ADVERTISEMENT
goa-Arambol-beach

ഒരു ആയുസ്സിന്റെ ഓർമച്ചെപ്പിൽ ഏറ്റവും അഴകുള്ളതെന്നു കരുതി സൂക്ഷിക്കുവാൻ കഴിയുന്ന ചില നല്ല ദിനങ്ങളാണ് വിവാഹിതരായവർക്കു  മധുവിധു നാളുകൾ. പരസ്പരം അറിയുവാനും അടുക്കുവാനും ഏറ്റവും ഉചിതമായ സമയമാണത്. മധുവിധു നാളുകളെ ആഘോഷമാക്കാൻ സുന്ദരമായ ചിലയിടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുന്നത് ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ  ഒരിടത്തുനിന്നു തന്നെയാകണമെന്നാഗ്രഹിക്കുന്നവർക്കിതാ മധുവിധു ആഘോഷിക്കാൻ പറ്റിയ മനോഹരമായ ആറു സ്ഥലങ്ങൾ.

ഗോവ

goa

അറബിക്കടലിന്റെ തീരം സമ്മാനിച്ച ഒരു ചെറുകരയാണ് ഗോവ. കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഈ നാടിനോളം പറ്റിയൊരിടം നമ്മുടെ നാട്ടിൽ വേറെയില്ലെന്നു നിസംശയം പറയാം. സഞ്ചാരികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വില കൂടിയ കടൽത്തീരങ്ങൾ ഉള്ള ഏറ്റവും ചെറിയ സംസ്ഥാനം എന്ന ബഹുമതി ഈ നാടിനു സ്വന്തമാണ്.

പ്രണയികളും മധുവിധു ആഘോഷിക്കുന്ന ദമ്പതികളും ആദ്യം തന്നെ തെരഞ്ഞെടുക്കുന്ന ഒരിടം കൂടിയാണ് ഗോവ. കാരണം അത്രയധികം സുന്ദരമാണ് ഈ നാട്ടിലെ ഓരോ ബീച്ചുകളും പ്രണയിക്കുന്നവർക്കായി മാത്രം കരുതിവെച്ചിരിക്കുന്ന ചിലയിടങ്ങളും. പള്ളികളും ക്ഷേത്രങ്ങളും കോട്ടകളും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളുമെല്ലാം നിറഞ്ഞ ഗോവ എന്ന സുന്ദരനാട് നിങ്ങളുടെ മധുവിധു നാളുകളെ മനോഹരമാക്കുമെന്നു പറയേണ്ടതില്ലല്ലോ.

മസ്സൂറി

മലകളുടെ റാണി എന്നറിയപ്പെടുന്ന മസ്സൂറി സുന്ദരമായ പ്രകൃതിയാൽ അനുഗ്രഹീതയാണ്. ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ ഡെറാഡൂൺ ജില്ലയിലെ ചെറുപട്ടണമാണ് മസ്സൂറി. സമുദ്രനിരപ്പിൽ നിന്നും രണ്ടായിരം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന വിനോദ സഞ്ചാരമലമ്പ്രദേശമാണത്.

ഇൗ മനോഹരഭൂമിയിൽ നിരവധി കാഴ്ചകൾ പ്രകൃതി ഒരുക്കിയിട്ടുണ്ട്. മലകളുടെ സൗന്ദര്യം ആസ്വദിച്ചു യാത്ര ചെയ്യാൻ ക്യാമൽ ബാക് റോഡും കെംപ്റ്റി വെള്ളച്ചാട്ടവും ലേക് മിസ്റ്റും പൂക്കളുടെ ഭംഗിയും സൂര്യാസ്തമയശോഭയും കാണാൻ മുനിസിപ്പൽ പൂന്തോട്ടവും മസൂരി തടാകവും ഭട്ട വെള്ളച്ചാട്ടവുമെല്ലാം ഈ നാടിനെ സൗന്ദര്യറാണിയാക്കുന്നു.

പ്രിയപെട്ടവൾക്കൊപ്പം യാത്ര പോകാൻ ആഗ്രഹിക്കുന്നെങ്കില്‍  മസ്സൂറിയിലെ സ്വപ്നതുല്യമായ കാഴ്ചകളിലേയ്ക്ക് ഡൽഹിയിൽ നിന്നും, മറ്റു ഉത്തരേന്ത്യന്‍ പട്ടണങ്ങളിൽ നിന്നും മസൂറി ബസ്സ് മാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ റെയിൽ മാർഗ്ഗം ഡെറാഡൂണിൽ എത്തിച്ചേർന്നതിനു ശേഷം, 34 കി.മി സഞ്ചരിച്ചാൽ മസൂറിയിൽ എത്തിച്ചേരാവുന്നതാണ്. കൂടാതെ ഡൽഹിയിൽ നിന്നും ഡെറാഡൂണിലേക്ക് വിമാനമാർഗ്ഗവും എത്തിച്ചേരാം.

ആൻഡമാൻ ദ്വീപുകൾ

Andaman-trip-radhanagar-beach

ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലെ മനോഹരമായ ചെറു ദ്വീപുകളുടെ സമൂഹമാണ് ആൻഡമാൻ. മനോഹരമായ ബീച്ചുകളും തിളങ്ങുന്ന നീലക്കടലും നിരവധി നവദമ്പതികളെയാണ് മധുവിധു ആഘോഷിക്കാനായി ആ അഴകേറിയ ദ്വീപുകളിലേക്കു ക്ഷണിക്കുന്നത്.

പ്രണയത്തെ ഏറ്റവും മനോഹരമാക്കാനായി പ്രണയിക്കുന്നവർക്കായി പ്രകൃതി ഒരുക്കിയിരിക്കുന്ന നിരവധിയിടങ്ങൾ ആൻഡമാനിലുണ്ട്‌. അതുകൊണ്ടു തന്നെ മധുവിധു നാളുകളെ ഈ ദ്വീപുകൾ സുന്ദരമാക്കുക തന്നെ ചെയ്യും.

കാശ്മീർ

എത്രയെത്ര വർണിച്ചാലും വാക്കുകൾക്കതീതയാണിവൾ. പ്രണയത്തെക്കാളും മനോഹരമല്ലേ ഈ മഞ്ഞുമൂടിയ താഴ‍്‍വര. കാഴ്ചയിൽ അതിസുന്ദരി. കുളിരുന്ന കാശ്മീരിൽ പ്രണയിനിക്കൊപ്പമുള്ള യാത്രകൾ അവിസ്മരണീയമാകുമെന്ന് പറയേണ്ട കാര്യമുണ്ടോ? ഏതു കാലത്തും കാശ്മീരില്‍ പോകാം. സമ്മറില്‍ കാശ്മീരാകെ പച്ചപുതച്ച് മഞ്ഞുകളൊക്കെ ഉരുകിതീരും. കാശ്മീരിലെ പ്രധാന ടൂറിസ്റ്റ് ലൊക്കേഷന്‍ ഗുല്‍മര്‍ഗ്ഗും സോനാമര്‍ഗും പല്‍ഗാമും ശ്രീനഗറുമാണ്.

ശ്രീനഗറില്‍നിന്ന് ഒന്നു രണ്ട് മണിക്കൂറില്‍ എത്താവുന്ന സ്ഥലങ്ങളാണ്. കാശ്മീർ താഴ‍്‍വരയും പൈൻ മരക്കാടുകളും ആപ്പിളും കുങ്കുമപ്പൂക്കളും കണ്ടു മനോഹരകാഴ്ചകൾക്ക് പറ്റിയയിടമാണ് കാശ്മീർ. കണ്ണിനുകുളിർമയേകുന്ന കാഴ്ചകൾ കണ്ട ആരും പറയും ഭൂമിയിലെ സ്വർഗ്ഗം കാശ്മീർ എന്ന്.

ആലപ്പുഴ

ആലപ്പുഴ1.new

കിഴക്കിന്റെ വെനീസ് എന്ന പേരില്‍ അറിയപ്പെടുന്ന ആലപ്പുഴ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്. കായൽത്തീ‌രങ്ങൾ ആസ്വദിക്കണമെങ്കില്‍ ആലപ്പുഴയിലേക്ക് ഒരിക്കലെങ്കിലും പോകണം. ഹൗസ് ബോട്ട് യാത്രയോന്നോ, കെട്ടുവള്ള യാത്രയെന്നോ വിശേഷിപ്പിക്കുന്ന കായല്‍ ചന്തം കാണാനുള്ള യാത്രകള്‍ ആലപ്പുഴയിലെ ഏറ്റവും വലിയ പ്രത്യേകതകളാണ്.

കായല്‍പ്പരപ്പില്‍  അത്യാഢംബരങ്ങളുടെ പ്രൗഢിയുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍ കേരളത്തിലെ മാത്രം ദൃശ്യമാണ്. ഒാളം തല്ലുന്ന കായലിലൂടെയുള്ള ഹൗസ്ബോട്ട് യാത്ര ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണ്. ആലപ്പുഴയിലെ പതിവുകാഴ്ചയാണ് വിനോദസഞ്ചാരികളുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍. മറ്റൊരു പ്രധാന ആകര്‍ഷണം കെട്ടുവള്ളങ്ങളില്‍ കിട്ടുന്ന രൂചിയൂറും വിഭവങ്ങളാണ്. കായലില്‍ നിന്നും ചൂണ്ടയിട്ട് അപ്പപ്പോള്‍ പിടിച്ചു പാകം ചെയ്യുന്ന മത്സ്യവിഭവങ്ങളും കപ്പയും എന്നുവേണ്ട വായില്‍ വെള്ളമൂറിയ്ക്കുന്ന പലരുചികളും കെട്ടുവള്ളങ്ങളില്‍ സുലഭം.

മനോഹരമായ ഭൂപ്രകൃതിയും കായലുകളും നിറഞ്ഞ നാടാണ് ആലപ്പുഴ. നിലാവുള്ള രാത്രിയിൽ.. ഹൌസ് ബോട്ടിൽ... കായലിലെ തണുത്ത കാറ്റിലലിഞ്ഞ്..സുന്ദരമായ പ്രകൃതിക്കൊപ്പം  മധുവിധു ആഘോഷിക്കണമെന്നു ആഗ്രഹിക്കുന്നവർക്ക് വിരുന്നൊരുക്കുന്നയിടമാണിത്. നിരവധി ഹൌസ്  ബോട്ടുകൾ എല്ലാ സമയത്തും ഇവിടെ സഞ്ചാരികളെ  കാത്തുകിടക്കുന്നുണ്ടാകും. മധുവിധു ദിനങ്ങളെ മധുരതരമാക്കാൻ ആലപ്പുഴയും ഉചിതമായൊരിടമാണ്.

tajmahal

ആഗ്ര

ഇന്ത്യയിലെ ഏറ്റവും പ്രണയാതുരമായ നഗരമേതെന്നു ചോദിച്ചാൽ അതിനുള്ള ഏക ഉത്തരം ആഗ്ര എന്നത് തന്നെയായിരിക്കും. അനശ്വരമായ പ്രണയത്തിന്റെ മോഹനമായ കുടീരം എന്നുപേരുള്ള താജ്മഹൽ സ്ഥിതി ചെയ്യുന്നത് ആഗ്രയിലാണ്.  പ്രണയിക്കുന്നവർക്കും നവദമ്പതികൾക്കും തങ്ങളുടെ ഏറ്റവും സന്തോഷഭരിതമായ ദിനങ്ങൾ ചെലവിടാൻ നിരവധി റിസോർട്ടുകളും ആഡംബരം നിറഞ്ഞ ഹോട്ടലുകളുമൊക്ക ഈ നഗരത്തിലുണ്ട്. പ്രണയം തുളുമ്പുന്ന ഈ നഗരത്തിലെ താമസം നിങ്ങളുടെ മധുവിധുനാളുകളെ അതിസുന്ദരമാക്കുക തന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com