sections
MORE

കടുത്ത വേനൽക്കാലത്തു പോലും ഇവിടെ കിടുക്കൻ തണുപ്പാണ്

mattur
SHARE

ഒരു കൈക്കുടന്ന നിറയെ മരതകപ്പച്ചയാർന്ന മധുര നാരങ്ങകൾ കുടകില്‍ നിന്ന് മദിപ്പിക്കുന്ന മണം പേറുന്ന, ആവി പറക്കുന്ന ഒരു കോഫി ചിക്കമംഗളൂരുവിൽ നിന്ന്. പിന്നെ, കടവത്തെ വഞ്ചിക്കാരൻ വരെ ദേവഭാഷയായ സംസ്കൃതം സംസാരിക്കുന്ന മാത്തൂരിൽ നിന്നു കേൾക്കണം. സ്ഫുടശുദ്ധമായ കുറച്ച് അമരവാങ്മയങ്ങൾ.

തലശ്ശേരിയിൽ നിന്നു പുലർകാലേ ഇരിട്ടി, വിരാജ്പേട്ട വഴി ചിക്മംഗല്ലൂരിന് തിരിച്ചപ്പോൾ മനസ്സിലെ മോഹങ്ങൾ ഇതൊക്കെയായിരുന്നു. 

ത്യുത്തരകേരളത്തിൽ നിന്നു വാരാന്ത്യ അവധി ആഘോഷിക്കാൻ എപ്പോഴും വച്ചു പിടിക്കാവുന്ന സ്ഥലങ്ങളായി വിരാജ്പേട്ട, കുടക് മേഖലകൾ ഈയിടെ മാറിയിട്ടുണ്ട്. തലശ്ശേരി, തളിപ്പറമ്പ്, കാഞ്ഞങ്ങാട്, കാസർകോട് ഇവിടങ്ങളിൽ നിന്നെല്ലാം പശ്ചിമഘട്ടത്തിന്റെ കിഴക്കൻ ചരിവുകൾ ഭേദിച്ചാൽ സൗമ്യഭാവമാർന്ന ക‍ൃഷിയിടങ്ങൾ കണ്ടു തുടങ്ങാം.

നിരത്തുകൾ അത്യാവശ്യം ഗതാഗതയോഗ്യമായതോടെ സ്വന്തം വാഹനത്തിൽ ഉല്ലാസയാത്രയ്ക്കിറങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് വിരാജ്പേട്ടയിലെ ചുരങ്ങൾ മെല്ലെ കയറിയിറങ്ങവേ ഞങ്ങൾക്കു ബോധ്യപ്പെട്ടു. റോഡ് നിറയുന്ന കേരളത്തിൽ നിന്നുള്ള വാഹനങ്ങളിൽ കുടുംബസല്ലാപങ്ങളും പൊട്ടിച്ചിരികളും ഞങ്ങളും അത്തരമൊരു കുടുംബയാത്രയിൽ തന്നെയായിരുന്നു. ഏഴാം തരത്തിലെ സംസ്കൃത പാഠപുസ്തകത്തിൽ ‘ആദർശ ഭൂത:സംസ്കൃത ഗ്രാമ:’ എന്ന പാഠം പഠിച്ച പ്പോൾ മകൾക്ക് കൊടുത്ത വാക്ക് ഇതാ സഫലമാകുന്നു. സംസ്കൃതം സംസാരഭാഷയായ ഒരു ഗ്രാമം നേരിട്ടു കാണാൻ പോകുന്നു. കർണാടകത്തിലെ മാത്തൂരിലേക്ക്. 

മാത്തൂരിലെത്തിയാൽ അവരോട് നാം ഏതു ഭാഷയിലാണ് സംസാരിക്കുക. തിരിച്ച് അവർ നമ്മോട് എന്താകും സംസാരി ക്കുക. യാത്രയുടെ തുടക്കം മുതലേ കാറിനുള്ളിലെ സംസാര വിഷയം ഇതായിരുന്നു. സംസ്കൃതാധ്യാപികയായ ഭാര്യയും സംസ്കൃതം പഠിക്കുന്ന മക്കളും ചേർന്ന് ചില സംസ്കൃത സംസാരപദങ്ങൾ പരിശീലിക്കുന്നുണ്ടായിരുന്നു. 

ഒരാളെ കണ്ടാൽ പേര് ചോദിക്കണം. 

ഭവതഃ നാമ കിം?

എവിടെ നിന്നുവരുന്നുവെന്ന് ചോദിച്ചേക്കാം

ഭവാൻ കുതഃ ആഗച്ഛാതി?

ഉത്തരം കേരളാത്

പഴത്തിനെന്താ വില?

ഫലസ്യ കതി രൂപൃകാണി?

ആദ്യം കാണുമ്പോൾ നമസ്തെ, സുപ്രഭാതം. യാത്ര പറയു മ്പോൾ ‘ശുഭം അസ്തു’ തുടങ്ങി ചില ലളിത വാക്കുകൾ ഞാനും പഠിച്ചു വച്ചു. 

കുടക് ബ്രേക്ഫാസ്റ്റും ഓറഞ്ച് മോഹങ്ങളും

എത്ര വൈകിയാലും കുടകിൽ നിന്നു മതി പ്രഭാതഭക്ഷണമെന്ന് ഞങ്ങൾക്കൊരു തീരുമാനമുണ്ടായിരുന്നു. അതു നന്നായെന്ന് മടികേരി നഗരചത്വരത്തിലെ നീൽ സാഗർ എന്ന ഭക്ഷണശാലയിലിരുന്നപ്പോൾ ബോധ്യമായി. ഇരിട്ടി, വിരാജ്പേട്ട വഴി നാലു മണിക്കൂർ കൊണ്ടു ഞങ്ങൾ ഓറഞ്ചിന്റെയും കുടഗരുടെയും നാട്ടിലെത്തി.

ആവി പറക്കുന്ന പലവിധബാത്തും ദോശയും ചായയും കഴിഞ്ഞപ്പോൾ ഓറഞ്ചു തേടിയായി ഓട്ടം. പരിസരത്തെങ്ങും ഓറഞ്ചില്ല. നാരങ്ങ്ഗം എന്ന സംസ്കൃത വാക്കിൽ നിന്നാണു നാരകം എന്ന മലയാള വാക്കും ഓറഞ്ച് എന്ന ഇംഗ്ലീഷ് വാക്കും ഉണ്ടായതെന്നു ഭാര്യ ഇടയ്ക്കു ഓർമിപ്പിക്കുന്നുണ്ടായിരുന്നു. സീസൺ കഴിഞ്ഞതോടെ ഓറഞ്ച് കുറഞ്ഞു. പകരം സംസ്കൃതത്തിലെ ആമ്ര ഫലങ്ങൾ വിപണിയിൽ നിറയെ കാണുന്നുണ്ട്. സംഗതി നമ്മുടെ മാങ്ങ തന്നെ.

കടുംപച്ചനിറത്തിൽ, തോടിന് വലിപ്പം കൂടിയ, നന്നായി പഴുത്താൽ മാത്രം മധുരം നിറയുന്ന കുടക് ഓറഞ്ച്. കുടക് ഓറഞ്ചിന്റെ കൃഷി കുടകിൽ തന്നെ നന്നേ കുറഞ്ഞിരിക്കുന്നു. പകരം നാഗ്പൂർ ഓറഞ്ച് ‍ജാതികൾ ഇവിടെയും കൃഷി ചെയ്യുന്നുവെന്നും കേൾക്കുന്നു. വർഷം മുഴുവനും മഴയും തണുപ്പുമുള്ള കുടകിൽ ആറുമാസം ചൂടുകാലമുള്ള നാഗ്പൂ രിലെ ഓറഞ്ച് ഇനങ്ങൾ വിളവ് നൽകില്ലെന്ന തിരിച്ചറിവ് കുടഗർക്ക് വന്നു തുടങ്ങിയിട്ടുണ്ട്. ഒടുവിൽ ഒരു കാട്ടുമൂല യിലെ ഫാം ഹൗസിനോട് ചേർന്ന പീടികയിൽ നിന്ന് ഞങ്ങൾ ഓറഞ്ച് വാങ്ങി–നല്ല പുളിപ്പ്. കുടക് ഓറഞ്ചു തന്നെയല്ലേ? ഒക്ടോബർ–നവംബർ സമയങ്ങളിലാണത്രേ ഇവിടെ ഓറഞ്ചുകൾക്ക് നല്ല മധുരം.

ഓറഞ്ചിനൊപ്പം നല്ല മഞ്ഞനിറത്തിൽ മൂത്തു പഴുത്ത കുറെ നീലം മാങ്ങകൾ കൂടി വാങ്ങി നിറച്ചു. കാരണം ഇന്ന് ഉച്ചഭക്ഷണം ഇവയൊക്കെയാണ്. കുക്കി, സുബ്രഹ്മണ്യം, ധർമസ്ഥല എന്നീ ക്ഷേത്രനഗരികൾ കണ്ടു തെല്ല് വളഞ്ഞൊരു റൂട്ടാണ്. ചിക്കമംഗളൂരുവിലേക്ക് ഞങ്ങൾ തിരഞ്ഞെടുത്തത്. കുടകിൽ അത്യാവശ്യം കണ്ടിരിക്കേണ്ട രാജാസ് സീറ്റെന്ന് പാർക്കും നഗരത്തിലെ ക്ഷേത്രങ്ങളും കണ്ടു വണ്ടി നേരേ സുബ്രഹ്മണ്യയിലേക്ക്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ജൈനസങ്കേതമായ ധർമസ്ഥലയും കയറി ചിക്കമംഗളൂരുവിലേക്കടുത്തപ്പോൾ സമയം നാലുമണി. വഴിയോരങ്ങളിലെല്ലാം കാപ്പിത്തോട്ടങ്ങളുടെയും ഭക്ഷണശാലകളുടെയും ധാരാളം ബോർഡുകൾ കാണായി.

കർണാടകത്തിന്റെ കാപ്പിക്കോപ്പ

കർണാടകത്തിലെ കാപ്പിയുടെ ഹൃദയഭൂമിയാണ് ചിക്കമംഗ ളൂരു. ഇന്ത്യയിൽ ആദ്യമായി കാപ്പി കൃഷി തുടങ്ങിയത് ഇവിടെയാണന്നു കരുതുന്നു. ചിക്കമംഗളൂരുവിലേക്ക് അടുത്തപ്പോഴേ ഭൂപ്രകൃതി മാറാൻ തുടങ്ങിയിരിക്കുന്നു മനുഷ്യരും മലനിരകൾ കാവൽ നിൽക്കുന്ന പച്ചത്തഴപ്പാർന്ന വയലേലകൾ. കമുകിൻ തോട്ടങ്ങൾ, ചെറുവനങ്ങൾ, കാപ്പിത്തോട്ടങ്ങൾ. എല്ലാ ഋതുക്കളുടെയും ഗുണവും സൗന്ദര്യവും ഒന്നിച്ചു കിട്ടുന്ന നിസ്തുലമായ നാടാണിത്. കടുത്ത വേനൽക്കാലത്തു പോലും ചൂട് 25 ‍ഡിഗ്രി കഴിയില്ല. വഴിയോരത്തു പലതരം തണൽവൃക്ഷങ്ങൾ പൂചൂടി നിൽക്കുന്നു. സൗമ്യമായ പ്രകൃതിപോലെ തന്നെയാ ണ് മനുഷ്യരും.

നാട്ടുവഴക്കങ്ങൾ പാലിച്ചു ജീവിച്ചു പോരുന്ന ശാന്തശീലരായ മനുഷ്യർ. കാപ്പിയോ തോട്ടങ്ങളോ മാത്രമല്ല ചിക്കമംഗളൂരുവിൽ നിന്ന് നഗരം കണ്ടപ്പോൾ മനസ്സിലായി. സാകേപട്ടണയുടെ നാട്ടുരാജാവ് ഇളയമകൾക്ക് കല്യാണ സമ്മാനമായി കൊടുത്തതിന്റെ  പേരിലറിയപ്പെടുന്ന (ചിക്കമംഗ ളൂരു എന്നാൽ കന്നഡയിൽ ഇളയമകളുടെ നാട്). ഈ ചെറു നഗരം കൃത്യമായ ആസൂത്രണസ്വഭാവമുള്ളതാണ്. വിശാല മായ വീഥികൾക്കിരുപുറവും വാണിജ്യകേന്ദ്രങ്ങളും ഭക്ഷണ ശാലകളും താമസസ്ഥലങ്ങളും പരന്നു കിടക്കുന്നു. തൃശ്ശൂർ നഗരത്തിലേതു പോലെ റൗണ്ടുകളും ആൽത്തറകളും കേന്ദ്രീ കരിച്ച് നഗരം പ്രദക്ഷിണഭാവത്തിൽ, യാത്രികർ ആരുമാകട്ടെ, പ്രകൃതിഭംഗി കാണാനെത്തിയവരോ, സാഹസിക സഞ്ചാരി കളോ, ആത്മീയ തീർഥാടകരോ, വനം–വന്യജീവി തൽപരരോ, ഭക്ഷണപ്രിയരോ എല്ലാവർക്കും വേണ്ടത് ചിക്കമംഗളൂ രുവിലുണ്ട്. 

ബാബാ ബുധൻഗിരിയും കോഫി മ്യൂസിയവും

സാധാരണ പിക്നിക് കേന്ദ്രമായി ചിക്കംഗളൂരുവിനെ  കാണാ നാകില്ല. കാരണം ഇവിടെ കാഴ്ചകൾ പരന്നു കിടക്കുകയാണ്. നഗരം കേന്ദ്രീകരിച്ചിരിക്കുന്ന എംജി റോഡിനു ചേർന്നു തന്നെ യായിരുന്നു ഞങ്ങളുടെ താമസമെന്നതിനാൽ തൊട്ടടുത്തുള്ള പ്രശസ്തമായ ടൗൺ കാന്റീനെന്നു കേൾക്കുമ്പോൾ ഏതെ ങ്കിലും സ്ഥാപനത്തിന്റെ ഭാഗമായ ഭക്ഷണശാലയാണെന്നു ധരിക്കരുത്. പക്ക വെജിറ്റേറിയൻ ബ്രാഹ്മണ ഹോട്ടൽ. തനി ഉഡുപ്പി – മൈസൂർ ഭക്ഷണങ്ങൾ. പലപ്പോഴും സീറ്റ് കിട്ടാൻ കാത്തിരിക്കേണ്ടി വരും. സസ്യേതരക്കാർക്ക് തൊട്ടടുത്ത് ഭക്ഷണശാലകൾ ധാരാളമുണ്ട്. തികഞ്ഞ ആതിഥ്യമര്യാദയും വിനയവും ഭക്ഷണഗുണനിലവാരവും കൊണ്ടു ചിക്കമംഗളൂർ നമ്മുടെ വയറ്റിലാണ് ആദ്യം ഇടം നേടുന്നതെന്ന് പറയാതെ വയ്യ. ടൗണിൽ കാണേണ്ട രണ്ടു സ്ഥലങ്ങൾ കോഫി മ്യൂസി യവും  വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളുമാണ്.

ഇന്ത്യ യിലെ കാപ്പിയുടെ വികാസചരിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മ്യൂസിയം ശനിയും ഞായറും പ്രവർത്തിക്കില്ല. രാവിലെ 10 മുതൽ 5 മണിവരെയാണ് പ്രവർത്തി സമയം. ഞങ്ങൾ ചെല്ലു മ്പോൾ ഓഫീസ് അടയ്ക്കാൻ മിനിറ്റുകൾ മാത്രം. ടച്ച് സ്ക്രീ നിൽ കാപ്പിയുടെ ചരിത്രമൊക്കെ കണ്ടിറങ്ങുമ്പോൾ കാപ്പി കുടിക്കാൻ മോഹം. പക്ഷേ ഇവിടെ കാപ്പി കിട്ടുന്ന മട്ടൊന്നും കണ്ടില്ല. വീണ്ടും വണ്ടി തിരിച്ചു ടൗൺ കാന്റീനിലേക്ക്. അസ്സൽ കടുപ്പമൂറുന്ന ചിക്കമംഗളൂരു കാപ്പിയും കുടിച്ചിരിക്കു മ്പോൾ മുസ്ലിം ഫക്കീറായ ബുധൻബാബയെക്കുറിച്ചുള്ള പോസ്റ്ററുകൾ നേരത്തെ കണ്ടത് ഓർത്തു. 

രാവിലെ തന്നെ ബാബാബുധൻഗിരിയിലേക്ക് തിരിച്ചത് അതിനാലാണ്. 17–ാം നൂറ്റാണ്ടിൽ മെക്കയിൽ ഹജ്ജിനു പോയ ബാബാബുധൻ എന്ന സൂഫി ബാബ അവിടെ നിന്നു കുടിച്ച കാപ്പിയുടെ രുചിയിൽ ഭ്രമിച്ച് ഏഴു കാപ്പിക്കുരുക്കൾ നാട്ടി ലേക്ക് കൊണ്ടു വന്നു. കാപ്പിക്കുരു നടാൻ ബാബ തിരഞ്ഞെടു ത്ത സ്ഥലം ചിക്കമംഗളൂരായിരുന്നു.

ടൗണിൽ നിന്നു 25 കിലോമീറ്റർ ദൂരമുണ്ട് ഹിന്ദുക്കളും മുസ്ലിങ്ങളും ഒരു പോലെ ആരാധന നടത്തുന്ന ബാബാ ബുധൻഗിരിയിലേക്ക്. അടി തട്ടുന്ന പ്രശ്നമുള്ളതിനാല്‍ സ്വന്തം കാറിലാണെങ്കിൽ നല്ല ദൂരം നടക്കേണ്ടി വരും. ഈ മലയുടെ മറ്റൊരു ഭാഗമാണ് കർണാടകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മുള്ളയൻഗിരി. കുന്നിനു മുകളിൽ ഒരു കോട്ടയും പല ഭാഗ ത്തായി ചെറു തോട്ടങ്ങളും ഗുഹകളുമുണ്ട്. സൂര്യോദയവും സൂര്യാസ്തമനവും ഒരു പോലെ കാണാൻ കഴിയുന്ന ഇവിടെ നിന്നുള്ള കാഴ്ചകൾ പലപ്പോഴും നമ്മെ വിസ്മയിപ്പിക്കും. 

ശിവമോഗവഴി മാത്തൂരിലേക്ക്

ചിക്കമംഗളൂരുവിൽ നിന്നു ഭദ്രാവതി വഴിയും നരസിംഹ രാജപുര വഴിയും മാത്തൂരിലേക്കു പോകാം. ഷിമോഗയിൽ പോകാതെ മാത്തൂർ എത്താമെന്നതിനാൽ നരസിംഹരാജപുര വഴിയാണ് ഞങ്ങൾ പുറപ്പെട്ടത്. മൂന്നു മണിക്കൂർ ദൂരമുണ്ടെന്ന് ഗൂഗിൾ മാപ്പിൽ കണ്ടു. കമുകിൻ തോപ്പുകളും ഇടയ്ക്കിടെ ഭദ്രാ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ചെറുവനങ്ങളും പിന്നിടുന്ന യാത്ര. നല്ല നിരത്തും സ്വച്ഛശാന്തമായ നാട്ടിൻ പുറങ്ങളും കൊണ്ട് അങ്ങേയറ്റം ഹൃദ്യമായി തോന്നി.  

ഷിമോഗയ്ക്ക് 6 കിലോമീറ്റർ മുമ്പ് ഹൊസഹള്ളിയിൽ നിന്നു തന്നെ മാത്തൂരിലേക്ക് തിരിയാമെന്ന ബോർഡുകൾ കണ്ടു. നെൽപ്പാടങ്ങൾക്കിടയിൽ വഴി ഇടുങ്ങി കിടന്നു. വലിയ വാഹനങ്ങൾക്ക് ഇടയ്ക്കിടെ വഴിമാറിക്കൊടുത്ത് ചെറിയ തോടുകൾ കടന്ന് ചെന്നപ്പോൾ ദൂരെ നിന്നേ പുകച്ചുരുളുകൾ മുകളിലേക്ക് പരക്കുന്നതു കാണാം. 

ഇടയ്ക്ക് ശംഖനാദവും മണിയടികളും. ഞങ്ങൾ അങ്ങോട്ടേ യ്ക്കു നീങ്ങി. ഒരു ക്ഷേത്രത്തിനു സമീപത്തെ വലിയ പറമ്പിൽ നിന്നാണു മന്ത്രോച്ചാരണങ്ങൾ പുറപ്പെടുന്നത്. യജ്ഞവേദി യാണെന്ന് ലക്ഷണങ്ങളിൽ നിന്നും മനസ്സിലായി. മാത്തൂരിലെ ബ്രാഹ്മണരുടെ ഇടയിലെ ഒരു പ്രത്യേക വിഭാഗം നടത്തുന്ന സോമയാഗവേദിയിലായിരുന്നു അത്. പുകച്ചുരുളുകൾക്കിട യിലൂടെ ചിലർ ഞങ്ങളെ പരിചയപ്പെടാനെത്തി. ഉള്ള സംസ്കൃതമൊക്കെ ഒന്നോർത്തെടുത്ത് തയാറായി നിൽക്കേ അവർ നല്ല മലയാളത്തിൽ സംസാരം തുടങ്ങി. മൂകാംബിക യിൽ നിന്നെത്തിയ യാജ്ഞികരായ അഡിഗമാരായിരുന്നു അവർ. അവരുടെ നിർദേശാനുസരണം ഞങ്ങൾ സംസ്കൃത ഗ്രാമത്തിലേക്കു കടന്നു. 

ആദ്യമാദ്യം തെരുവുകൾക്ക് സമ്മിശ്രഭാവമായിരുന്നു. പലതരം മനുഷ്യർ പല വഴിക്ക്. ആൽമരത്തറകളാണ് മാത്തൂരിന്റെ ഭ്രമണ വഴികൾ നിയന്ത്രിക്കുന്നത്. നീണ്ട അഗ്രഹാരങ്ങൾക്ക് ഇരുപുറവും തടിയിൽ തീർത്ത പ്രാചീനഭാവം പേറുന്ന ഗേഹങ്ങൾ. ഇടയിലൂടെ കുറിയ തെരുവുകൾ. ഒരോ മരവാതി ലിനും മുന്നിലെ ചാണകത്തറകളിൽ അരിപ്പൊടിയിൽ തീർത്ത കോലങ്ങൾ. ചാണകഗന്ധങ്ങൾക്കു മേലേ ജമന്തിയും ഭസ്മ വും സാമ്പ്രാണിയും മണക്കുന്നു. പാളസ്സാറിന്റെ മട്ടിലുടുത്ത വേഷ്ടിക്കുമേലെ അങ്കവസ്ത്രവും പൂണൂലും ഭസ്മക്കുറിയു മണിഞ്ഞവർ തെരുവിലും അമ്പലങ്ങളിലും അങ്കണങ്ങളിലും നിറയുന്നു. ഗൗരീശങ്കരമന്ദിരത്തിനടുത്തെത്തിയപ്പോൾ പട്ടുസാരിയുടുത്ത് മൂക്കുത്തി അണിഞ്ഞ രണ്ടു പേർ ഞങ്ങളെ കടന്നു പോയി. 

അവർ ചോദിച്ചു: ഭവാൻ കുതഃ ആഗച്ഛതി?

എനിക്ക് സംഗതി പിടികിട്ടിയതുകൊണ്ട് രക്ഷപ്പെട്ടു. കേരളാത്  എന്ന മറുപടി കിട്ടിയതോടെ അവർ കുശലം കൂട്ടി. രക്ഷയ്ക്കെ ത്തിയത് സംസ്കൃതാധ്യാപികയായ ഭാര്യയായിരുന്നു. അവരു ടെ സംസാരത്തിൽ നിന്നാണ് മാത്തൂരിൽ സംസ്കൃതം വന്ന വഴി മനസ്സിലായത്.

200 ലേറെ അഗ്രഹാരങ്ങളിലായി അയ്യായിരത്തിനടുത്ത് യജുർവേദികളായ ബ്രാഹ്മണരുടെ സങ്കേതമാണ് മാത്തൂർ. ഇവർ പഴയ കേരളത്തിന്റെ ഭാഗമായ ചെങ്കോട്ടയിൽ നിന്നു തമിഴ്നാട്ടിലെ പുതുക്കോട്ട വഴി ശിവമോഗ (ഷിമോഗ) യിലേക്ക് 500 വർഷം മുമ്പ് കുടിയേറിയതാണത്രെ. യജ്ഞം നടത്താൻ ബ്രാഹ്മണരില്ലാത്തതിനാൽ തിരുവിതാംകൂർ രാജാവ്, കൃഷ്ണദേവരായ രാജാവിനായി സമ്മാനിച്ചതാണെ ന്ന് പറയുന്നുണ്ടെങ്കിലും ഭാഷയിലും വേഷഭൂഷാദികളിലൊ ന്നും മലയാളിത്തം കാണാനില്ല. തമിഴും കന്നടയും മിശ്രമായ പ്രത്യേക സംസ്കൃതമാണ് ഭൂരിഭാഗം പേരും സംസാരിക്കു ന്നത്. സങ്കേതി എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. അക്ഷരം ദേവഭാഷയുടെ ലിപിയായ ദേവനാഗിരി തന്നെ. 

ബ്രാഹ്മണർ സംസ്കൃതം സംസാരിക്കുന്നത് നമുക്കു മനസ്സിലാക്കാം. പക്ഷേ, മറ്റു ജാതിക്കാർ ഇങ്ങനെ സംസ്കൃതം സംസാരിക്കുന്നതിൽ ഞങ്ങൾ അദ്ഭുതം കൂറവെ അവർ ഞങ്ങളെ തുംഗനദീതീരത്തൂടെ സരസ്വതി വേദപാഠശാലക ളിലേക്കു നയിച്ചു. ഗമകസമ്പ്രദായത്തിനു പ്രാമുഖ്യം നൽകുന്ന വേദശ്രവണമാണിതെന്ന് അവർ പറഞ്ഞു തന്നു. ഈ പാഠ

ശാലയിലെ പണ്ഡിതനായിരുന്ന ലക്ഷ്മീകാന്ത് ഉപാധ്യയ യാണു സംസ്കൃതം സംസാരിക്കുന്ന ഗ്രാമം എന്ന ആശയം മുന്നോട്ടു വച്ചത്. അതിനായി അമ്പലങ്ങളിൽ മാത്രം ഒതുങ്ങി യാൽ പറ്റില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആദ്യം സ്ത്രീകളെ വിളിച്ചു കൂട്ടി സംഭാഷണം പഠിപ്പിച്ചു.  അടുക്കള യിൽ ഉപയോഗിക്കുന്ന സാധനങ്ങളുടെ പേരെല്ലാം സംസ്കൃത ത്തിൽ എഴുതി വയ്പിച്ചു. പലചരക്കു കടയിൽ ചെന്നാൽ സംസ്കൃതത്തിൽ സാധനങ്ങൾ ചോദിക്കാൻ തുടങ്ങി. സംസ്കൃതത്തിൽ ചോറും കറിയും ചോദിച്ചാലേ തരുവെന്ന് ഭർത്താവിനോടും മക്കളോടും ഉറപ്പിച്ചു പറഞ്ഞു. അടുക്കള യിൽ നിന്നു തെരുവിലേക്ക് ആ സംസ്കൃത വിപ്ലവം പടരുക യായിരുന്നു. ബാർബർമാരും കുതിരവണ്ടിക്കാരും സംസ്കൃതം പഠിച്ചാലേ രക്ഷയുള്ളൂവെന്നായി. വയലിൽ പണിക്കു പോകു ന്നവർ അന്യേന്യം പറയുന്നതും സംസ്കൃതമായി. കർഷകർ ക്കായി പ്രത്യേകം സൗജന്യക്ലാസ്സുകൾ നൽകി. 

ഇങ്ങനെ മെല്ലെ പടർന്ന അമൃതവാണി ഔദ്യോഗിക ഭാഷയായി മാറിയത് 1982 ജനുവരി 24 –നു പേജാവർ മഠാധിപതിയുടെ പ്രഖ്യാപനത്തോടെയാണ്. സംസ്കൃത ഭാരതി എന്ന സംഘടനയായിരുന്നു ഈ ശ്രമങ്ങൾക്കെല്ലാം നട്ടെല്ലായി നിന്നത്. രണ്ടു നേരം സന്ധ്യാവന്ദനം, പുഴയിൽ കുളി, ഗോശാലകൾ, വേദപാഠശാലകൾ, പൂജയും യജ്ഞ ങ്ങളും ഹോമങ്ങളും അടയ്ക്കാ കൃഷിയും..... മാത്തൂരിലെ മുഖ്യധാരാ ജീവിതം ഇങ്ങനെയൊക്കെയാണ്. തുംഗാനദിക്ക് അക്കരെയുള്ള ഹോസഹള്ളി ഗ്രാമവും മാത്തൂരിന്റെ ഭാഗമാണ്. ഇവിടെയും സംസ്കൃതം തന്നെ മുഖ്യഭാഷ. വിവാഹങ്ങൾ പരസ്പരം ഈ ഗ്രാമങ്ങൾ തമ്മിലാണ്. ഇവിടെ പൂജയ്ക്ക് ആരും പണം ചോദിക്കില്ല. മോഷണവും അസഭ്യവർ ഷവും തീരെക്കുറവ്. സംസ്കൃതത്തിൽ ചീത്ത വിളിക്കേണ്ടി വരുന്നതിനാലാണോ ശണ്ഠ കുറഞ്ഞിരിക്കുന്നത്. 

എനിക്കു കൗതുകമായി. പാഠശാലാധ്യാപകനെന്നു തോന്നിയ യാളോട് ഭാര്യയുടെ സഹായത്തോടെ സംശയം ചോദിക്കവേ അദ്ദേഹം നല്ല ഇംഗ്ലീഷിൽ കാര്യം വിശദമാക്കിത്തന്നു. ‘‘സംസ്കൃതം താളബദ്ധമായ ഭാഷയാണ്. കോപം തോന്നിപ്പി ക്കുന്ന വാക്കുകൾ കുറവാണ്. മാത്രമല്ല സംസ്കൃത വാക്കൊ ക്കെ കണ്ടുപിടിച്ചു ചീത്തവിളിക്കാനൊന്നും ആരും തുനിയില്ല. സംസ്കൃതം മനസ്സിനെ ശാന്തമാക്കുന്ന ഭാഷയാണ്. സർവേ ഭവന്തു സുഖിനഃ എന്നു പറയുന്ന നാവിലെങ്ങനെ അസഭ്യം വരും.’’

മറ്റു ജാതിക്കാരിൽ സംസ്കൃതം പഠിക്കുന്നതിന് ബുദ്ധിമുട്ടു ണ്ടായോ? മറുപടി ഞങ്ങളെ ആശ്ചര്യപ്പെടുത്തി. ഏറ്റവും ആദ്യം സംസ്കൃതം പഠിച്ചത് ബാർബർ ജോലി ചെയ്യുന്നവ രായിരുന്നു. ബ്രാഹ്മണർക്ക് എല്ലാ ആഴ്ചയും തല മുണ്ഡ നവും കുടുമയും പതിവായതിനാല്‍ ബാർബർമാരെ ഇടയ്ക്കി ടെ കാണേണ്ടിവരും. ജോലി നടക്കണമെങ്കിൽ സംസ്കൃതം പഠിച്ചേ തീരൂ എന്നായപ്പോൾ അവർ പെട്ടെന്നു പഠിച്ചു. 

കംപ്യൂട്ടറും ക്രിക്കറ്റും യജ്ഞോപവീതവും

യജ്ഞോപവീതവും (പൂണൂൽ) ധരിച്ചു വേദകാലരീതിയിൽ ആധുനികതയുടെ സ്പന്ദനങ്ങളറിയാതെ ജീവിക്കുന്നവരാണീ ഗ്രാമക്കാരെന്ന് ഇത്രയും വായിച്ചപ്പോൾ ആർക്കും തോന്നി പ്പോകും. എന്നാൽ കംപ്യൂട്ടറും ക്രിക്കറ്റും വഴി പുറം ലോക ത്തിലേക്ക് വലിയൊരു പാലം പണിതിട്ടുണ്ടിവിടെ. മിക്ക വീടുകളിലും ഒരാളെങ്കിലും ബെംഗളൂരുവിലെ വൻകിട ഐടി കമ്പനികളിൽ ജോലി ചെയ്യുന്നവരുണ്ടാകും. അവർ വാരാന്ത്യ ങ്ങളിൽ നാട്ടിലെത്തുമ്പോൾ തനി മാത്തൂരുകാരായി മാറും. പക്ഷേ, പുലർകാലേ അവർ തുംഗയിലെ‍ കുളിച്ചു വരും.  അനുഷ്ഠാനങ്ങൾ കഴിഞ്ഞാൽ പാഠശാലകളിലും ഗുരുകുല ങ്ങളിലുമെത്തും. യജ്ഞമന്ത്രങ്ങളും സൂത്രങ്ങളും മനഃപാഠ മാക്കും. സ്ഥിരമായി താമസിച്ച് അഞ്ചു വർഷത്തെ കോഴ്സ് പൂർത്തിയാക്കുന്നവരും ധാരാളം. അഗ്രഹാരത്തോടു ചേർന്നുള്ള സർക്കാർ വിദ്യാലയത്തിലേക്ക് മാറുന്നവർ മറ്റൊരു ഭാഗത്ത്. വേദങ്ങളിലും സൂത്രങ്ങളിലും ഗവേഷണം നടത്തുന്ന വിദേശികളും അപൂർവമായുണ്ടിവിടെ.

മൃതഭാഷയെന്നു കരുതിയ സംസ്കൃതത്തിന് സ്വന്തം ജീവിതം കൊണ്ടു നാവു നൽകിയ ഈ നാട്ടുമനുഷ്യർ സായന്തന ങ്ങളിൽ സൊറ പറഞ്ഞിരിക്കുന്നതു കണ്ടു കൊണ്ടാണ് ഞങ്ങൾ മാത്തൂരിൽ നിന്നിറങ്ങിയത്.  അപ്പോൾ തുംഗാ നദീതീരത്തെ ആൽമരച്ചുവട്ടിലെ കൽപ്പടവുകളിൽ സന്ധ്യാ വന്ദനത്തിന് നല്ല തിരക്കു കണ്ടു. പുഴനടുവിലെ കൽത്തറയിൽ നീന്തിച്ചെന്ന് പൂണൂൽ തിരുപ്പിടിപ്പിച്ച് അവർ മന്ത്രങ്ങൾ ചൊല്ലുന്നുണ്ടായിരുന്നു. പുഴയ്ക്കിക്കരെ നിന്ന ‍ഞങ്ങൾക്ക് അശ്വത്ഥങ്ങൾ ദലമർമരം കൊണ്ട് ആ മന്ത്രങ്ങൾ പ്രതിധ്വനിപ്പിച്ചു തന്നു. അവയിലൊന്നിന്റെ അർഥമിതായിരുന്നോ?

വഴികൾ തോറും തണൽ വീശി

മരങ്ങൾ നിൽക്കുന്നു.

യാത്രികർ ആ വൃക്ഷച്ഛായയെ

വഴി തോറും ആശ്രയിക്കുന്നു. 

ഗൃഹത്തിൽ തിരിച്ചെത്തിയ ഞങ്ങൾ ആ ആൽമരങ്ങളെ മാത്രമല്ല; ആ മനുഷ്യരെയും അവരുടെ വാക്കുകളെയും ഒരിക്കലല്ല പല പ്രാവശ്യം ഓർത്തുകൊണ്ടേയിരിക്കുന്നു. 

ധന്യവാദ: മംഗളം ഭവന്തു

കാഴ്ചാകേന്ദ്രങ്ങൾ

ചിക്കമംഗളൂരു നഗരത്തിൽ തന്നെയുള്ള എംജി പാർക്ക്, മുഇളയൻഗിരി പർവതം (12 കി.മീ), ഭദ്രാ വന്യജീവി സങ്കേതം (38 കി.മീ) ക്ഷേത്രഗ്രാമമായ ബെലവാഡി (29 കി.മീ), ബേലൂർ ഹാലെബേഡൂ (27 കി.മീ), സകലേഷ്പൂരിലെ കാപ്പിത്തോ ട്ടങ്ങൾ (60 കി.മീ) എന്നിവയാണ് ചിക്കമംഗളൂരു നഗരത്തിനു സമീപമുള്ള കാഴ്ചാകേന്ദ്രങ്ങൾ.

ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫിസർ  08262 228493

മാത്തൂരിലെത്താന്‍

ഷിമോഗയാണ് പ്രധാന നഗരം ഇവിടെ നിന്നു മാത്തൂരിലേക്കു ദൂരം 8 കിലോമീറ്റർ. ബസ്, ടാക്സി, ഓട്ടോ ഇവ ലഭ്യമാണ്. മാത്തൂരിൽ കാര്യമായ താമസ സൗകര്യങ്ങളില്ല. ഷിമോഗ നഗരത്തിൽ ധാരാളം ഹോട്ടലുകളും ലോഡ്ജുകളുമുണ്ട്. ഷിമോഗയിൽ നിന്ന് മൈസൂര്‍, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്ക് തീവണ്ടി ലഭ്യമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA