ADVERTISEMENT

‘‘ആകാശത്തിനുകുറുകേ പാതി മുറിഞ്ഞുനിൽക്കുന്ന ഇരുമ്പുപാലത്തിലൂടെ വിറച്ചുകൊണ്ട് ഞാൻ നടന്നു. ഏതാനും അടി നടന്നാൽ പാലത്തിനറ്റത്തെത്തും. താഴെ അഗാധമായ കൊക്കയാണ്. സ്റ്റീവ് പയ്യെപ്പയ്യെ തള്ളിക്കൊണ്ടിരുന്നു. ഇല്ല. എത്ര ശ്രമിച്ചിട്ടും അറ്റത്തെത്താനാകുന്നില്ല. തലകറങ്ങുന്നപോലെ. എനിക്കിതിനു കഴിയില്ലെന്നുപറഞ്ഞ് ബൻജി ബോർഡിൽ ഞാൻ തളർന്നു നിന്നു. പണ്ട്, ദൂരദർശനിൽ കണ്ട ‘ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സി’ലെ ഒരു ദൃശ്യം അപ്പോൾ മനസ്സിലേക്കെത്തി. കാട്ടുവള്ളി കാലിൽ കെട്ടി വലിയ ഉയങ്ങളിൽനിന്നും താഴേക്കെടുത്തു ചാടുന്ന അൽപവസ്ത്രധാരികളായ കാട്ടുവർഗക്കാർ. ഏതോ ആചാരത്തിന്റെ ഭാഗമായുള്ള ആ ചാട്ടത്തിൽ വള്ളി പൊട്ടിയും തലയിടിച്ചും പലരും മരിക്കാറുണ്ടത്രേ!’’

കഴിഞ്ഞ മേയിൽ കൂട്ടുകാരുമൊത്തു നടത്തിയ ഹിമാലയൻ യാത്രയ്ക്കൊടുവിലാണ് ഋഷികേശിലെ പേരു കേട്ട ബൻജി ബോർഡിൽ എത്തിപ്പെട്ടത്. ഡൽഹിയിൽനിന്നു ഗംഗയുടെ ഉദ്ഭവസ്ഥാനമായ ഗംഗോത്രിയിലേക്കായിരുന്നു ആ യാത്ര. പുറപ്പെടുന്നതിന്റെ തലേ ആഴ്ച കൂട്ടുകാര്‍ ഞെട്ടിക്കുന്ന ആ സത്യം വെളിപ്പെടുത്തി: ‘ഗംഗോത്രി കണ്ട് മടങ്ങും വഴി ഋഷികേശിൽ നമ്മൾ വൈറ്റ് വാട്ടർ റാഫ്റ്റിങ്ങും ബൻജി ജംപിങ്ങും ചെയ്യുന്നു!

പേടിക്കാൻ ഒന്നല്ല, രണ്ടാണ് കാരണങ്ങൾ. നീന്തലറിയാത്തതിനാൽ റാഫ്റ്റിങ്ങിനും അത്ര ധൈര്യം പോരാ. അപ്പോൾത്തന്നെ അവരെ തിരുത്തി: ‘നമ്മളല്ല, നിങ്ങൾ ചെയ്യുന്നു. അതെല്ലാം കണ്ട് ഞാൻ കരയ്ക്കിരിക്കുന്നു.’ ഒടുവിൽ കൂട്ടുകാരുടെ കളിയാക്കൽ സഹിക്കാനാവാതെ റാഫ്റ്റിങ്ങിന് സമ്മതം മൂളി. കൊന്നാലും ബൻജി ജംപിങ് ചെയ്യില്ല എന്ന കടുംപിടിത്തത്തിൽ അപ്പോഴും ഉറച്ചുനിന്നു. കയ്യിലെ കാശും കൊടുത്ത് പേടിക്കാൻ നിന്നു കൊടുക്കുന്ന പ്രിയസുഹൃത്തുക്കളുടെ പിൻബുദ്ധിയെ പിന്നീടുള്ള ദിവസങ്ങളിൽ മനസ്സുകൊണ്ട് പുച്ഛിച്ചുകൊണ്ടേയിരുന്നു.

Bungee-jumping-experience2

ഒരാഴ്ചത്തെ ബുള്ളറ്റ് റൈഡിനുശേഷം ഞങ്ങൾ ഋഷികേശിലെത്തി. അന്ന് അഡ്വഞ്ചർ സ്പോർട്സിനായി ചെലവിട്ട് പിറ്റേന്ന് ഡൽഹിയിലേക്കു മടങ്ങാനാണ് പ്ലാൻ. ലോകത്തിന്റെ ‘യോഗ കാപിറ്റൽ’ എന്നു വിശേഷണമുള്ള ഋഷികേശ് ആധ്യാത്മികതയ്‌ക്കു മാത്രമല്ല, സാഹസികവിനോദങ്ങൾക്കും പേരുകേട്ടതാണെന്നത് പുതിയ അറിവായിരുന്നു. അവിടുത്തെ, പാറക്കൂട്ടങ്ങളിലൂടെ കുതിച്ചൊഴുകുന്ന ഗംഗാനദിയിലൂടെയുള്ള റാഫ്റ്റിങ് ലോകപ്രശസ്തമാണ്. ഈയിടെ ‘ഔട്ട്‌ലുക്ക് ട്രാവലർ’ മാഗസിൻ നടത്തിയ റീഡേഴ്സ് സർവേയിൽ ലോകത്തിലെ ഏറ്റവും മികച്ച ‘റാഫ്റ്റിങ് ഡെസ്റ്റിനേഷനാ’യി തിരഞ്ഞെടുക്കപ്പെട്ടത് ഋഷികേശ് ആയിരുന്നു.

രാവിലെ ഏഴു മണിയോടെ ഞങ്ങൾ ഹോട്ടലിൽനിന്നിറങ്ങി. റാഫ്റ്റിങ്ങിനും ബൻജി ജംപിങ്ങി നുമൊക്കെ നേരത്തേ ഓൺലൈൻ ബുക്കിങ് നടത്തിയിരുന്നു. ഋഷികേശിൽനിന്ന് ഏതാണ്ട് 20 കിലോമീറ്റർ വടക്കുള്ള ശിവ്‌പുരിയാണ് ‘റാഫ്റ്റിങ് സ്പോട്ട്’. റാഫ്റ്റിങ്ങിനുള്ള വലിയ റബർബോട്ട് മുകളിൽ വച്ചുകെട്ടിയ വാൻ ഞങ്ങളെ അവിടേക്കുകൊണ്ടുപോയി. ഐസുപോലെ തണുത്ത ഒഴുക്കുള്ള ഗംഗയിലൂടെ 21 കിലോമീറ്റർ താഴേക്കു തുഴഞ്ഞ് ഋഷികേശിലെ ത്രിവേണിഘട്ടിലേക്ക്. ഇടയ്ക്ക് ചെറുതും വലുതുമായ എട്ട് ‘റാപ്പിഡു’കൾ (ചെറിയ വെള്ളച്ചാട്ടങ്ങൾ). ഗംഗയിൽ അപകടകരമായ റാപ്പിഡുകൾ അനവധിയുണ്ടെന്നും അതിൽ പലർക്കും ജീവൻ നഷ്ടമായിട്ടുണ്ടെന്നുമൊക്കെയുള്ള വിവരങ്ങൾ തുഴച്ചിലിനിടെ ഞങ്ങളുടെ ഗൈഡ് പറഞ്ഞുതന്നു. നീന്തലറിയാതെ, വെള്ളച്ചാട്ടങ്ങൾ നിറഞ്ഞ മഹാനദിയിൽ അറിയാൻവയ്യാത്ത പണിയിലേർപ്പെട്ടിരിക്കുമ്പോൾ കേൾക്കാൻ പറ്റിയ കഥകൾ തന്നെ!

എന്തായാലും റാഫ്റ്റിങ് കൊണ്ട് ഒരു ഗുണമുണ്ടായി. ഇത്തിരി ധൈര്യം കൂടിയിട്ടില്ലേ എന്നൊരു സംശയം മനസ്സിൽ തോന്നിത്തുടങ്ങി. രണ്ടു മണിക്കൂറോളം നീണ്ട സാഹസികമായ തുഴച്ചിലും ഒടുവിൽ ഗൈഡിന്റെ നിർദേശം കേട്ട് കയറിൽ പിടിച്ച് വെള്ളത്തിലേക്കെടുത്തു ചാടിയ രംഗങ്ങളുമൊക്കെ അപ്പോൾ കണ്ടിറങ്ങിയ ആക്‌ഷൻ സിനിമയിലെ രംഗങ്ങൾ പോലെ ഉള്ളിൽ തെളിഞ്ഞുകൊണ്ടിരുന്നു. ധൈര്യം എന്നത് വെറും തോന്നലല്ല, സത്യമാണെന്ന തിരിച്ചറിവിനൊടുവിൽ നിർണായകമായ ആ തീരുമാനത്തിലേക്ക് എത്തിച്ചേർന്നു: ഞാനും കൂട്ടുകാർക്കൊപ്പം ബൻജി ജംപിങ് ചെയ്യുന്നു!

ജംപിങ് ഹൈറ്റ്സ്

ഋഷികേശിനടുത്തുള്ള മോഹൻചട്ടിയിലാണ് (Mohanchatti) ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ബൻജി ജംപിങ്. ചാടേണ്ട ഉയരം 83 മീറ്റർ അഥവാ 272 അടി. ഏതാണ്ട് ഒരു 25 നിലക്കെട്ടിടത്തിന്റെ ഉയരം! രാജ്യാന്തര നിലവാരത്തിലുള്ള ആ ബൻജി ജംപിങ് ഡിസൈൻ ചെയ്തത് ഡേവിഡ് അലാർഡിസ് എന്ന ന്യൂസീലൻഡുകാരനാണ്.

ന്യൂസീലൻഡിൽ നിന്നുതന്നെയുള്ള സ്റ്റീവും ക്രിസ്റ്റീനയുമാണ് അതിന്റെ  നടത്തിപ്പുകാരും മുഖ്യപരിശീലകരും. ‘ജംപിങ് ഹൈറ്റ്സ്’ (Jumpin Heights) എന്നു പേരുള്ള ആ ‘അഡ്വഞ്ചർ സോണിൽ’ ബൻജി ജംപിങ്ങിനുപുറമെ ജയന്റ് സ്വിങ്, ഫ്ളയിങ് ഫോക്സ് എന്നീ സാഹസികവിനോദങ്ങളുമുണ്ട്. ഒരു മലയിൽനിന്നും മറ്റൊരു മലയിലേക്ക് ആകാശത്തിലൂടെയുള്ള ഊഞ്ഞാലാട്ടമാണ് ജയന്റ് സ്വിങ്. കയറിലൂടെ തലകീഴായി  അതിവേഗത്തിലോടുന്ന കാബിനിൽ കമഴ്ന്നുകിടന്നുള്ള ആകാശസവാരി ഫ്ളയിങ് ഫോക്സ് എന്നറിയപ്പെടുന്നു. ആവശ്യക്കാർക്ക് ആവോളം ഭയപ്പെടാനുള്ള വക ഇവ മൂന്നിലുമുണ്ട്. എങ്കിലും ഇവിടെയെത്തുന്നവരിൽ ഭൂരിഭാഗം പേരും ഏറ്റവും ത്രില്ലിങ് ആയി കാണുന്നത് ബൻജി ജംപിങ് തന്നെ.

ഋഷികേശിൽനിന്ന് 25 കിലോമീറ്റർ ദൂരമുണ്ട് മോഹൻചട്ടിയിലേക്ക്. നദിക്കരയിൽ താൽക്കാലിക ടെന്റുകൾ നിരത്തിയ റിസോർട്ടുകൾ, നിരവധി റാഫ്റ്റിങ് സംഘങ്ങൾ, ഗംഗാതീരത്ത് യോഗയിൽ ഏർ‌പ്പെട്ടിരിക്കുന്ന വിദേശികൾ തുടങ്ങിയ കാഴ്ചകൾ കണ്ട് ഉച്ചയോടെ ഞങ്ങൾ ജംപിങ് ഹൈറ്റ്സിലെത്തി. മലഞ്ചെരിവിൽ, നല്ലൊരു കഫ്റ്റീരിയയോടുകൂടിയ സാമാന്യം വലിയൊരു ഓഫിസ്. റിസപ്ഷനോടു ചേർന്ന വലിയ ഹാളിൽ, ഉപയോഗം കഴിഞ്ഞ ബൻജി കോഡുകൾ പ്രദർശിപ്പിച്ചിരിക്കുന്നു. നിരവധി ഇഴകളുള്ള ബൻജി കോഡുകൾ രാജ്യാന്തര നിലവാരത്തിലുള്ളതാണ്.  പേര്, വിലാസം, ആരോഗ്യവിവരങ്ങൾ തുടങ്ങിയവ‍ എഴുതി ഒപ്പിട്ടുനൽകിയശേഷം നമ്മുടെ ‘ചാൻസ്’ വരുന്നതുവരെ കഫ്റ്റീരിയയിൽ വെയ്റ്റ് ചെയ്യണം.

ഓപ്പറേഷനുമുമ്പുള്ള സമ്മതപത്രത്തിൽ അറിഞ്ഞുകൊണ്ട് ഒപ്പിട്ടുകൊടുക്കുന്ന രോഗിയായി സ്വയം സങ്കല്പിച്ച് ബൻജി ജംപിങ്ങിനുള്ള ‘ഫോമിൽ’ ഒപ്പിട്ടു. റിലാക്സ് ചെയ്യാനായി വെറുതെ ഒരു പാട്ടു മൂളിക്കൊണ്ടിരുന്നെങ്കിലും ഒപ്പിടുമ്പോൾ കൈ ചെറുതായി വിറച്ചു! ആ നിമിഷം തൊട്ട് ഹൃദയമിടിപ്പ് ഒരല്പം വേഗത്തിലായി.

Bungee-jumping-experience1

കഫ്റ്റീരിയയിലുള്ള കാത്തിരിപ്പാണ് ഇനി. അവിടെയുള്ള വലിയ ടിവിയിൽ കുറച്ചകലെ കീഴ്‌ക്കാംതൂക്കായ മലമുകളിൽ സ്ഥാപിച്ച ഇരുമ്പു പ്ലാറ്റ്ഫോമിൽനിന്നും ബൻജി ജംപിങ് ചെയ്തുകൊണ്ടിരുന്നവരുടെ ‘ലൈവ്’ ദൃശ്യങ്ങൾ. ഡെറാഡൂണിലെ ഏതോ ഹൈടെക് സ്കൂളിൽനിന്നുള്ള കൂട്ടികളായിരുന്നു അപ്പോൾ ചാടിക്കൊണ്ടിരുന്നത്. എട്ടിലും പത്തിലുമൊക്കെ പഠിക്കുന്ന, കൂടുതലും പെൺകുട്ടികളടങ്ങുന്ന വലിയൊരു സംഘം. കൂട്ടുകാർ ചാടുന്നതുകണ്ട് ആവേശഭരിതരായ കുട്ടികളുടെ ലൈവ് കമന്ററി കേട്ട് കഫ്റ്റീരിയയിലിരുന്നപ്പോൾ നെഞ്ചിടിപ്പ് കൂടിക്കൂടിവന്നു. ബൻജി കഴിഞ്ഞവർ മല കയറിയെത്തുന്നത് ഈ കഫ്റ്റീരിയയിലേക്കാണ്. കൂട്ടുകാരെ കാണുമ്പോൾ ഒച്ചവച്ചുകൊണ്ട് അവർ കെട്ടിപ്പുണരുന്നു. അന്തരീക്ഷം നിറയെ ‘വൗ, വണ്ടർഫുൾ, അമേസിങ്, ഓസം’ തുടങ്ങിയ ‘യങ്‌സ്റ്റർ’ ആർപ്പുവിളികളും കോരിത്തരിപ്പുകളും. അതിനിടയിൽ, സ്വന്തം ഊഴമെത്തുന്നതും കാത്തു നിമിഷങ്ങളെണ്ണിയിരുന്ന ഞങ്ങൾ കുറച്ച് ‘അങ്കിൾ’മാർ.

ഇതിനിടെ ഓരോരുത്തരുടെയും വെയ്റ്റ് നോ ൃക്കി അത് പച്ച മഷി കൊണ്ട് ഞങ്ങളുടെ കയ്യിൽ എഴുതിവച്ചു. 100 കിലോയുള്ള ഒരാൾക്കു മാത്രം ചുവപ്പു നിറത്തിലാണ് എഴുത്ത്. പച്ച നിറക്കാർക്കെല്ലാം ഒരേതരം ബൻജി കോഡാണ് ഉപയോഗിക്കുകയെന്നും ചുവപ്പുനിറത്തിലുള്ള ‘ജംബോ’ സൈസുകാരന് മറ്റൊരു കോഡാണെന്നും നടത്തിപ്പുകാർ പറഞ്ഞുതന്നു.

കയ്യിലെ എഴുത്തിലേക്ക് നോക്കിയിരിക്കേ, പച്ചയും ചുവപ്പും നമ്പറിട്ട് അറവുശാലയിലേക്ക് കൊണ്ടുപോകുന്ന പൊള്ളാച്ചിയിലെ വണ്ടിക്കാളകളെ ഓർമവന്നു. എത്ര പിടിച്ചുകെട്ടാൻ ശ്രമിച്ചിട്ടും മനസ്സിന്റെ കയറൂരി കരഞ്ഞുകൊണ്ട് അവ തലങ്ങും വിലങ്ങും ഓടിനടക്കുകയാണ്! വേണ്ടുവോളം ടെൻഷനടിച്ച രണ്ടു മണിക്കൂറത്തെ കാത്തിരിപ്പിനുശേഷം  ഞങ്ങളുടെ പേരു വിളിച്ചു. ഓഫിസിനുമുന്നിലെ മെയിൻ റോഡിലൂ‍ടെ അല്പം താഴേക്കു നടന്നുവേണം ബൻജി പ്ലാറ്റ്ഫോമിലെത്താൻ.

ഫൈനൽ കൗണ്ട്‍‍ഡൗൺ

‘ചെകുത്താൻ കൊല്ലിക്കുന്ന്’ – കീഴ്‌ക്കാംതൂക്കായ വലിയ പാറയിൽ ബൻജി ജംപിങ്ങിനായി പണിത പടുകൂറ്റൻ ഇരുമ്പു പ്ലാറ്റ്ഫോമിനെ അങ്ങനെ വിശേഷിപ്പിക്കാം. താഴെ അഗാധമായ കൊക്കയിലേക്കു തുറന്നുകൊണ്ട് അതങ്ങനെ പാതിമുറിഞ്ഞുനിൽക്കുകയാണ്. പ്ലാറ്റ്ഫോമിലൂടെ നടന്ന് ബൻജി ബോർഡിലെത്തിയപ്പോ ൾ രണ്ടുപേർ വന്ന് ഇലാസ്റ്റിക് ബെൽറ്റുകളുടെ മേൽചട്ട ശരീരത്തിലണിയിച്ചു. അപ്പോഴേക്കും ന്യൂസീലൻഡുകാരൻ സ്റ്റീവ് ചിരിച്ചുകൊണ്ട് മുന്നിലെത്തി കുശലം ചോദിച്ചു. കൊക്കയിലേക്കു ചാടാൻ വന്നവരെ ഒന്ന് ‘റിലാക്സ്’ ചെയ്യിക്കാനാണ് ഈ കൊച്ചുവർത്തമാനം. കേരളത്തിൽനിന്ന് വരികയാണെന്നും ബുള്ളറ്റിൽ ഹിമാലയം കണ്ടുവെന്നും പറഞ്ഞപ്പോൾ ‘നിങ്ങൾ ഭയങ്കരനാണെ’ന്ന് സ്റ്റീവ് മോട്ടിവേറ്റ് ചെയ്തു. എന്നാൽ, സംസാരിച്ചുകൊണ്ടിരിക്കെ പ്ലാ ൃറ്റ്ഫോമിന്റെ താഴേക്കൊന്ന് പാളി നോക്കിയതോടെ എല്ലാ ധൈര്യവും ഒറ്റനിമിഷം കൊണ്ട് ചോർന്നുപോയി.

പിന്നീട് മറ്റൊരു സഹായി വന്ന് ബൻജി ജംപിങ് ബോർഡിന്റെ അറ്റത്തേക്ക് കൈപിടിച്ച് കൊണ്ടുപോയി. രണ്ടു കാലും കയറു കൊണ്ട് ബന്ധിച്ചിരിക്കുന്നതിനാൽ സ്റ്റീവ് പിന്നിൽ നിന്ന് ഉന്തുന്നുമുണ്ട്. ബോർഡിന്റെ അറ്റത്തെത്തിയപ്പോൾ അറിയാതെ വീണ്ടും താഴേക്കൊന്നു നോക്കിപ്പോയി. ‘അസ്തപ്രജ്‍‍‍ഞനാവുക’ എന്നൊക്കെ പലവട്ടം വായിച്ചിട്ടുണ്ടെങ്കിലും അതിന്റെ യഥാർഥ അർഥം അടിമുടി അനുഭവിച്ചത് അപ്പോഴാണ്. ജീവിതത്തിൽ ഏറ്റവുമധികം ഭയപ്പെട്ട നിമി ഷങ്ങൾ. അപ്പോഴേക്കും വിറയലിന്റെ രൂപത്തിൽ ശരീരം പ്രതികരിച്ചുതുടങ്ങി.

കൈകൾക്ക് പതിവില്ലാത്ത തണുപ്പ്. ധൈര്യത്തിന്റെ അവസാന കണികയും ചോർന്നു പോയി. കണ്ണിൽ ഇരുട്ടല്ല, പതിവിലേറെ വെളിച്ചം കയറുന്നപോലെ. അങ്ങുതാഴെയുള്ള ചെറിയ നീർച്ചാലും പാറക്കൂട്ടങ്ങളുമൊക്കെ ഇപ്പോൾ വ്യക്തമായി കാണാം. അതാണു കുഴപ്പവും! സ്റ്റീവ് പയ്യെപ്പയ്യെ തള്ളിക്കൊണ്ടിരുന്നു. ബോർഡിന്റെ അറ്റത്ത് ഒരു കാല്‍ മുന്നിലെ ശൂന്യതയിലേക്ക് പാതി നീട്ടിവച്ചു നിൽക്കണം. അതാണ് ചാടേണ്ട പൊസിഷൻ. ചാട്ടമല്ല, കൈകൾ വിടർത്തി പറക്കണം. അതാണു വേണ്ടത്. ഇല്ല. എത്ര ശ്രമിച്ചിട്ടും എനിക്ക് ബോർഡിനറ്റത്തേക്ക് എത്താനാകുന്നില്ല. തല കറങ്ങുന്നപോലെ. ‘എനിക്കിതിനു കഴിയില്ലെന്നു’പറഞ്ഞ് ബൻജി ബോർഡിൽ ഞാൻ തളർന്നുനിന്നു. കൈപിടിച്ച് പിന്നോട്ടു നടത്തി ജംപിങ് ബോർഡിനരികെയുള്ള ഇരിപ്പിടത്തിൽ സ്റ്റീവ് എന്നെ ഇരുത്തി. മുട്ടിലിരുന്ന് തോളിൽ കയ്യിട്ടുകൊണ്ട് അദ്ദേഹം എനിക്ക് വിലപ്പെട്ട ചില ഉപദേശങ്ങൾ തന്നു.

സ്റ്റീവിന്റെ ഗീതോപദേശം

ബൻജി ബോർഡ് എന്ന യുദ്ധക്കളത്തിൽ ഇല്ലാത്ത ആയുധം അടിയറവച്ച് സർവാംഗം തളർന്നിരുന്ന എന്നെ സ്റ്റീവ് എന്ന മഹാനുഭാവൻ ധൈര്യത്തിലേക്കു നയിച്ചു. എവിടെനിന്നാണ് വരുന്നതെന്ന് ഒരിക്കൽക്കൂടി ചോദിച്ചുകൊണ്ടായിരുന്നു തുടക്കം. കേരളത്തിൽനിന്നെന്നു പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. ‘നോക്കൂ, ഇത്ര ദൂരെനിന്നും പണം മുടക്കി നിങ്ങൾ ഇവിടെയെത്തിയത് പേടിക്കാൻ തന്നെയാണ്. ഇവിടെവരുന്ന ഒരാൾ പോലും ധൈര്യത്തോടെയല്ല വരുന്നത്. എല്ലാവരും ബൻജി ജംപിങ്ങിനെ വല്ലാതെ ഭയപ്പെടുന്നു. പക്ഷേ, ഇതു ചെയ്തുകഴിഞ്ഞാൽ അവർ പറയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ് തങ്ങൾ ചെയ്തതെന്ന്.

ഈ ബൻജി ബോർഡിൽ നിന്ന് പുറത്തു കടക്കാൻ രണ്ടു വഴികളാണുള്ളത്. ചാട്ടം പൂർത്തിയാക്കി മല കയറിപ്പോവുക. അതാണ് വിജയിയുടെ വഴി. രണ്ടാമത്തേത് ഈ പ്ലാറ്റ്ഫോമിലൂടെയുള്ള തിരിച്ചുപോക്കാണ്. അത് തോറ്റവരുടെ വഴിയാണ്. അതിലൂടെ പോയാൽ ഈ പരാജയത്തിന്റെ അപമാനം നിങ്ങളെ ജീവിതം മുഴുവൻ പിന്തുടരും. ചാടാൻ രണ്ടേ രണ്ട് അവസരമേയുള്ളൂ. അതിലൊന്ന് കഴിഞ്ഞു. ഇനിയുള്ളത് അവസാന ചാൻസാണ്. എനിക്കുറപ്പുണ്ട്. നിങ്ങൾ വിജയിയുടെ വഴിയാണ് സ്വീകരിക്കുക.’

മർമത്തിലാണ് പിടുത്തം. തോറ്റാൽ ആത്മാഭിമാനത്തിനുകൂടിയാണ് മുറിവേൽക്കുക. ജയിച്ചാൽ ‘കംഫർട്ട് സോൺ’ ബ്രേക്ക് ചെയ്തവൻ എന്ന പെരുമ ഒപ്പം കൊണ്ടുപോകാം. ഞാൻ ഉറപ്പിച്ചു. ചാടും. അന്തരീക്ഷത്തിൽനിന്ന് ധൈര്യം വലിച്ചെടുത്ത് ശരീരത്തിനും മനസ്സിനും നൽകി മുന്നോട്ടു നടന്നു. ഇപ്പോൾ വിറയില്ല. ബോർഡിനറ്റത്ത് ഒരു കാൽ മുന്നോട്ടുവച്ച് നിന്നു. ത്രീ... ടൂ...വൺ. സ്റ്റീവ് ഉച്ചത്തിൽ കൗണ്ട്‌ഡൗൺ തുടങ്ങി. ചാടില്ല എന്നു തോന്നിയതുകൊണ്ടാവണം കൗണ്ട്‌ഡൗൺ കഴിഞ്ഞതും സ്റ്റീവ് എന്നെ പിന്നിൽനിന്നും ചെറുതായൊന്ന് തള്ളി!

ഇനി ഒന്നും ചെയ്യാനില്ല. അവസാനത്തെ പിടിവള്ളിയും നഷ്ടപ്പെട്ടു. കൈകള്‍ വിടർത്തി പറക്കുന്നപോലെ ചാടേണ്ടതിനു പകരം രണ്ട് കൈകൊണ്ടും തലയ്ക്കു മുകളിലെ ബൻജി കോഡിൽ ബലമായി പിടിച്ച് ജീവിതത്തോടുചെയ്ത സമസ്താപരാധങ്ങളോടും മാപ്പു പറയുന്നപോലെ ഞാൻ ചാടി. മാതാവിൽ തുടങ്ങി പിതാവ്, ഭാര്യ, മൂത്തമകൻ, ഇളയമകൻ‍ എന്നിവരെ അലറി വിളിച്ചു. അപ്പോഴേക്കും ബൻജി കോഡ് എന്നെയും കൊണ്ട് പരമാവധി താഴേക്കുവലിഞ്ഞു. കയറുകൾ ചുറ്റിവരിയുകയും അ യയുകയും ചെയ്യുന്ന ശബ്ദം. ഇപ്പോൾ മുകളിലേക്കു യരുകയാണ് ഞാൻ. മരിക്കില്ല എന്നു തീർച്ചയായി. അതുവരെ ഭയം കൊണ്ടായിരുന്നെങ്കിൽ പിന്നീട് സന്തോഷം കൊണ്ട് കൂവിവിളിച്ചു. അപ്പോഴേക്കും ബൻജികോഡ് എന്നെയും കൊണ്ട് രണ്ടുമൂന്നുവട്ടം ഉയർന്നുതാണ് ആടാൻ തുടങ്ങി.

താഴെ അക്ഷമരായി നിൽക്കുന്ന കൂട്ടുകാർ. പെട്ടെന്ന് താഴെയുള്ള ബൻജി ജംപിങ് ജോലിക്കാർ വലിയൊരു മുള മുകളിലേക്കുനീട്ടി. അതിൽ പിടിച്ച് സുരക്ഷിതമായി താഴെയെത്തി. മരണത്തിൽനിന്ന് മടങ്ങിയെത്തിയ ആളെപ്പോലെ ഞാൻ സുഹൃത്തുക്കളെ കെട്ടിപ്പിടിച്ചു. അ‌ങ്ങുമുകളിൽ അനിശ്ചിതയിലേക്കുള്ള പാലം പോലെ നിന്ന ബൻജി ജംപിങ് പ്ലാറ്റ്ഫോമിലേക്ക് ഞാൻ അവിശ്വസനീയതയോടെ ഒരിക്കൽകൂടി നോക്കി.

വെറുമൊരു സ്വിമ്മിങ് പൂളിലേക്ക്, അല്ലെങ്കിൽ കുളത്തിലേക്ക് എടുത്തു ചാടുന്ന ലാഘവത്തോടെ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ബൻജി ജംപിങ് ചെയ്യുന്നവരുണ്ടാകാം. ഞങ്ങൾ ആറു പേരിൽ രണ്ടുപേർ അക്കൂട്ടത്തിൽ പെട്ടവരായിരുന്നു. പക്ഷേ, അത്രയൊന്നും ചങ്കൂറ്റമില്ലാത്ത, ഉയരങ്ങളെ ചങ്കുപൊട്ടി ഭയക്കുന്ന ഒരാളുടേതാണ് ഈ കുറിപ്പ്. ‘എന്നാലും നീ എങ്ങനെയതു ചാടി’ എന്ന് അടുപ്പമുള്ളവർ ആശ്ചര്യപ്പെടുമ്പോൾ ആ നിമിഷങ്ങൾ വീണ്ടുമോർക്കും. കീഴ്‌ക്കാംതൂക്കായ ഒരു മലഞ്ചെരിവിലെ ഇരുമ്പുപാലത്തിൽ തൊട്ടുമുന്നിലെ അഗാധശൂന്യതയിലേക്കു നോക്കി ജീവഭയത്തോടെ നിൽക്കുന്ന ഞാൻ. സ്റ്റീവ് എന്ന ന്യൂസീലൻഡുകാരന്റെ ഉച്ചസ്ഥായിയിലുള്ള കൗണ്ട് ‍ഡൗണ്‍ അപ്പോൾ ഹൃദയത്തിൽ മുഴങ്ങും.  ത്രീ...ടൂ..വൺ..ബൻജീ!!! 

എങ്ങനെ എത്താം

∙ഉത്തരാഖണ്ഡിലെ ഋഷികേശിൽ മോഹൻ ഛട്ടിയിലാണ് ജംപിൻ ഹൈറ്റ്സ്. ലക്ഷമൺ ഝൂലയിൽ നിന്ന് 15 കിലോമീറ്റർ അകലെ.

∙83 മീറ്റർ ഉയരത്തിൽ നിന്നാണ് ചാടുന്നത്. 

∙ 12 വയസ്സിന് മുകളിലുള്ളവർക്ക് ധൈര്യമുണ്ടെങ്കിൽ ചാടാം. ശരീരഭാരം ഏറ്റവും കുറഞ്ഞത് 30 കിലോ. കുടിയത് 120. നിരക്കുകൾ 

∙ ബൻജി ജംപ് – 3500 രൂപ 

∙ജയന്റ് സ്വിങ് – 3500 രൂപ 

∙ ഫ്ളൈയിങ് ഫോക്സ് – 3000 രൂപ 

∙ഫോൺ: 01206193999 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com