്ള ആശ്രമത്തിലെത്തി ഞങ്ങൾ. റൂം 200 രൂപ, ‍ഡോർമെട്രി 50 രൂപ. നല്ല വൃത്തിയുള്ള ഡോർമെട്രി. ഏകദേശം 10 ആൾക്കാർക്കു അതിനുള്ളിൽ കിടക്കാം.വൃത്തിയുള്ള ബാത്റൂമും. എന്നാൽ ഉടൻ തന്നെ റൂം ലഭിച്ചു‌. വേഗം ഒന്നു ഫ്രഷ് ആയി ഭക്ഷണം കഴിക്കാൻ പുറത്തേക്കിറങ്ങി.

kasol-trip7

നല്ല ചപ്പാത്തിയും ചിക്കൻ കറിയും അകത്താക്കി വേഗം റൂമിലേക്കും. യാത്രാക്ഷീണത്താൽ മയങ്ങിപോയി. പിറ്റേന്ന് രാവിലെ അഞ്ച് മണിക്കു തന്നെ ഉറക്കമുണർന്നു. മഴപ്പെയ്യുന്ന ശബ്ദം "മഴ ചതിച്ചോ " എന്ന് മനസ്സിൽ കരുതിക്കൊണ്ട് ആശ്രമത്തിന്റെ പുറകിലോട്ട് നടന്നപ്പോഴാണ് ആ മനം കവർന്ന കാഴ്ച കണ്ടത്. പാർവതി നദി കുത്തി ഒഴുകുന്നു. ഒരു പ്രത്യേക ഭംഗി. പെട്ടെന്നുതന്നെ റെഡിയായി അടുത്ത കാഴ്ചയ്ക്കായി ഇറങ്ങി. കസോൾ എന്ന സ്വപ്നലോകത്തേക്കായിരുന്നു യാത്ര.

സ്വപ്നലോകം കസോൾ

ചിത്രങ്ങളിൽ കണ്ടതുപോലെ തന്നെ സുന്ദരഭൂമിയാണിവിടം. കസോളിനെ വേർതിരിക്കുന്ന ഒരു പാലം. രണ്ടു വശത്തായിട്ടു ഓൾ‍ഡ് കസോളും ന്യൂ കസോളും കുറുകെ ഒഴുകുന്ന സുന്ദരിയായ പാർവതി നദി. റോഡിന്റെ ഇരുവശത്തും കെട്ടിടങ്ങൾ. കടകമ്പോളങ്ങൾ ,ലോഡ്ജുകൾ, ഹോംസ്റ്റേ, അങ്ങനെ ചലാൽ ഗ്രാമത്തിലേക്കു നടന്നു നീങ്ങി. ഇതുവരെ കണ്ടതിനേക്കാൾ ഭംഗിയേറിയ കാഴ്ചയായിരുന്നു അവിടെ ഒരുക്കിയിരുന്നത്. തികച്ചും വ്യത്യസ്തമായ ഒരു പാലം.ആ പാലത്തിനു താഴെ ഹോട്ട് സ്പ്രിങ്ങും കാണാം. മനം കവരുന്ന സൗന്ദര്യം മുറുകെപ്പിടിച്ചു താഴെ പാർവതി നദിയും. കുറച്ചു ഫോട്ടോസ് എടുത്തു വീണ്ടും മുന്നോട്ട് നടന്നു അതിമനോഹരമായ ഗ്രാമം. തികച്ചും ശാന്തം. നമുടെ ഭാഷയിൽ പറഞ്ഞാൽ പീസ് മൂഡ് ഓൺ! 2 മണിക്കൂർ ഉണ്ടെങ്കിൽ ആ ഗ്രാമം മുഴുവൻ നടന്നു കാണാം. അങ്ങനെ അവിടെ ഉള്ള ഒരു വീട്ടിൽനിന്നും ചായയും കുടിച്ചു പാർവതി നദിയിയെയും നോക്കി അങ്ങനെ കുറേ നേരം ചിലവഴിച്ചു.

kasol-trip3

മണികരൺ

കസോൾ ടു മണികരൺ ബസിൽ പോയിരുന്നേൽ വലിയ നഷ്ടമായേനെ. അത്രക്കും ഉണ്ട് ആ നടത്തത്തിനു ഭംഗി. ഒരു വശത്തു ആപ്പിൾ മരങ്ങൾ, മറുവശത്തു പാർവതി നദി. ഒറ്റപ്പെടലിന്റെ കഥ പറയുന്ന പുരാതന കെട്ടിടങ്ങൾ. വാനോളം ഉയരത്തിൽ നിൽക്കുന്ന പൈൻ മരങ്ങൾ. അങ്ങനെ പലതുമുണ്ടായിരുന്നു ഞങ്ങൾ ആ യാത്രയിൽ കണ്ടതും ആസ്വദിച്ചതും.

ഏകദേശം 3.5കിമി ആയാൽ ഇടതു വശത്തു കാണുന്ന പാലം വഴി മണികരണിലേക്ക് മുറിച്ച് കടക്കുക. മണികരൺ എന്നത് ഒരു ഗുരുദ്വാരയാണ്. കസോൾ നിന്നും ഒരുപാട് വ്യത്യസ്തമാണ് ഈ സ്ഥലം. തപസ്സും പ്രാർത്ഥനകളും എല്ലാം നിറഞ്ഞ അവിടുത്തെ ഹോട്ട് വാട്ടർ സ്പ്രിങ്സ് വളരെ പ്രസിദ്ധവുമാണ്. പറ്റിയാൽ ഒന്ന് കുളിച്ചു കേറുന്നത് നല്ലതാ. ചെരുപ്പ് പുറത്തു ഊരിവെച്ചു തലയിൽ എന്തെങ്കിലുമൊരു തുണി കെട്ടിയിട്ടു വേണം ഗുരുദ്വാരയിലേക്കു പ്രവേശിക്കാൻ. അവിടെ നിന്നും ബസ് സ്റ്റോപ്പിലേക്ക് നടന്നു. അവിടെയാണ് ബഷ്റാണിലേക്കുള്ള ബസ് കിട്ടുക. അവിടെ നിന്നും കാൽഗയെത്താൻ 10-15 മിനിറ്റ് നടക്കണം.

കാൽഗ

ബസ് വന്നപ്പോൾ ഞങ്ങൾ 4 പേരും കയറി.  ബന്തർ ടു മണികരൺ വന്നതുപോലെ അല്ല, തികച്ചും പേടിപ്പെടുത്തുന്ന റോഡുകൾ. കഷ്ടിച്ച് ഒരു ബസിനു മാത്രം പോകാൻ ഉള്ള സ്ഥലം. ഉയരങ്ങളിലേക്കുള്ള ബസ് യാത്ര. അധികം വൈകാതെ nyagal barshani എത്തി. സമയം 5മണി ആയി. സഹിക്കാനാവാത്ത തണുപ്പ്. ഒരുപാട് താമസ സൗകര്യങ്ങൾ അവിടെ ലഭ്യമാണ.് അത്യാവശ്യം വലിയ ഒരു ഗ്രാമമാണ്. ചുറ്റും മലനിരകൾ,മഞ്ഞുമൂടിക്കിടക്കുന്ന പർവ്വതങ്ങൾ തികച്ചും വ്യത്യസ്തമായ ഗ്രാമം.

kasol-trip

അവിടെ വരുന്ന അധിക സഞ്ചാരികളും ഒന്നെങ്കിൽ കീർഗംഗ ട്രക്കിങ്ങിന് അല്ലെങ്കിൽ ബുൻബുലി ട്രക്കിങ് സ്വപ്നം കണ്ട് വരുന്നവർ ആയിരിക്കും. ഒരുപാട് തമാശകളും പറഞ്ഞ് ബ്രഹ്മ കഫേയുടെ പിന്നിലുള്ള പാറയുടെ മുകളിൽ രാത്രി ഇരുട്ടുവോളം ഇരുന്നു. തണുപ്പിന്ന് രക്ഷ നേടാൻ ജാക്കറ്റും ഗ്ലൗവും എല്ലാം ഉണ്ടെങ്കിലും കാൽഗയിലെ തണുപ്പ് വേറെ ഒരു ലെവൽ തന്നെ ആയിരുന്നു. ഒരു രാത്രി കാൽഗയിൽ താമസിക്കാതെ ഒരിക്കലും പോവരുത്. അത് വലിയ ഒരു നഷ്ടമായി പിന്നീട് തോന്നും. രാത്രി കാൽഗയുടെ സൗന്ദര്യം ശരിക്കും 10 ഇരട്ടി കൂടും. കൈയ്യെത്തും ദൂരത്ത് ആകാശവും കണ്മുന്നിൽ നക്ഷത്രങ്ങളും എന്നിങ്ങനെ പലതായിരുന്നു കാൽഗ ഞങ്ങൾക്ക് സമ്മാനിച്ചത്

തുടരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA