sections
MORE

കുറഞ്ഞ ചെലവിൽ 'ഇന്ത്യയുടെ ‌സ്വിറ്റ്സർലൻഡി'ലേക്ക് പോകാം.

HIGHLIGHTS
  • ചുളുവിൽ സ്വിറ്റ്സർലൻഡിലെ പോലെതന്നെയുള്ള കാഴ്ചകൾ ഇന്ത്യയിൽ ആസ്വദിക്കാം
chopta-8
SHARE

സ്വിറ്റ്സർലൻഡ് മിക്കവരുടെയും സ്വപ്നമാണ്. അധികപണം ചെലവാകുമല്ലോ എന്ന പ്രശ്നം കാരണം ആ സ്വപനം വേണ്ടെന്ന് വയ്ക്കുന്നവർ നിരവധിയാണ്. എന്നാൽ ചുളുവിൽ സ്വിറ്റ്സർലൻഡിലെ പോലെതന്നെയുള്ള കാഴ്ചകൾ ഇന്ത്യയിൽ ആസ്വദിക്കാം. കണ്ണുമിഴിക്കേണ്ട, കുറഞ്ഞ ചെലവിൽ 'ഇന്ത്യയുടെ ‌സ്വിറ്റ്സർലൻഡി'ലേക്ക് പോകാം. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുൽമേടുകൾ. അതിനപ്പുറം പൈൻ മരങ്ങളും ദേവദാരുക്കളും കുന്നുകളും നിത്യഹരിത വനങ്ങളും നിറഞ്ഞ മഞ്ഞുപുതച്ച ഹിമാലയൻ താഴ്‍‍വരയാണ് ചോപ്ത. ഇന്ത്യയുടെ സ്വിറ്റ്സർലാൻഡ് അഥവാ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ചോപ്ത സാഹസികപ്രേമികളുടെ പ്രിയ ‍ഡെസ്റ്റിനേഷനാണ്.ഉത്തരാഖണ്ഡിലെ രുദ്രാപ്രയാഗ് ജില്ലയിലാണ് ചോപ്ത സ്ഥിതി ചെയ്യുന്നത്. ടെക്കിങ് പ്രിയരുടെ സ്വർഗഭൂമിയാണിവിടം.

chopta1

മഞ്ഞുമൂടിയ ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന സ്ഥലം. പ്രകൃതിഭംഗിയാൽ ഗംഭീരമാണിവിടം. വനത്താൽ ചുറ്റപ്പെട്ട പ്രദേശം ശൈത്യക്കാലത്ത് മഞ്ഞുപുതക്കും. ചോപ്തയുടെ സാന്ദര്യത്തിലേക്ക് ഒറ്റത്തവണ യാത്ര ചെയ്തവരെ വീണ്ടും വിളിക്കും അത്രയ്ക്ക് സുന്ദരമാണ്. സമുദ്രനിരപ്പിൽ നിന്നും നാലായിരമടി ഉയരത്തിൽ നിലകൊള്ളുന്ന ചോപ്ത ഉത്തരാഖണ്ഡില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയാണ്. കഠിനമായ തണുപ്പും കാലാവസ്ഥ വ്യതിയാനങ്ങളുമൊക്കെ ചോപ്ത യാത്രയ്ക്ക് തടസ്സമാണെങ്കിലും ധൈര്യം സംഭരിച്ച് യാത്രയ്ക്കായി മുന്നിട്ടിറങ്ങുന്ന സഞ്ചാരികളുമുണ്ട്. തുംഗനാഥ് അടക്കമുള്ള പ്രശസ്തമായ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കും ട്രക്കിങ് റൂട്ടുകളിലേക്കും വഴികള്‍ തുടങ്ങുന്നതും ഇൗ മനോഹരപ്രദേശത്തു നിന്നുമാണ്.

ഒറ്റപ്പെട്ട ഈ ഗ്രാമത്തിൽ ജനവാസം വളരെക്കുറവാണ്. ഡിസംബർ മുതൽ ഫെബ്രുവരി വരെ ചോപ്ത കനത്ത മഞ്ഞിൽ മൂടുമ്പോൾ ഗ്രാമവാസികളുടെ അവസ്ഥ ദുസ്സഹമാണ്. അവർ മലയിറങ്ങി താഴ്‌വാരങ്ങളിലേക്കു പോകും. ഹിമാലയത്തിലെ വൈദ്യുതി എത്തിച്ചേർന്നിട്ടില്ലാത്ത ഗ്രാമത്തിൽ മൊബൈൽ ഫോൺ സിഗ്നലുകൾ കിട്ടുക പ്രയാസമാണ്. താമസത്തിന് ലോഡ്ജ് എന്ന് വിളിക്കാവുന്ന ഒന്നോ രണ്ടോ ചെറിയ കെട്ടിടങ്ങൾ. പിന്നെയുള്ളത് തുറന്ന മൈതാനത്തിൽ സജ്ജമാക്കിയിട്ടുള്ള ടെന്റുകളാണ്.

472485514

ട്രെക്കിങ് പ്രിയരുടെ സ്വർഗം

ചോപ്തയില്‍ നിന്നും തുംഗനാഥ് വഴി ചന്ദ്രശിലയിലേക്കുള്ള ട്രക്കിങ്ങാണ് ഇവിടുത്തെ പ്രധാന ആകർഷണം. കഠിനമായ യാത്രയാണ് തുംഗനാഥിലേക്കുള്ളത്. ഉഖിമഠില്‍ നിന്നും ഗോപേശ്വര്‍ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ ചോപ്തയിലെത്താം. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ഇൗ സമയങ്ങളിൽ മഞ്ഞു വീഴ്ച ഉള്ളതിനാല്‍ ഇവിടുത്തെ കാഴ്ച മനോഹരമാണ്. സ്വിറ്റലർലൻഡിന്റെ കാഴ്ചകളോട് സാദൃശ്യം തോന്നും. ‍ഡിസംബർ മാസം മഞ്ഞിന്റെയും തണുപ്പിന്റെയും കാഠിന്യം കൂടും. ഡിസംബർ മുതൽ മാര്‍ച്ച് വരെയുള്ള സമയം തുംഗനാഥ് ക്ഷേത്രവും ചന്ദ്രശിലയും മഞ്ഞില്‍ മൂടും. ഡല്‍ഹിയില്‍ നിന്ന് ഋഷികേശ് വഴി 450 കിലോമീറ്റര്‍ സഞ്ചരിച്ചാൽ ചോപ്തയിൽ എത്തിച്ചേരാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA